നൈജീരിയ: സുവിശേഷവത്കരണത്തിന്റെ കേന്ദ്രം ക്രിസ്തുവാണെന്ന് ചൂണ്ടിക്കാട്ടി ആർച്ച് ബിഷപ്പ് ജിയോവന്നി പിയട്രോ ദാൽ ടോസോ. നൈജീരിയയിലെ നാഷണൽ മിഷനറി കോൺഗ്രസിൽ സമാപനസന്ദേശം നൽകുകയായിരുന്നു അദ്ദേഹം. ക്രിസ്തുവിനെപ്പോലെ സ്വന്തം ജീവിതത്തിലുടെയും വാക്കുകളിലൂടെയും സുവിശേഷവത്ക്കരണം നടത്തണമെന്നും അദ്ദേഹം പറഞ്ഞു. ഫ്രാൻസിസ് പാപ്പയുടെ പ്രത്യേക ഉത്തരവിന്മേലാണ് ആർച്ച് ബിഷപ്പ് ജിയോവന്നി പിയട്രോ ദേശീയ മിഷനറി കോൺഗ്രസിൽ പങ്കെടുക്കാൻ നൈജീരിയയിൽ എത്തിയതും.
എല്ലാ സുവിശേഷവേലകളും ഇടയ പ്രവർത്തനങ്ങളും ദൈവസന്നിധിയിലേയ്ക്ക് കൂടുതൽ അടുക്കാനും യഥാർത്ഥ ജീവിതം നേടാനുമുള്ള വഴികളാണ്. ഇത്തരത്തിൽ ദൈവസ്നേഹം അനുഭവിക്കാൻ മതപരിവർത്തനം നടത്താനും ദൈവത്തിന്റെ കരുണ അറിയാനും ക്രിസ്ത്യാനികൾ മറ്റുള്ളവരെ സഹായിക്കുകയും ചെയ്യണം. ഒരു ജനതയുടെ ചിന്തയിലും ആചാരങ്ങളിലും പ്രകടമാകുന്ന ക്രിസ്തീയ സംസ്കാരമാണ് സൃഷ്ടിയുടെ അടിസ്ഥാനപരമായ ഘടകമെന്നും ഡാൽ ടോസോ വിശദീകരിച്ചു.
ഒരു സഭയെന്ന നിലയിൽ, നമ്മുടെ കർത്താവിന്റെ ശബ്ദം തിരിച്ചറിയാനും ചരിത്രത്തെ മനുഷ്യന്റെ കണ്ണുകളാലല്ലാതെ ദൈവവചനത്തിന്റെ വെളിച്ചത്തിൽ വായിക്കാനും വിളിക്കപ്പെട്ടവരാണ് നമ്മൾ. അങ്ങനെ ചെയ്യുന്നതിലൂടെ മാത്രമേ ഒരു സഭയെന്ന നിലയിലും സമൂഹമെന്ന നിലയിലും വ്യക്തിഗത വിശ്വാസികളെന്ന നിലയിലും കർത്താവ് നമ്മെ എങ്ങനെയാണ് നയിക്കാൻ ആഗ്രഹിക്കുന്നതെന്ന് കണ്ടെത്താൻ കഴിയുകയുള്ളുവെന്നും ആർച്ച് ബിഷപ്പ് കൂട്ടിച്ചേർത്തു.
Leave a Comment
Your email address will not be published. Required fields are marked with *