Follow Us On

22

November

2019

Friday

അത്ഭുതം! കമില വിശുദ്ധ ഫൗസ്റ്റീനയായി; വെളിപ്പെടുത്തലുമായി പോളിഷ് താരം

അത്ഭുതം! കമില വിശുദ്ധ ഫൗസ്റ്റീനയായി; വെളിപ്പെടുത്തലുമായി പോളിഷ് താരം

ന്യൂയോർക്ക്: വിശുദ്ധ മരിയ ഫൗസ്റ്റീനയുടെ ജീവിതം ഇതിവൃത്തമാക്കിയ സിനിമ ‘ലവ് ആൻഡ് മേഴ്സി, ഫൗസ്റ്റീന’ ശ്രദ്ധിക്കപ്പെടുമ്പോൾ നിർണായക വെളിപ്പെടുത്തലുമായി പോളിഷ് അഭിനേത്രി കമില കമിൻസ്‌കാ. സിനിമയിൽ വിശുദ്ധ ഫൗസ്റ്റീനയെ അവതരിപ്പിച്ചത് കമിലയാണ്. ഒരു ചെറിയ വേഷം ചെയ്യാൻ നിയോഗിക്കപ്പെട്ട തനിക്ക് വിശുദ്ധ ഫൗസ്റ്റീനയുടെ കഥാപാത്രമാകാൻ ലഭിച്ച അവസരത്തെ അത്ഭുതത്തോടെയാണ് കാമില നോക്കിക്കാണുന്നത്.

‘കാത്തലിക് ന്യൂസ് സർവീസിന്’ നൽകിയ അഭിമുഖത്തിലായിരുന്നു ഈ വെളിപ്പെടുത്തൽ. ചിത്രത്തിന്റെ ഓഡീഷനുവേണ്ടി അപേക്ഷിച്ചിരുന്നെങ്കിലും ഫൗസ്റ്റീനയുടെ കഥാപാത്രമായിരുന്നില്ല ആദ്യം ലഭിച്ചത്. ഫൗസ്റ്റീനയുടെ വേഷം ചെയ്യാൻ ഉചിതയായ വ്യക്തിക്കുവേണ്ടിയുള്ള അന്വേഷണം പക്ഷേ, കമിലയിൽ എത്തുകയായിരുന്നു. സംവിധായകൻ ഉൾപ്പെടെയുള്ളവർ വിശുദ്ധ ഫൗസ്റ്റീനയുടെ കഥാപാത്രത്തിനുവേണ്ടി കമിലയെ തന്നെ തിരഞ്ഞെടുത്തു.

പ്രസ്തുത വേഷം ചെയ്യാൻ വിശുദ്ധ ഫൗസ്റ്റീനയയുടെ ഡയറി തനിക്ക് സഹായമായതായും കമില പറയുന്നു: ‘സിനിമയുടെ ചിത്രീകരണത്തിന് മുമ്പേ ഡയറി വായിച്ച് തീർക്കുകയെന്നതായിരുന്നു എന്റെ ലക്ഷ്യം. അത് വിശുദ്ധ ഫൗസ്റ്റീനയുടെ സന്ദേശങ്ങളായതിനാൽ, ചിത്രത്തിൽ താൻ എന്താണ് ചെയ്യേണ്ടതെന്ന് ഡയറിയിൽനിന്ന് മനസിലാക്കാൻ സാധിച്ചു. മാത്രമല്ല, സിനിമയുടെ ചിത്രീകരണവേളയിൽ ശക്തമായ ദൈവിക ഇടപെടൽ അനുഭവിക്കാനുമായി.’

നാം ദൈവത്താൽ സ്‌നേഹിക്കപ്പെടുന്നു എന്ന ലളിതമായ സന്ദേശം ഈ ലോകത്തിന് നൽകിയതിന് വിശുദ്ധ ഫൗസ്റ്റീനയോട് നാം നന്ദിയുള്ളവരായിരിക്കണമെന്ന് ഓർമിപ്പിച്ച കമില, ദൈവത്തിന്റെ സ്‌നേഹം നമുക്കെല്ലാം അവകാശപ്പെട്ടതാണെന്നും കൂട്ടിച്ചേർത്തു.

വിശുദ്ധ മാക്‌സ്മില്യൺ കോൾബെയുടെ ജീവിതം സിനിമയാക്കിയ പോളിഷ് ചലച്ചിത്രകാരൻ മൈക്കിൾ കോണ്ട്രാട്ടാണ് 120 മിനിറ്റ് ദൈർഘ്യമുള്ള ഈ സിനിമയുടെ തിരക്കഥയും സംവിധാനവും നിർവഹിച്ചത്. രണ്ട് വർഷംമുമ്പ് വിശുദ്ധ ഫൗസ്റ്റീനയുടെ ഡയറി വായിച്ചതിലൂടെ തന്റെ ജീവിതത്തിൽ ‘കരുണകൊന്ത’ സൃഷ്ടിച്ച സ്വാധീനമാണ് ഇപ്രകാരമൊരു സിനിമ ചെയ്യാൻ പ്രേരിപ്പിച്ചതെന്ന് അദ്ദേഹം മുമ്പ് വെളിപ്പെടുത്തിയിരുന്നു.

Leave a Comment

Your email address will not be published. Required fields are marked with *

Latest Posts

Don’t want to skip an update or a post?