Follow Us On

27

January

2021

Wednesday

‘ഏഴ് ഓപ്പറേഷനി’ലൂടെ വാഴ്ത്തപ്പെട്ട പദവിയിൽ; ജീവശ്വാസം പകർന്ന് വിശുദ്ധരുടെ നിരയിൽ!

‘ഏഴ് ഓപ്പറേഷനി’ലൂടെ വാഴ്ത്തപ്പെട്ട പദവിയിൽ; ജീവശ്വാസം പകർന്ന് വിശുദ്ധരുടെ നിരയിൽ!

വത്തിക്കാൻ സിറ്റി: മദർ മറിയം ത്രേസ്യ വിശുദ്ധാരാമത്തിലേക്ക് പ്രവേശിക്കപ്പെടുമ്പോൾ, മദറിനെ അതിന്  യോഗ്യയാക്കിയ രണ്ട് അത്ഭുത രോഗസൗഖ്യങ്ങളും ചർച്ചയാവുകയാണ്. കുഞ്ഞുങ്ങളുടെ സാന്നിധ്യമാണ് അതിൽ ശ്രദ്ധേയം. മറിയം ത്രേസ്യയ്ക്ക് വാഴ്ത്തപ്പെട്ട പദവിയിലേക്കും ഇപ്പോൾ വിശുദ്ധാരാമത്തിലേക്കും വഴിയൊരുക്കിയത് രണ്ട് കുഞ്ഞുങ്ങൾതന്നെയാണ്.

മുടന്തുമായി ജനിച്ച ഒകു കുഞ്ഞിന്റെ പാദങ്ങൾ നേരിയാക്കാൻ പ്രവർത്തിച്ച ‘ഏഴ് ഓപ്പറേഷൻ എഫെക്ടാ’ണ് മറിയം ത്രേസ്യയെ വാഴ്ത്തപ്പെട്ട പദവിയിൽ എത്തിച്ചതെങ്കിൽ, മറ്റൊരു കുഞ്ഞിനെ മരണത്തിൽനിന്ന് രക്ഷിക്കാൻ പകർന്ന ജീവശ്വാസമാണ് വിശുദ്ധാരാമത്തിലേക്ക് ഉയർത്തപ്പെടാൻ കാരണം .

മദറിനെ വാഴ്ത്തിയ മാത്യു

രണ്ട് കാലുകളിലും വളഞ്ഞ കാൽപ്പാദങ്ങളോടെ ജനിച്ച തൃശൂർ കുരുതുകുളങ്ങര പല്ലിശ്ശേരി വീട്ടിൽ മാത്യുവിന് 1970ൽ ലഭിച്ച അത്ഭുത സൗഖ്യമാണ് മറിയം ത്രേസ്യയുടെ വാഴ്ത്തപ്പെട്ട പദവിക്ക് കാരണമായത്. ആ സംഭവം ഇങ്ങനെ:

മാത്യു അന്ന് ആറാം ക്ലാസ്സിൽ പഠിക്കുകയാണ്. അമ്മയുടെ ഇളയമ്മയും തിരുക്കുടുംബ സന്യാസിനീസഭാംഗവുമായ സിസ്റ്റർ എവുജീനയുടെ നിർദേശപ്രകാരം കുടുംബാംഗങ്ങൾ ഒന്നടങ്കം മറിയം ത്രേസ്യയുടെ മാധ്യസ്ഥംതേടി. മകന്റെ കാലുകൾ നേരെയായാൽ മദറിന്റെ കബറിടത്തിൽ വന്ന് കുമ്പിടാമെന്ന് അപ്പനും അമ്മയും നേർച്ചനേർന്നു. മാതാപിതാക്കൾക്കൊപ്പം മാത്യുവിന്റെ 10 സഹോദരങ്ങളും നിയോഗംവെച്ചു പ്രാർത്ഥിച്ചു. 41 ദിവസത്തെ പ്രാർത്ഥനയും ഉപവാസവും അനുഷ്ഠിച്ചു. 33-ാം ദിവസം വലതുകാൽ നേരെയായി.

മാത്യുവിന് രോഗസൗഖ്യം ലഭിക്കുന്നതിനുമുമ്പും ശേഷവും. ആദ്യ ചിത്രം 1970കളിൽ എടുത്തതാണ്. രണ്ടാമത്തേത് 2000ൽ എടുത്തതാണ്. കാൽപ്പാദങ്ങൾക്കു കിട്ടിയ സൗഖ്യം വ്യക്തമായി കാണാം.

‘അന്നു രാത്രി ഞാൻ ഉറങ്ങിക്കിടക്കുമ്പോൾ രണ്ടു സിസ്റ്റർമാർ എന്റെയടുക്കൽ വരുന്നതായിതോന്നി. അതിലൊന്ന് മദർ മറിയം ത്രേസ്യയായിരുന്നു. എഴുന്നേറ്റു നടക്കൂ, നിന്റെ കാൽ സുഖപ്പെട്ടു, എന്നു മദർ പറഞ്ഞു. ഉണർന്നു നോക്കിയപ്പോൾ വളഞ്ഞിരുന്ന പാദം നേരെയായിരിക്കുന്നു,’ മാത്യു അനുസ്മരിച്ചു. എന്നാൽ, രണ്ടു കാലും സുഖപ്പെട്ടാലേ കബറിടത്തിൽ പോകൂവെന്ന് അപ്പൻ വാശിപിടിച്ചു. പിറ്റേവർഷം,അതായത് 1971ൽ വീണ്ടും ഉപവസിച്ചു പ്രാർത്ഥിച്ചു. പക്ഷേ, ഇടതുകാൽ സുഖപ്പെട്ടത് ആദ്യം അറിഞ്ഞത് താനല്ല, തന്റെ അമ്മയാണെന്ന് സാക്ഷ്യപ്പെടുത്തുന്നു മാത്യു.

‘അന്നു രാത്രി അമ്മയ്ക്കാണു മദർ മറിയം ത്രേസ്യയുടെ ദർശനമുണ്ടായത്. മദർ വന്ന് അമ്മയെ വിളിച്ചുണർത്തി പറഞ്ഞു, നിന്റെ മകന്റെ കാലുകൾ ശരിയായി എന്ന്. അമ്മ വന്നു നോക്കുമ്പോൾ ഞാൻ വിയർത്തൊലിച്ചു കിടക്കുകയായിരുന്നു. എന്നെ വിളിച്ചുണർത്തി പാദങ്ങൾ നോക്കിയപ്പോൾ ഇടതുകാലും നേരെയായിരിക്കുന്നതു കണ്ടു.’

ഏഴു ഓപ്പറേഷനുകൾ ചെയ്താൽ മാത്യുവിന്റെ മുടന്ത്എപ്രകാരം ഭേദപ്പെടുമായിരുന്നോ, ആ അവസ്ഥയിലുള്ള സൗഖ്യം മറിയം ത്രേസ്യയുടെ അത്ഭുത പ്രവർത്തിയിലൂടെ ലഭിച്ചെന്നാണ് മെഡിക്കൽ കമ്മീഷൻ സാക്ഷ്യപ്പെടുത്തിയത്.

വിശുദ്ധാരാമം തുറപ്പിച്ച ക്രിസ്റ്റഫർ

തൃശൂർ അതിരൂപതയിലെ പെരിഞ്ചേരി ഇടവക ചൂണ്ടൽ വീട്ടിൽ ജോഷി ഷിബി ദമ്പതികളുടെ മകൻ ക്രിസ്റ്റഫർ ജനിച്ചത് ‘അക്യൂട്ട് റെസ്പിറേറ്ററി ഫെയ്‌ലിയർ’ എന്ന ഗുരുതര രോഗാവസ്ഥയോടെയാണ്, 2009ൽ. പൂർണ വളർച്ചയെത്തും മുമ്പേയായിരുന്നു ക്രിസ്റ്റഫറിന്റെജനനം. കുഞ്ഞിന്റെ ഹൃദയവും ശ്വാസകോശവും ശരിയായി പ്രവർത്തിക്കാതിരുന്നതിനാൽ ഏറിയാൽ ഒരു ദിവസം മാത്രമേ ജീവിക്കൂവെന്നായിരുന്നു ഡോക്ടർമാരുടെ വിധിയെഴുത്ത്.

എന്നാൽ പ്രതീക്ഷ കൈവിടാതെ കുടുംബാംഗങ്ങൾ വാഴ്ത്തപ്പെട്ട മറിയം ത്രേസ്യയുടെ മധ്യസ്ഥതയിൽ രോഗശാന്തിക്കായി പ്രാർത്ഥന ആരംഭിക്കുകയായിരുന്നു. മൂന്നു ദിവസത്തിനുശേഷം ഏപ്രിൽ ഒൻപതിന് കുട്ടിയിൽ പ്രകടമായ മാറ്റങ്ങൾ കണ്ടുതുടങ്ങി. ഏപ്രിൽ ഒൻപത് മറിയം ത്രേസ്യയെ വാഴ്ത്തപ്പെട്ടവളായി പ്രഖ്യാപിച്ചതിന്റെ ഒമ്പതാം വാർഷികമായിരുന്നു എന്നത് മറ്റൊരു കൗതുകം.

********************************************

മറിയം ത്രേസ്യയുടെ വിശുദ്ധപദവി പ്രഖ്യാപനം: തത്‌സമയം കാണാം ശാലോമിന്റെ ഇംഗ്ലീഷ്, മലയാളം ചാനലുകളിൽ  

Leave a Comment

Your email address will not be published. Required fields are marked with *

Latest Postss

Don’t want to skip an update or a post?