Follow Us On

29

March

2024

Friday

കാഞ്ചബൈഡ തീര്‍ത്ഥാടക കേന്ദ്രത്തില്‍ വൈദിക മന്ദിരം ആശീര്‍വദിച്ചു

കാഞ്ചബൈഡ തീര്‍ത്ഥാടക കേന്ദ്രത്തില്‍  വൈദിക മന്ദിരം ആശീര്‍വദിച്ചു

ഖാണ്ഡ്‌വ: കാഞ്ചബൈഡ മരിയന്‍ തീര്‍ത്ഥാടന ദൈവാലയത്തോടനുബന്ധിച്ച് വൈദികര്‍ക്കും തീര്‍ത്ഥാടകര്‍ക്കും താമസിക്കുന്നതിനായി നിര്‍മിച്ച മന്ദിരം ഖാണ്ഡ്വ രൂപതാധ്യക്ഷന്‍ ഡോ. എ. എ. സെബാസ്റ്റ്യന്‍ ദുരൈരാജ് എസ്.വി.ഡി ആശീര്‍വദിച്ചു. പള്ളോട്ടൈന്‍ പ്രഭുപ്രകാശ് പ്രൊവിന്‍സ് പ്രൊവിന്‍ഷ്യല്‍ ഫാ. വര്‍ഗീസ് പുല്ലന്‍ ഉദ്ഘാടകനായിരുന്നു. ഖാണ്ഡ്വ രൂപത വികാരി ജനറല്‍ ഫാ. ബോബന്‍ ഫിലിപ്, മറ്റ് വൈദികര്‍, സന്യാസിനികള്‍, മരിയഭക്തര്‍ തുടങ്ങിയവരുടെ സാന്നിധ്യത്തിലായിരുന്നു ചടങ്ങുകള്‍.

മധ്യപ്രദേശിലെ ഖാണ്ഡ്വ രൂപതയില്‍ പ്രശസ്തിയാര്‍ജ്ജിച്ചുകൊണ്ടിരിക്കുന്ന തീര്‍ത്ഥാടന കേന്ദ്രമാണ് കാഞ്ചബൈഡ. 118 വര്‍ഷങ്ങള്‍ക്കുമുമ്പ് ജര്‍മന്‍ മിഷനറിമാരും സിഎംഎസ്എഫ് സഭാഗംങ്ങളുമായ ബ്രദര്‍ പൗലോസ് മോറിറ്റ്‌സ്, ബ്രദര്‍ നിക്കോളാസ്, ബ്രദര്‍ ക്ലെമന്റ് എന്നിവര്‍ ആരംഭിച്ച ഇവിടുത്തെ മിഷന്‍ പ്രവര്‍ത്തനത്തിന് ഇപ്പോള്‍ നേതൃത്വം നല്‍കുന്നത് പള്ളോട്ടൈന്‍ വൈദികരാണ്.

ഖാണ്ഡ്വയുടെ തെക്ക്-പടിഞ്ഞാറന്‍ ഗ്രാമമായ ഔളിയ കേന്ദ്രീകരിച്ചുള്ള മിഷന്റെ ഭാഗമായിരുന്ന കാഞ്ചബൈഡ മരിയന്‍ ദൈവാലയത്തിന്റെ റെക്ടര്‍, സൊസൈറ്റി ഓഫ് ദ കാത്തലിക് അപ്പോസ്‌തൊലേറ്റ് (എസ്എസി) സഭാംഗമായ ഫാ. പ്രകാശ് തങ്കപ്പന്‍ ആണ്. കഴിഞ്ഞ ഏഴ് വര്‍ഷമായി കാഞ്ചബൈഡ ദൈവാലയത്തിലെ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നത് ഇദ്ദേഹമാണ്.

പരിശുദ്ധ കന്യകാമറിയത്തിന്റെ മാധ്യസ്ഥതയില്‍ പരിശുദ്ധാത്മാവിന്റെ പുതിയ പന്തക്കുസ്താനുഭവത്തിന് വേണ്ടി പ്രാര്‍ത്ഥിക്കുകയും പരിശുദ്ധാത്മാവിന്റെ നിറവില്‍ മിഷന്‍ ചൈതന്യം കത്തോലിക്ക സഭയില്‍ വളര്‍ത്തുകയും ചെയ്യുകയെന്നതാണ് കാഞ്ചബൈഡ മരിയന്‍ തീര്‍ത്ഥാടന കേന്ദ്രത്തിന്റെ ആത്യന്തിക ലക്ഷ്യമെന്ന് ദൈവാലയ റെക്ടര്‍ ഫാ. പ്രകാശ് തങ്കപ്പന്‍ പറഞ്ഞു.

ജൈവവൈവിധ്യം സംരംക്ഷിക്കുന്നതിനും വൃക്ഷത്തൈകള്‍ നടുന്നതിനും പ്രോത്സാഹനം നല്‍കുന്നതിനായി കാഞ്ചബൈഡയില്‍ ‘ഗ്രീന്‍ റിസറക്ഷന്‍’ പദ്ധതി ആരംഭിച്ചെന്നും പ്രോ-ലൈഫ്, ലഹരിവിമോചനം തുടങ്ങിയ മൂല്യാധിഷ്ഠിത പ്രവര്‍ത്തനങ്ങള്‍ ഇവിടെ നടത്തിവരുന്നുണ്ടെന്നും ഫാ. പ്രകാശ് തങ്കപ്പന്‍ വ്യക്തമാക്കി.
കാഞ്ചബൈഡ തീര്‍ത്ഥാടന കേന്ദ്രത്തില്‍, എല്ലാ വര്‍ഷവും ഫെബ്രുവരി മാസത്തിലെ അവസാന ഞായറാഴ്ചയാണ് വാര്‍ഷിക തിരുനാള്‍ ആഘോഷിക്കുന്നത്. 2020 ഫെബ്രുവരി 23-നാണ് അടുത്ത തിരുനാള്‍. ഇതിനോടനുബന്ധിച്ച് ഫെബ്രുവരി 15 മുതല്‍ നൊവേനയും 21, 22 തിയതികളിലായി മാരിയോ ജോസഫ് നയിക്കുന്ന ധ്യാനശുശ്രൂഷയും രോഗശാന്തി പ്രാര്‍ത്ഥനയും ഉണ്ടായിരിക്കുമെന്ന് ഫാ. പ്രാകാശ് തങ്കപ്പന്‍ അറിയിച്ചു. ഏഴുവര്‍ഷങ്ങള്‍ക്ക് മുമ്പ് നൂറില്‍ താഴെ പേര്‍ മാത്രം പങ്കെടുത്ത സ്ഥാനത്ത്, ഈ വര്‍ഷത്തെ തിരുനാളില്‍ പതിനായിരത്തില്‍ അധികം പേര്‍ സന്നിഹിതരായെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Share:

Leave a Comment

Your email address will not be published. Required fields are marked with *

Related Posts

Latest Postss

Don’t want to skip an update or a post?