Follow Us On

20

May

2022

Friday

വിചാരണയും വിദ്വേഷ പ്രചാരണവും ‘മാധ്യമ ധർമ’മാക്കിയ മാധ്യമങ്ങൾക്ക് ഒരു തുറന്ന കത്ത്

വിചാരണയും വിദ്വേഷ പ്രചാരണവും ‘മാധ്യമ ധർമ’മാക്കിയ മാധ്യമങ്ങൾക്ക് ഒരു തുറന്ന കത്ത്

സമൂഹത്തിൽ സ്പർദ്ധ പരത്തി മാധ്യമ ശക്തി പ്രകടിപ്പിക്കേണ്ടതുണ്ടോ? ദേശീയതയും നേരും നിർഭയത്വവും സത്യസന്ധതയും മതേതരത്വവും ധർമവുമൊക്കെ മുഖാവചകങ്ങളായി തിരഞ്ഞെടുത്തിരിക്കുന്ന നമ്മുടെ മുഖ്യധാരാ മാധ്യമങ്ങൾ തന്നെ എത്ര വിദഗ്ധമായാണ് വിദ്വേഷവും വർഗീയ താത്പ്പര്യങ്ങളും പ്രചരിപ്പിക്കാൻ വാതിൽ തുറന്നിട്ടിരിക്കുന്നത്.

എം. സക്കേവൂസ്

പൊതുജനാഭിപ്രായം രൂപപ്പെടുത്തുന്നതിലും സമൂഹമനസിനെ നിയന്ത്രിക്കുന്നതിലും മാധ്യമങ്ങൾക്ക് മർമ്മപ്രധാനമായ പങ്കുണ്ട്. ഇക്കാര്യത്തിൽ നവമാധ്യമങ്ങളുടെ അപാരമായ ശക്തി അനുദിനം വെളിപ്പെട്ടുകൊണ്ടിരിക്കുകയാണ്. സമൂഹത്തിന്റെ കാഴ്ചപ്പാടുകളും വീക്ഷണ ഗതികൾതന്നെയും മാറ്റിമറിക്കാൻ അവർക്ക് വളരെ എളുപ്പത്തിൽ കഴിയും. വാർത്താ ശേഖരണത്തിലും അവതരണത്തിലും നൂതന സാങ്കേതികവിദ്യകൾ പ്രയോഗത്തിലാക്കിയതോടെ മാധ്യമ ശക്തി ഭീതിപ്പെടുത്തുന്ന വിധം വളർന്നിരിക്കുന്നുവെന്ന് പറഞ്ഞാൽ തെറ്റില്ല. ഒരാളെ സൃഷ്ടിച്ചെടുക്കാനും ഉന്മൂലനം ചെയ്യാനുമുള്ള അത്ഭുതശേഷി അത് കൈവരിച്ചിരിക്കുന്നു.

ജനത്തെ സ്വാധീനിക്കാനും പരിവർത്തനോന്മുഖമാക്കാനും കഴിയുക എന്നത് വളരെ സൃഷ്ടിപരമാണ്. എന്നാൽ, അതോടൊപ്പം വിപരീത ദിശയിലുള്ള പ്രവർത്തനം- അതിന്റെ ഉന്മൂലനശേഷി കൂടുതൽ വെളിപ്പെട്ടുവരികയാണ് ഇക്കാലത്ത്. ഒരു വ്യക്തിയെ അല്ലെങ്കിൽ സമൂഹത്തെ ബോധപൂർവം പൊതുജനമധ്യത്തിൽ താറടിക്കാനും അപകീർത്തിപ്പെടുത്താനും കഴിയും. ഒരാളുടെ യശസിന് കളങ്കം വീഴ്ത്തിയാൽ പിന്നെ അത് തിരിച്ചെടുക്കുക എത്രയോ ദുഷ്‌കരമാണ്.

ഈ മാരക ശക്തി തിരിച്ചറിഞ്ഞതുകൊണ്ടാകണം പൊതുമനസിലേക്ക് തളച്ചു കയറുന്ന ഒരു മാന്ത്രിക വെടിയുണ്ടയായി മാധ്യമങ്ങൾ വിശേഷിപ്പിക്കപ്പെടുന്നത്. പറയുന്നതെന്തോ, കാണിക്കുന്നതെന്തോ അതാണ് സത്യമെന്ന് വിശ്വസിക്കാൻ ജനം തയാറാകുന്നു. അതിന് നിർബന്ധിക്കപ്പെടുന്നു എന്ന് പറയുന്നതാണ് കൂടുതൽ ശരി. രാജ്യത്തിന്റെ നീതിന്യായ നിർവഹണത്തെപ്പോലും സ്വാധീനിക്കാൻ കഴിയുംവിധമുള്ള മാധ്യമ വിചാരണ പലവട്ടം കോടതികൾ വിലക്കിയിട്ടുമുണ്ട്. വ്യക്തികളുടെയും സമൂഹത്തിന്റെയും സ്വസ്ഥമായ ജീവിതത്തിലേക്ക് കടന്നുകയറിയുള്ള മാധ്യമ പ്രവർത്തനം അത്യന്തം വിനാശകരമാണ്.

മൂടുപടം വേണ്ട

മാധ്യമങ്ങൾ എത്രമാത്രം നിഷ്പക്ഷതയുടെയും നിർഭയത്വത്തിന്റെയും മൂടുപടം അണിഞ്ഞാലും അവയ്ക്ക് സ്വാർത്ഥ താത്പ്പര്യങ്ങൾ ഉണ്ടെന്ന യാഥാർത്ഥ്യം വായിക്കുന്നവർക്കും കാണുന്നവർക്കുമറിയാം. ഈ താത്പ്പര്യ സംരക്ഷണാർത്ഥമാണല്ലോ ജാതിമത രാഷ്ട്രീയ സമുദായങ്ങൾ ഓരോന്നും അവരുടേതായ പ്രസിദ്ധീകരണങ്ങളും മാധ്യമ സ്ഥാപനങ്ങളും തുടങ്ങുന്നത്. ഒരു പൊതുവിഷയത്തിൽ സ്വന്തം നിലപാടുകളും ആദർശങ്ങളും ജനമദ്ധ്യത്തിൽ കൊണ്ടുവരാൻമാധ്യമങ്ങളെ ഉപയോഗപ്പെടുത്തുന്നത് ജനാധിപത്യത്തിൽ ന്യായമായ അവകാശമാണ്. അതിന് സ്വാതന്ത്ര്യമുണ്ട്.

ഇക്കാലത്ത് മാധ്യമ മേഖലയിലും ആഗോള കച്ചവട താത്പ്പര്യങ്ങൾ വർദ്ധിച്ചുവന്നതോടെ സ്വാർത്ഥതയുടെ തീവ്രതയും വർദ്ധിക്കുന്നുണ്ട്. നഷ്ടത്തിൽ ആരും കച്ചവടം കൊണ്ടുനടക്കുകയില്ലല്ലോ. മത്‌സരാധിഷ്~ിത കമ്പോളത്തിൽ പിടിച്ചുനിൽക്കാൻ ചില മാർക്കറ്റിംഗ് തന്ത്രങ്ങൾ നിശ്ചയമായും ഉണ്ടാകും. റേറ്റിംഗ് ഉയർത്തി ലാഭം നേടുക എന്ന ലക്ഷ്യത്തോടെ വസ്തുതകൾ വളച്ചൊടിച്ച് അത്യന്തം സ്‌തോഭജനകമായ വാർത്തകൾ പുറത്തുവിടുന്നതിന് മാധ്യമങ്ങൾ ശ്രമിക്കും. പൊതുജനശ്രദ്ധ തങ്ങളിലേക്ക് കേന്ദ്രീകരിക്കുകയാണ് തന്ത്രം.

എന്നാൽ, ചോദ്യമിതാണ്: സമൂഹത്തിൽ സ്പർദ്ധ പരത്തി മാധ്യമ ശക്തി പ്രകടിപ്പിക്കേണ്ടതുണ്ടോ? ദേശീയതയും നേരും നിർഭയത്വവും സത്യസന്ധതയും മതേതരത്വവും ധർമവുമൊക്കെ മുഖാവചകങ്ങളായി തിരഞ്ഞെടുത്തിരിക്കുന്ന നമ്മുടെ മുഖ്യധാരാ മാധ്യമങ്ങൾ തന്നെ എത്ര വിദഗ്ധമായാണ് വിദ്വേഷവും വർഗീയ താത്പ്പര്യങ്ങളും പ്രചരിപ്പിക്കാൻ വാതിൽ തുറന്നിട്ടിരിക്കുന്നത്. എല്ലാം പറയാതെ പറഞ്ഞുവെക്കുകയല്ലേ മാധ്യമങ്ങൾ.

ഒരു സമൂഹത്തിനുമേൽ അപകർഷതാബോധം അടിച്ചേൽപ്പിക്കാൻ മാധ്യമങ്ങളെ തന്ത്രപൂർവം തുടർച്ചയായി ഉപയോഗപ്പെടുത്തുക. നിങ്ങളൊക്കെ എത്രയോ അധമന്മാരാണ് ഞങ്ങളെക്കാൾ എന്ന ചിന്ത സമൂഹത്തിലൂടെ പ്രചരിപ്പിക്കാൻ ശ്രമിക്കുന്നത് പഴയകാല ജന്മിത്വത്തിന്റെ ഒരു പുതിയ രൂപമാണ്. ഇക്കാലത്ത് ദുഷ്പ്രഭുത്വത്തിന്റെ വക്താക്കളാകുന്നത് മാധ്യമ രാജാക്കന്മാരാണെന്നതാണ് ഒരു പ്രത്യേകത.

വർത്തമാനകാലത്ത് ഇക്കൂട്ടരുടെ നിയന്ത്രണത്തിലുള്ള അടിമ വ്യവസ്ഥിതിയ്ക്ക് കീഴ്‌പ്പെട്ടു പോകുന്ന ഒരു വിഭാഗം കേരളത്തിലെ സന്യസ്ഥ സമൂഹമാണെന്ന കാര്യം നാം വിസ്മരിച്ചുകൂടാ. വീണുകിട്ടുന്ന അവസരങ്ങളെല്ലാം മാധ്യമ പ്രഭുക്കന്മാർ ഉപയോഗപ്പെടുത്തുന്നു. വസ്തുതാപരമായ യാതൊരു അന്വേഷണവുമില്ലാതെയാണ് സന്യസ്ത സമൂഹത്തോട് ഈ അനീതി കാട്ടുന്നത്. എങ്ങനെയും അവഹേളിച്ച് ഇവർ നികൃഷ്ടരാണ് എന്ന ചാപ്പ കുത്തി സമൂഹമനസിലേക്ക് വലിച്ചെറിഞ്ഞുകൊടുക്കുക. ഇതിന്റെ പ്രകടമായ തെളിവാണ് പാരമ്പര്യമുണ്ടെന്ന് അവകാശപ്പെടുന്ന ഒരു മലയാള ദിനപത്രത്തിന്റെ വാരാന്തരപതിപ്പിൽ പ്രസിദ്ധീകരിക്കപ്പെട്ട ലേഖനം.

അപകീർത്തിപ്പെടുത്തൽ

ഏതൊരു മത സമൂഹത്തിന്റെയും പ്രസന്നതയുടെയും ത്യാഗോജ്ജ്വലമായ ജീവിതത്തിന്റെയും പ്രതിഫലനമാണ് സന്യാസം. ഹിന്ദുത്വവും ബുദ്ധിസവും ജൈനരും സൂഫിസവുമെല്ലാം അവരുടെ ആത്മീയ ശക്തിയുടെ പ്രകടമായ തെളിവുകളായാണ് സന്യാസ ജീവിതത്തെ അവതരിപ്പിച്ചിട്ടുള്ളത്. വീഴ്ചകളും വഴിപിഴയ്ക്കലും ലക്ഷ്യം തെറ്റിയുള്ള യാത്രയുമെല്ലാം മതവ്യത്യാസം കൂടാതെ എല്ലാ സന്യസ്ഥർക്കുമിടയിലുമുണ്ടായിട്ടുണ്ട്.

അനേക നൂറ്റാണ്ടുകൾ പഴക്കമുള്ള സന്യാസ ചരിത്രം പരിശോധിച്ചാൽ നൂറ് കണക്കിന് സന്യാസികളും സന്യാസിനികളുമുണ്ടായിട്ടുണ്ട്. വ്രതങ്ങളോട് നീതി പുലർത്താനാകാതെ സന്യാസം ഉപേക്ഷിച്ചുപോയവരുമുണ്ട്. ലോകത്തിന്റെ വ്യഗ്രതകളിൽപ്പെട്ട് പ്രലോഭിതരായവരുമുണ്ട്. എന്നാൽ, അതൊന്നും സന്യാസ ജീവിതത്തിന്റെ മഹത്വം ഇല്ലാതാക്കുന്നില്ല. സത്യമിതായിരിക്കെ, സമീപകാലത്തുണ്ടായ ചില ആരോപണങ്ങളുടെ പേരിൽ കത്തോലിക്കാ സന്യസ്ഥരെ മാത്രം തിരഞ്ഞുപിടിച്ച് ആക്രമിക്കുകയെന്നത് ഒരു ക്രൂരവിനോദമായിരിക്കുന്നു.

അന്തി ചർച്ചയുടെ വിചാരണയ്ക്ക് ഒരു സെൻസേഷണൽ വിഷയം കണ്ടെത്തുകയെന്നത് മാത്രമല്ല, ഒരു സമൂഹത്തെയാകെ അവഹേളിച്ച് നിശബ്ദരാക്കുകയെന്ന ഗൂഢതന്ത്രവുമുണ്ട് ഇതിന് പിന്നിൽ. സൽപ്പേര് നഷ്ടപ്പെടുത്തി ഉന്മൂലനം ചെയ്യുകയെന്ന ക്രൂരകൃത്യം. കത്തോലിക്കാ സന്യസ്ഥരെയെല്ലാം ഒരു മാഫിയാസംഘത്തെപ്പോലെ അവതരിപ്പിക്കാനുള്ള ശ്രമമാണ് പാരമ്പര്യം അവകാശപ്പെടുന്ന പത്രം ശ്രമിച്ചിട്ടുള്ളത്. നൂറ്റാണ്ടുകൾ നീണ്ടുനിൽക്കുന്ന ത്യാഗോജ്ജ്വലമായ പാരമ്പര്യമുള്ള ക്രൈസ്തവ പാരമ്പര്യത്തെ ബോധപൂർവം അധിക്ഷേപിക്കുകയാണ് ഏതോ ഒരു ഉന്മാദാവസ്ഥയിലെത്തിയ എഴുത്തുകാരൻ.

സന്യാസ ജീവിതം മടുത്ത് പുറത്തുപോയവരിൽ നിന്നാണ് ലേഖകൻ വസ്തുതാന്വേഷണം നടത്തിയതെങ്കിൽ, പറയട്ടെ കണ്ടെത്തലുകൾക്ക് ശരാശരിയിൽ താഴെയുള്ള നിലവാരം പോലുമില്ല. സന്യാസത്തിൽ സംതൃപ്തിയില്ലാതെ കഴിഞ്ഞുകൂടുന്നവരെ നിരീക്ഷിച്ചാണ് ലേഖനമെഴുതിയതെന്ന് വന്നാലും അത് അന്വേഷണത്തിന്റെ നിജ സ്ഥിതിയാണെന്ന് പറയാനാവില്ല. കാരണം, വ്രതമനുഷ്~ിച്ച് പൂർണതൃപ്തിയോടെ സന്തുഷ്ട ജീവിതം നയിച്ചുപോന്നവരും ഇപ്പോൾ ഈ ജീവിതാന്തസ്സിൽ കഴിഞ്ഞു കൂടുന്നവരുമായ ലക്ഷക്കണക്കിന് സ്ത്രീപുരുഷന്മാരുണ്ട്.

ഈ മതേതര മാധ്യമം എന്ത് നീതിയാണ് അവരോട് കാണിച്ചത്. നിരീക്ഷണം വസ്തുതാപരവും സത്യവുണ്ടെന്ന് തോന്നിയാൽ എഡിറ്റർക്ക് ലേഖനം പ്രസിദ്ധീകരിക്കാവുന്നതാണ്. മറ്റുള്ളവർക്ക് എത്രമാത്രം മുറിവ് ഏൽക്കുന്നുണ്ടെന്നതിനെക്കുറിച്ച് യാതൊരു പരിഗണനയും ഉണ്ടാകേണ്ടതില്ല. അപ്പോൾ മറ്റൊരു ചോദ്യം കൂടി ഉയരുന്നു. ക്രൈസ്തവരുമായി ബന്ധപ്പെടാത്ത സത്യങ്ങൾ എത്രയോ ഉണ്ട്, സമാനസ്വഭാവമുള്ളവ. എന്തുകൊണ്ട് അവയൊന്നും പുറത്തുവിടുന്നില്ല, പാരമ്പര്യം അവകാശപ്പെടുന്ന പ്രസ്തുത പത്രം.

മുക്കുന്ന വാർത്തകൾ

പ്രസിദ്ധീകരിക്കുന്നതിനേക്കാൾ കൂടുതൽ വാർത്തകൾ മുക്കുന്നതിലൂടെയാണ് മാധ്യമങ്ങൾ സമ്പന്നരാകുന്നതെന്ന് പെയ്ഡ് വാർത്തകളുടെ  ഉപജ്ഞാതാക്കൾ പറഞ്ഞുകേട്ടിട്ടുണ്ട്. കേൾവി ഒരിക്കലും സത്യമാകാതിരിക്കട്ടെയെന്നാണ് പ്രാർത്ഥന. ഏതായാലും വാർത്തകൾ മുക്കുന്നതിൽ അസാമാന്യമായ സാമർത്ഥ്യവും അതീവ ശ്രദ്ധയും മാധ്യമ ധർമ്മവും ഉറപ്പുവരുത്തുന്നവരാണ് മലയാളത്തിലെ മുഖ്യധാരാമാധ്യമങ്ങൾ.

പറഞ്ഞുവരുന്നത് തമസ്‌ക്കരിക്കപ്പെട്ട ഒരു പ്രതിഷേധ വാർത്തയെക്കുറിച്ചാണ്. പാരമ്പര്യമുള്ള പത്രത്തിൽ കത്തോലിക്കാ സന്യസ്തരെ അധിഷേപിച്ചുകൊണ്ട് പ്രസിദ്ധീകരിക്കപ്പെട്ട ലേഖനത്തിനെതിരായി നൂറുകണക്കിന് സന്യസ്ഥർ പത്ര സ്ഥാപനത്തിന് തൊട്ടുമുമ്പിൽ പ്രതിഷേധിച്ചു. അടുത്തകാലത്ത് കേരളം കണ്ട ഏറ്റവും സമാധാനപരമായ പ്രതിഷേധം! പക്ഷേ, പ്രതിഷേധം വാർത്തയായതേയില്ല. മാധ്യമകണ്ണുകൾ ഏതാനും മണിക്കൂറുകൾ അടഞ്ഞുപോയി. അങ്ങനെ സ്വതന്ത്ര മാധ്യമ പ്രവർത്തനത്തിന്റെ തമസ്‌ക്കരണ ധർമം ആത്മാർത്ഥയോടെ നിറവേറ്റി.

സ്വന്തം താത്പ്പര്യ സംരക്ഷണാർത്ഥം ആശയ പ്രചരണത്തിനായി മാധ്യമ സ്വാതന്ത്ര്യാവകാശം ഉപയോഗപ്പെടുത്തിക്കൊള്ളട്ടെ. എന്നാൽ, അതിനുമപ്പുറം മറ്റുള്ളവരെ അധിക്ഷേപിക്കാനും കുത്തിമുറിവേൽപ്പിക്കാനുമാണ് ആ സ്വാതന്ത്ര്യം ഉപയോഗപ്പെടുന്നുവെന്നതാണ് നിരാശാജനകം. അങ്ങനെ കഴിഞ്ഞ രണ്ട് വർഷക്കാലമായി ആസൂത്രിതമായി മുറിവേൽപ്പിക്കപ്പെടുകയും അവഹേളിക്കപ്പെടുകയും ചെയ്യുന്നവരാണ് കത്തോലിക്കാ സന്യസ്ഥ സമൂഹം.

എങ്ങനെയും വീണുകിട്ടുന്ന സന്ദർഭങ്ങൾ മറയാക്കി തോന്നുംപടി വിചാരണ നടത്തി ഒരു സമൂഹത്തെയാകെ കുറ്റവാളികളാക്കി ചിത്രീകരിച്ച് പൊതുജനമദ്ധ്യത്തിൽ വിലങ്ങണിയിച്ചു നിറുത്താനുള്ള ഗൂഢനീക്കം. ഇരകളോടുണ്ടായ അനീതി പുറത്തു കൊണ്ടുവരിക, കുറ്റകൃത്യം നിയമത്തിന് മുമ്പാകെ വെളിപ്പെടുത്തുക എന്നതിലുമപ്പുറം ഒരു സമൂഹത്തെ ഒന്നടങ്കം താറടിച്ചു കാട്ടാനുള്ള ശ്രമങ്ങളും വ്യാപകമാണ്. പാരമ്പര്യമുള്ള പത്രത്തിൽ എഴുതപ്പെട്ട ലേഖനം അതിനൊരു ചെറിയ തെളിവുമാത്രം.

സാമൂഹ്യമാധ്യമങ്ങൾ ഇല്ലാതിരുന്നെങ്കിൽ…

എന്റെ പ്രതികരണം ലോകത്തെ അറിയിക്കണമെന്നുണ്ടെങ്കിൽ എനിക്ക് സ്വന്തമായി ഒരു ചാനലോ പ്രസിദ്ധീകരണമോ വേണമെന്ന അവസ്ഥയിലായി നമ്മുടെ സമകാലിക മാധ്യമങ്ങളുടെ സ്വാതന്ത്ര്യവും നിഷ്പക്ഷതയും! അതുമല്ലെങ്കിൽ, കുറഞ്ഞപക്ഷം ഇരയുടെ കവചമണിഞ്ഞ് മാധ്യമങ്ങൾക്ക് മുമ്പിൽ നിന്നുകൊടുക്കാൻ തയാറാകണം. അതിന് ഒന്നാന്തരം തെളിവാണ് സന്യസ്ഥരുടെ സമാധാനപരമായ പ്രതിഷേധം മുഖ്യധാരാ മാധ്യമങ്ങൾ തമസ്‌ക്കരിച്ചത്. പ്രതിഷേധിച്ചവരെ നിശബ്ദരാക്കി മാധ്യമ സ്വാതന്ത്ര്യം ആഘോഷിച്ചപ്പോൾ സാമൂഹ്യമാധ്യമങ്ങളുടെ വേദി തുറന്നുകിട്ടിയില്ലായിരുന്നെങ്കിൽ ഈ പ്രതിഷേധംലോകം അറിയില്ലായിരുന്നു. ഇക്കാര്യത്തിലെങ്കിലും നവമാധ്യമങ്ങൾക്ക് വിശിഷ്യാ, വാട്‌സ് ആപ്പിനും യൂടൂബിനും നന്ദി പറയേണ്ടിയിരിക്കുന്നു.

നിർഭയത്വം എവിടെ വരെ!

ഒരു ലേഖനം പ്രസിദ്ധീകരിച്ചതിന്റെ പേരിൽ തല്ലിപ്പൊളിക്കാനും എറിഞ്ഞുതകർക്കാനും ഇറങ്ങിപ്പുറപ്പെടുകയില്ല ക്രൈസ്തവർ. കുറുവടിയും വെട്ടുകത്തിയുമായി എഴുത്തുകാരെ നേരിടുകയുമില്ല. ഇത് ബോധ്യമുള്ളതുകൊണ്ടാണ് എഴുത്തും അധിക്ഷേപവും കത്തോലിക്കാ സന്യസ്തർക്ക് നേരെ തുടരുന്നത്. ശക്തിയും ബലവും അക്രമോത്സുകവുമായ സംഘടിത ശേഷിയുള്ളവർ കണ്ണ് ഉരുട്ടുന്നതുവരെ മാത്രമേ മാധ്യമങ്ങളുടെ നിഷ്പക്ഷതയും നിർഭയത്വവും സ്വാതന്ത്ര്യവുമൊക്കെയുണ്ടാകൂ എന്നതിന് എത്രയോ ചരിത്രപാ~ങ്ങൾ തന്നെയുണ്ട് നമുക്ക് മുമ്പിൽ.

വേണ്ടപ്പെട്ടവർക്കുവേണ്ടി വാർത്ത മുക്കുന്ന വേറൊരു ശൈലിയുമുണ്ട്. കേരളത്തിലെ ഒരു പ്രശസ്തമായ ക്രൈസ്തവേതര മ~ത്തിന് എതിരായി അവിടുത്തെ ഒരു മുൻ സന്യാസിനി ഒരു പുസ്തകത്തിലൂടെ ഗൗരവമായ ആരോപണമുന്നയിച്ചപ്പോൾ, നമ്മുടെ മതേതര, നിഷ്പക്ഷ മാധ്യമങ്ങൾ ഈ നാട്ടിൽ ഒന്നും സംഭവിക്കാത്തതുപോലെ വാർത്ത സൗകര്യപൂർവം മുക്കിയത് ഇപ്പോൾ ചിലർക്കെങ്കിലും ഓർമിച്ചെടുക്കാനാകും. അന്തിച്ചർച്ചക്കാർ അന്നും ജീവിച്ചിരിപ്പുണ്ടായിരുന്നില്ലേ? ഒരു പക്ഷേ, വസ്തുതാപരമായ അന്വേഷണത്തിൽനിന്ന് സത്യം തിരിച്ചറിഞ്ഞതുകൊണ്ടാകാം മൗനം പാലിച്ചത്.

ഏതാനും മാസം മുമ്പ് മാത്രമാണല്ലോ, ഒരു ക്രൈസ്തവേതര ആരാധനാലയ പരിസരത്തെക്കുറിച്ച് അവഹേളനാപരമായ പരാമർശം കടന്നുകൂടി എന്നതിന്റെ പേരിൽ പ്രസിദ്ധീകരിച്ചുതുടങ്ങിയ നോവൽ ചില പ്രത്യേക കാരണങ്ങളാൽ മാപ്പ് പറഞ്ഞ് തുടർലക്കങ്ങളുടെ പ്രസിദ്ധീകരണം നിറുത്തി വെച്ചത്. കഴിഞ്ഞ വർഷം മതപരമായ വിശ്വാസ വിഷയം കത്തിനിന്നപ്പോൾ ഒരു ചാനലിന്റെ റേറ്റിംഗ് കുത്തനെ ഇടിഞ്ഞതും മണിക്കൂറുകൾക്കുള്ളിൽ നിലപാട് മാറ്റി റേറ്റിംഗ് ഉയർത്താൻ ഭഗീരത പ്രയത്‌നം ചെയ്യേണ്ടിവന്നതും.

സ്ത്രീകൾ മാത്രം താമസിക്കുന്ന ഒരു മ~ത്തിലേക്ക് അധികാരികളുടെ മുൻകൂട്ടിയുള്ള അനുവാദമില്ലാതെ അതിക്രമിച്ചുകയറി തത്സമയം സംപ്രേക്ഷണം ചെയ്യാൻ സാധിക്കുക ഒരുപക്ഷേ ഒരു കത്തോലിക്കാ ആശ്രമത്തിന്റെ ചുറ്റുപാടുകളിൽമാത്രമാകും. അല്ലെങ്കിൽ നമ്മുടെ അന്വേഷണാത്മക മാധ്യമ പ്രവർത്തർ വിവരമറിയും. ഇരവാദത്തിന്റെ പേരിലുള്ള ഈ മാധ്യമപ്രവർത്തനത്തെ ഇരട്ടത്താപ്പ് എന്നുമാത്രം പറഞ്ഞാൽ പോരാ, മാധ്യമ വിചാരണയ്ക്കപ്പുറം കടന്നിരിക്കുന്നു. സമൂഹത്തിൽ ബോധപൂർവം വിദ്വേഷം പ്രചരിപ്പിക്കുന്ന പൊറുക്കാനാവാത്ത കുത്സിത പ്രവർത്തനം കൂടിയാണിത്.

Leave a Comment

Your email address will not be published. Required fields are marked with *

Similar Posts

Latest Posts

Don’t want to skip an update or a post?