Follow Us On

29

March

2024

Friday

ആര്‍സിഇപി കരാര്‍ ഉയര്‍ത്തുന്ന വെല്ലുവിളികള്‍

ആര്‍സിഇപി കരാര്‍  ഉയര്‍ത്തുന്ന വെല്ലുവിളികള്‍

റീജിയണല്‍ കോംപ്രിഹെന്‍സീവ് എക്കണോമിക് പാര്‍ട്ട്ണര്‍ഷിപ്പ് (ആര്‍സിഇപി) അഥവാ മേഖല സമഗ്ര സാമ്പത്തിക പങ്കാളിത്ത ഉടമ്പടി ഒപ്പിടാനുള്ള ചര്‍ച്ചകള്‍ അവസാനഘട്ടത്തിലാണ്. പത്ത് ആസിയാന്‍ രാജ്യങ്ങളും ഇന്ത്യ, ചൈന, ജപ്പാന്‍, സൗത്ത് കൊറിയ, ന്യൂസിലാന്റ്, ഓസ്‌ട്രേലിയ എന്നിങ്ങനെ ആകെ പതിനാറ് രാജ്യങ്ങള്‍ ഒരു കുടക്കീഴില്‍ അണിനിരക്കുമ്പോള്‍ ലോകത്തിലെ ഏറ്റവും വലിയ വ്യാപാരക്കൂട്ടായ്മയാണ് രൂപം കൊള്ളുന്നത്.
രാജ്യത്തിന്റെ അതിര്‍ത്തികള്‍ക്കതീതമായി നിയന്ത്രണങ്ങളും നികുതികളുമില്ലാതെ ഒരൊറ്റ വ്യാപാരവിപണിക്ക് നിയമപരിരക്ഷ നല്‍കുമ്പോള്‍ ഇതെങ്ങനെ ഇന്ത്യന്‍ കാര്‍ഷിക സമ്പദ്ഘടനയെ ബാധിക്കുമെന്ന് വൈകിയ വേളയിലെങ്കിലും പരിചിന്തനം അടിയന്തരമാണ്.
കാലങ്ങളായി രാജ്യം ഏര്‍പ്പെട്ടുകൊണ്ടിരിക്കുന്ന വിവിധ വ്യാപാരക്കരാറുകളെക്കാള്‍ രഹസ്യസ്വഭാവം ആര്‍സിഇപി കരാറിന് നിലനില്‍ക്കുന്നുവെന്നതാണ് ഏറെ ദുരൂഹതയുണര്‍ത്തുന്നത്. മറ്റ് അംഗ രാജ്യങ്ങളില്‍നിന്ന് വീണുകിട്ടുന്ന വിവരങ്ങള്‍ക്കപ്പുറം കേന്ദ്രസര്‍ക്കാര്‍ ഇതുവരെയും കരാര്‍ വിശദാംശങ്ങള്‍ ഔദ്യോഗികമായി പുറത്തുവിട്ടിട്ടില്ല. ഒന്നുറപ്പാണ്, 130 കോടിയോളം വരുന്ന ഇന്ത്യയിലെ ജനസമൂഹത്തിലെ ബഹൂഭൂരിപക്ഷത്തിന്റെയും ജീവിതത്തെ കരാര്‍ സാരമായി ബാധിക്കും. ഇന്ത്യ ഇതിനോടകം ഏര്‍പ്പെട്ട സ്വതന്ത്ര വ്യാപാരക്കരാറുകളെല്ലാം രാജ്യത്തിന് ഗുണമല്ല, കനത്ത ആഘാതമാണ് സൃഷ്ടിച്ചതെന്ന് അനുഭവിച്ചറിഞ്ഞിട്ടും ഭരണനേതൃത്വങ്ങള്‍ വീണ്ടും പുത്തന്‍കരാറിനായി ഇറങ്ങിത്തിരിച്ചിരിക്കുന്നത് ആരെ സംരക്ഷിക്കുവാനാണ്?
വ്യാപാരക്കരാറുകളുടെ ബാക്കിപത്രം
1994 ഏപ്രില്‍ 15-ന് മൊറോക്കോയിലെ മാരാകേഷില്‍വച്ച് ലോകവ്യാപാരസംഘടനയില്‍ 123 രാജ്യങ്ങളോടൊപ്പം ഇന്ത്യ അംഗമായതും തുടര്‍ന്ന് 2009 ഓഗസ്റ്റ് 13-ന് ഒപ്പിട്ട ആസിയാന്‍ സ്വതന്ത്ര വ്യാപാരക്കരാറും മാത്രമല്ല സാര്‍ക്ക്, ബ്രിക്‌സ്, ബിംസ്റ്റിക്, ഇന്ത്യ-ശ്രീലങ്ക സ്വതന്ത്രവ്യാപാരം, ഇന്ത്യ-ജപ്പാന്‍, ഇന്ത്യ-സൗത്ത് കൊറിയ, ഇന്ത്യ-സിംഗപ്പൂര്‍ വ്യാപാരക്കരാറുകള്‍ തുടങ്ങി ഇതിനോടകം രണ്ടു ഡസനോളം സ്വതന്ത്ര വ്യാപാരക്കരാറുകളിലാണ് ഇന്ത്യ പങ്കുചേര്‍ ന്നിരിക്കുന്നതും ചര്‍ച്ചകള്‍ തുടരുന്നതും. ഇന്ത്യ ഏര്‍പ്പെട്ട വ്യാപാരക്കരാറുകളെ ഒന്നാകെ വിലയിരുത്തുമ്പോള്‍ ഇതരരാജ്യങ്ങളില്‍നിന്ന് ഇന്ത്യയിലേക്കുള്ള ഇറക്കുമതി വര്‍ധിച്ചതല്ലാതെ കയറ്റുമതിയില്‍ നേട്ടമുണ്ടാക്കാനായിട്ടില്ല. ആര്‍സിഇപിയില്‍ അംഗങ്ങളായ മറ്റ് 15 രാജ്യങ്ങളില്‍ 12 രാജ്യങ്ങളുമായി വ്യാപാരക്കമ്മിയാണ് നിലനില്‍ക്കുന്നതെന്നു മാത്രമല്ല, ചൈനയുമായി ഈ കമ്മി 2018-19 ല്‍ മാത്രം 5300 ഡോളറാണുതാനും. ഈയൊരു പശ്ചാത്തലത്തില്‍ വേണം പുത്തന്‍ വ്യാപാരക്കരാര്‍ ഇന്ത്യയുടെ കാര്‍ഷിക സമ്പദ്ഘടനയെ ബാധിക്കുമെന്നതിനെക്കുറിച്ച് പഠിക്കുവാനും വിലയിരുത്തുവാനും.
നികുതിരഹിതമാകുമ്പോള്‍ രൂപപ്പെടുന്നത് ഒറ്റവിപണിയാണ്. നിയന്ത്രണമില്ലാത്ത ഇറക്കുമതിയാണ് സ്വതന്ത്രവ്യാപാരത്തിന്റെ പ്രത്യേകത. ആഭ്യന്തരവിപണിയില്‍ തകര്‍ച്ച നേരിട്ടാല്‍ സംരക്ഷിതച്ചുങ്കം, ആന്റി ഡംപിങ് ഡ്യൂട്ടി എന്നിവ ഏര്‍പ്പെടുത്തി നിയന്ത്രണങ്ങള്‍ വരുത്താമെന്ന കരാറില്‍ വ്യവസ്ഥയുണ്ട്. പക്ഷേ ഒരിക്കലും പാലിക്കപ്പെട്ടിട്ടില്ല. എന്തിനേറെ, കരാറില്‍നിന്ന് പിന്തിരിയാമെന്നും വ്യവസ്ഥകളുടെ ഭാഗമായിട്ടുണ്ട്. ഇതൊക്കെ നടപ്പിലാക്കിയിട്ടില്ലെന്നുള്ളതാണ് അനുഭവങ്ങള്‍ തെളിയിക്കുന്നത്. ആസിയാന്‍, സാര്‍ക്ക് രാജ്യങ്ങളില്‍നിന്നും അടിസ്ഥാന ഇറക്കുമതിവിലപോലും നിര്‍ണയിച്ചിരിക്കുന്നത് അട്ടിമറിച്ചുകൊണ്ട് ഇറക്കുമതി തുടരുമ്പോഴാണ് ആര്‍സിഇപി അംഗരാജ്യങ്ങളില്‍ നിന്നുള്ള നികുതിരഹിത ഇറക്കുമതികൂടി ആരംഭിക്കുന്നത്. അതിനാല്‍ ഇന്ത്യയുടെ കാര്‍ഷിക മേഖലയുടെ മരണമണി മുഴങ്ങുമെന്നുറപ്പാണ്.
ക്ഷീരകര്‍ഷകരുടെ കണ്ണീര്‍പ്പുഴ
ഇന്ത്യയിലെ 15 കോടിയോളം ജനങ്ങള്‍ ക്ഷീരമേഖലയെ മാത്രം ആശ്രയിച്ചുകഴിയുന്ന ഗ്രാമീണ കര്‍ഷകരാണ്. ആര്‍സിഇപി അംഗരാജ്യങ്ങളായ ന്യൂസിലാന്‍ഡും ഓസ്‌ട്രേലിയയും സ്വതന്ത്രവ്യാപാരക്കരാറിലൂടെ ഇന്ത്യയുടെ ക്ഷീരമേഖലയൊന്നാകെ ആര്‍സിഇപി കരാറിന്റെ മറവില്‍ കീഴടക്കും.
1994-ല്‍ ലോകവ്യാപാരസംഘടനയില്‍ ഒപ്പിടുമ്പോള്‍ ഇന്ത്യയിലേക്ക് പാല്‍പ്പൊടിയുടെ ഒഴുക്കുണ്ടായി. എന്നാല്‍ ആഭ്യന്തരവിപണിയെ രക്ഷപെടുത്തിയത് നേരിട്ട് പാല്‍പ്പൊടി വിപണിയിലേക്ക് വരാതെ കേന്ദ്രസര്‍ക്കാര്‍ സംവിധാനങ്ങളിലൂടെ നിശ്ചിത വില നിര്‍ണയിച്ച് ഇടപെടല്‍ നടത്തിയതുകൊണ്ടാണ്. 2012ല്‍ കേന്ദ്രസര്‍ക്കാര്‍ പാല്‍പ്പൊടിയുടെ ഇറക്കുമതിത്തീരുവ 65 ശതമാനമാക്കി ഉയര്‍ത്തി നിശ്ചയിച്ചതും ഫലപ്രദമായി. പക്ഷേ ഒപ്പിടാനൊരുങ്ങുന്ന സ്വതന്ത്രവ്യാപാരത്തില്‍ ഇതെത്രമാത്രം ഗുണംചെയ്യുമെന്ന് കണ്ടറിയണം. ക്ഷീരമേഖലയെക്കുറിച്ചുള്ള ഇന്ത്യയുടെ പ്രതിബദ്ധത അംഗരാജ്യങ്ങള്‍ അംഗീകരിക്കുമോ എന്നതും കാത്തിരുന്നു കാണണം. ന്യൂസിലാന്‍ഡിലെ 10,000 ക്ഷീരകര്‍ഷകര്‍ക്കുവേണ്ടി ഇന്ത്യയിലെ 15 കോടി ക്ഷീരകര്‍ഷകരെ ബലികൊടുക്കണമോയെന്ന ചോദ്യം പ്രസക്തമാണ്.
പാല്‍ ഉത്പാദനത്തില്‍ ഇന്ത്യ ലോകത്ത് ഒന്നാം സ്ഥാനത്താണ്. 2000-മാണ്ടില്‍ നാമമാത്രമായിട്ടാ ണെങ്കില്‍പോലും പാല്‍ കയറ്റുമതി ചെയ്യുന്ന രാജ്യമായി ഇന്ത്യ വളര്‍ന്നു. വികസിത രാജ്യങ്ങള്‍ വന്‍കിട ഡയറി ഫാമുകള്‍ കേന്ദ്രീകരിച്ച് അത്യുത്പാദനശേഷിയുള്ള ഉരുക്കളെ വളര്‍ത്തി അത്യാധുനിക യന്ത്രസംവിധാനങ്ങളോടെയും സര്‍ക്കാര്‍ സബ്‌സിഡികളുടെ പിന്‍ബലത്തിലും മേല്‍ത്തരം കാലിത്തീറ്റ നല്‍കിയും പാല്‍ ഉത്പാദിപ്പിക്കുമ്പോള്‍ ഇന്ത്യയിലെ ഗ്രാമീണകര്‍ഷകര്‍ പുരയിടങ്ങളിലും കൃഷിയിടങ്ങളിലും പുല്ലും വൈക്കോലും നല്‍കി പശുവിനെ വളര്‍ത്തി പാല്‍ ശേഖരിക്കുന്നു.
ആര്‍സിഇപി കരാറിലൂടെ ക്ഷീരോത്പന്നങ്ങള്‍ക്ക് നികുതിരഹിത ഇറക്കുമതി അനുവദിച്ചാല്‍ ന്യൂസിലാന്‍ഡില്‍നിന്നും പാലിനുപകരം പാല്‍പ്പൊടി ഒഴുകും. വിലകുറച്ച് വിപണിയിലേക്ക് പാല്‍പ്പൊടിയെത്തുമ്പോള്‍ കേരളത്തിലെ സൊസൈറ്റികളില്‍ പാല്‍ നല്‍കുന്ന ഗ്രാമീണ കര്‍ഷകരുടെ അവസ്ഥ അതിദയനീയമാകും.
തേയിലയും കാപ്പിയും തകര്‍ച്ചയിലേക്ക്
ആസിയാന്‍ കരാര്‍പ്രകാരം 2019 ജനുവരി ഒന്നിന് പാമോയിലിന്റെ ഇറക്കുമതിത്തീരുവ കുറച്ചു. അസംസ്‌കൃത പാമോയിലിന് ഇറക്കുമതിത്തീരുവ 44 ശതമാനത്തില്‍ നിന്ന് 40 ആക്കി. സംസ്‌കരിച്ച പാമോയിലിന്റെ ഇറക്കുമതിത്തീരുവ 54 ശതമാനത്തില്‍ നിന്ന് 45 ആക്കി. സര്‍ക്കാരിന്റെ ഈ നടപടിയിലൂടെ നേട്ടമുണ്ടാക്കിയത് ഇന്ത്യയിലെ വന്‍കിട കോര്‍പ്പറേറ്റുകളാണ്. അതേസമയം ആഭ്യന്തരവിപണിയില്‍ പാമോയില്‍ ഒഴുകിയെത്തിയപ്പോള്‍ വെളിച്ചെണ്ണവില ഇടിഞ്ഞു. ഇന്ത്യയിലെ സസ്യഎണ്ണയും പ്രതിസന്ധിയിലായി. നാളികേര കര്‍ഷകരുള്‍പ്പെടെ ഒട്ടേറെ കര്‍ഷകരുടെ ജീവിതം ഇരുളിലുമായി. ആര്‍സിഇപി കരാര്‍ ചര്‍ച്ചയിലുടനീളം ആസിയാന്‍ രാജ്യങ്ങള്‍ പാമോയിലിന്റെ ഇറക്കുമതിത്തീരുവ 10 ശതമാനമാക്കണമെന്ന് വാദിക്കുമ്പോള്‍ ഈ മേഖലയിലും ഇന്ത്യയുടെ വരുംനാളുകള്‍ ഇരുളടയും.
1999-ല്‍ ഒരു കിലോ തേയില കൊളുന്തിന് കര്‍ഷകനു കിട്ടിയ വില 16 രൂപയാണെങ്കില്‍ ഇന്ത്യ-ശ്രീലങ്ക വ്യാപാര കരാറിനുശേഷം വില കുത്തനെയിടിഞ്ഞ് 2004-ല്‍ നാല് രൂപയായി. എന്നാല്‍ ചായപ്പൊടി വില്‍ക്കുന്ന വന്‍കിട കുത്തകകള്‍ ഉത്പന്നവില കുറച്ചില്ല. സംസ്‌കരിക്കാത്ത കാപ്പിക്കുരുവിന്റെ 1999 ഡിസംബറിലെ വില 63 രൂപയായിരുന്നത് 2004 ഡിസംബറില്‍ 18 രൂപയായി. ഇതിന്റെ തനിയാവര്‍ത്തനം മാത്രമല്ല അതിഭീകരതയാണ് വരാന്‍പോകുന്ന ആര്‍സിഇപി കരാറിലൂടെ കര്‍ഷകസമൂഹം നേരിടാനിരിക്കുന്നത്. കാര്‍ഷിക ഉത്പന്നങ്ങളുടെ വിലയിടിച്ച് വന്‍ കോര്‍പ്പറേറ്റുകള്‍ക്ക് ലാഭമുണ്ടാക്കി കൊടുക്കുവാനുള്ള കളമൊരുക്കുകയാണ് വാണിജ്യമന്ത്രാലയത്തിന്റെ പ്രധാനലക്ഷ്യവും.
റബറിന് വീണ്ടും കഷ്ടദിനങ്ങള്‍
ഇന്ത്യ ലോക വ്യാപാരസംഘടനയില്‍ അംഗത്വമെടുത്ത് കരാറുകളില്‍ ഒപ്പുവച്ചപ്പോള്‍ മുതല്‍ ആരംഭിച്ചതാണ് റബറിന്റെ കഷ്ടദിനങ്ങള്‍. ഇറക്കുമതിച്ചുങ്കം 25 ശതമാനം ബൗണ്ട് റേറ്റായി നിര്‍ദേശിച്ചത് കേന്ദ്രസര്‍ക്കാരാണ്. അനന്തരഫലമോ റബര്‍ ഉത്പാദന രാജ്യങ്ങളില്‍ നിന്ന് അസംസ്‌കൃത റബറിന്റെ ഇറക്കുമതി കൂടി. 2009 ഓഗസ്റ്റ് 13-ന് ഇന്ത്യ ഒപ്പിട്ട ആസിയാന്‍ സ്വതന്ത്ര വ്യാപാരക്കരോറോടുകൂടി റബറിന്റെ ഇറക്കുമതി ശക്തിപ്പെട്ടു. 2016 ജൂണ്‍ 28-ന് ആസിയാന്‍ രാജ്യങ്ങളില്‍നിന്നുള്ള റബര്‍ ഉത്പന്നങ്ങളുടെ ഇറക്കുമതിത്തീരുവ എടുത്തുകളഞ്ഞിരിക്കുമ്പോള്‍ ഇന്ത്യയിലെ റബര്‍ കര്‍ഷകര്‍ മാത്രമല്ല ചെറുകിട റബര്‍ വ്യവസായ മേഖലയും തകര്‍ച്ച നേരിടുകയാണ്. അനിയന്ത്രിതവും നികുതിരഹിതവുമായ റബര്‍ ഇറക്കുമതി സൃഷ്ടിച്ചിരിക്കുന്ന അതിരൂക്ഷമായ പ്രതിസന്ധിയില്‍ കര്‍ഷകര്‍ കൃഷി ഉപേക്ഷിച്ചുകൊണ്ടിരിക്കുന്ന സാഹചര്യത്തിലാണ് ഇരുട്ടടി പോലെ റബര്‍മേഖലയ്‌ക്കൊന്നാകെ വന്‍ പ്രഹരമേല്‍പ്പിക്കുന്ന ആര്‍സിഇപി കരാറിലേക്ക് രാജ്യം നീങ്ങുന്നത്. ലോകത്തിലെ ഏറ്റവും വലിയ റബറുത്പന്ന കയറ്റുമതിക്കാരായ ചൈനകൂടി ഉള്‍ക്കൊള്ളുന്ന സ്വതന്ത്രവ്യാപാരം ഇന്ത്യയിലെ പ്രത്യേകിച്ച് കേരളത്തിലെ റബര്‍കൃഷിയെ ചരിത്രത്തിന്റെ ഭാഗമാക്കുമെന്നുറപ്പാണ്.
കുരുമുളക് ഒഴുകിയെത്തും
ആസിയാന്‍ അംഗരാജ്യമായ വിയറ്റ്‌നാമിന്റെ പ്രധാന കാര്‍ഷിക ഉത്പന്നമാണ് കുരുമുളക്. ആസിയാന്‍ കരാറില്‍ കുരുമുളക് നെഗറ്റീവ് ലിസ്റ്റിലാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്. എങ്കിലും വിയറ്റ്‌നാം കുരുമുളകിന്റെ ഇന്ത്യന്‍ വിപണിയിലേക്കുള്ള ഇറക്കുമതി ഈ നാളുകളില്‍ കുത്തനെ ഉയര്‍ന്നു. വിയറ്റ്‌നാമില്‍ നിന്ന് നേരിട്ടുള്ള ഇറക്കുമതിക്ക് നികുതി കൊടുക്കേണ്ടിവരുമ്പോള്‍ ഇന്ത്യയുമായി സ്വതന്ത്രവ്യാപാരമുള്ള ശ്രീലങ്കവഴി ആഭ്യന്തരവിപണിയില്‍ കുരുമുളക് എത്തുന്നതിനെ പ്രതിരോധിക്കുവാന്‍ നമുക്കായിട്ടില്ല. 2017-ല്‍ കുരുമുളകിന്റെ അടിസ്ഥാന ഇറക്കുമതിവില 500 രൂപയായി കേന്ദ്രസര്‍ക്കാര്‍ ഉത്തരവ് ഇറക്കിയെങ്കിലും ആഭ്യന്തരവിപണിയെ ഈ ഉത്തരവ് സ്വാധീനിക്കുകയോ വിലഉയരുകയോ ചെയ്തിട്ടില്ലെന്നു മാത്രമല്ല ഇക്കാലയളവില്‍ 300 രൂപയിലേക്ക് കുരുമുളക് വില ഇടിയുകയാണുണ്ടായത്. കരാറിന്റെ ഫലമായി നികുതികളൊന്നുമില്ലാതെ കുരുമുളകിന്റെ ഇറക്കുമതി ആരംഭിക്കുമ്പോള്‍ കുരുമുളക് കര്‍ഷകര്‍ ഇപ്പോള്‍ നേരിടുന്ന പ്രതിസന്ധി അതിരൂക്ഷമാകും.
കൃഷിഭൂമി കുത്തകകളിലേക്ക്
വ്യാപാര കരാറിനോടൊപ്പം രൂപം നല്‍കിയിരിക്കുന്ന ആര്‍സിഇപി നിക്ഷേപകരാറും കൂടി ഒപ്പിടുമ്പോള്‍ ഇന്ത്യയുടെ ഏതുകോണിലും ബഹുരാഷ്ട്ര കമ്പനികള്‍ക്ക് ഭൂമി സ്വന്തമാക്കുവാനും പാട്ടത്തിനെടുത്ത് കൃഷി ചെയ്യുവാനും അനുമതി ലഭിക്കും. ഇതിനോടകം ബഹുരാഷ്ട്ര കുത്തകകള്‍ വിവിധ അംഗരാജ്യങ്ങളിലായി ഏകദേശം 96 കോടി ഹെക്ടര്‍ കൃഷിഭൂമി സ്വന്തമാക്കിയതായിട്ടാണ് അറിയുന്നത്.
ആഗോള വിത്തുവ്യവസായത്തിന്റെ 60 ശതമാനവും മൊന്‍സാന്റെറ, ബേയര്‍, സിന്‍ജെന്റ എന്നീ മൂന്നു മുന്‍നിര കമ്പനികളുടെ നിയന്ത്രണത്തിലാണ്. ഇതില്‍ സെന്‍ജെന്റ ചൈനീസ് സ്ഥാപനമായ കെം ചൈനയുടെ നിയന്ത്രണത്തിലേക്ക് വന്നുകഴിഞ്ഞു. സാധാരണയായി ഇന്ത്യയിലെ കര്‍ഷകര്‍ വിളവെടുപ്പിനുശേഷം അടുത്ത വിളവിറക്കലിനായി വിത്തുകള്‍ സൂക്ഷിച്ചുവയ്ക്കുകയാണ് പതിവ്. ഇതിനുവിപരീതമായി ഓരോ സീസണിലും ആഗോള കമ്പനികളില്‍നിന്ന് വിത്തുകള്‍ വാങ്ങിക്കേണ്ട സാഹചര്യമാണ് ആര്‍സിഇപി കരാര്‍ ഒരുക്കുന്ന കെണി. സ്വതന്ത്രവ്യാപാരകരാറിലെ ബൗദ്ധിക സ്വത്തവകാശത്തില്‍ കര്‍ഷകര്‍ക്ക് സംരക്ഷണവിഭാഗത്തില്‍പ്പെട്ടവയുടെ വിത്തുകള്‍ കൈവശപ്പെടുത്തുവാനുള്ള അവകാശമില്ല. അഥവാ വിത്തുകള്‍ കൈവശപ്പെടുത്തിയാല്‍ കര്‍ഷകര്‍ റോയല്‍റ്റി കൊടുക്കേണ്ടിവരും. ഇതിന്റെ പേരിലാണ് മഹാരാഷ്ട്രയിലെ പട്ടിണിക്കാരും പാവപ്പെട്ടവരുമായ ഉരുളക്കിഴങ്ങ് കര്‍ഷകരെ ഒരു ബഹുരാഷ്ട്ര കമ്പനി ലക്ഷക്കണക്കിന് രൂപ നഷ്ടപരിഹാരം ചോദിച്ച് കോടതി കയറ്റിയത്.
ആര്‍സിഇപി കരാറിനെതിരെ 2012 മുതല്‍ രാജ്യത്തുടനീളം എതിര്‍പ്പുകള്‍ രൂപപ്പെട്ടുവന്നിരുന്നു. എതിര്‍പ്പുകളെ അവഗണിക്കുന്ന നയമാണ് മാറിമാറി ഭരിച്ച സര്‍ക്കാരുകള്‍ സ്വീകരിച്ചത്. 2003-ല്‍ ആസിയാന്‍ വ്യാപാരക്കരാറിന്റെ ചട്ടക്കൂട് ഒപ്പിട്ടത് പ്രധാനമന്ത്രിയായിരുന്ന എ.ബി. വാജ്‌പേയ് ആയിരുന്നു. ആര്‍എസ്എസ് നിയന്ത്രണത്തിലുള്ള ദേശീയ ജാഗരണ്‍ മഞ്ച് ശക്തമായി എതിര്‍ത്തിട്ടും കേന്ദ്രസര്‍ക്കാര്‍ വിട്ടുവീഴ്ചയ്ക്ക് തയാറായില്ല. രാജ്യത്തുടനീളം കര്‍ഷകപ്രക്ഷോഭങ്ങള്‍ ആഞ്ഞടിച്ചിട്ടും കുലുക്കമില്ലാതെ ഇന്ത്യയില്‍ തേനുംപാലുമൊഴുകുമെന്ന് പ്രഖ്യാപിച്ച് മന്‍മോഹന്‍ സിംഗ് 2009 ല്‍ ആസിയാന്‍ രാജ്യങ്ങളുമായി സ്വതന്ത്ര വ്യാപാരക്കരാര്‍ ഒപ്പിട്ടു. ഇവയുടെയെല്ലാം അനന്തരഫലം കയറ്റുമതിയെക്കാള്‍ പതിന്മടങ്ങായി ഇന്ത്യയിലേ്ക്കുള്ള ഇറക്കുമതി മാറുകയും വ്യാപാരക്കമ്മി കുതിച്ചുയരുകയും ചെയ്തു. ഇന്ത്യ ഇതിനോടകം ഏര്‍പ്പെട്ട വ്യാപാരക്കരാറുകളൊന്നും സാമ്പത്തികമായോ പുത്തന്‍ തൊഴിലവസരങ്ങള്‍ സൃഷ്ടിച്ചോ ഇന്ത്യയുടെ വളര്‍ച്ചയ്ക്ക് നേട്ടമുണ്ടാക്കിയില്ല. അതിരൂക്ഷമായ പ്രതിസന്ധിയില്‍ കാര്‍ഷികരംഗമൊന്നാകെ തകര്‍ന്നടിഞ്ഞുകൊണ്ടിരിക്കുമ്പോള്‍ ആര്‍സിഇപി സ്വതന്ത്ര വ്യാപാരക്കരാറിലൂടെ കൂടുതല്‍ ഭവിഷത്തുകള്‍ ക്ഷണിച്ചുവരുത്തി ഇന്ത്യയിലെ കര്‍ഷക ജനതയെയൊന്നാകെ കണ്ണീര്‍ക്കയത്തിലേക്ക് തള്ളിയിടുന്ന സ്ഥിതിവിശേഷത്തെ സമൂഹം ഒറ്റക്കെട്ടായി എതിര്‍ക്കണം.

അഡ്വ. വി.സി സെബാസ്റ്റ്യന്‍
(സിബിസിഐ ലെയ്റ്റി കൗണ്‍സില്‍ സെക്രട്ടറിയും ഇന്‍ഫാം ദേശീയ സെക്രട്ടറി ജനറലുമാണ് ലേഖകന്‍)

Share:

Leave a Comment

Your email address will not be published. Required fields are marked with *

Related Posts

Latest Postss

Don’t want to skip an update or a post?