Follow Us On

28

March

2024

Thursday

പാൻ ആമസോൺ സിനഡിന് പരിസമാപ്തി; ഇനി പ്രതീക്ഷയും ആശങ്കയും

പാൻ ആമസോൺ സിനഡിന് പരിസമാപ്തി; ഇനി പ്രതീക്ഷയും ആശങ്കയും

ആമസോൺ സിനഡ് വിളിച്ചുചേർക്കുന്ന വിവരം പ്രഖ്യാപിച്ചപ്പോൾ പ്രതീക്ഷയായിരുന്നു, സിനഡ് ആരംഭിക്കുമ്പോഴേക്കും അത് വിവാദത്തിന് വഴിമാറി, സമാപനമായപ്പോൾ ആശങ്ക കനപ്പെടുന്നു- ഇനി അറിയേണ്ടത് പാപ്പയുടെ തീരുമാനമാണ്. പാൻ ആമസോൺ സിനഡ് മുന്നോട്ടുവെച്ച രണ്ട് സുപ്രധാന നിർദേശങ്ങളുടെ പശ്ചാത്തലത്തിൽ റവ. റോയ് പാലാട്ടി സി.എം.ഐ എഴുതുന്നു.

ഏറെ പ്രതീക്ഷയോടും ദീർഘകാലത്തെ ഒരുക്കത്തിനുംശേഷം വത്തിക്കാനിൽ സമ്മേളിച്ച ആമസോൺ സിനഡിന് തിരശീല വീണു. ആമസോൺ മേഖലയുടെ പ്രത്യേക സാഹചര്യം കണക്കിലെടുത്ത്, വിവാഹിതരായ പുരുഷന്മാർക്കും പൗരോഹിത്യം നൽകണം; സ്ത്രീകളെ ഡീക്കൻ പദവിയിലേക്ക് നിയമിക്കുന്നതിനെക്കുറിച്ച് പഠിക്കാൻ പ്രത്യേക കമ്മീഷനെ നിയോഗിക്കണം എന്നീ ശുപാർശകളാണ് സിനഡ് പ്രധാനമായും മുന്നോട്ടുവെച്ചിരിക്കുന്നത്. വോട്ടവകാശമുള്ള 181 അംഗങ്ങളും സന്യാസസമൂഹങ്ങളിൽനിന്നുള്ള പ്രതിനിധികളും ഉൾപ്പെടുന്ന സിനഡ് അംഗങ്ങൾ തയാറാക്കിയ 33 പേജുള്ള ശുപാർശകൾ ഫ്രാൻസിസ് പാപ്പയ്ക്ക് കൈമാറിയിരിക്കുകയാണിപ്പോൾ.

ദിവ്യബലി അർപ്പിക്കാനും മറ്റ് കൂദാശകൾ പരികർമം ചെയ്യാനും ആവശ്യമായ വൈദികരില്ല എന്നതാണ് വിവാഹിതർക്ക് പൗരോഹിത്യം നൽകണമെന്ന ശുപാർശയ്ക്ക് മുഖ്യകാരണമായി പറയുന്നത്. മാത്രമല്ല, ബ്രഹ്മചര്യം ആമസോണിയൻ നിവാസികൾക്ക് മനസിലാക്കാൻ കഴിയുന്നില്ല എന്ന സംസാരവും പ്രബലമായിരുന്നു. സിനഡ് പിതാക്കന്മാരിൽ ബഹുഭൂരിപക്ഷം ഈ നിർദേശത്തെ പിന്തുണച്ച് വോട്ട് ചെയ്‌തെങ്കിലും സഭയിലെ ഏറെ സ്വാധീനമുള്ള കർദിനാൾമാരായ മാർക്ക് ഔലറ്റ്, റോബർട്ട് സേറ, പീറ്റർ ടക്‌സൺ തുടങ്ങിയവർ സഭയുടെ പരമ്പരാഗത രീതിയിലുള്ള ബ്രഹ്മചര്യ പൗരോഹിത്യം കാത്തുസൂക്ഷിക്കണമെന്ന നിലപാടിൽ ഉറച്ചുനിന്നു.

പൗരസ്ത്യ സഭകളിൽ ആദ്യകാലം മുതൽ പൗരോഹിത്യം സ്വീകരിക്കാൻ വിവാഹം തടസമല്ലായിരുന്നു. അതേസമയം ഇത്തരം സഭകളിൽ ബ്രഹ്മചാരികളായ സന്യാസിമാരുടെ സാന്നിധ്യവും ശക്തമായിരുന്നു. എന്നാൽ, റോമൻ (ലാറ്റിൻ) സഭയിൽ കഴിഞ്ഞ ആയിരം വർഷത്തിൽ അധികമായി കാത്തുസൂക്ഷിക്കുന്ന പാരമ്പര്യമാണ് ‘ബ്രഹമചര്യ പൗരോഹിത്യം’. ‘പുരോഹിതൻ ബ്രഹ്മചാരിയാകുമ്പോഴേ അയാൾക്ക് സഭയെ വിവാഹം ചെയ്യാനാകൂ,’ എന്ന വിശുദ്ധ പൗലോസിന്റെ പ~നം ഇക്കാര്യത്തിൽ ഗൗരവപൂർവം ഉദ്ധരിക്കപ്പെടാറുണ്ട്.

പോൾ ആറാമൻ പാപ്പ 1967ൽ പുറപ്പെടുവിച്ച ‘ബ്രഹ്മചര്യ പൗരോഹിത്യം’ എന്ന ചാക്രീകലേഖനത്തിൽ നിത്യബ്രഹ്മചാരിയായ ക്രിസ്തുവിന് സ്വയം അർപ്പിക്കേണ്ടവനാണ് പുരോഹിതതെന്നും അതിനാൽ സർവാംഗ സമർപ്പണത്തിന് ബ്രഹ്മചര്യം അനിവാര്യമാണെന്നും അടിവരയിട്ടു പറഞ്ഞു. പിന്നീട് സഭയെ നയിച്ച വിശുദ്ധ ജോൺ പോൾ രണ്ടാമനും ബനഡിക്ട് 16-ാമൻ പാപ്പയും ഈ വിഷയം പുനർ ചർച്ചയ്ക്ക് എടുക്കുന്നതിൽ വിലക്ക് ഏർപ്പെടുത്തുകയും ചെയ്തു. എന്നാൽ, ഫ്രാൻസിസ് പാപ്പയാവട്ടെ, തുറന്ന ചർച്ചയും കാലഘട്ടത്തിനനുസൃതമായ മാറ്റങ്ങളും ആവശ്യമാണെന്ന ചിന്താഗതിയാണ് മുന്നോട്ടുവെക്കുന്നത്. അതേസമയം, വൈദികബ്രഹ്മചര്യം സൂക്ഷിക്കണമെന്നും ഫ്രാൻസിസ് പാപ്പ നിർദേശിച്ചിരുന്നു.

തീർത്തും സങ്കീർണമാണ് പാൻ ആമസോൺ മേഖലയിലെ പ്രശ്‌നങ്ങൾ. 2.8 ദശലക്ഷം ജനങ്ങളുള്ള ഈ ഒൻപത് രാജ്യങ്ങളിൽ (ബോളിവിയ, പെറു, ഇക്വഡോർ, കൊളംബിയ, പെൻസുലിയ, ബ്രസീൽ, ഗുയാന, സുറിനാം, ഫ്രഞ്ച് ഗുയാന) ഏകദേശം 400 ഗോത്രവംശങ്ങളുണ്ട്. 49 ഭാഷാ കുടുംബത്തിൽപെട്ട 240 ഭാഷകൾ നിലനിൽക്കുന്ന ഭൂപ്രദേശമാണവിടം. കുത്തകരാജ്യങ്ങളുടെയും നേതാക്കന്മാരുടെയും അടിമത്വത്തിന്റെ നുകം ഏറെ സഹിക്കുന്ന ഹതഭാഗ്യരാണ് അവിടത്തെ ജനത. ആമസോൺ പ്രദേശങ്ങളിൽ നടക്കുന്ന മനുഷ്യാവകാശ ലംഘനങ്ങളോടൊപ്പം പരിസ്ഥിതിയുടെ അവകാശലംഘനങ്ങളും പരിഗണിക്കപ്പെടണം.

ഈ സാഹചര്യങ്ങളാൽ, പൊതുവായ ഒരു സഭാഘടനയിൽ ഇവിടെ ശുശ്രൂഷ ചെയ്യാനാകില്ല എന്ന് ആമസോണിനെ അറിയുന്ന എല്ലാവർക്കും അറിയാം. യാഥാസ്ഥിതിക നിലപാടുകാരനായ ബനഡിക്ട് 16-ാമൻ പാപ്പയുടെ കാലത്ത് അദ്ദേഹം അക്കാര്യം വ്യക്തമായി പറഞ്ഞിട്ടുമുണ്ട്. (പീറ്റർ സീവാൾഡുമായുള്ള അഭിമുഖത്തെ ആസ്പദമാക്കി തയാറാക്കിയ ‘ഭൂമിയുടെ ഉപ്പ്’ എന്ന പുസ്തകത്തിൽ). വർഷത്തിൽ ഒന്നോ രണ്ടോ പ്രാവശ്യം മാത്രമാണ് ഈ മേഖലകളിൽ ദിവ്യബലി അർപ്പിക്കപ്പെടുന്നത്. പെന്തക്കോസ്തുസഭകൾ ജനങ്ങളെ ചിന്നഭിന്നമാക്കുകയും ചെയ്യുന്നു.

ഈ സങ്കീർണതകളിൽ ആത്മാവിന്റെ വെളിച്ചം സ്വീകരിച്ച് സുവിശേഷവത്കരണം ദ്രുതഗതിയിലാക്കുക എന്നതായിരുന്നു സിനഡിന്റെ ലക്ഷ്യം. ഇതിനെക്കാൾ സങ്കീർണമായ ആഫ്രിക്കൻ സാഹചര്യത്തിലും ക്രിസ്തുവിനെ നൽകാൻ സഭ ധീരമായി ഇറങ്ങിതിരിച്ചുണ്ട്. എന്നാൽ, ചിലർ നേരത്തെ തയാറാക്കിയ സ്വന്തം പ്രത്യയശാസ്ത്രങ്ങളെ പ്രമോട്ട് ചെയ്യാനുള്ള വേദിയായി സിനഡ് മാറിയോ എന്ന സംശയം ബലപ്പെടുകയാണ്. പ്രസ്തുത ആശങ്കയെക്കുറിച്ച് ഫ്രാൻസിസ് പാപ്പ ആക്ഷേപം പ്രകടിപ്പിച്ചതും ഇതോട് ചേർത്തുവായിക്കണം.

ക്രിസ്തുവിനെ നൽകാൻ നൂതനമാർഗങ്ങൾ തേടാൻ തീർച്ചയായും സഭയ്ക്കും കഴിയും, അത് അനിവാര്യവുമാണ്. എന്നാൽ, വിശുദ്ധ പാരമ്പര്യങ്ങളെ പരിരക്ഷിച്ചും കാലാനുസൃതമായ സുവിശേഷ പ്രഘോഷണ രീതികൾ കൂട്ടിച്ചേർത്തുമായിരിക്കണം ആമസോണിലെ ജനത്തിന് ക്രിസ്തുധർമം പറഞ്ഞുകൊടുക്കേണ്ടത്. ‘സുവിശേഷം ഒരു വിത്താണ്. നടുന്ന മണ്ണ് അതിന്റെ വളർച്ചയെ ശക്തമായി സ്വാധീനിക്കും. സുവിശേഷം സാംസ്‌കാരികമായി അനുരൂപപ്പെടണം,’ ഫ്രാൻസിസ് പാപ്പ പറഞ്ഞ ഈ വാക്കുകളും ഏറെ പ്രസക്തമാണ്.

സിനഡ് നിർദേശിച്ച രേഖയിന്മേലുള്ള അന്തിമതീരുമാനം പാപ്പയുടേതാണ്, സിനഡിന്റേതല്ല. അതിനാൽ സിനഡിന്റെ അത്യന്തികഫലം അറിയാൻ ഇനിയും കുറച്ചുനാൾകൂടി കാത്തിരിക്കണം. ഭൂരിപക്ഷ വോട്ടിന്റെ അടിസ്ഥാനത്തിലല്ല സഭയിലെ വിശ്വാസവും ധാർമികതയും നിർദേശിക്കുന്നത് എന്നുകൂടി അറിയണം. പരിശുദ്ധാത്മാവിന്റെ നിമന്ത്രണങ്ങൾക്ക് വിശുദ്ധ പത്രോസിന്റെ പിൻഗാമി നൽകുന്ന മായം കലർത്താത്ത കീഴടങ്ങലാണ് അദ്ദേഹം സഭയിൽ പ്രാബല്യത്തിൽ വരുത്തുന്നത്. അത് എന്തെന്ന് അറിയാൻ കാത്തിരിക്കുകയാണ് ലോകവും വിശ്വാസികളും.

Share:

Leave a Comment

Your email address will not be published. Required fields are marked with *

Latest Posts

Related Posts

    Don’t want to skip an update or a post?