Follow Us On

20

May

2022

Friday

സയനൈഡ് കൂട്ടക്കൊല: പിന്നണിയിലെ മുന്നറിയിപ്പുകൾ കാണാതിരിക്കരുത്‌

സയനൈഡ് കൂട്ടക്കൊല: പിന്നണിയിലെ മുന്നറിയിപ്പുകൾ കാണാതിരിക്കരുത്‌

കൂടത്തായിയിലെ കൊലപാതക പരമ്പരയ്ക്ക് പിന്നിൽ സാത്താനാരാധനയുടെ സ്വാധീനമുണ്ടായിരുന്നു എന്ന റിപ്പോർട്ടുകളുടെ പശ്ചാത്തലത്തിൽ ചില മുന്നറിയിപ്പുകൾ.

എം.സക്കേവൂസ്‌

കൂടത്തായി കൊലപാതക പരമ്പരയിൽ യഥാർത്ഥ മരണകാരണം സയനൈഡ് ആണോ എന്നത് ഇനിയും തെളിയിക്കപ്പെടാനിരിക്കുന്നേയുള്ളൂ. പക്ഷേ, മാധ്യമ വാർത്തകൾ വിശ്വസിക്കാമെങ്കിൽ കുറ്റാന്വേഷണം കേരളത്തിലെ നഗരങ്ങൾ കേന്ദ്രീകരിച്ചുള്ള സാത്താൻ ആരാധക സംഘങ്ങളിലേക്കും വ്യാപിച്ചിരിക്കുന്നു. രണ്ട് വർഷംമുമ്പ് തിരുവനന്തപുരത്ത് സ്വന്തം കുടുംബാംഗങ്ങളെ അതിക്രൂരമായി കൊലചെയ്ത കേസിലും പൈശാചിക ആരാധനയെക്കുറിച്ച് സൂചനകളുണ്ടായിരുന്നു തുടക്കത്തിൽ. ഇരു കുറ്റകൃത്യങ്ങളിലും പ്രതിസ്ഥാനത്തുള്ളവർ തങ്ങളുടെ പൈശാചിക ബന്ധങ്ങളെക്കുറിച്ച് വെളിപ്പെടുത്തലുകൾ നടത്തിയെന്നതാണ് മാധ്യമങ്ങളിൽനിന്ന് അറിയാൻ കഴിയുന്നത്.

വിദ്യാഭ്യാസപരമായും തൊഴിൽപരമായും സംസ്‌ക്കാരികമായും ഉന്നതനിലവാരത്തിലുള്ളവർ വസിക്കുന്ന നഗരങ്ങൾ കേന്ദ്രീകരിച്ചാണ് സാത്താൻ ആരാധകർ വിലസുന്നതെന്നത് നമുക്കിടയിൽ ഒരു വൈരുദ്ധ്യമായി നിലനിൽക്കുന്നു. ക്രൈസ്തവർക്ക് പ്രബലമായ സ്വാധീനമുള്ള പട്ടണങ്ങൾ ചുറ്റിപ്പറ്റിയാണ് കേരളത്തിൽ സാത്താൻ ആരാധന ശക്തിപ്രാപിക്കുന്നുവെന്നതും നമ്മെ ആശങ്കപ്പെടുത്താതിരിക്കില്ല. കേരളത്തിന് പുറമേ, ഏറ്റവും കൂടുതൽ ക്രൈസ്തവർ അധിവസിക്കുന്ന വടക്കുകിഴക്കൻ സംസ്ഥാനങ്ങളായ മേഘാലയ, നാഗാലാന്റ് എന്നിവിടങ്ങളിലും സാത്താൻ ആരാധകരുടെ എണ്ണം കൂടുകയാണെന്നാണ് ലഭിക്കുന്ന സൂചനകൾ.

സാത്താൻ ബലിയർപ്പിക്കുന്ന നിരവധി ഗൂഢസംഘങ്ങൾ കേരളത്തിലുണ്ടെന്ന സത്യം മുഖ്യധാരാമാധ്യമങ്ങൾ വർഷങ്ങൾക്ക് മുമ്പുതന്നെ റിപ്പോർട്ട് ചെയ്തിട്ടുള്ളതാണ്. എന്നാൽ, വ്യക്തമായ തെളിവുകൾ ശേഖരിക്കുന്നതിന് പ്രയാസമുള്ളതിനാലും ഇത്തരം സാത്താൻ ആരാധനാ സംഘങ്ങളുമായി സമൂഹത്തിലെ ഉന്നതർക്ക് ബന്ധമുള്ളതിനാലും പൊലീസ് കേസ് എടുക്കാൻ തയാറാകുന്നില്ല എന്നാണ് അണിയറ വാർത്തകൾ.

സമീപകാലത്ത്, നമ്മുടെ വൻ നഗരങ്ങൾ കേന്ദ്രീകരിച്ച് നടക്കുന്ന ലഹരിമരുന്ന് കടത്തിനും ലൈംഗിക വ്യാപാരത്തിന് പിന്നിലും പ്രവർത്തിക്കുന്നത് സാത്താൻ സംഘങ്ങളാണെന്നും കേൾക്കുന്നു. ഏറെ മൂല്യബോധവും ശാസ്ത്രാഭിമുഖ്യവും പ്രതികരണശേഷിയുമുള്ള സമൂഹമെന്ന നിലയിൽ കേരളജനതയെ ലോകം ആദരിക്കുന്നു. എന്നാൽ പ്രാകൃതവും ആധുനിക സാംസ്‌ക്കാരിക ബോധ്യങ്ങളെയും മാനവിക മൂല്യങ്ങളെയും വെല്ലുവിളിക്കുന്ന സാത്താൻ സംഘങ്ങൾക്ക് എതിരെ പരസ്യമായി പ്രതികരിക്കാൻ മടിക്കുന്നുവെന്നത് ലജ്ജാകരമല്ലേ?

നവസാത്താനിസം

1980കളിൽ അമേരിക്കയിലാകെ നവസാത്താനിസ്റ്റുകൾ അതിവിനാശകരമായ ഒരു തരംഗം തന്നെ സൃഷ്ടിച്ചെന്ന് വേണമെങ്കിൽ പറയാം. അക്കാലത്ത് സാത്താൻ പൂജകൾക്കായി ഡെ കെയർ സെന്ററുകളിൽനിന്ന് കുട്ടികളെ തട്ടിയെടുക്കുന്നുവെന്ന വ്യാപകമായ ആരോപണം ഉയർന്നെങ്കിലും വ്യക്തമായ തെളിവുകളുടെ അഭാവത്തിൽ ആ ദിശയിലുള്ള അന്വേഷണം പൊലീസ് അവസാനിപ്പിക്കുകയായിരുന്നു.

സ്വന്തം നേട്ടങ്ങൾക്കുവേണ്ടി വ്യക്തിപരമായി സാത്താനെ സേവിക്കുകയും ദുർമന്ത്രവാദം നടത്തുകയുമാണ് പരമ്പരാഗതമായ രീതി. സാമ്പത്തിക ലാഭമോ ശത്രു നിഗ്രഹമോ ഒക്കെയാണ് അവർ ആഗ്രഹിക്കുന്നതും. എന്നാൽ ഇതിൽനിന്ന് വ്യത്യസ്തമായി സംഘം ചേർന്ന് കൃത്യമായ ആചാരാനുഷ്~ാനങ്ങളോടെ സമൂഹമായി ആരാധന നടത്തുകയാണ് നവസാത്താനിസ്റ്റുകളുടെ ശൈലി. ബലിയർപ്പണത്തിനായി പ്രത്യേകം തിരഞ്ഞെടുക്കപ്പെട്ട പൂജാരികളുമുണ്ട് അവർക്കിടയിൽ.

നിരീശ്വരവാദസാത്താനികർ എന്ന് സ്വയം വിശേഷിപ്പിക്കുന്നവരാണ് നവസാത്താനിസ്റ്റുകൾ. കാരണമുണ്ട് അവർക്ക് പറയാൻ. തങ്ങൾ ദൈവത്തിനെയോ പിശാചിനെയോ ആരാധിക്കുന്നവരല്ല എന്നാണ് അവരുടെ വാദം. തങ്ങൾക്ക് സ്വർഗത്തിലും നരകത്തിലും വിശ്വാസമില്ലെന്നും ഇക്കൂട്ടർ അവകാശപ്പെടുന്നു. സ്വയം ആരാധിക്കുക (തന്നെത്തന്നെ പൂജിക്കുകയെന്ന സ്വാർത്ഥ സങ്കൽപ്പം) എന്ന മാർഗമാണ് നവസാത്താനിസ്റ്റുകൾ മുന്നോട്ടുവെക്കുന്ന പ്രായോഗിക സിദ്ധാന്തം.

പൈശാചിക ശക്തിയുണർത്തി ഇച്ഛിക്കുന്ന കാര്യങ്ങൾ നേടിയെടുക്കാനുള്ള പ്രായോഗിക പരിശീലനമാണ് സംഘം ചേർന്നുള്ള സാത്താനാരാധനയിൽ നൽകുന്നത്. പൈശാചിക പൂജയിലൂടെ ബാഹ്യലോകത്തെ ആജ്ഞാനുസരണം നിയന്ത്രിക്കാമെന്നും അതിലൂടെ കാര്യസിദ്ധിലഭിക്കുമെന്ന അബദ്ധ ജടിലമായ അന്ധവിശ്വാസവും സാത്താനാരാധകർ ഈ ശാസ്ത്രയുഗത്തിലും പഠിപ്പിക്കുന്നു. മനുഷ്യനിൽ അന്തർലീനമായിരിക്കുന്ന ആത്മശക്തിയെ ഗുരു നിഷ്‌കർഷിക്കുന്ന മാർഗങ്ങളിലൂടെ ഉണർത്തിയെടുത്താൽ ഇച്ഛാനുസരണം കാര്യങ്ങൾ നേടിയെടുക്കാമെന്നും പരാശക്തിയുമായി ഒന്നാകാമെന്നുള്ള പ്രാചീന പൗരസ്ത്യ സങ്കൽപ്പങ്ങളോടാണ് നവസാത്താനിസ്റ്റുകൾക്ക് പ്രിയം.

സാത്താനികർ സ്വന്തം ദൗത്യം പഠിപ്പിക്കുന്നതിനും പ്രചരിപ്പിക്കുന്നതിനുമായി വിവിധങ്ങളായ നൂതനമാർഗ്ഗങ്ങൾ ഉപയോഗപ്പെടുത്തുന്നുണ്ട്. ഇന്ന് ലോകത്തിലെ പേരെടുത്ത ഓൺലൈൻ വ്യാപാര ശൃംഖലകളിലൂടെ സാത്താനികവുമായി ബന്ധപ്പെട്ട പുസ്തകങ്ങളും വസ്തുക്കളും എളുപ്പത്തിൽ വിറ്റഴിക്കുന്നുണ്ടെന്ന ഭീതിജനകമായ സത്യവും നാം തിരിച്ചറിയണം. പ്രചാരണത്തിനായി നവമാധ്യമങ്ങളെയും ഉപയോഗപ്പെടുത്തുന്നു. പിശാചിനുവേണ്ടി പ്രചാരണം നടത്തുന്ന പല സൈറ്റുകൾക്കും റെയിറ്റിംഗ് മൂല്യം വളരെ കൂടുതലാണെന്നതും നമ്മെ ആശങ്കപ്പെടുത്തുന്നതാണ്.

നവസാങ്കേതിക വിദ്യകൾ പ്രയോജനപ്പെടുത്തി മനുഷ്യസമൂഹത്തെ സാത്താൻ വേട്ടയാടുന്നുവെന്ന് സ്ഥാപിക്കാൻ കഴിയുന്ന നിരവധി ഉദാഹരണങ്ങളുണ്ട് ഇനിയും. മറ്റൊന്ന് സാത്താനെ പ്രതിനിധീകരിക്കുന്ന അടയാളങ്ങളും പ്രതീകങ്ങളുമാണ്. ഇന്ന് നമുക്കിടയിൽ സർവസാധാരണമായിക്കഴിഞ്ഞ ടാറ്റൂസ് ചിഹ്നങ്ങളും ബോഡി പിയേഴ്‌സിംങിന് ഉപയോഗിക്കുന്ന ആഭരണങ്ങളും സാത്താനെ വെളിപ്പെടുത്തുന്നവയാണെന്നും പറയപ്പെടുന്നു.

മുഖ്യശത്രു കത്തോലിക്കർ?

ക്രൈസ്തവരുടെ വിശിഷ്യാ, കത്തോലിക്കരുടെ സർവനാശമാണല്ലോ എക്കാലത്തും പിശാചിന്റെ സേവകർ ലക്ഷ്യം വെക്കുന്നത്. കത്തോലിക്കാ വിശ്വാസത്തെയും അതിലെ വിശുദ്ധങ്ങളായ ആചാരാനുഷ്ഠാനങ്ങളുടെയും വികൃതാനുകരണമാണ് നവ സാത്താനിസ്റ്റുകൾ പിൻതുടരുക. ‘സാത്താൻ ബൈബിൾ’, ‘കറുത്ത കുർബാന’ എന്നീ സംജ്ഞകൾതന്നെ അതിന് തെളിവ്.

ദൈവാലയങ്ങളിലെ സക്രാരികളിൽ അതിവിശുദ്ധമായി സൂക്ഷിച്ചിരിക്കുന്ന ദിവ്യകാരുണ്യം മോഷ്ടിച്ചെടുത്ത് അവഹേളിക്കുകയെന്നതും സാത്താൻ ആരാധാകരുടെ അതിനിന്ദ്യമായ കർമങ്ങളിലൊന്നാണ്. ‘കറുത്ത കുർബാന’ സമയത്ത് പിശാചിനെ വാഴ്ത്തി പുകഴ്ത്തുന്ന ഗാനങ്ങളാണത്രേ സാത്താനിസ്റ്റുകൾ ആലപിക്കുക. സാത്താൻ ആരാധന സമാപിക്കുക നഗ്‌ന നൃത്തത്തോടെയും മയക്കുമരുന്ന് ഉപയോഗത്തോടെയുമാകണമെന്ന് നിഷ്‌കർഷയുള്ളതായും പറയപ്പെടുന്നു.

തനിയാവർത്തനം

നവസാത്താനിക കർമങ്ങളുടെ തനിയാവർത്തനമാണ് കേരളത്തിലെ പൈശാചിക ബലിയർപ്പകരും അനുകരിക്കുന്നതെന്നാണ് മാധ്യമ വാർത്തകൾ പഠിക്കുമ്പോൾ മനസിലാകുന്നത്. കറുത്ത കുർബാനയും ലൈംഗിക വേഴ്ചയും മയക്കുമരുന്ന് ഉപയോഗവുമാണ് കേരളത്തിലെ സാത്താൻ ആരാധനയുടെയും ദുഷ്‌കർമങ്ങൾ. ആളൊഴിഞ്ഞ വീടുകളും ഫ്‌ളാറ്റുകളും എന്തിനേറെ വൻകിട റിസോർട്ടുകളും സാത്താൻ ആരാധനയ്ക്ക് വേദികളാകാറുണ്ടെന്ന് പറയപ്പെടുന്നു.

യഥാർത്ഥ വസ്തുതകളെന്തെന്ന് അറിയാതെ ലഭിക്കുന്ന സാമ്പത്തിക നേട്ടങ്ങളും ഉന്നത ബന്ധങ്ങളുമാണ് ഉടമകൾക്ക് ഇതിന് ഒരു പ്രേരകഘടകമാകുന്നത്. മുമ്പൊക്കെ രഹസ്യസങ്കേതങ്ങളിലാണ് സാത്താനാരാധന നടന്നിരുന്നതെങ്കിലും സമീപകാലത്ത് സാവധാനം പരസ്യവേദികളിലേക്ക് എത്തുന്നതായും വാർത്തകളുണ്ട്.

വിദേശ ടൂറിസ്റ്റുകളിൽനിന്നാണ് സാത്താൻ ആരാധന കേരളത്തിൽ പ്രചരിച്ചതെന്ന സ്ഥിരീകരിക്കാത്ത മാധ്യമ റിപ്പോർട്ടുകളുണ്ട്. ഫോർട്ടുകൊച്ചിയാണ് ഉത്ഭവകേന്ദ്രമെന്നും പറയപ്പെടുന്നു. വൻ നഗരങ്ങൾ കേന്ദ്രീകരിച്ച്നടന്നിരുന്ന സാത്താൻ ആരാധകർ ചെറുപട്ടണങ്ങളിലേക്കും വ്യാപിച്ചിട്ടുണ്ടെന്നും കേട്ടു തുടങ്ങിയിരിക്കുന്നു. സാത്താൻ ആരാധനയിൽ പങ്കെടുക്കുന്നവരിൽ ഭൂരിപക്ഷവും ക്രിസ്ത്യാനികളാണെന്ന വാർത്ത സത്യമെങ്കിൽ അത് ക്രൈസ്തവ സമൂഹത്തിനാകെ ഭീതി ജനകമാണ്.

ജാഗ്രതക്കുറവ്?

ക്രൈസ്തവിക മൂല്യങ്ങളിൽ അധിഷ്ഠിതമായ ധാർമികബോധ്യങ്ങളും സാമൂഹ്യക്രമവും ഉന്മൂലനം ചെയ്യുക എന്നതാണ് സാത്താൻ ആരാധകരുടെ ദുഷ്ടലക്ഷ്യം. സമൂഹത്തിൽ അരാചകത്വം സൃഷ്ടിക്കുകയെന്നതും മാനവികതയെ തകർക്കുകയെന്നതും സാത്താനിക തന്ത്രമാണ്. അതിവേഗം വർദ്ധിച്ചുവരുന്ന ആഢംബരഭ്രമവും ലൗകിക ആസക്തികളും സുഖഭോഗ സംസ്‌ക്കാരവും ഫാഷൻ ജ്വരവും സാമ്പത്തിക നേട്ടങ്ങൾക്കുവേണ്ടിയുള്ള നിയന്ത്രണം വിട്ട പരക്കം പാച്ചിലുകളുമൊക്കെ പ്രാകൃതമായ പൈശാചിക ബന്ധങ്ങളിൽ മനുഷ്യ സമൂഹത്തെ കൊണ്ടുചെന്നെത്തിക്കുമെന്നതിൽ സംശയം വേണ്ട. മേൽ വിഷയങ്ങളിൽ ക്രൈസ്തവ ബോധ്യങ്ങളിൽ അടിയുറച്ച് നിന്ന് അവസരോചിതമായി പ്രതികരിക്കുന്നതിനും പ്രതിരോധനിലപാടുകൾ സ്വീകരിക്കുന്നതിന് ക്രൈസ്തവ സമൂഹം ആത്മപരിശോധന നടത്തേണ്ട സമയമാണിത്. ജാഗ്രത കുറവ് ഉണ്ടായിട്ടുണ്ടെങ്കിൽ ഇനിയെങ്കിലും ഉണരാൻ വൈകരുത്.

ഇന്റർനെറ്റിൽ കണ്ടെത്തുന്ന പല തെറ്റുകളും പിശാചിന്റെ കെണിയിൽ പെടുന്നവയാണെന്ന് വ്യക്തമായ പഠനങ്ങളുണ്ടായിട്ടുണ്ട്. സാത്താന്റെ പ്രവർത്തനങ്ങളിലേക്ക് വഴിതുറക്കുന്നവയാണ് പല മ്യൂസിക് ബാൻഡുകളുമെന്ന നിരീക്ഷണം പണ്ട് മുതൽതന്നെയുള്ളതാണ്. വിദ്യാർത്ഥികൾക്കിടയിൽ വ്യാപകമായിക്കൊണ്ടിരിക്കുന്ന ഓജോ ബോർഡ് കളികൾ, വിവിധതരം വീഡിയോ ഗെയിംസ് തിന്മയുടെ സ്വാധീനത്തിൽപ്പെടുത്തുന്നവയാണെന്ന അഭിപ്രായവും ശക്തമാണ്.

യോഗ വിദ്യയെന്ന പേരിൽ പ്രചരിപ്പിക്കപ്പെടുന്ന പല കപട ആത്മീയ തത്വശാസ്ത്രങ്ങളും കൃത്യമായി പറഞ്ഞാൽ ക്രൈസ്തവ ലോകത്തിന് നേട്ടങ്ങൾക്ക് പകരം കോട്ടങ്ങൾ മാത്രമേ സമ്മാനിക്കൂ. മനുഷ്യന് ഭൂതപ്രേതാദികളിലുള്ള വിശ്വാസം വർദ്ധിപ്പിക്കുന്ന ആസ്ട്രൽ പ്രൊജക്ഷൻ തുടങ്ങിയ സിദ്ധാന്തങ്ങളും ഇവയുടെ പ്രായോഗിക പരിശീലനവും ക്രൈസ്തവ ലോകത്തിലാകെ വിനാശകരമാകുമെന്നതിൽ സംശയംവേണ്ട.

Leave a Comment

Your email address will not be published. Required fields are marked with *

Similar Posts

Latest Posts

Don’t want to skip an update or a post?