Follow Us On

19

February

2020

Wednesday

നമ്മൾ എന്തിനാണ്‌ ഭവനങ്ങൾ വിട്ടിറങ്ങിയതെന്ന് ഓർക്കണം

നമ്മൾ എന്തിനാണ്‌ ഭവനങ്ങൾ  വിട്ടിറങ്ങിയതെന്ന് ഓർക്കണം

 

ഡോ. ജറാള്‍ഡ് അല്‍മെയ്ഡ
(ജബല്‍പ്പൂര്‍ രൂപതാധ്യക്ഷന്‍)

ഒരു വൈദികനായിരുന്നപ്പോഴുള്ള എന്റെ ജീവിതാനുഭവം പറയാം. മാസത്തില്‍ വളരെ കുറച്ച് ദിവസങ്ങള്‍ മാത്രമാണ് ഞാന്‍ എന്റെ ഇടവകപള്ളിയില്‍ താമസിച്ചിരുന്നത്. ബാക്കിയുള്ള ദിവസങ്ങളില്‍ ഗ്രാമങ്ങളിലെ ജനങ്ങളോടൊത്ത് ജീവിച്ച്, അവരോടൊപ്പം ഭക്ഷണം കഴിച്ച്, അവരുടെ വിഷമങ്ങളിലും പ്രവര്‍ത്തനങ്ങളിലും പങ്കുചേര്‍ന്നാണ് അജപാലനകര്‍മ്മങ്ങള്‍ നടത്തിയത്. ഈ ദിവസങ്ങളില്‍ പലപ്പോഴും ഗ്രാമത്തിലുള്ള ചാപ്പലില്‍ വിശുദ്ധ കുര്‍ബാന അര്‍പ്പിക്കുകയായിരുന്നു പതിവ്. യഥാര്‍ത്ഥത്തില്‍ ഒരു പുരോഹിതന്റെയും സന്യാസിയുടെയും വിളി ഇതുതന്നെയാണെന്നാണ് എന്റെ അഭിപ്രായം.
ഓര്‍ക്കുക, നമ്മള്‍ എന്തിനാണ് സ്വഭവനങ്ങള്‍ വിട്ടിറങ്ങിയതെന്ന്. സുരക്ഷിതജീവിതം തേടിയാണെങ്കില്‍ ക്രിസ്തുവിന്റെ പിന്നാലെയുള്ള പാത നാം തെരഞ്ഞെടുക്കേണ്ടതില്ലായിരുന്നു. യഥാര്‍ത്ഥത്തില്‍ ക്രിസ്തുവിനെ പ്രഘോഷിക്കുക എന്നത് മാത്രമാണ് നമ്മുടെ വിളി. അതിന് മാത്രം മുന്‍തൂക്കം നല്‍കി ജനങ്ങളിലേക്ക് ഇറങ്ങണം.
കൃത്യതയോടുകൂടിയ ഇടയസന്ദര്‍ശനമാണ് ഇന്ന് നമുക്ക് ആവശ്യമായിരിക്കുന്നത്. ആടുകളെ അന്വേഷിച്ച് അവരുടെ ഇടയിലേക്ക് പോയ യേശുവിനെപോലെ നമ്മളും അജഗണങ്ങളുടെ ഇടയിലേക്ക് കടന്ന് ചെല്ലണം.
ദിവ്യകാരുണ്യ ഈശോ
അതിന് നമ്മെ ശക്തിപ്പെടുത്തുന്നത് വിശുദ്ധ കുര്‍ബാനയില്‍ സന്നിഹിതനായ ഈശോയാണ്. വിശുദ്ധ കുര്‍ബാനയില്‍ നിന്ന് ശക്തി സ്വീകരിച്ച് നമ്മള്‍ ജനങ്ങളുടെ ഇടയിലേക്ക് ഇറങ്ങി ചെന്ന് നാം ഉള്‍ക്കൊണ്ട ഈശോയെ അവര്‍ക്ക് പകര്‍ന്ന് നല്‍കണം. എല്ലാ വെള്ളിയാഴ്ചകളിലും, ഇടവകദൈവാലയങ്ങളില്‍, വിശുദ്ധ കുര്‍ബാന എഴുന്നള്ളിച്ച് വെച്ച് ആരാധന നടത്താന്‍ സമയം കണ്ടെത്തണം. ജബല്‍പൂര്‍ രൂപതാമന്ദിരത്തില്‍ എല്ലാ വെള്ളിയാഴ്ചകളിലും നടത്തുന്ന പന്ത്രണ്ട് മണിക്കൂര്‍ ആരാധന ഇപ്പോള്‍ 24 മണിക്കൂര്‍ ആരാധനയാക്കി ഞങ്ങള്‍ മാറ്റിയിട്ടുണ്ട്. ഈ തിരുസാന്നിധ്യ മണിക്കൂര്‍ തീര്‍ച്ചയായും ഞങ്ങളെ ശക്തിപ്പെടുത്തുന്നുണ്ടെന്ന കാര്യം അടിവരയിട്ടുപറയാം. പ്രതികൂലമായ ഒട്ടനവധി സാഹചര്യങ്ങളിലൂടെ കടന്നുപോയിട്ടും അതിനെ അതിജീവിക്കാന്‍ ഞങ്ങളെ പ്രാപ്തരാക്കിയത് തീര്‍ച്ചയായും ഈ ക്രിസ്തു സാന്നിധ്യം മാത്രമാണ്. അതിനാല്‍ ഞാന്‍ എന്നും പറയാറുള്ളത് ദിവ്യകാരുണ്യനാഥന്റെ സാമീപ്യമാണ് ഏറ്റവും അടിസ്ഥാനമായി നമ്മുടെ ഇടയില്‍ വേണ്ടത് എന്നുതന്നെയാണ്. അങ്ങനെ പുതിയ ഒരു ഉണര്‍വിലേക്ക് കടന്നുവരാന്‍ നമുക്ക് കഴിയും. ഇത് നമ്മുടെ സമൂഹത്തെയും ഉണര്‍വുള്ളവരാക്കുമെന്ന കാര്യം തീര്‍ച്ചയാണല്ലോ.
എണ്ണത്തില്‍ ചുരുക്കമായതിനാല്‍ നമുക്ക് ഊര്‍ജസ്വലമായി പ്രവര്‍ത്തിക്കാന്‍ കഴിയില്ല എന്നു പറയുന്നതിനോടും എനിക്ക് വിയോജിപ്പുണ്ട്. മധ്യപ്രദേശിനെ സംബന്ധിച്ചിടത്തോളം ആറു ജില്ലകളിലായാണ് ജബല്‍പൂര്‍ രൂപത വ്യാപിച്ചു കിടക്കുന്നത്. വിശ്വാസികളില്‍ അധികവും ട്രൈബല്‍ വിഭാഗത്തില്‍പ്പെട്ടവരാണ്. അതിനാല്‍ അവരെ കൂടുതലായി വളര്‍ത്താനുള്ള പ്രവര്‍ത്തനങ്ങള്‍ക്കാണ് ഞങ്ങള്‍ പ്രാധാന്യം നല്‍കുന്നത്. പ്രത്യേകിച്ച് അവര്‍ക്ക് ക്രിസ്തുവിനെ നല്‍കിക്കൊണ്ട്, സമൂഹത്തിന്റെ സമഗ്രവികസനത്തില്‍ നാം ശ്രദ്ധയൂന്നുന്നു.
നമ്മുടെ പ്രവര്‍ത്തനങ്ങള്‍ നിരവധി പേരെ ക്രിസ്തു വിശ്വാസത്തിലേക്ക് ആകര്‍ഷിക്കുകയും ദൈവാനുഭവം നല്‍കുകയും ചെയ്യുന്നുണ്ട് എന്നുതന്നെയാണ് കഴിഞ്ഞനാളുകളില്‍ ഞങ്ങള്‍ക്ക് ബോധ്യപ്പെട്ടത്.
ക്രിസ്തുവിനെപ്പോലെയായി മാറുക
സുവിശേഷവത്കരണത്തെ സംബന്ധിച്ചിടത്തോളം, ക്രിസ്തുവിനുണ്ടായിരുന്ന മനോഭാവമാണ്, നാം സ്വീകരിക്കേണ്ടത്. ക്രിസ്തു, താന്‍ സഞ്ചരിച്ചിടത്തൊക്കെ സുവിശേഷം പ്രസംഗിച്ചു. അനേകര്‍ ആ ദൈവവചനം കേട്ട് മനസ്തപിച്ചു, ക്രിസ്തുവിലേക്ക് വന്നു. ഇതുപോലെ നാം ബന്ധപ്പെടുന്നവരിലേക്കും നമ്മളുമായി ബന്ധപ്പെടുന്നവരിലേക്കും ക്രിസ്തുവിനെ പകര്‍ന്നു നല്‍കുക എന്നതാണ് ക്രൈസ്തവരുടെ വിളി. നമ്മളുമായുള്ള ഇടപെടലുകള്‍ അവരെ ക്രിസ്തു അനുഭവത്തിലേക്ക് നയിക്കണം.
ഞാന്‍ ഒരിക്കല്‍ക്കൂടി ആവര്‍ത്തിക്കട്ടെ, ജനങ്ങളോടൊത്തുള്ള പ്രവര്‍ത്തനങ്ങളിലൂടെ മെത്രാനും വൈദികരും സന്യാസിനിസന്യാസികളും അജഗണങ്ങളോടൊപ്പമുണ്ടെന്നും, നമ്മള്‍ അവരില്‍ ഒരാള്‍ ആണെന്നുമുള്ള ചിന്ത അവര്‍ക്ക് ലഭിക്കുക തന്നെ ചെയ്യും. നമ്മുടെ സാന്നിധ്യം അവര്‍ക്ക് ഉണര്‍വ് നല്‍കും. അത് അവരെ സഭയെ കൂടുതലായി സ്‌നേഹിക്കാനും സഭയോടൊത്ത് ജീവിക്കുവാനും പ്രചോദിപ്പിക്കും. ആ ഒരു കാഴ്ചപ്പാട് നഷ്ടപ്പെട്ടുപോയാല്‍ അവര്‍ സഭയെ വെറുക്കും.
മിഷനറിമാര്‍ സാംസ്‌കാരികമായി അതാത് പ്രവര്‍ത്തനമേഖലകളുമായും പ്രവര്‍ത്തനസ്ഥലങ്ങളുമായും അലിഞ്ഞുചേരേണ്ടതുണ്ട്. മിഷന്‍ പ്രദേശത്തെ ഭാഷ സ്വായത്തമാക്കുക എന്നതാണ് ഇതിനുളള ആദ്യപടി. ഒപ്പം ആയിരിക്കുന്ന ഇടങ്ങളിലെ കാലാവസ്ഥയും ഭക്ഷണരീതികളുമായെല്ലാം പൊരുത്തപ്പെടണം. ഈ ത്യാഗങ്ങള്‍ ഏറ്റെടുക്കുവാന്‍ നമ്മള്‍ തയ്യാറാവണം. അങ്ങനെ ജനങ്ങളുമായി താദാത്മ്യം പ്രാപിക്കുമ്പോള്‍ സുവിശേഷവത്കരണം എളുപ്പവും പ്രായോഗികവുമാകും. സുവിശേഷത്തിലെ ക്രിസ്തുവാണ് നമ്മുടെ മാതൃക. ഈശോ ജനങ്ങളുടെ ഇടയിലേക്ക് ഇറങ്ങിച്ചെന്ന് അവരില്‍ ഒരാളായി മാറി, അവരുടെ ഇടയില്‍ അവര്‍ക്കായി പ്രവര്‍ത്തിച്ചു. അതുപോലെ ഇന്ന് സഭയും ജനങ്ങളുടെ ഇടയിലേക്ക് ഇറങ്ങിച്ചെന്ന് അവരുടെ ആവശ്യങ്ങള്‍ കണ്ടറിഞ്ഞു പ്രവര്‍ത്തിക്കണം. രൂപതയിലെ എല്ലാ വൈദികരും സന്യാസിനിസന്യാസികളും ആത്മാര്‍ത്ഥമായി വളരെയധികം തീക്ഷണതയോടെ പ്രവര്‍ത്തിക്കുന്നവരാണ്. അവരുടെ പ്രവര്‍ത്തനങ്ങള്‍ സഭയെ വളരെയധികം ശക്തിപ്പെടുത്തും.
രൂപതാദ്ധ്യക്ഷനായതിന് ശേഷം കൂടുതല്‍ സമയവും മിഷന്‍ സ്റ്റേഷനുകള്‍ സന്ദര്‍ശിക്കുവാനും വൈദികരും ജനങ്ങളുമായും സംസാരിക്കുവാനും ഇടപഴകുവാനും അവര്‍ക്കായി ഗ്രാമങ്ങളില്‍ ബലിയര്‍പ്പിക്കുവാനും അജഗണങ്ങള്‍ക്കായുള്ള മീറ്റിംഗുകളില്‍ സംസാരിക്കുവാനും പോകാറുണ്ട്. ജനങ്ങളുമായി കൂടുതല്‍ ഇടപഴകുവാനും അവരുടെ പ്രശ്‌നങ്ങള്‍ മനസിലാക്കുവാനുമാണ് ഈ കാലങ്ങളിലെല്ലാം ഞാന്‍ അങ്ങേയറ്റം പ്രയത്‌നിച്ചിട്ടുള്ളത്.
വെല്ലുവിളികളുടെ മധ്യത്തിലും
രാഷ്ട്രീയമായും സാംസ്‌കാരികമായും നിരവധി വെല്ലുവിളികളാണ് ജബല്‍പ്പൂര്‍ രൂപത ഇന്ന് നേരിടുന്നത്. ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ ശക്തമായ എതിര്‍പ്പുകള്‍ ചില വ്യക്തികളില്‍നിന്നും പ്രസ്ഥാനങ്ങളില്‍ നിന്നും നേരിടേണ്ടിവരുന്നു. അങ്ങനെയുള്ള അവസരങ്ങളില്‍ ക്രിസ്തുവിന്റെ സംരക്ഷണത്തില്‍ ശരണപ്പെട്ട്, ഒട്ടും പതറാതെ ക്രിസ്തു ഏല്പിച്ച ദൗത്യം നിറവേറ്റുവാനായി ആത്മാര്‍ത്ഥമായി പരിശ്രമിക്കുന്നു. വിശ്വാസികളുടെ സര്‍വതോത്മുഖമായ വളര്‍ച്ചയാണ് ഈ വെല്ലുവിളികള്‍ക്കിടയിലും രൂപത ലക്ഷ്യം വയ്ക്കുന്നത്. പ്രത്യേകിച്ച് ട്രൈബല്‍ മേഖലകളില്‍ നിന്നുള്ള വിശ്വാസികളുടെ വിദ്യാഭ്യാസപരവും തൊഴില്‍പരവും സാമ്പത്തികവുമായ വളര്‍ച്ച. അതോടൊപ്പം അവരെ വിശ്വാസത്തില്‍ ആഴപെടുത്തുവാനുള്ള പ്രവര്‍ത്തനങ്ങള്‍. ഇതെല്ലാം ശക്തമായി കൊണ്ടുപോകുവാന്‍ കഴിഞ്ഞിട്ടുണ്ട്.
വചനംപങ്കുവെച്ച് പോവുക എന്നത് മാത്രമല്ല സുവിശേഷവത്കരണം കൊണ്ട് ഇന്ന് ഉദ്ദേശിക്കുന്നത്. മറിച്ച് വിശ്വാസികളുടെ സര്‍വതോത്മുഖമായ വളര്‍ച്ചയാണ്. ഈശോയോടൊപ്പമുണ്ടായിരുന്നവര്‍ എപ്പോഴും സന്തോഷമുള്ളവരായിരുന്നുവെന്നാണ് നാം തിരുവചനത്തില്‍ വായിക്കുന്നത്. എന്നാല്‍ അവരുടെ മുന്നിലുണ്ടായിരുന്നതോ കടുത്ത വെല്ലുവിളികളും. എന്നിട്ടും അവര്‍ ഒന്നിലും പതറുന്നില്ല. ക്രിസ്തുവിനെ നോക്കി മുന്നോട്ട് പോകുന്നു. അതിനാല്‍ വ്യക്തി ജീവിതത്തിന്റെ എല്ലാ വശങ്ങളെയും നവീകരിക്കുക എന്നതാണ് സുവിശേഷവത്കരണത്തിലൂടെ സഭ ലക്ഷ്യം വയ്ക്കുന്നത്.
ഇതുപോലെ ക്രിസ്തു നല്‍കുന്ന ആനന്ദത്തോടെ അജഗണങ്ങളുടെ വ്യക്തിപരവും കുടുംബപരവും സാമൂഹികവുമായ വളര്‍ച്ച സുവിശേഷവത്കരണത്തിലൂടെ മുന്നോട്ട് പോകണം. എണ്ണംകൂട്ടുക എന്നതിലുപരി തീക്ഷ്ണമതികളായവരെ വളര്‍ത്തുക: ഇതാണ് നമ്മള്‍ ലക്ഷ്യമിടുന്നത്. അവരെ വിശ്വാസത്തില്‍ ആഴപെടുത്തുകയാണ് നാം ചെയ്യേണ്ടത്.
ബെനഡിക്ട് പതിനഞ്ചാമന്‍ മാര്‍പാപ്പയുടെ ‘മാക്‌സിമും ഇല്ലൂദ്’ എന്ന അപ്പസ്‌തോലിക ലേഖനത്തിന്റെ ശതാബ്ദിയോടനുബന്ധിച്ച് മാര്‍പാപ്പ പ്രഖ്യാ പിച്ച ‘അസാധാരണ മിഷന്‍മാസം’ അതിന്റ യഥാര്‍ത്ഥ ചൈതന്യത്തില്‍ ഉള്‍ക്കൊണ്ടുള്ള പ്രവര്‍ത്തനങ്ങള്‍ രൂപത വിഭാവനം ചെയ്ത് നടപ്പിലാക്കുന്നു. ഇതിന് ഒരുക്കമായി ജൂലൈ മാസത്തില്‍ എല്ലാ ഇടവകകളിലും പ്രാര്‍ത്ഥനാകൂട്ടായ്മകള്‍ നടത്തിക്കഴിഞ്ഞു. പ്രാര്‍ത്ഥനയുടെ അരൂപിയില്‍ നവമായൊരു മിഷന്‍ ചൈതന്യം ഉള്‍ക്കൊള്ളുവാന്‍ ഇത് എല്ലാവരെയും സഹായിച്ചുവെന്ന കാര്യം തീര്‍ച്ചയാണ്. ഇതോടൊപ്പം ഓഗസ്റ്റ് മാസം രൂപതാ പാസ്റ്ററല്‍ കേന്ദ്രത്തില്‍ സുവിശേഷവത്കരണത്തെപ്പറ്റി സെമിനാര്‍ നടത്തി. രൂപതയിലെ വൈദികരുടെയും സിസ്റ്റേഴ്‌സിന്റെയും സാന്നിധ്യത്തില്‍ നടന്ന സെമിനാര്‍ വളരെയധികം അനുഗ്രഹീതമായിരുന്നു. അതില്‍ നിന്ന് പ്രചോദനമുള്‍ക്കൊണ്ട് ജനങ്ങളിലേക്ക് കൂടുതലായി കടന്ന് ചെല്ലുവാനുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് വിവിധ കമ്മിറ്റികള്‍ രൂപം നല്‍കിയിട്ടുണ്ട്.
‘സ്മോള്‍ ക്രിസ്ത്യന്‍ കമ്മ്യൂണിറ്റി’ ഗ്രൂപ്പുകളിലൂടെയും അതിന്റെ പ്രവര്‍ത്തനങ്ങളിലൂടെയും സുവിശേഷം കൂടുതല്‍ ആഴത്തില്‍ ഗ്രഹിക്കുവാനും അത് കൂടുതലായി പ്രഘോഷിക്കുവാനും പരിശ്രമിക്കുന്നു. ദൈവവചന സന്ദേശമറിയിച്ച് ഇടവകജനം വചനസന്ദേശം പങ്കുവയ്ക്കുന്നു. മാര്‍പാപ്പയുടെ ആഹ്വാനം അതിന്റെ യഥാര്‍ത്ഥ ചൈതന്യത്തില്‍ സ്വീകരിച്ച് ഈ മാസം 27-ന് റീജണല്‍ തലത്തിലുള്ള സമ്മേളനവും സംഘടിപ്പിച്ചിട്ടുണ്ട്. അത് ഏവര്‍ക്കും ദൈവാനുഭവത്തിന്റെ അവസരമായി മാറുമെന്നാണ് എന്റെ പ്രത്യാശ. നമ്മുടെ ജീവിതത്തിലൂടെ, ജീവിതമാതൃകയിലൂടെ ക്രിസ്തുവിനെ കൂടുതലായി പ്രഘോഷിക്കുവാന്‍ ‘അസാധാരണ മിഷന്‍ മാസം’ എല്ലാവരെയും പ്രാപ്തരാക്കട്ടെയെന്നു ആശംസിക്കുന്നു. ദൈവവചനത്തിനായി സഭയും സമൂഹവും മുന്നോട്ട് വരുവാന്‍ ‘ആദ്യം ദൈവരാജ്യം’ എന്ന സണ്‍ഡേ ശാലോമിന്റെ ഈ പംക്തിയും സഹായകരമായിത്തീരട്ടെ. അതിനായി പ്രാര്‍ത്ഥിക്കുന്നു.

 1932-ല്‍ രൂപം കൊണ്ട ജബല്‍പൂര്‍ രൂപതയുടെ നാലാമത്തെ മെത്രാനാണ് ഡോ. ജെറാള്‍ഡ് അല്‍മെയ്ഡ. 1974-ല്‍ പൗരോഹിത്യം സ്വീകരിച്ച അദ്ദേഹം 1997-ല്‍ ജബല്‍പൂര്‍ രൂപതയുടെ പിന്തുടര്‍ച്ചാവകാശമുള്ള മെത്രാനായി നിയമിതനായി. 2001 മുതല്‍ രൂപതയെ നയിക്കുന്നു.
(അഭിമുഖത്തെ ആസ്പദമാക്കി തയ്യാറാക്കിയത് : ഫാ. ജിതിന്‍ പറശേരില്‍ സി. എം. ഐ.)


സ്ഥാപനങ്ങള്‍ വിട്ടിറങ്ങുക

വിശ്വാസത്തിലും നല്ല ജീവിതരീതികളിലും
എല്ലാവര്‍ക്കും മാതൃകയാവുകയാണ് വേണ്ടത്. അജഗണങ്ങളെ ശക്തിപ്പെടുത്താനും ഉണര്‍വുള്ളവരാക്കാനും വൈദികരും സന്യാസിനിസന്യാസികളും പ്രത്യേകം ഉത്സാഹിക്കുകയും സ്ഥാപനങ്ങളില്‍ നിന്നിറങ്ങിവന്ന് അതിനായി പ്രവര്‍ത്തനനിരതരാവുകയും ചെയ്യണമെന്നാണ് എനിക്ക് പറയാനുള്ളത്. അജഗണങ്ങളെ നമ്മള്‍ വളര്‍ത്തിയാല്‍, പിന്നീട് അവര്‍ സഭയെ വളര്‍ത്തിക്കൊള്ളും.
വിശ്വാസികളിലൂടെയാണ് സഭ വളരുന്നത്. അതിനാല്‍ കൃത്യതയോടെ അവരെ സന്ദര്‍ശിക്കുവാനും അവരെ ശാക്തീകരിക്കുവാനും വൈദികരും സന്യാസിനിസന്യാസികളും പ്രത്യേകം കരുതലുള്ളവരാകണം.
അക്കൗണ്ടുകളിലുള്ള പണം കൂട്ടിവയ്ക്കാതെ പാവപെട്ടവരുടെ ഉന്നമനത്തിനായി ചിലവഴിക്കണം. ജനങ്ങള്‍ നമ്മോടൊപ്പം വളരട്ടെ. സ്ഥാപനങ്ങള്‍ വളര്‍ത്തുന്നതാവരുത് ഒരിക്കലും നമ്മുടെ ലക്ഷ്യം. ഒരേ സ്‌കൂളില്‍ നിരവധി വൈദികര്‍ അല്ലെങ്കില്‍ സിസ്റ്റേഴ്‌സ് സേവനം ചെയ്യുന്നത് ഒരിക്കലും പ്രോത്സാഹിപ്പിക്കരുതെന്നാണ് എന്റെ പക്ഷം. ഒന്നോ രണ്ടോ പേര്‍ മാത്രം ഒരു സ്‌കൂളില്‍ സേവനം ചെയ്ത്, മറ്റുള്ളവര്‍ ജനങ്ങളിലേക്കിറങ്ങി പ്രവര്‍ത്തിക്കട്ടെ. സ്‌കൂള്‍ അധ്യാപകര്‍, പ്രിന്‍സിപ്പല്‍, സ്ഥാപന ഉടമ എന്നീ നിലകളിലൊന്നും വൈദികര്‍ അവരുടെ പൗരോഹിത്യത്തിന്റെ വില കുറയ്ക്കരുത്.
സ്‌കൂള്‍ പ്രിന്‍സിപ്പല്‍ എന്ന ദൗത്യത്തെക്കാള്‍ എത്രയോ മഹോന്നതമായ വിളിയാണ് ഒരു വൈദികന് പൗരോഹിത്യത്തിലൂടെ ലഭിച്ചിരിക്കുന്നത്. അത് ക്രിസ്തുവിന്റെ അജഗണങ്ങള്‍ക്കു വേണ്ടി പ്രവര്‍ത്തിക്കുവാനുള്ള വിളിയാണ്. ഒരു സ്‌കൂളില്‍തന്നെ വളരെയധികം സിസ്റ്റേഴ്‌സ് ജോലി ചെയ്യുന്നത് കണ്ടിട്ടുണ്ട്. ഞാന്‍ തുറന്നുപറയട്ടെ. അത് സഭയോടുള്ള അനീതിയാണ്.
ഒന്നോ രണ്ടോ പേര്‍ സ്‌കൂളില്‍ സേവനം ചെയ്ത് ബാക്കിയുള്ളവര്‍ സമൂഹത്തിലെ പാവപ്പെട്ടവരുടെയും പതിതരുടെയും ഇടയിലേക്കിറങ്ങി സുവിശേഷം പ്രഘോഷിക്കട്ടെ. സ്ഥാപനങ്ങളേക്കാള്‍ അധികമായി അജഗണങ്ങളെ സ്‌നേഹിക്കുവാനും വളര്‍ത്തുവാനുമാണ് നമ്മള്‍ പരിശ്രമിക്കേണ്ടത്..

Leave a Comment

Your email address will not be published. Required fields are marked with *

Latest Postss

Don’t want to skip an update or a post?