Follow Us On

28

March

2024

Thursday

‘ഐ-ഫിഡിലിറ്റി’ക്ക് ഒരു ലൈക്ക്…

‘ഐ-ഫിഡിലിറ്റി’ക്ക്  ഒരു ലൈക്ക്…

ഇന്റര്‍നെറ്റ് ഉപയോഗത്തില്‍ കൃത്യമായ അതിര്‍വരമ്പുകള്‍ സൂക്ഷിക്കുന്ന ദമ്പതികളുടെ ജീവിതം അത് സൂക്ഷിക്കാത്തവരേക്കാള്‍ ഏറെ സന്തുഷ്ടമാണെന്ന് തെളിയിക്കുന്ന നിരവധി സര്‍വേകളും പഠനങ്ങളുമുണ്ടായിട്ടുണ്ട്. ‘ഐ-ഫിഡിലിറ്റി’ അഥവാ ‘ഐ’ വിശ്വസ്തതയെക്കുറിച്ച് അമേരിക്കയിലെ വിര്‍ജീനീയ സര്‍വകലാശാല അടുത്തിടെ നടത്തിയ ഗവേഷണവും ജനറല്‍ സോഷ്യല്‍ സര്‍വേയും ഈ വിഷയത്തിലേക്ക് കൂടുതല്‍ വെളിച്ചം വീശുന്നതാണ്. ഇന്റര്‍നെറ്റിലൂടെ ഏതെങ്കിലും വിധത്തില്‍ ജീവിതപങ്കാളിയോട് അവിശ്വസ്തത പുലര്‍ത്തുന്നവരുടെ ജീവിതം അസന്തുഷ്ടി നിറഞ്ഞതാണെന്ന് അര്‍ത്ഥശങ്കയ്ക്കിടയില്ലാതെ പഠനം വെളിപ്പെടുത്തുന്നു. സൗഹൃദത്തിന്റെ അതിര്‍വരമ്പുകള്‍ ഭേദിച്ചുകൊണ്ടു നടത്തുന്ന സല്ലാപങ്ങള്‍പോലും അസംതൃപ്തിയിലേക്ക് നയിക്കുന്നു എന്നാണ് ‘ഐഫിഡിലിറ്റി: ദി സ്റ്റേറ്റ് ഓഫ് ഔര്‍ യൂണിയന്‍സ് ഇന്‍ 2019’ എന്ന സര്‍വേ ഫലം വ്യക്തമാക്കുന്നത്. ഓണ്‍ലൈനില്‍ നടത്തുന്ന ഇടപെടലുകളില്‍ അതീവജാഗ്രത പുലര്‍ത്തേണ്ടതിന്റെ ആവശ്യകതയിലേക്കാണ് സര്‍വേയിലെ വിവിധ കണ്ടെത്തലുകള്‍ വിരല്‍ ചൂണ്ടുന്നത്.
വിവാഹത്തിന് മുമ്പ് മറ്റാരെയെങ്കിലും പ്രണയിച്ചിട്ടുള്ളവര്‍ തങ്ങളുടെ മുന്‍ സുഹൃത്തിനെ സാമൂഹ്യമാധ്യമങ്ങളില്‍ ‘ഫോളോ’ ചെയ്യുന്നതുപോലും വിവാഹജീവിതത്തിന്റെ സന്തുഷ്ടിയെ ബാധിക്കുന്നതായി സര്‍വേ കണ്ടെത്തി. തങ്ങളുടെ ഫോളോവേഴ്‌സ് ലിസ്റ്റില്‍ മുന്‍ സുഹൃത്തിനെ ഉള്‍പ്പെടുത്താത്തവരില്‍ 62 ശതമാനമാളുകളും വിവാഹജീവിതം സന്തുഷ്ടമാണെന്ന് അഭിപ്രായപ്പെട്ടപ്പോള്‍ വിവാഹപൂര്‍വ സുഹൃത്തിനെ സാമൂഹ്യമാധ്യമങ്ങളില്‍ ഫോളോ ചെയ്യുന്നവരില്‍ വിവാഹജീവിതം സന്തുഷ്ടമാണെന്ന് അഭിപ്രായപ്പെട്ടവര്‍ 46 ശതമാനം മാത്രമാണ്.
അക്കരപ്പച്ചകള്‍
കുടുംബബന്ധങ്ങളെക്കുറിച്ചും വിവാഹജീവിതത്തെക്കുറിച്ചും ക്ലാസുകള്‍ നയിക്കുന്ന കത്തോലിക്ക ദമ്പതികളാണ് ജാക്കി ഫ്രാന്‍സിയസ് ഏഞ്ചലും ഭര്‍ത്താവ് ബോബിയും. ഓണ്‍ലൈന്‍ ബന്ധങ്ങള്‍ വഴിയായി ദാമ്പത്യ അവിശ്വസ്തതയിലേക്ക് പോകുന്നവരില്‍ വലിയൊരു ശതമാനമാളുകളും ജീവിതപങ്കാളിയോട് അവിശ്വസ്തത പുലര്‍ത്താനുള്ള ഉദ്ദേശ്യത്തോടെ ഇന്റര്‍നെറ്റ് ഉപയോഗിച്ചവരല്ല എന്നാണ് ഇവര്‍ പറയുന്നത്. മറ്റൊരിടത്തും ഇല്ലാത്തവിധം സാമൂഹ്യമാധ്യമങ്ങള്‍ വിവാഹേതര ബന്ധങ്ങള്‍ക്കുള്ള വേദി ഒരുക്കുന്നതിനാല്‍ അടിയുറച്ച ധാര്‍മ്മികതയില്ലാത്തവര്‍ ഇത്തരം കുടുക്കുകളില്‍ പെട്ടുപോകുന്നതാണത്രെ.
നേരിട്ട് ഒരിക്കലും പറയാന്‍ സാധ്യതയില്ലാത്ത കാര്യങ്ങള്‍ മൊബൈലിന്റെ സ്വകാര്യതയില്‍ പറയാമെന്നതിനാല്‍ യുവജനങ്ങള്‍ക്ക് മുമ്പില്‍ സാമൂഹ്യമാധ്യമങ്ങള്‍ തെറ്റിലേക്കുള്ള വഴിയാണ് തുറക്കുന്നതെന്ന് ജാക്കി പറയുന്നു.
മറ്റൊരു വ്യക്തിയുമായുള്ള ശാരീരികബന്ധമാണ് അവിശ്വസ്തതയെന്നും തങ്ങള്‍ തെറ്റൊന്നും ചെയ്യുന്നില്ലെന്നും സ്വയം വിശ്വസിപ്പിച്ചുകൊണ്ട് ബന്ധങ്ങളുടെ അതിര്‍വരമ്പുകള്‍ ലംഘിക്കുന്നിടത്താണ് പ്രശ്‌നങ്ങള്‍ തുടങ്ങുന്നതെന്ന് ഈ ദമ്പതികള്‍ പറയുന്നു. സന്തോഷം ലഭിക്കുമെന്ന ചിന്തയോടെ ആരംഭിക്കുന്ന ദാമ്പത്യത്തിന് പുറത്തുള്ള ബന്ധങ്ങള്‍ ദുഃഖത്തിലേക്കും നിരാശയിലേക്കും മാത്രമാണ് നയിക്കുന്നത്. എതിര്‍ലിംഗത്തിലുള്ളവരുടെ ഫോട്ടോകളും വീഡിയോകളും കാണാന്‍ പ്രകടിപ്പിക്കുന്ന അമിത താല്‍പ്പര്യംപോലും വിവാഹത്തിന്റെ പവിത്രതയ്ക്ക് ഏല്പിക്കുന്ന കളങ്കമാണെന്ന് ഈ ദമ്പതികള്‍ പറഞ്ഞുവയ്ക്കുന്നു. പുറമെനിന്ന് നോക്കുന്ന ഒരാള്‍ക്ക് നിങ്ങള്‍ മോശമായതൊന്നും ചെയ്തിട്ടുണ്ടാവില്ല. എന്നാല്‍ ബന്ധങ്ങളുടെ വൈകാരിക അതിര്‍വരമ്പുകള്‍ ഭേദിക്കപ്പെടുന്നിടത്തെല്ലാം ജീവിതപങ്കാളിയോട് അവിശ്വസ്തത കാണിക്കുകയാണ് ചെയ്യുന്നത്; ബോബി വിശദീകരിക്കുന്നു.
കൂടുതല്‍ സന്തോഷം തേടിയുള്ള നെട്ടോട്ടമാണ് പലപ്പോഴും അവിശ്വസ്തതയിലേക്ക് നയിക്കുന്നത്. ഓണ്‍ലൈനിലുള്ള ബന്ധങ്ങള്‍ യഥാര്‍ത്ഥ ജീവിതത്തില്‍ നിന്ന് വ്യത്യസ്തമാണെന്നുള്ള ചിന്തയും ഇതിന് കാരണമാകുന്നുണ്ടെന്ന് ബ്രിഗ്ഹാം യംഗ് സര്‍വകലാശാലയിലെ സ്‌കൂള്‍ ഓഫ് ഫാമിലി ലൈഫിലെ പ്രഫസറായ ജെഫ്രെ പറയുന്നു. ഒരു വ്യക്തിയെ നേരിട്ട് കാണുമ്പോള്‍ നല്‍കുന്ന കരുണയും പരിഗണനയില്‍നിന്നും വ്യത്യസ്തമായാണ് ആളുകള്‍ ഓണ്‍ലൈനില്‍ അതേ വ്യക്തിയോട് പെരുമാറുന്നതെന്ന് ഈ മേഖലയില്‍ നടത്തിയ മറ്റൊരു പഠനം വ്യക്തമാക്കുന്നു. തങ്ങളുടെ ജീവിതപങ്കാളിക്ക് വായിക്കാന്‍ പാടില്ലാത്ത ഒരു വാക്കുപോലും ഓണ്‍ലൈനിലൂടെ പറയാതിരിക്കുക എന്നതാണ് ഈ മേഖലയില്‍ ദമ്പതികള്‍ക്ക് സ്വീകരിക്കാവുന്ന ഏറ്റവും മാതൃകാപരമായ നിലപാടെന്ന് ജാക്കിയും ബോബിയും പറയുന്നു.
‘അത് സംഭവിച്ചുപോയി’ എന്നാണ് ഓണ്‍ലൈനില്‍ ദാമ്പത്യ അവിശ്വസ്തതയിലേക്ക് പോകുന്നവര്‍ പിന്നീട് അതിനെക്കുറിച്ച് പറഞ്ഞു കേള്‍ക്കുന്ന ഒരു വാചകം. എന്നാല്‍ അത് സംഭവിക്കുന്നതിന് മുന്നോടിയായി ഭേദിക്കാന്‍ പാടില്ലാത്ത നിരവധി അതിര്‍വരമ്പുകള്‍ അവര്‍ ഭേദിച്ചിട്ടുണ്ടന്നും എവിടെയെങ്കിലം നോ പറയാന്‍ സാധിച്ചിരുന്നെങ്കില്‍ അവര്‍ ദുഃഖിക്കേണ്ടി വരുമായിരുന്നില്ലെന്നും ജാക്കി പറയുന്നു.
അതിര്‍വരമ്പുകള്‍
സാമൂഹ്യമാധ്യമങ്ങളുടെ ഉപയോഗത്തിലെ ഏറ്റവും ശ്രദ്ധിക്കേണ്ട മേഖലയാണ് ഇവ ഉപയോഗിക്കുന്നതിനായി നീക്കിവയ്ക്കുന്ന സമയം. 2019-ന്റെ തുടക്കത്തില്‍ സോഷ്യല്‍ വെബ് ഇന്‍ഡക്‌സ് നടത്തിയ പഠനപ്രകാരം പ്രതിദിനം രണ്ടര മണിക്കൂറാണ് ഒരു ശരാശരി ഉപഭോക്താവ് സാമൂഹ്യമാധ്യമങ്ങള്‍ക്കായി ചിലവഴിക്കുന്നത്. കൂടുതല്‍ സമയം സോഷ്യല്‍ മീഡിയയില്‍ ചിലവഴിക്കുന്നത് നിമിത്തം പ്രധാനപ്പെട്ട കാര്യങ്ങള്‍ക്ക് മുന്‍ഗണന നല്‍കാന്‍ കഴിയാതെ വരുന്നതായും ഏകാഗ്രത നഷ്ടപ്പെടുന്നതായും ജീവിതത്തിന്റെ ഫോക്കസ് നഷ്ടപ്പെടുന്നതായും നിരവധിയാളുകളുടെ അനുഭവങ്ങള്‍ വ്യക്തമാക്കുന്നു. കുട്ടികളിലെ മൊബൈല്‍ ഫോണ്‍ ഉപയോഗം അവരുടെ ബുദ്ധിയുടെ വളര്‍ച്ചയെപ്പോലും ബാധിക്കുന്നതായി പല ഡോക്ടര്‍മാരും അഭിപ്രായപ്പെടുന്നു. ദൈവത്തിനും കുടുംബത്തിനും സമൂഹത്തിനുമായി മാറ്റിവയ്‌ക്കേണ്ട സമയം മൊബൈല്‍ ഫോണ്‍ അപഹരിക്കുന്നുണ്ടെങ്കില്‍ അത് ജീവിതം താളം തെറ്റുന്നതിന്റെ സൂചന തന്നെയാണ്.
‘ഫിയര്‍ ഓഫ് മിസിങ്ങ് ഔട്ട്'(FOMO) – രസകരവും പ്രധാനപ്പെട്ടതുമായ സംഭവങ്ങള്‍ കാണാതെയും അറിയാതെയും പോകുമോ എന്ന ഭയം – പലരെയും കൂടുതല്‍ സമയം സാമൂഹ്യമാധ്യമങ്ങളില്‍ ചിലവഴിക്കാന്‍ പ്രേരിപ്പിക്കുന്ന ഘടകമാണ്. പഠനത്തിനും ജോലിക്കുമിടയില്‍ ഇടയ്ക്കിടെ ഫോണ്‍ എടുത്തുനോക്കുന്ന ശീലം ഇതിന്റെ അനന്തരഫലമാണ്. ഏകാഗ്രതയോടുകൂടെ വിവിധ കാര്യങ്ങള്‍ ചെയ്യുവാനുള്ള കഴിവ് ഇതുവഴി നഷ്ടപ്പെടുന്നു.
ദിവസത്തില്‍ കുറച്ചുസമയമെങ്കിലും മൊബൈല്‍ ഫോണും ഇന്റര്‍നെറ്റും പൂര്‍ണമായി ഒഴിവാക്കുന്നതിനായി ജനങ്ങളെ പ്രേരിപ്പിക്കുന്ന ബംഗളൂരു ആസ്ഥാനമായുള്ള ‘ടൈം ഔട്ട് ഫ്രം പ്ലഗിന്‍സ്’ എന്ന മുന്നേറ്റത്തിന്റെ പിന്നിലെ പ്രചോദകശക്തിയാണ് തേജസ്വി ഉത്തപ്പ എന്ന എഴുത്തുകാരി. സ്വതവേ സല്‍സ്വഭാവിയായ തന്റെ കൗമാരക്കാരന്‍ മകന്‍ ഓണ്‍ലൈന്‍ ഗെയിമിംഗിനായി കൂടുതല്‍ സമയം ചിലവഴിച്ചതിനുശേഷം അവന്റെ സ്വഭാവത്തില്‍ മാറ്റങ്ങള്‍ കണ്ട് തുടങ്ങിയപ്പോഴാണ് തേജസ്വി ഈ മുന്നേറ്റത്തിന് തുടക്കംകുറിച്ചത്. ‘മാതാപിതാക്കളെന്ന നിലയില്‍ കുട്ടികള്‍ കൂടുതല്‍ സമയം മൊബൈലിന്റെയും ലാപ്‌ടോപ്പിന്റെയും മുമ്പില്‍ ചിലവഴിക്കുന്നതിനെക്കുറിച്ച് നമ്മള്‍ സാധാരണ പരാതി പറയാറുണ്ട്. എന്നാല്‍ ഇത് കൂടുതല്‍ ഗൗരവം അര്‍ഹിക്കുന്ന കാര്യമാണ്. അത് അവരുടെ തലച്ചോറിനെയും ആത്യന്തികമായി അവരുടെ സ്വഭാവത്തെയും ബാധിക്കും,’ തേജസ്വി മുന്നറിയിപ്പ് നല്‍കുന്നു.
വിവിധ വിഷയങ്ങളെക്കുറിച്ചുള്ള പ്രതികരണങ്ങള്‍ നടത്തുമ്പോള്‍ രൂക്ഷവും മറ്റുള്ളവരെ വേദനിപ്പിക്കുന്നതും താഴ്ത്തിക്കെട്ടുന്നതുമായ ശൈലി സാമൂഹ്യമാധ്യമങ്ങളില്‍ ധാരാളം ഉപയോഗിക്കപ്പെടുന്നുണ്ട്. വ്യത്യസ്തമായ അഭിപ്രായം പറയുന്ന വ്യക്തിയോട് പ്രകടിപ്പിക്കുന്ന ഈ അസഹിഷ്ണുത നേരിട്ട് ആ വ്യക്തിയുമായി നടത്തുന്ന സംവാദങ്ങളില്‍ സാധാരണയായി ഉണ്ടാകുന്നതല്ല. വലിയൊരു സമൂഹം എല്ലാ ഇടപെടലുകളും വീക്ഷിക്കുകയും വിലയിരുത്തുകയും ചെയ്യുന്ന സാമൂഹ്യമാധ്യമങ്ങളിലാണ് വാസ്തവത്തില്‍ നാം കൂടുതല്‍ സംയമനം പാലിക്കേണ്ടത്.
സോഷ്യല്‍ മീഡിയില്‍ നാം ചെയ്യുന്ന ഷെയറും പോസ്റ്റ് ചെയ്യുന്ന ഫോട്ടോകളും പറയുന്ന വാക്കുകളും എത്രപേരിലേക്കാണ് എത്തിച്ചേരുക എന്ന് കൃത്യമായി പറയാന്‍ സാധിക്കില്ല. സാമൂഹ്യമാധ്യമങ്ങളുടെ ഈ സാധ്യത തന്നെയാണ് നമ്മുടെ പിഴവുകളുടെ തീവ്രതയും വര്‍ധിപ്പിക്കുന്നത്. സാമൂഹ്യമാധ്യമങ്ങളിലെ ലൈക്കും പോസ്റ്റും നമ്മുടെ നിലപാടാണ് ലോകത്തോട് വിളിച്ചുപറയുന്നത്. മറ്റാരെങ്കിലും ചെയ്ത പോസ്റ്റാണെങ്കിലും ഷെയര്‍ ചെയ്ത വീഡിയോ ആണെങ്കിലും നാം അത് ലൈക്കോ ഷെയറോ ചെയ്യുമ്പോള്‍ ഒരു പരിധിവരെ നാം അതിന്റെ പ്രചാരകരായി മാറുകയാണ്. അതുകൊണ്ടാണ് പല കേസുകളിലും പോസ്റ്റുകള്‍ ഷെയര്‍ ചെയ്യുന്നവരും ഫോര്‍വേഡ് ചെയ്യുന്നവരും പ്രതികളാക്കപ്പെടുന്നത്. അതിനാല്‍ ലൈക്കും പോസ്റ്റും ഫോര്‍വേഡും ചെയ്യുന്നതിന് മുമ്പ് തീര്‍ച്ചയായും രണ്ടു വട്ടം ആലോചിക്കേണ്ടതുണ്ട്. ഒരു സമൂഹത്തിന്റെ മുമ്പില്‍ മൈക്കിലൂടെ പറയാന്‍ പറ്റാത്ത ഒരു കാര്യവും സാമൂഹ്യ മാധ്യമങ്ങളിലൂടെ പങ്കുവയ്ക്കരുതെന്ന സുവര്‍ണ നിയമം സാമൂഹ്യമാധ്യമങ്ങള്‍ ഉപയോഗിക്കുന്നവര്‍ നിര്‍ബന്ധമായും പാലിക്കണം.
നന്മയുടെ തിരിവെട്ടം തെളിക്കാം
ഫേസ്ബുക്കും വാട്ട്‌സാപ്പും പോലുള്ള ജനപ്രിയ സാമൂഹ്യമാധ്യമങ്ങള്‍ ഒരു വിര്‍ച്വല്‍ ബദല്‍ സംസ്‌കാരമാണ് സൃഷ്ടിച്ചിരിക്കുന്നത്. സാങ്കേതികവിദ്യ സാധ്യമാക്കിയ ഈ നവസമൂഹത്തിലുള്ള നമ്മുടെ ഇടപെടലുകളില്‍ ബാലാരിഷ്ടതകള്‍ ഉണ്ടാകുന്നത് സ്വഭാവികമാണ്. എന്നാല്‍ പുതു സാങ്കേതികവിദ്യക്ക് ഒപ്പം അതു ഉപയോഗിക്കുമ്പോള്‍ പാലിക്കേണ്ട മാനദണ്ഡങ്ങളോ പുലര്‍ത്തേണ്ട ചട്ടങ്ങളുടെ മാതൃകയോ ഇല്ലാതിരുന്നത് ഇവയുടെ ഉപയോഗത്തിലെ അച്ചടക്കരാഹിത്യത്തിന് വഴിതെളിച്ചിട്ടുണ്ട് എന്നതില്‍ സംശയമില്ല. ഒരുപക്ഷേ അഭിപ്രായസ്വാതന്ത്ര്യത്തിന്റെയും ആവിഷ്‌കാരസ്വാതന്ത്ര്യത്തിന്റെയും നിയന്ത്രണങ്ങളില്ലാത്ത ഈ അവസ്ഥ തന്നെയാകാം ഇവയിലേക്ക് യുവജനങ്ങളെ കൂടുതലായി അടുപ്പിച്ചത്.
ഏത് സാങ്കേതികവിദ്യയുടെയും ഉത്തരവാദിത്വത്തോടെയുള്ള ഉപയോഗമാണ് അതിനെ വിജയമോ പരാജയമോ ആക്കി മാറ്റുന്നത്. സാധ്യതയുടെ വലിയ ലോകം നമ്മുടെ കൈവെള്ളയില്‍ എത്തിക്കുന്ന ഇന്റര്‍നെറ്റും സാമൂഹ്യമാധ്യമങ്ങളും പല അവസരങ്ങളിലും നമുക്ക് ദോഷകരമായി മാറുന്നുണ്ടെങ്കില്‍ അവ ഉപയോഗിക്കുന്ന ശൈലിയില്‍ തീര്‍ച്ചയായും മാറ്റങ്ങള്‍ വരുത്തണം. ഇവ ഉപയോഗിക്കാനുള്ള കാരണങ്ങളും അവയുടെ ഉപയോഗത്തിന്റെ ലക്ഷ്യവും നമ്മുടെ ജീവിത ലക്ഷ്യവുമായി ഒത്തുപോകുന്നുണ്ടോ എന്നതാണ് പരിശോധിക്കേണ്ടത്. സാമൂഹ്യമാധ്യമങ്ങളുടെ അമിത ഉപയോഗം ജീവിതത്തിലെ അസംതൃപ്തിക്ക് കാരണമാകുന്നതായി നിരവധി പഠനങ്ങള്‍ വ്യക്തമാക്കുന്നുണ്ട്. വീട്ടില്‍ വരുന്നവരോട് എങ്ങനെ സംസാരിക്കണം, ആരുടെയൊക്കെ വീട്ടില്‍ പോകണം, എത്രനേരം സംസാരിക്കണം തുടങ്ങിയ കാര്യങ്ങളില്‍ പുലര്‍ത്തുന്ന നിഷ്ഠകള്‍ ഓണ്‍ലൈനിലെ നമ്മുടെ ഇടപെടലുകളില്‍ക്കൂടി വ്യാപിപ്പിക്കേണ്ടിയിരിക്കുന്നു. സോഷ്യല്‍ മീഡിയയുടെ അനന്തസാധ്യതകള്‍ മനുഷ്യ നന്മയ്ക്കായി ഉപയോഗപ്പെടുത്തുന്ന ആയിരക്കണക്കിന് മനുഷ്യരുണ്ടെന്ന വസ്തുത നമ്മെയും പ്രചോദിപ്പിക്കണം.
നിഷേധാത്മകമായ കാര്യങ്ങള്‍ നമ്മിലൂടെ സമൂഹത്തിലേക്ക് ഒരിക്കലും പടരുന്നില്ലെന്ന് ഉറപ്പാക്കണം. നമ്മില്‍ നിന്നും വ്യത്യസ്തമായ മത-രാഷ്ട്രീയ-സാമൂഹ്യ നിലപാടുകള്‍ സ്വീകരിക്കുന്നവരോട് വിയോജിപ്പ് പ്രകടിപ്പിക്കുമ്പോഴും ബഹുമാനം കാത്തുസൂക്ഷിക്കണം. അതേസമയം തന്നെ സാമൂഹ്യതിന്മകള്‍ക്ക് എതിരെയും തെറ്റായ പ്രവണതകള്‍ക്കെതിരെയും ക്രിയാത്മകമായി പ്രതികരിക്കാന്‍ സാമൂഹ്യമാധ്യമങ്ങള്‍ അവസരം നല്‍കുന്നു. മറ്റുള്ളവര്‍ക്ക് വിശ്വാസവും പ്രത്യാശയും അറിവും പ്രോത്സാഹനവും സന്തോഷവും നല്‍കുവാന്‍ നമ്മുടെ ഇടപെടലുകള്‍ കാരണമാകട്ടെ.

രഞ്ജിത് ലോറന്‍സ്

Share:

Leave a Comment

Your email address will not be published. Required fields are marked with *

Related Posts

Latest Postss

Don’t want to skip an update or a post?