Follow Us On

18

April

2024

Thursday

‘യേഷ്വാ’ മനസിൽനിന്ന് അണിയറയിലേക്ക്; വൈകാതെ യേശുവിനെ കാണാം ത്രീഡി സ്‌ക്രീനിൽ

‘യേഷ്വാ’ മനസിൽനിന്ന് അണിയറയിലേക്ക്; വൈകാതെ യേശുവിനെ കാണാം ത്രീഡി സ്‌ക്രീനിൽ

വത്തിക്കാൻ സിറ്റി: തിരുവചനത്തിലൂടെ വായിച്ചറിഞ്ഞ യേശുവിന്റെ ജീവിതം കൺമുന്നിലേക്ക് അതും, ത്രീഡി രൂപത്തിൽ! ഇന്ത്യൻ പനോരമയിൽ ഇടംപിടിച്ച ‘കണ്ണേ മടങ്ങുക’ എന്ന മലയാള സിനിമയിലൂടെ ശ്രദ്ധേയനായ സംവിധായകൻ ആന്റണി ആൽബർട്ടാണ് ‘യേഷ്വാ’ എന്ന് പേരിട്ടിരിക്കുന്ന ബൈബിൾ സിനിമയുടെ പിന്നിൽ. മദ്രാസ് ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിൽ പഠനം ആരംഭിക്കുംമുമ്പേ ആൽബർട്ട് മനസിലേറ്റിയ സ്വപനം അണിയറ പ്രവർത്തനങ്ങളിലേക്ക് ഉടൻ നീങ്ങുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.

ബൈബിളിലെ പഴയ, പുതിയ നിയമങ്ങളിലെ ചരിത്ര സംഭവങ്ങൾ കോർത്തിണക്കി ചിത്രീകരിക്കുന്ന സിനിമയുടെ തിരക്കഥയും സംഭാഷണവും ആന്റണി ആൽബർട്ട് പൂർത്തിയാക്കിക്കഴിഞ്ഞു. കഥാപാത്രങ്ങളുടെ തിരഞ്ഞെടുപ്പിലേക്ക് നീങ്ങുകയാണിപ്പോൾ. അമേരിക്കൻ, യൂറോപ്യൻ താരങ്ങളെയും ഉൾപ്പെടുത്തുന്ന സിനിമയുടെ ചിത്രീകരണം ഇറ്റലിയിലെ പ്രശസ്തമായ ‘ചിനെചിത്ത’ ഫിലിം സിറ്റിയിലായിരിക്കും.

‘ചിനെചിത്ത’ അധികൃതരുമായുള്ള ചർച്ചക്കായി റോമിലെത്തിയ ആൽബർട്ട് ഫ്രാൻസിസ് പാപ്പയെ സന്ദർശിച്ച് തിരക്കഥയുടെ പകർപ്പ് സമർപ്പിച്ചതും ശ്രദ്ധേയമായി. പൊതുകൂടിക്കാഴ്ച വേദിയിൽവെച്ച് സിനിമയുടെ ഇതിവൃത്തത്തെക്കുറിച്ച് പാപ്പയോട് സംസാരിക്കാനായതിന്റെ സന്തോഷത്തിലാണ് ആൽബർട്ട്. തിരക്കഥയിൽ കൈയൊപ്പുവെച്ച പാപ്പ, സന്തോഷപുരസരം അദ്ദേഹത്തെ ആശീർവദിക്കുകയും ചെയ്തു.

വലിയ മുടക്കുമുതൽ ആവശ്യമായ പദ്ധതിക്കുവേണ്ടിയുള്ള ധനസമാഹരണത്തിലാണിപ്പോൾ ആന്റണി ആൽബർട്ട്. പദ്ധതിയുമായി സഹകരിക്കാൻ സന്മനസുള്ള യു.എസിലെ നിക്ഷേപകരുടെയും അഭ്യുദയകാംക്ഷികളുടെയും സുഹൃത്തുക്കളുടെയും സഹായവും ലഭ്യമാകുമെന്ന പ്രതീക്ഷയും അദ്ദേഹത്തിനുണ്ട്. രണ്ടു സഹസ്രാബ്ദം അപ്പുറത്തെ കാലഘട്ടത്തിന് അനുസരിച്ചുള്ള വേഷവിതാനങ്ങൾ, രംഗസംവിധാനം, സംഗീതം എന്നിങ്ങനെയുള്ള ഘടകങ്ങൾ ക്രമീകരണവും നടക്കുകയാണിപ്പോൾ.

‘കണ്ണേ മടങ്ങുക’ എന്ന ചലച്ചിത്രത്തിലൂടെ സിനിമാ ലോകത്തേക്ക് പ്രവേശിച്ച സംവിധായകനാണ് തിരുവനന്തപുരം സ്വദേശി ആന്റണി ആൽബർട്ട്. ഇന്ത്യൻ പനോരമയിലേക്ക് തിരഞ്ഞെടുക്കപ്പെട്ട ഈ ചിത്രം മൂന്നു സംസ്ഥാന പുരസ്‌കാരങ്ങളും കരസ്ഥമാക്കിയിട്ടുണ്ട്. ദേശീയതലത്തിൽ ശ്രദ്ധേയരായ 10 സംവിധായകർ ചേർന്ന് തയാറാക്കിയ ‘ക്രേസ് റോഡ്’ എന്ന സിനിമാ സംരംഭത്തിൽ ആന്റണി ആൽബർട്ടിന്റ ‘മുദ്ര’യും ഇടംപിടിച്ചിട്ടുണ്ട്. മോഹൻലാലും ഹോളിവുഡിന്റെ ആക്ഷൻ താരം ജാക്കിച്ചാനും ഒന്നിക്കുന്ന ‘നായർസാൻ’ എന്ന ചരിത്ര സിനിമയും ചിത്രീകരണത്തിന്റെ ഘട്ടത്തിലാണിപ്പോൾ. ചൈന അതിർത്തിയിലെ ചിത്രീകരണത്തിനുള്ള അനുമതിക്കായി കാത്തിരിക്കുകയാണ് ആന്റണി ആൽബർട്ട്.

Share:

Leave a Comment

Your email address will not be published. Required fields are marked with *

Latest Posts

Similar Postss

Don’t want to skip an update or a post?