Follow Us On

25

June

2021

Friday

പ്രഘോഷണവും പ്രവൃത്തിയും കൈകോര്‍ക്കണം

പ്രഘോഷണവും പ്രവൃത്തിയും കൈകോര്‍ക്കണം

അപ്പസ്‌തോലപ്രവര്‍ത്തനങ്ങളെ ആസ്പദമാക്കി ഫ്രാന്‍സിസ് പാപ്പ നല്‍കിവരുന്ന വചന വിചിന്തന പഠനപരമ്പരയില്‍ ആദിമസഭയുടെ വളര്‍ച്ചയില്‍ സവിശേഷമാംവിധം കണ്ടെത്തുന്ന തനിമയെയും ആദിമ ക്രൈസ്തവസഭാപാരമ്പര്യത്തിലെ വിവിധ ഘടകങ്ങളെയും കുറിച്ചായിരുന്നു ഇത്തവണ പാപ്പ വിശദീകരിച്ചത്.
അപ്പസ്‌തോലന്മാര്‍ക്ക് ദൈവവചനം പ്രഘോഷിക്കുക എന്ന അവരുടെ അടിസ്ഥാനവിളിയെക്കുറിച്ച് ഉറച്ച ബോധ്യമുണ്ടായിരുന്നു. അനുദിനമുള്ള ദൈവവചനശുശ്രൂഷയോടൊപ്പം പാവപ്പെട്ടവരോടും ദരിദ്രരോടും പക്ഷം ചേര്‍ന്ന് അവര്‍ക്കായുള്ള ശുശ്രൂഷയും ചേര്‍ത്തിണക്കി കൊണ്ടുപോകുന്നതില്‍ ആദിമ ക്രൈസ്തവ സമൂഹം വിജയിച്ചു.
അവിടെയുണ്ടായിരുന്ന ചില വിധവകളെ പ്രതിദിനമുള്ള സഹായവിതരണത്തില്‍ അവഗണിച്ചു എന്ന പരാതി ഉയര്‍ന്നപ്പോള്‍ പരസ്‌നേഹപ്രവൃത്തികള്‍ നടപ്പിലാക്കുവാന്‍ അവര്‍ അവരില്‍നിന്നുതന്നെ ഏഴ് പേരെ തിരഞ്ഞെടുത്ത് അവരുടെ തലയില്‍ കൈവച്ച പ്രാര്‍ത്ഥിച്ച് അയച്ചു.
ആ ഏഴുപേരില്‍ ഒരുവനായിരുന്ന സ്റ്റീഫന്‍ സധൈര്യം വചനം പ്രസംഗിക്കുകയും പിന്നീട് ക്ഷമയുടെയും ധൈര്യത്തിന്റെയും നേര്‍സാക്ഷിയായി മാറിക്കൊണ്ട് രക്തസാക്ഷിത്വം വരിക്കുകയും ചെയ്തു.
ക്രിസ്തുവാണ് ലോകത്തിന്റെ പ്രത്യാശ
ആഫ്രിക്കയിലേക്ക് നടത്തിയ തന്റെ നാലാമത്തെ അപ്പസ്‌തോലിക സന്ദര്‍ശനത്തെക്കുറിച്ചും തദവസരത്തില്‍ പാപ്പ സന്ദര്‍ശകരോട് വിശദീകരിച്ചു.
മൗറീഷ്യസിലും മഡഗാസ്‌കറിലും നടത്തിയ അപ്പസ്‌തോലിക സന്ദര്‍ശന അവസരത്തില്‍ സമാധാനത്തിന്റെയും പ്രത്യാശയുടെയും തീര്‍ത്ഥാടകനാകാന്‍ കഴിഞ്ഞുവെന്ന് പാപ്പ പറഞ്ഞു. ക്രിസ്തുവിന്റെ സന്ദേശം സാഹോദര്യത്തിന്റെയും സ്വാതന്ത്ര്യത്തിന്റെയും നീതിയുടെയും ആണ്. അതുകൊണ്ട് എല്ലാ അധികാരികളും പൊതുനന്മയ്ക്കായി എല്ലാവര്‍ക്കും വേണ്ടി ഒരുമിച്ച് പ്രവര്‍ത്തിക്കേണ്ടതാണ്. പരിസ്ഥിതിയെ ബഹുമാനിച്ചും സാമൂഹ്യനീതി ഉറപ്പ് വരുത്തിയും ഭാവി വികസനത്തിനായി അവര്‍ക്ക് പ്രയത്‌നിക്കാനാവണം. അപ്പസ്‌തോലപ്രവര്‍ത്തനങ്ങളില്‍ വിവരിക്കുന്നതനുസരിച്ച് ആദിമസഭ അനുദിനം വളര്‍ന്നുകൊണ്ടിരുന്നു.
അഞ്ചാമധ്യായം 12, 15- 16 വാക്യങ്ങള്‍ പ്രകാരം അവര്‍ ഒരേ മനസോടെ സോളമന്റെ മണ്ഡപത്തില്‍ ഒന്നിച്ചുകൂടുമായിരുന്നു. ഈ മണ്ഡപം അനേകരുടെ ഹൃദയത്തില്‍ ദൈവവചനത്തിന്റെ വിത്തുപാകുവാന്‍ ഇടയാക്കി. മാത്രവുമല്ല, രോഗികള്‍ക്കും മറ്റ് ആവശ്യക്കാര്‍ക്കും അഭയസ്ഥലവുമായി മാറി. അപ്പസ്‌തോലന്മാരെ മറ്റ് ജനങ്ങള്‍ വളരെ ബഹുമാനത്തോടെ പരിഗണിച്ചു. പത്രോസിന്റെ നിഴലെങ്കിലും വീഴുവാനായി രോഗികളെ കൊണ്ടുവന്ന് തെരുവീഥികളില്‍ കിടത്തിയിരുന്നുവെന്ന് ദൈവവചനം വിശദീകരിക്കുന്നു. ഇതില്‍നിന്നെല്ലാം അപ്പസ്‌തോലന്മാര്‍ അക്കാലത്ത് ജനങ്ങളെ ഏറെ സ്വാധീനിച്ചിരുന്നുവെന്ന് തീര്‍ച്ചയാണ്.
അഷ്ടഭാഗ്യങ്ങള്‍ ഒരു തിരിച്ചറിയല്‍ കാര്‍ഡ്
എല്ലാവര്‍ക്കും സാഹോദര്യവും സ്വാതന്ത്ര്യവും നീതിയും സമാധാനവും ലഭ്യമാകുമ്പോഴാണ് സുവിശേഷം അതിന്റെ ചൈതന്യത്താല്‍ ശക്തമാകുന്നത്. പ്രകൃതിവിഭവങ്ങളാലും സൗന്ദര്യത്താലും സമ്പന്നമായ രാജ്യം ദാരിദ്ര്യം അനുഭവിക്കുമ്പോള്‍ ക്രൈസ്തവസാഹോദര്യത്താല്‍ പ്രേരിതരായി നമുക്ക് അവിടെ പുളിമാവായി വര്‍ത്തിക്കാനാവണം. അഷ്ടഭാഗ്യങ്ങള്‍ ഇതിന് നമ്മളെ സഹായിക്കുകയാണ് ചെയ്യുന്നത്.
അഷ്ടഭാഗ്യങ്ങള്‍ സമാധാനത്തിനും പ്രത്യാശയ്ക്കുമുള്ള ഉറവിടവുമാണ്. വചനശുശ്രൂഷയും പരസ്‌നേഹ ശുശ്രൂഷയും ഒന്നിച്ചുപോകുന്ന ഒരു സഭാത്മക പാരമ്പര്യമാണ് ആദിമസഭ നമുക്ക് കാണിച്ചുതരുന്നത്.
പിറുപിറുപ്പും പരദൂഷണവും വിഭാഗീയതയും അന്നുമുണ്ടായിരുന്നു. എന്നാല്‍ അത് വളരാന്‍ അനുവദിക്കാതെ കാര്യങ്ങള്‍ നടത്തിക്കൊണ്ടുപോയി. സഭ വേദനിക്കുന്നവര്‍ക്കും ബലഹീനര്‍ക്കും അഭയസ്ഥാനമാകണം. എല്ലാവരാലും ഉപേക്ഷിക്കപ്പെട്ടവര്‍, ഹൃദയം തകര്‍ന്നവര്‍, പാര്‍ശ്വവല്‍കരിക്കപ്പെട്ടവര്‍ തുടങ്ങി സഹായം ആവശ്യമുള്ള എല്ലാവരും ക്രൈസ്തവപരിഗണനയുടെ കേന്ദ്രമാവണം.
പരിശുദ്ധാത്മാവ് ഇക്കാര്യത്തില്‍ ധൈര്യവും ശക്തിയും പകരുന്നു.
പരിശുദ്ധാത്മാവ് തന്റെ വരദാനഫലങ്ങളിലൂടെ എല്ലാം വിവേചിച്ച് അറിയാന്‍ ഓരോരുത്തരെയും സഹായിക്കുന്നു. ഭീരുക്കളായിരുന്ന ശിഷ്യന്മാര്‍ പരിശുദ്ധാത്മസ്വീകരണത്തോടെ ധീരരും ശക്തരുമായി മാറി. അവര്‍ സാധാരണ മനുഷ്യരല്ലാതായിത്തീര്‍ന്നു.
പരിശുദ്ധാത്മാവിന്റെ മെഗാഫോണുകളായി അവര്‍ മാറി. അവരുടെ കരങ്ങള്‍വഴി ധാരാളം അത്ഭുതങ്ങളും അടയാളങ്ങളും സമൂഹത്തില്‍ സംഭവിച്ചു. മാത്രവുമല്ല, മനുഷ്യരേക്കാളേറെ ദൈവത്തെ അനുസരിക്കുന്നവരായി അവര്‍ കാണപ്പെട്ടു ( അപ്പ. 5.29).
സഭ എന്നും വിവിധ പരീക്ഷണങ്ങളിലൂടെ കടന്നുപോയിട്ടുണ്ട്. ഗമാലിയേലിന്റെ വാക്കുകള്‍ ശക്തമാണ്. ഇവരുടെ പ്രവൃത്തികള്‍ ദൈവത്തില്‍നിന്നാണെങ്കില്‍ അത് നിലനില്‍ക്കും (അപ്പ. 5.39).
ദൈവത്തിന്റെ കയ്യൊപ്പുള്ള പ്രവൃത്തികള്‍ നിലനില്‍ക്കും. സാമ്രാജ്യങ്ങള്‍, മാനുഷികപദ്ധതികള്‍, വിവിധ രാഷ്ട്രീയ അജണ്ടകള്‍ പലതും പാളിപ്പോയതിന് ലോകചരിത്രം സാക്ഷിയാണല്ലോ.
നമുക്ക് ജീവിക്കുന്ന ദൈവത്തിന്റെ സ്‌നേഹത്തിന്റെ സന്ദേശവാഹകരായി കാലഘട്ടത്തിന്റെ അടയാളങ്ങളെയും ആവശ്യങ്ങളെയും തിരിച്ചറിഞ്ഞ് എല്ലാവരുടെയും രക്ഷയ്ക്കായി ഐക്യത്തോടെ പ്രവര്‍ത്തിക്കാം. പരിശുദ്ധാത്മാവിന്റെ വരങ്ങളായ വിവേകവും വിവേചനവും നമ്മുടെ വ്യക്തിജീവിതത്തിലും സഭാപരമായ തലങ്ങളിലും ഉണ്ടാകുവാനും അതിനാല്‍ നയിക്കപ്പെടുവാനും പ്രാര്‍ത്ഥിക്കുകയും പരിശ്രമിക്കുകയും ചെയ്യാം.


 ഡോ. കൊച്ചുറാണി ജോസഫ്

Leave a Comment

Your email address will not be published. Required fields are marked with *

Latest Postss

Don’t want to skip an update or a post?