Follow Us On

19

April

2024

Friday

ഒരു റീ ഫോക്കസിങ്ങിന്റെ സമയമായി

ഒരു റീ ഫോക്കസിങ്ങിന്റെ സമയമായി

കഴിഞ്ഞ കുറെ മാസങ്ങള്‍ നോക്കുക. കാര്യമായ നല്ലതൊന്നും കേള്‍ക്കാനില്ലായിരുന്നു. കേള്‍ക്കാന്‍ ഒട്ടും ആഗ്രഹിക്കാത്ത ഒരുപാട് കാര്യങ്ങള്‍ കേള്‍ക്കാനും കാണാന്‍ ആഗ്രഹിക്കാത്ത ഒരുപാട് കാര്യങ്ങള്‍ കാണാനും അനുഭവിക്കുവാന്‍ ഒട്ടും ആഗ്രഹിക്കാത്ത ഒരുപാട് കാര്യങ്ങള്‍ അനുഭവിക്കുവാനും ഇടവന്ന മാസങ്ങളാണ് കടന്നുപോയത്. പ്രളയം, ഉരുള്‍പൊട്ടല്‍ തുടങ്ങിയ പ്രകൃതിദുരന്തങ്ങള്‍ വലിയ സഹനങ്ങള്‍ക്കും നഷ്ടങ്ങള്‍ക്കും കാരണമായി. ഇത്തരം പ്രകൃതിദുരന്തങ്ങള്‍ക്കും അതിന്റെ വേദനകള്‍ക്കും നഷ്ടങ്ങള്‍ക്കും പുറമെ മനുഷ്യര്‍ ഉണ്ടാക്കിയ ഒരുപാട് പ്രശ്‌നങ്ങളും വേദനകളും വേറെയും ഉണ്ടായി. സഭയും സഭാംഗങ്ങളുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍, രാഷ്ട്രീയ-സാമുദായിക പ്രശ്‌നങ്ങള്‍ എന്നിവയെല്ലാം ഉദാഹരണങ്ങള്‍. ഇപ്പോള്‍ ഒരു സാമ്പത്തിക പ്രതിസന്ധി വരുന്നുവെന്ന വാര്‍ത്തകളും വരുന്നുണ്ട്.
കഴിഞ്ഞ മാസങ്ങളില്‍ നമ്മുടെ സമയം, ഊര്‍ജം, പണം, കഴിവുകള്‍ തുടങ്ങി പലതും നമ്മള്‍ ചെലവഴിച്ചത് ഉണ്ടായതോ അഥവാ ഉണ്ടാക്കിയതോ ആയ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍വേണ്ടിയാണ്. ഒരു ഉദാഹരണം പറയാം. ഇവിടെ നടന്ന ചില കൊലപാതകങ്ങളെപ്പറ്റി ചിന്തിക്കുക. അതിന്റെ കേസ് അന്വേഷണവുമായി ബന്ധപ്പെട്ട് ഗവണ്‍മെന്റിന് എന്തുമാത്രം പണം ചെലവായി. എത്ര ഉദ്യോഗസ്ഥരുടെ കഴിവ്, ഊര്‍ജം, സമയം അതിനുവേണ്ടി ചെലവഴിച്ചു. അപ്പോള്‍ നാട്ടില്‍ ഉണ്ടാകുന്ന ഓരോ പ്രശ്‌നവും നേരിട്ടും പരോക്ഷമായും വലിയ ബാധ്യതകള്‍ ഉണ്ടാക്കുന്നു. പ്രശ്‌നവുമായി ബന്ധപ്പെട്ടവരുടെ ദുരിതങ്ങളാണ് നേരിട്ടുള്ള ബാധ്യതകള്‍.
ധാരാളം പ്രശ്‌നങ്ങളും പരിമിതികളും ഉള്ള നാടാണ് കേരളം. തൊഴില്‍ ഇല്ലായ്മ ഉണ്ട്, സ്വന്തമായി സ്ഥലമോ വീടോ ഇല്ലാത്തവര്‍ ഉണ്ട്. നല്ല ആശുപത്രിയുടെയും വിദ്യാഭ്യാസ സ്ഥാപനങ്ങളുടെയും കുറവുണ്ട്. ധാരാളം മനുഷ്യര്‍ ദരിദ്രരും രോഗികളുമാണ്. ഗള്‍ഫിലും മറ്റും പുതിയ ജോലിസാധ്യതകള്‍ കുറയുകയും അവിടെ ജോലി ചെയ്തിരുന്നവര്‍ക്ക് ജോലി നഷ്ടപ്പെടുകയും ചെയ്യുന്നു. മലയാളി നഴ്‌സുമാര്‍ക്കും മറ്റും വിദേശങ്ങളില്‍ തൊഴില്‍ അവസരങ്ങള്‍ തല്‍ക്കാലത്തേക്കെങ്കിലും കുറയുന്നു. വിദേശ മലയാളികള്‍ അയക്കുന്ന പണത്തിന്റെ അളവ് കുറയുന്നു. കാര്‍ഷികമേഖലയും കര്‍ഷകരും വലിയ പ്രതിസന്ധിയിലാണ്. മാരക രോഗങ്ങള്‍ പിടിപെടുന്നവരുടെ എണ്ണം കൂടുന്നു. അങ്ങനെ എല്ലാംകൊണ്ടും ധാരാളം മനുഷ്യര്‍ വളരെ വിഷമിച്ച് ജീവിക്കുമ്പോഴാണ് പ്രളയവും അനുബന്ധ ദുരന്തങ്ങളും ഉണ്ടായത്. അതോടെ അനേകരുടെ ജീവിതത്തിന്റെ താളം, ഇക്വിലീബ്രിയം തെറ്റി. ഒരുപാട് മനുഷ്യര്‍ പകച്ചുനില്‍ക്കുകയാണ്.
ഈ സാഹചര്യത്തില്‍ നമ്മുടെ ചിന്തയ്ക്ക്, പ്രവര്‍ത്തനരീതിക്ക്, ധനവിനിയോഗത്തിന്, സാമൂഹ്യബന്ധത്തിന്, മതങ്ങളുടെ പ്രവര്‍ത്തനശൈലിയ്ക്ക് മാറ്റം വേണം. സംസ്ഥാനവും കുടുംബങ്ങളും സ്ഥാപനങ്ങളും സാമ്പത്തികമായി ഞെരുങ്ങുമ്പോഴും എത്ര പണമാണ് നാം ദുര്‍വ്യയം ചെയ്യുന്നത്. ഓണത്തിന്റെ മൂന്നു ദിവസങ്ങളില്‍ 487 കോടിയുടെ മദ്യം ചെലവായി. മദ്യപാനം, ലഹരി വസ്തുക്കളുടെ ഉപയോഗം എന്നീ രണ്ട് കാര്യങ്ങള്‍ക്കുമാത്രം പതിനായിരം കോടിയോളം രൂപയെങ്കിലും ഒരു വര്‍ഷം കേരളം ചെലവാക്കുന്നുണ്ടാകും. ഈ പണം നല്ല കാര്യങ്ങള്‍ക്ക്, മനുഷ്യരുടെ, കുടുംബങ്ങളുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ ഉപയോഗിച്ചിരുന്നെങ്കില്‍! അതുപോലെ അക്രമങ്ങള്‍, കൊലപാതകങ്ങള്‍, സംഘര്‍ഷങ്ങള്‍ എന്നിവ ഒഴിവാക്കി നമ്മുടെ പണം, ഊര്‍ജം, കഴിവുകള്‍, സമയം തുടങ്ങിയവ നാടിനും ജനങ്ങള്‍ക്കും കൂടുതല്‍ നന്മ ഉണ്ടാകാന്‍ ചെലവഴിച്ചിരുന്നെങ്കില്‍! സഭപോലും ഒരുപാട് ഊര്‍ജം, സമയം തുടങ്ങിയവ പ്രശ്‌നങ്ങളുമായി തലതല്ലി വ്യയം ചെയ്യേണ്ടിവന്നു.
ഇതുകൊണ്ടൊക്കെ ആര്‍ക്ക്, എന്ത് നേട്ടം? ചുരുക്കം ചിലര്‍ക്ക് പാപത്തി ന്റെ താല്‍ക്കാലിക നേട്ടങ്ങള്‍ ഉണ്ടായിക്കാണും. ബാക്കി എല്ലാവര്‍ക്കും ന ഷ്ടംതന്നെ. സഭയില്‍ ഉണ്ടായ പ്രശ്‌നങ്ങള്‍തന്നെ സഭയുടെ സല്‍പ്പേരിന് എത്ര കളങ്കം ഉണ്ടാക്കി? എത്രപേര്‍ സഭാവിരോധികള്‍ ആയി? എത്രപേര്‍ ആത്മീയജീവിതം ഉപേക്ഷിച്ചു? എത്രപേരില്‍ ആശയക്കുഴപ്പങ്ങള്‍ ഉണ്ടാക്കി?
അതിനാല്‍ വരാനിരിക്കുന്ന നാളുകളില്‍ നമുക്ക് ഒരു മാറ്റം വേണം. സഭ കൂടുതല്‍ ക്രിയാത്മകം ആകണം. സഭ ആടുകളെ ചേര്‍ത്തുനിര്‍ത്തണം. നഷ്ടപ്പെട്ടതിനെയും അകന്നുനില്‍ക്കുന്നതിനെയും കൂട്ടിക്കൊണ്ടുവരണം. ഇടയന്മാരായ സകലരും കുറച്ചുകൂടി ആളുകളുടെ അടുത്തേക്ക് ചെല്ലണം. ഒരു കാലത്ത് സഭ ഏറ്റവും കൂടുതല്‍ പിരിവ് നടത്തിയതും പണം ചെലവഴിച്ചതും കെട്ടിടം പണിയാനാണ്. ഇപ്പോള്‍ മിക്കയിടത്തും ഈ സംവിധാനങ്ങള്‍ എല്ലാമായി. പലയിടത്തും സ്‌കൂള്‍കെട്ടിടങ്ങള്‍ പണിയേണ്ട അടിയന്തിര സാഹചര്യം ഉണ്ടെന്ന് അറിയാം. പക്ഷേ മറ്റ് ബാധ്യതകള്‍ ഇല്ല. ഇടിഞ്ഞു വീഴാറായ പഴയ കെട്ടിടങ്ങള്‍ പുനരുദ്ധരിക്കാന്‍ കഴിഞ്ഞ കാലത്ത് സമ്പത്തും സമയവും മാറ്റിവച്ചു. അതിന്റെ നന്മയും ഉണ്ടായി. ഇനി നമ്മുടെ ഫോക്കസ് വിശ്വാസികളെ പണിതുയര്‍ത്താനായിരിക്കണം. ഇടവകയുടെ വാര്‍ഷിക വരുമാനത്തിന്റെ നല്ലൊരു പങ്ക് ഇനി ചെലവഴിക്കേണ്ടത് മനുഷ്യരെ പണിയാനാണ്. ആ തരത്തിലുള്ള ചര്‍ച്ചകളും നിര്‍ദേശങ്ങളും തീരുമാനങ്ങളും കൂടുതലായി ഉണ്ടാകണം. പെരുന്നാള്‍ ധൂര്‍ത്തുകള്‍ ഗണ്യമായി കുറച്ച നല്ല പാരമ്പര്യം അടുത്ത കാലത്ത് സഭയില്‍ ഉണ്ടായല്ലോ. വെടിക്കെട്ട്, ഗാനമേള തുടങ്ങിയ പരിപാടികള്‍ ഉപേക്ഷിച്ച് ആത്മീയതയ്ക്കും പരോപകാരപ്രവൃത്തികള്‍ക്കും മുന്‍ഗണന നല്‍കുന്ന തിരുനാള്‍ ആഘോഷശൈലി ഇവിടെ ചുരുങ്ങിയ വര്‍ഷങ്ങള്‍കൊണ്ട് രൂപപ്പെട്ടല്ലോ; അത് പൂര്‍ണമായില്ലെങ്കിലും. ഇതുപോലെ ഒരു റീഫോക്കസിങ്ങ് ഇക്കാര്യത്തിലും സഭയില്‍ ഉണ്ടാകണം. തര്‍ക്കങ്ങള്‍ നമുക്ക് വേണ്ട. ഭിന്നത നമുക്കിടയില്‍ വേണ്ട, റീത്ത് തര്‍ക്കങ്ങള്‍ നമുക്കിടയില്‍ വേണ്ട. ഏകമനസോടെ സഭയെ പണിതുയര്‍ത്താം. കഷ്ടപ്പെടുന്നവരെ പരമാവധി രക്ഷപ്പെടുത്താം; മദ്യപാനം, ലഹരി ഉപയോഗം തുടങ്ങിയവ ഉപേക്ഷിച്ച്, ലഭ്യമാകുന്ന പണം വ്യക്തികളുടെയും കുടുംബത്തിന്റെയും സഭയുടെയും നന്മയ്ക്കായി ഉപയോഗിക്കാം. ഇത്തരത്തിലുള്ള ഒരു റീഫോക്കസിങ്ങിന് ആരെങ്കിലും അധികാരപ്പെട്ടവര്‍ നേതൃത്വം എടുക്കണം.
രാഷ്ട്രീയ പാര്‍ട്ടികളും സംഘടനകളും ഗവണ്‍മെന്റുമെല്ലാം നാടിനും ജനത്തിനും കൂടുതല്‍ നന്മ ഉണ്ടാകാനുള്ള നടപടികളിലേക്ക് റീ ഫോക്കസ് ചെയ്യണം. അക്രമങ്ങള്‍, അനാവശ്യ സമരങ്ങള്‍ തുടങ്ങിയവ അവസാനിപ്പിക്കണം. ചിന്ത, ചര്‍ച്ചകള്‍, ശക്തി, കഴിവുകള്‍, പണം എല്ലാം നല്ല കാര്യങ്ങള്‍ക്കുമാത്രം ഉപയോഗിക്കാനായി മാറ്റിവയ്ക്കാന്‍ കഴിയണം.
ഫാ. ജോസഫ് വയലില്‍ CMI

Share:

Leave a Comment

Your email address will not be published. Required fields are marked with *

Related Posts

Latest Postss

Don’t want to skip an update or a post?