Follow Us On

22

November

2019

Friday

ദൈവത്തിന് പ്രവര്‍ത്തിക്കാന്‍ അവസരം ഉണ്ടാക്കിക്കൊടുക്കണം

ദൈവത്തിന് പ്രവര്‍ത്തിക്കാന്‍  അവസരം ഉണ്ടാക്കിക്കൊടുക്കണം

യേശു സക്കേവൂസിന്റെ ഭവനത്തില്‍ ചെല്ലുന്ന കാര്യവും തുടര്‍ന്ന് അവിടെ നടക്കുന്ന കാര്യങ്ങളുമാണ് ലൂക്കാ 19:1-10-ല്‍ രേഖപ്പെടുത്തിയിരിക്കുന്നത്. സക്കേവൂസിന്റെ ഭവനത്തില്‍ യേശു ചെന്നതുകൊണ്ട് അവിടെ ഉണ്ടായ മാറ്റങ്ങള്‍ ഇവയാണ്: ഒന്ന്, സക്കേവൂസ് മാനസാന്തരപ്പെട്ടു. യേശുവിന്റെ സാന്നിധ്യത്തില്‍ സക്കേവൂസിന് പാപബോധം, പശ്ചാത്താപം, മാനസാന്തരം എന്നിവ ഉണ്ടായി. സ്വത്തിന്റെ പകുതി ദരിദ്രര്‍ക്ക് ദാനം ചെയ്യാന്‍ അദ്ദേഹം തയാറായി. അന്നത്തെ നിയമം അനുസരിച്ച്, വഞ്ചിച്ച് എടുത്തിട്ടുണ്ടെങ്കില്‍ പരിഹാരം ചെയ്യാന്‍ ഇരട്ടി നല്‍കിയാല്‍ മതി. പക്ഷേ, സക്കേവൂസ് നാലിരട്ടി തിരിച്ചു നല്‍കാന്‍ തയാറാകുന്നു. രണ്ടാമത്തെ മാറ്റം ഉണ്ടായത് സക്കേവൂസിന്റെ ഭവനത്തിലാണ്. സക്കേവൂസില്‍ മാറ്റങ്ങള്‍ വന്നു കഴിഞ്ഞപ്പോള്‍ കുടുംബത്തിലേക്ക് രക്ഷ കടന്നുവരാനുള്ള തടസങ്ങള്‍ മാറി. അതുകൊണ്ട് യേശു പറഞ്ഞു: ഇന്ന് ഈ ഭവനത്തിന് രക്ഷ ലഭിച്ചിരിക്കുന്നു.
നമ്മള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ ഇനി പറയട്ടെ. സക്കേവൂസിന്റെ ഭവനത്തിലേക്ക് യേശു ചെന്നതുകൊണ്ടാണ് ഈ മാറ്റങ്ങളെല്ലാം സംഭവിച്ചത്. പക്ഷേ, എന്തുകൊണ്ടാണ് യേശു അങ്ങോട്ട് ചെന്നത്? ഒറ്റവാചകത്തില്‍ ഉത്തരം പറയാം: സക്കേവൂസ് ഒരു സാഹചര്യം ഉണ്ടാക്കിയതുകൊണ്ട്. എന്താണ് സക്കേവൂസ് ഉണ്ടാക്കിയ സാഹചര്യം? യേശു കടന്നുപോകുന്നു എന്നറിഞ്ഞ്, യേശുവിനെ കാണാന്‍, പൊക്കം കുറവായിരുന്ന സക്കേവൂസ്, ഒരു സിക്കമൂര്‍ മരത്തില്‍ കയറിയിരുന്നു. ചുങ്കക്കാരില്‍ പ്രധാനിയും ധനാഢ്യനും ആണ്, ജനക്കൂട്ടം തന്നെപ്പറ്റി എന്തു വിചാരിക്കുമെന്ന് ചിന്തിക്കാതെയാണ് ഇങ്ങനെ മരത്തില്‍ കയറിയിരുന്നത്. കടന്നുപോയ യേശു സക്കേവൂസിനെ കണ്ടു; വിളിച്ച് താഴെ ഇറക്കി; തന്റെ വീട്ടില്‍ താമസിക്കുവാന്‍ ആഗ്രഹിക്കുന്നുവെന്ന് അറിയിച്ചു. സക്കേവൂസ് സന്തോഷത്തോടെ യേശുവിനെ സ്വാഗതം ചെയ്തു. യേശു അവിടെ എത്തി. അപ്പോള്‍ ഓര്‍ക്കുക: സക്കേവൂസ് ഒരു സ്റ്റെപ്പ് എടുത്തപ്പോഴാണ് യേശു അതിന്റെ തുടര്‍ച്ചയായി ആ വീട്ടില്‍ പോകുന്നതും അവിടെ അത്ഭുതങ്ങള്‍ സംഭവിക്കുന്നതും. ദൈവത്തിന് തന്റെ വ്യക്തിജീവിതത്തിലും കുടുംബത്തിലും പ്രവര്‍ത്തിക്കുവാന്‍ ഇവിടെ സക്കേവൂസ് അവസരം ഉണ്ടാക്കിക്കൊടുത്തു. സമാനമായ ധാരാളം ഉദാഹരണങ്ങള്‍ ബൈബിളില്‍ ഉണ്ട്. ചിലത് ഓര്‍ക്കാം. ഒരിക്കല്‍ യേശു പത്രോസിന്റെ വീട്ടില്‍ ആയിരിക്കേ, ജനങ്ങള്‍ അനേകം പിശാചുബാധിതരെ യേശുവിന്റെ അടുത്ത് കൊണ്ടുവന്നു. അതുവഴി അവരുടെ ജീവിതത്തില്‍ യേശുവിന് ഇടപെടാന്‍ ആളുകള്‍ ഒരു അവസരം ഉണ്ടാക്കി (മത്തായി 8:16). യേശു അവരില്‍നിന്നെല്ലാം പിശാചുക്കളെ പുറത്താക്കി. യേശു ഒരു വീട്ടില്‍ ആയിരിക്കുമ്പോള്‍, ജനങ്ങള്‍ തളര്‍വാതരോഗിയെ കൊണ്ടുവന്നു. ജനക്കൂട്ടം കാരണം യേശുവിന്റെ അടുത്ത് രോഗിയെ എത്തിക്കുവാന്‍ അവര്‍ക്ക് കഴിഞ്ഞില്ല. അതിനാല്‍ അവര്‍ വീടിന്റെ മേല്‍ക്കൂര പൊളിച്ച് കട്ടിലോടുകൂടി രോഗിയെ താഴേക്ക്, യേശുവിന്റെ മുന്നിലേക്ക് ഇറക്കി. അതുവഴി യേശുവിന് ആ രോഗിയുടെമേല്‍ ഇടപെടുവാന്‍ അവര്‍ അവസരം ഉണ്ടാക്കിക്കൊടുത്തു. യേശു ഇടപെട്ടു. ആ മനുഷ്യനെ സുഖപ്പെടുത്തി (മത്തായി 9:1-7). മരിച്ചുപോയ തന്റെ മകളുടെമേല്‍ കൈവച്ചാല്‍ അവള്‍ വീണ്ടും ജീവിക്കുമെന്ന് യേശുവിന്റെ അടുത്തുവന്ന് ഒരു ഭരണാധികാരി അപേക്ഷിച്ചപ്പോള്‍ യേശുവിന് ഇടപെടാന്‍ ആ മനുഷ്യന്‍ ഒരവസരം ഉണ്ടാക്കിക്കൊടുക്കുകയായിരുന്നു. യേശു ഇടപെട്ടു. ആ മകളുടെ വീട്ടിലെത്തി യേശു അവളെ ഉയിര്‍പ്പിച്ചു (മത്തായി 9:18-26). യേശു കടന്നുപോകുമ്പോള്‍ ദാവീദിന്റെ പുത്രാ, ഞങ്ങളില്‍ കനിയണമേ എന്ന് വിളിച്ചപേക്ഷിച്ച രണ്ട് അന്ധന്മാര്‍, യേശു തങ്ങളുടെ ജീവിതത്തില്‍ ഇടപെടാന്‍ ഒരു അവസരം ഉണ്ടാക്കിക്കൊടുക്കുകയായിരുന്നു. യേശു ഇടപെട്ടു. അവര്‍ക്ക് കാഴ്ച കിട്ടി (മത്തായി 9:27-31). ജനങ്ങള്‍ പിശാചുബാധിതനായ ഊമനെ യേശുവിന്റെ അടുത്ത് കൊണ്ടുവന്നപ്പോള്‍, യേശുവിന് ആ മനുഷ്യന്റെ ജീവിതത്തില്‍ ഇടപെടുവാന്‍ ജനങ്ങള്‍ ഒരവസരം ഉണ്ടാക്കിക്കൊടുക്കുകയായിരുന്നു (മത്തായി 9:32-33). അന്ധനും ഊമനുമായ ഒരാളെ ജനങ്ങള്‍ യേശുവിന്റെ അടുക്കല്‍ കൊണ്ടുവന്നപ്പോള്‍, യേശുവിന് ഇടപെടാന്‍ അവര്‍ ഒരു അവസരം ഉണ്ടാക്കി. യേശു ആ മനുഷ്യനെ സുഖപ്പെടുത്തി (മത്തായി 12:22). ഒരിക്കല്‍ യേശു ഒരു മലയില്‍ ഇരിക്കുമ്പോള്‍ വലിയ ജനക്കൂട്ടങ്ങള്‍, മുടന്തര്‍, വികലാംഗര്‍, അന്ധര്‍, ഊമര്‍ തുടങ്ങി പലരെയും യേശുവിന്റെ അടുക്കല്‍ കൊണ്ടുവന്നു. യേശുവിന് ഇടപെടാന്‍ അങ്ങനെ അവര്‍ അവസരം ഒരുക്കി. യേശു ഇടപെട്ടു. എല്ലാവരെയും സുഖപ്പെടുത്തി (മത്തായി 15:29-31). അപസ്മാരം പിടിച്ച തന്റെ മകനെ സുഖപ്പെടുത്തണം എന്ന് പ്രാര്‍ത്ഥിച്ചുകൊണ്ട് ഒരപ്പന്‍ യേശുവിന്റെ അടുത്തുവന്നപ്പോള്‍, ആ അപ്പന്‍ യേശുവിന് പ്രവര്‍ത്തിക്കാന്‍ അവസരം ഉണ്ടാക്കുകയായിരുന്നു. യേശു ആ മകനെ സുഖപ്പെടുത്തി (മത്തായി 17:14-18). തന്റെ മകളില്‍നിന്ന് പിശാചിനെ പുറത്താക്കാന്‍ യേശുവിന്റെ അടുത്ത് നിര്‍ബന്ധം പിടിച്ച സീറോ-ഫിനേഷ്യന്‍ സ്ത്രീ യേശുവിന് ഇടപെടാന്‍ ഒരു സാഹചര്യം ഉണ്ടാക്കുകയായിരുന്നു. യേശു ഇടപെട്ട് ആ മകളെ സുഖപ്പെടുത്തി (മര്‍ക്കോസ് 7:24-30). ഇതുപോലെ വേറെയും ഉദാഹരണങ്ങള്‍ ബൈബിളില്‍ കാണാന്‍ കഴിയും.
ബൈബിളിലെ ഉദാഹരണങ്ങള്‍ വിട്ട്, നമ്മുടെ കാലഘട്ടത്തിലേക്ക് വരുക. ഇന്നും അനേക മനുഷ്യര്‍ ദൈവത്തിന് തങ്ങളുടെ ജീവിതത്തിലും പ്രശ്‌നങ്ങളിലും രോഗങ്ങളിലും ആവശ്യങ്ങളിലുമൊക്കെ ഇടപെടാന്‍ ബോധപൂര്‍വം അവസരങ്ങള്‍ ഉണ്ടാക്കിക്കൊടുക്കുന്നുണ്ട്. ദൈവം അവരുടെ ജീവിതത്തില്‍ ഇടപെടുന്നുമുണ്ട്. നമ്മുടെ ധ്യാന-കണ്‍വന്‍ഷന്‍ സ്ഥലങ്ങളില്‍നിന്നും പ്രാര്‍ത്ഥനാഗ്രൂപ്പുകളില്‍നിന്നുമൊക്കെ ധാരാളം ഉദാഹരണങ്ങള്‍ പറയാന്‍ പറ്റും. വിദൂരങ്ങളില്‍ ഇരുന്ന് ടെലവിഷനിലെ ശുശ്രൂഷകളില്‍ പങ്കെടുത്ത് പ്രാര്‍ത്ഥിച്ചുപോലും ദൈവം ഇടപെടാന്‍ അവസരം ഒരുക്കുന്നവര്‍ ഉണ്ട്. കത്തുവഴിയും ഫോണ്‍വഴിയും ഇ-മെയില്‍ വഴിയുമൊക്കെ ബന്ധപ്പെട്ട് ദൈവം ഇടപെടാന്‍ അവസരം ഉണ്ടാക്കുന്നവര്‍ ഉണ്ട്. ദൈവത്തിന് എല്ലാം അറിയാം. പക്ഷേ അതുകൊണ്ടുമാത്രം ദൈവം ഇടപെടണമെന്നില്ല. വിശ്വാസം, പ്രാര്‍ത്ഥന, ത്യാഗം എന്നിവവഴി മനുഷ്യര്‍ ദൈവം ഇടപെടാന്‍ പ്രത്യേക അവസരങ്ങള്‍ ഉണ്ടാക്കണം. അതിനാല്‍ നമുക്കും ദൈവം ഇടപെടാന്‍ അവസരങ്ങള്‍ ഉണ്ടാക്കാന്‍ ശ്രമിക്കാം.

ഫാ. ജോസഫ് വയലില്‍ CMI

Leave a Comment

Your email address will not be published. Required fields are marked with *

Latest Postss

Don’t want to skip an update or a post?