Follow Us On

12

July

2020

Sunday

വിളിച്ചപേക്ഷിക്കുക, കൂടെ നടക്കുക, നന്ദി പ്രകാശിപ്പിക്കുക; നാമകരണ വേദിയിൽനിന്ന് പാപ്പയുടെ ആഹ്വാനം

വിളിച്ചപേക്ഷിക്കുക, കൂടെ നടക്കുക, നന്ദി പ്രകാശിപ്പിക്കുക;  നാമകരണ വേദിയിൽനിന്ന് പാപ്പയുടെ ആഹ്വാനം

വത്തിക്കാൻ സിറ്റി: ദൈവത്തെ നിരന്തരം വിളിച്ചപേക്ഷിക്കണമെന്നും എപ്പോഴും ദൈവത്തോട് കൂടെ നടക്കണമെന്നും ഇടവിടാതെ നന്ദി പ്രകാശിപ്പിക്കണമെന്നും വിശ്വാസീസമൂഹത്തിന് ഫ്രാൻസിസ് പാപ്പയുടെ ആഹ്വാനം. വത്തിക്കാനിലെ സെന്റ് പീറ്റേഴ്‌സ് സ്‌ക്വയറിൽ അഞ്ച് വിശുദ്ധരെ സഭയ്ക്ക് സമർപ്പിച്ചതിനുശേഷം നൽകിയ സന്ദേശത്തിലാണ്, ക്രൈസ്തവ ആത്മീയതയുടെ അടിത്തറയെക്കുറിച്ച് പാപ്പ ഓർമിപ്പിച്ചത്. നവവിശുദ്ധർ ലോകത്തിന്റെ ഇരുട്ടിൽ കരുണയുടെ വിളക്കുകളായി പ്രകാശിക്കട്ടെയെന്നും പാപ്പ ആശംസിച്ചു.

വിശുദ്ധ ലൂക്കായുടെ സുവിശേഷത്തിൽ പ്രതിപാദിക്കുന്ന, കുഷ്ഠരോഗികളെ യേശു സുഖപ്പെടുത്തുന്ന ഉപമയെ അസ്പദമാക്കിയായിരുന്നു വചന സന്ദേശം. വലിയ ഒരു വിശ്വാസയാത്രയായിരുന്നു സൗഖ്യം നേടിയ കുഷ്~രോഗികളുടേത്. യേശുവിനെ കണ്ടപ്പോൾ അവർ ഉറക്കെ നിലവിളിച്ചു. രോഗത്താൽ വലയുന്നവരും എല്ലാവരാലും പിന്തള്ളപ്പെട്ടവരുമായ അവർ തളരാതെ, ആരെയും ഒഴിവാക്കാത്ത യേശുവിന്റെ മുമ്പിൽ ഉച്ചത്തിൽ വിശ്വാസത്തോടെ നിലവിളിച്ചു.

അങ്ങനെ അവർ ദൈവത്തോട് അടുത്തു. എകാന്തതയെ അതിജീവിച്ചു. ഇത് നമുക്കുള്ള ഒരു അടയാളമാണ്. നമ്മുടെ ആത്മവിശ്വാസമില്ലായ്മയെയും ലോകസുഖങ്ങളോടുള്ള ആസക്തിയെയും അതിജീവിക്കാൻ ഇവരെപോലെ മറ്റൊന്നും വകവെക്കാതെ ദൈവത്തിന്റെ മുന്നിൽ കരഞ്ഞപേക്ഷിക്കണം.വിശുദ്ധിയോടെ ഉറക്കെ വിളിച്ചപേക്ഷിച്ചാൽ ദൈവം കേൾക്കും. ദുഃഖങ്ങൾ ഒളിച്ചുവെക്കാതെ തുറന്നു പ്രാർത്ഥിക്കുന്നവരാകണം നാം. പ്രാർത്ഥന എന്നത് സ്വർഗത്തിന്റെ വാതിലും ഹൃദയത്തിന്റെ മരുന്നുമാണ്.

വിശ്വാസത്തിന്റെ അടുത്ത ഘട്ടം സധൈര്യം മുന്നോട്ട് നീങ്ങുകയെന്നതാണ്. വിശ്വാസം അതിൽതന്നെ ഒരു യാത്രയെ സൂചിപ്പിക്കുന്നതുകൊണ്ടുതന്നെ നൈമിഷിക സുഖങ്ങൾ ഉപേക്ഷിച്ച് സുരക്ഷിതമെന്ന് നാം കരുതുന്ന തീരങ്ങൾ വിട്ട് യഥാർത്ഥ സംരക്ഷണത്തിലേക്കും ആജീവനാന്ത സമാധാനത്തിലേക്കും സധൈര്യം നടന്നുനീങ്ങണം. ഈ യാത്രയുടെ അവസാനഘട്ടം നന്ദിപറച്ചിലിന്റേതാണ്. നന്ദി പ്രകാശിപ്പിക്കുന്ന ഒരു ഹൃദയം സ്വന്തമാക്കാൻ നമുക്കു കഴിയണം. ഈ നന്ദി പറയൽ ഒരു മര്യാദ മാത്രമല്ല, ദൈവകൃപ നമ്മിലേക്കൊഴുകുന്ന വഴികൂടെയാണ്.

നന്ദിയുടെ മനോഭാവമുള്ളവരോടെ ദൈവം, നിന്റെ വിശ്വാസം നിന്നെ രക്ഷിച്ചുവെന്ന് പറയുകയുള്ളു. നമ്മുടെ ആത്യന്തിക ലക്ഷ്യം ആരോഗ്യമോ സമ്പത്തോ ഒന്നുമല്ല. മറിച്ച്, യേശുവുമായുള്ള കണ്ടുമുട്ടാണ്. അവൻ മാത്രമേ നമ്മെ തിന്മയിൽ നിന്ന് മോചിപ്പിക്കുകയും സുഖപ്പെടുത്തുകയും ചെയ്യൂ. നമ്മുടെ ജീവിതം ഈ വിശുദ്ധരെപോലെ പൂർണ്ണവും മനോഹരമാക്കാനും അവിടുത്തേക്ക് മാത്രമേ കഴിയൂ.

ഈ മുന്നു വഴികൾ പൂർണമായും വിജയകരമായും പിന്നിട്ടവരാണ് ഈ അഞ്ചു വിശുദ്ധരും. സ്വയം വിട്ടുകൊടുത്തും ലളിതമായ പ്രാർത്ഥനാരീതി അവലംഭിച്ചും വിശ്വാസയാത്ര പിന്നിട്ടവരാണിവർ. ഇവരുടെ വിശ്വാസയാത്ര നമ്മുക്ക് പ്രചോദനമാകട്ടെയെന്നും അന്ധകാരത്തിൽ ഇവരെപോലെ കരുണയുടെ വിളക്കുകളായി തെളിയാനുള്ള കൃപക്കായി ദൈവത്തോട് പ്രാർത്ഥിക്കാമെന്നും പാപ്പ കൂട്ടിച്ചേർത്തു.

Leave a Comment

Your email address will not be published. Required fields are marked with *

Latest Posts

Similar Postss

Don’t want to skip an update or a post?