Follow Us On

22

November

2019

Friday

‘ഐ ലൈക്ക് ടു സീ ദ സൺ റൈസ്’; വിശുദ്ധ ജോൺ പോളിന് 100-ാം പിറന്നാൾ സമ്മാനം!

‘ഐ ലൈക്ക് ടു സീ ദ സൺ റൈസ്’; വിശുദ്ധ ജോൺ പോളിന് 100-ാം പിറന്നാൾ സമ്മാനം!

റോം: മികച്ച പ്രതികരണങ്ങൾ നേടി വിശുദ്ധ ജോൺ പോൾ രണ്ടാമൻ പാപ്പയെക്കുറിച്ചുള്ള ഡോക്യുമെന്ററി ‘ഐ ലൈക്ക് ടു സീ ദ സൺ റൈസി’ന്റെ ആദ്യ പ്രദർശനം. റോമിലെ അഞ്ചലിക്കം സർവകലാശാലയിലാണ് പാപ്പയുടെ ചിന്തകളും ആശയങ്ങളും അവതരിപ്പിക്കുന്ന ഡോക്യുമെന്ററി ചിത്രത്തിന്റെ ആദ്യ പ്രദർശനം നടത്തിയത്. വിശുദ്ധനായ പാപ്പായുടെ പോളിഷ് പശ്ചാത്തലം എങ്ങനെയാണ് അദ്ദേഹത്തെ സാർവത്രിക സഭയെ രൂപപ്പെടുത്താൻ സഹായിച്ചതെന്നു വരച്ചു കാട്ടുന്ന ഈ ചിത്രത്തിന്റെ വിശാലമായ റിലീസ് അടുത്ത വർഷം പാപ്പയുടെ 100ാം ജന്മദിനമാഘോഷിക്കുന്ന മെയ് 18ന് നടത്താനാണ് അണിയറപ്രവർത്തകർ തീരുമാനിച്ചിരിക്കുന്നത്.

പോളണ്ടുകാരിയായ സംവിധായക പൗളിന ഗുസിക്ക് ആണ് ചിത്രത്തിന് പിന്നിൽ പ്രവർത്തിച്ചിരിക്കുന്നത്. ജോൺ പോൾ രണ്ടാമൻ പാപ്പ വിശുദ്ധനായത് പോളണ്ടുകാരുടെ സ്വകാര്യ അഭിമാനമാണെങ്കിലും ഇന്ന് അദ്ദേഹം സാർവത്രിക സഭയുടെ വിശുദ്ധനാണ്. അദ്ദേഹം പാപ്പയായി നിയമിതനാകുമ്പോൾ താൻ ജനിച്ചിട്ടു പോലുമില്ലെങ്കിലും തന്റെ ബാല്യകാലത്ത് ജോൺ പോൾ രണ്ടാമനെ കണ്ടാണ് വളർന്നതെന്നും, 2000ൽ നടന്ന വേൾഡ് യൂത്ത് ഡേയിൽ പാപ്പായെ നേരിൽ കാണാൻ ഭാഗ്യം ലഭിച്ചുവെന്നും ഗുസിക്ക് പറഞ്ഞു.

52 മിനിറ്റ് ദൈർഘ്യമുള്ള ഡോക്യുമെന്ററിയിൽ ജോൺ പോൾ രണ്ടാമൻ പാപ്പയുടെ ആഗോള യാത്രകളിലെ സവിശേഷ നിമിഷങ്ങൾ ഉൾപ്പെടുത്തിയിട്ടുണ്ട്. പാപ്പായുടെ സുഹൃത്തുക്കളും സഹപ്രവർത്തകരുമായുമുള്ള അഭിമുഖങ്ങളും പാപ്പയുടെ ആദ്യകാല കൃതികളിലെ പ്രസക്ത ഭാഗങ്ങളും ഉൾപ്പെടുത്തിയിരിക്കുന്നത് ചിത്രത്തെ സവിശേഷമാക്കുന്ന ഘടകങ്ങളാണ്.

പാപ്പയായതിനുശേഷവും ബിഷപ്പായിരുന്നപ്പോഴും അദ്ദേഹം നിരവധി തവണ അഞ്ചേലിക്കം സർവകലാശാലയിൽ സന്ദർശനം നടത്തിയിട്ടുണ്ട്. പുതിയ സുവിശേഷവത്ക്കരണം രൂപപ്പെടുത്തുന്നതിൽ വിശുദ്ധ തോമസ് അക്വിനാസിന് വലിയ പങ്കുണ്ടെന്ന് സന്ദർശനത്തിനെത്തുമ്പോഴൊക്കെ വിദ്യാർത്ഥികളെയും അധ്യാപകരെയും പാപ്പ ഓർമ്മിപ്പിക്കുമായിരുന്നുവെന്നും പൊന്തിഫിക്കൽ സർവകലാശാലയുടെ റെക്ടർ ഫാ. മൈക്കിൾ പാലൂച്ച് ആദ്യപ്രദർശനത്തിനുശേഷം അഭിപ്രായപ്പെട്ടു.

Leave a Comment

Your email address will not be published. Required fields are marked with *

Latest Posts

Similar Postss

Don’t want to skip an update or a post?