Follow Us On

29

May

2020

Friday

ആര്‍.സി.ഇ.പി കരാര്‍ ജനദ്രോഹമോ?

ആര്‍.സി.ഇ.പി  കരാര്‍  ജനദ്രോഹമോ?

ശക്തമായ പ്രതിഷേധങ്ങളെ അവഗണിച്ചായിരുന്നു 2009-ല്‍ ആസിയാന്‍ കരാര്‍ കേന്ദ്ര സര്‍ക്കാര്‍ ഒപ്പുവച്ചത്. വ്യവസായ-സര്‍വീസ് മേഖലകളില്‍ വലിയ കുതിച്ചുകയറ്റം കൊണ്ടുവരുമെന്നായിരുന്നു എതിര്‍പ്പുകളെ മറികടക്കാന്‍ ഭരണനേതൃത്വം അന്നു ഉയര്‍ത്തിയ വാദം. കാര്‍ഷിക രംഗത്തിന് താല്ക്കാലികമായി മത്സരക്കമ്പോളത്തെ നേരിടേണ്ടിവരുമെങ്കിലും ഈ മേഖലയെ ശക്തമാക്കുമെന്നും ഭരണനേതൃത്വം ഉറപ്പുനല്‍കിയിരുന്നു. 10 വര്‍ഷങ്ങള്‍ക്കുശേഷം ആര്‍സിഇപി കരാര്‍ ഒപ്പുവയ്ക്കാന്‍ ഒരുങ്ങുമ്പോള്‍ ആ വാദങ്ങളെ സമഗ്രമായി വിലയിരുത്തിയാല്‍ പറഞ്ഞ കാര്യങ്ങള്‍ ഒന്നും യാഥാര്‍ത്ഥ്യമായില്ലെന്ന് വ്യക്തമാകും. കരാര്‍ വ്യവസായിക-സര്‍വീസ് മേഖലകളില്‍ വളര്‍ച്ച കൊണ്ടുവന്നില്ലെന്നുമാത്രമല്ല കാര്‍ഷിക മേഖല തകര്‍ന്നടിയുകയും ചെയ്തു. ആസിയാന്‍ കരാര്‍ ഒപ്പിടുമ്പോള്‍ റബര്‍, ഏലം, കാപ്പി, തേയില തുടങ്ങിയ കാര്‍ഷിക ഉത്പന്നങ്ങള്‍ക്ക് ന്യായമായ വില ഉണ്ടായിരുന്നു. എന്നാല്‍, ഇപ്പോള്‍ ഏലത്തിനൊഴിച്ച് ബാക്കി കാര്‍ഷിക ഉത്പന്നങ്ങളുടെ വില ഇടിഞ്ഞിരിക്കുന്നു. ഏലത്തിന്റെ വില ഉയരാന്‍ കാരണം ഉത്പാദനത്തില്‍ ഉണ്ടായിരിക്കുന്ന കുറവാണ്. അതിന്റെയും വില ഇപ്പോള്‍ കുറയുകയാണ്.
റബര്‍ കൃഷി ആദായകരമല്ലാത്ത വിധത്തിലേക്ക് എത്തി. റബര്‍ കര്‍ഷകന് നിലനില്ക്കാന്‍ കഴിയാത്ത സാഹചര്യമാണെങ്കിലും അതുകൊണ്ട് ലാഭംകൊയ്യുന്ന ചില വന്‍കിട കമ്പനികളുണ്ട്. നമ്മള്‍ ഉപയോഗിക്കുന്ന റബര്‍ ചെരുപ്പുമുതല്‍ വാഹനങ്ങളുടെ ടയറുകളുടെ വിലകള്‍ വരെ പരിശോധിക്കുക. അവയുടെ വില കുറഞ്ഞില്ലെന്ന് മാത്രമല്ല ക്രമാതീതമായി ഉയരുകയും ചെയ്തിട്ടുണ്ട്. 1997-98 കാലങ്ങളില്‍ ഒരു കിലോ പച്ചക്കൊളുന്തിന് കര്‍ഷകന് ലഭിച്ചിരുന്ന വില 20 രൂപയാണ്. അതേ കൊളുന്തിന് ഇപ്പോള്‍ ലഭിക്കുന്ന ശരാശരി വില 11 രൂപയും. ഏതാണ്ട് പകുതിയോളം കുറവു വന്നിരിക്കുന്നു. പക്ഷേ, ചായപ്പൊടിയുടെ വില എത്രയോ അധികം വര്‍ധിച്ചു. കൂലിയിലും വളങ്ങളുടെ വിലയിലും ഉണ്ടായിരിക്കുന്ന വര്‍ധനവ് വലുതാണ്. 20 വര്‍ഷംമുമ്പ് ലാഭകരമായിരുന്ന ആ കൃഷി നഷ്ടമായി മാറിയിരിക്കുന്നു. ഉത്പന്നങ്ങളുടെ വില കുറയുമ്പോള്‍ അതില്‍നിന്നും ലാഭം കൊയ്യാന്‍ കാത്തിരിക്കുന്ന ഒരു വിഭാഗമുണ്ട്. ചില കുത്തക കമ്പനികള്‍ക്ക് കൊള്ളലാഭം ഉണ്ടാക്കാനുള്ള സാഹചര്യമാണ് ആസിയാന്‍ കരാര്‍ വഴി സൃഷ്ടിക്കപ്പെട്ടത്. ഇങ്ങനെയുള്ള കരാറുകള്‍ ഒപ്പുവയ്ക്കുന്നതിന്റെ പിന്നില്‍ ശക്തമായ ഇടപെടലുകളുണ്ട്. എന്നാല്‍, കര്‍ഷകരുടെ ഭാഗം പറയുന്നവരുടെ ശബ്ദം ദുര്‍ബലപ്പെട്ടുപോകുന്നു.
ഇന്‍ഡോനേഷ്യ, മലേഷ്യ, ഫിലിപ്പിയന്‍സ്, സിംഗപ്പൂര്‍, തായ്‌ലന്റ്, ബ്രൂണോ, കംബോഡിയ, ലാവോസ്, വിയറ്റ്‌നാം, മ്യാന്‍മാര്‍ എന്നീ രാജ്യങ്ങളുമായിട്ടായിരുന്നു ആസിയാന്‍ കച്ചവട ഉടമ്പടി നിലവില്‍ ഉണ്ടായിരുന്നത്. ആര്‍സിഇപി കരാര്‍ ഒപ്പിട്ടാല്‍ ചൈന, ജപ്പാന്‍, സൗത്ത് കൊറിയ, ന്യൂസിലാന്റ്, ഓസ്‌ട്രേലിയ എന്നീ രാജ്യങ്ങളും പുതുതായി ആ പട്ടികയിലേക്ക് വരും. ആസിയാന്‍ കരാര്‍ ഏറ്റവുമധികം ബാധിച്ച സംസ്ഥാനമാണ് കേരളം. കാരണം, നമ്മള്‍ അഭിമാനമായി കരുതുന്ന ചില ഉത്പന്നങ്ങള്‍ ആസിയാന്‍ രാജ്യങ്ങളിലെ പ്രധാന കൃഷിയാണ്. ഇന്ത്യയുമായി വ്യാപാര കരാറില്‍ ഏര്‍പ്പെട്ടാല്‍ ആ രാജ്യങ്ങളിലെ കര്‍ഷകരെയും ബാധിക്കില്ലേ എന്നൊരു ചോദ്യം സ്വഭാവികമായും ഉണ്ടാകാം. കേരളത്തില്‍ ഒരു ഹെക്ടര്‍ സ്ഥലത്തുനിന്നുള്ള ശരാശരി കുരുമുളക് ഉത്പാദനം 380 കിലോഗ്രാമാണ്. അതേ സമയം വിയറ്റ്‌നാമില്‍ അത് ആയിരവും ഇന്ത്യോനേഷ്യയില്‍ മൂവായിരവുമാണ്. ഉത്പാദനക്ഷമത ഉയര്‍ന്നുനില്ക്കുന്നതിനാല്‍ വില കുറച്ചുവിറ്റാലും അവര്‍ക്ക് ലാഭമാണ്. ആസിയാന്‍ കരാര്‍ ഒപ്പിടുമ്പോള്‍ കര്‍ഷകര്‍ക്ക് ഗവണ്‍മെന്റ് നല്‍കിയ ഉറപ്പ് കാര്‍ഷിക മേഖലയെ ശക്തിപ്പെടുത്തുമെന്നായിരുന്നു. എന്നാല്‍, 10 വര്‍ഷങ്ങള്‍ക്കുശേഷം കാര്‍ഷിക മേഖല കൂടുതല്‍ ദുര്‍ബലപ്പെട്ടു എന്നതാണ് യാഥാര്‍ത്ഥ്യം. കേരളത്തിലെ കര്‍ഷകരില്‍ 70 ശതമാനത്തിനടുത്ത് ഇപ്പോഴും മഴയെ ആശ്രയിച്ച് കൃഷി ചെയ്യുന്നവരാണ്. കാലാവസ്ഥയില്‍ ഉണ്ടാകുന്ന വ്യതിയാനങ്ങള്‍ കൃഷിയെ ബാധിക്കും. എന്നാല്‍, കേരളത്തിന് മത്സരിക്കാനുള്ള രാജ്യങ്ങളിലെ സ്ഥിതി അതല്ല. ആധുനിക സൗകര്യങ്ങളാണ് ആ രാജ്യങ്ങളില്‍ ഒരുക്കിയിരിക്കുന്നത്.
ഇന്ത്യയിലെ ഗ്രാമീണ മേഖലയുടെ പ്രധാന വരുമാന മാര്‍ഗമാണ് കന്നുകാലി വളര്‍ത്തല്‍. ഗ്രാമങ്ങളില്‍ എവിടെയും പാല്‍ സൊസൈറ്റികള്‍ കാണാന്‍ കഴിയും. 16 കോടി ആളുകളുടെ ജീവനോപാധിയാണ് ക്ഷീരമേഖല. ആര്‍സിഇപി കരാര്‍ യാഥാര്‍ത്ഥ്യമായാല്‍ ഈ രംഗത്ത് ഇന്ത്യക്ക് മത്സരിക്കേണ്ടിവരുന്നത് ഓസ്‌ട്രേലിയ, ന്യൂസിലാന്റ് തുടങ്ങിയ രാജ്യങ്ങളുമായിട്ടായിരിക്കും. ന്യൂസിലാന്റില്‍ ക്ഷീരമേഖലയില്‍ പ്രവര്‍ത്തിക്കുന്നവര്‍ 10,000 പേരാണ്. ആധുനിക യന്ത്രസംവിധാനങ്ങള്‍ ഉപയോഗിച്ച് വ്യവസായികാടിസ്ഥാനത്തിലാണ് അവര്‍ പ്രവര്‍ത്തിക്കുന്നത്. ഗവണ്‍മെന്റിന്റെ ഗ്രാന്റും മറ്റുവിധത്തിലുള്ള സഹായങ്ങളുമുണ്ട്. ലോകത്തെ പാല്‍പ്പൊടി വിപണി നിയന്ത്രിക്കുന്നത് ന്യൂസിലാന്റാണ്. ഉപജീവനമാര്‍ഗമായി ഒന്നോ രണ്ടോ കാലികളെ പരിപാലിക്കുന്ന ഇവിടുത്തെ സാധാരണക്കാര്‍ക്ക് അവരോട് മത്സരിക്കാനുള്ള ശേഷിയില്ല. കരാര്‍ നടപ്പിലായാല്‍ പല മരുന്നുകളുടെയും വില നിശ്ചയിക്കുന്നതിനുള്ള അധികാരവും കുത്തക കമ്പനികളില്‍ എത്തിച്ചേരും.
ആര്‍സിഇപി കരാറുമായി ബന്ധപ്പെട്ട് രാജ്യത്ത് പ്രതിഷേധം ഉയരുമ്പോഴും കരാറിന്റെ വ്യവസ്ഥകള്‍ പുറത്തുവിടാന്‍ ഗവണ്‍മെന്റ് തയാറായിട്ടില്ല. ഇത്രയും രഹസ്യാത്മകത കാത്തുസൂക്ഷിക്കാന്‍ ഇത് സൈനിക രഹസ്യങ്ങള്‍ ഒന്നുമല്ലല്ലോ. രാജ്യത്തെ പ്രതികൂലമായി ബാധിക്കാന്‍ സാധ്യതയുണ്ടെന്ന് വിലയിരുത്തപ്പെടുന്ന കരാര്‍ പാര്‍ലമെന്റില്‍നിന്നും മറച്ചുപിടിക്കാന്‍ ശ്രമിക്കുമ്പോള്‍ ഇതിന് പിന്നിലെ ലക്ഷ്യം അത്ര ശുദ്ധമല്ലെന്ന് ചിന്തിക്കുന്നവരെ എങ്ങനെയാണ് തെറ്റുപറയാന്‍ കഴിയുന്നത്? ആസിയാന്‍ കരാര്‍ ഒപ്പിടുമ്പോഴും ഇതുപോലെ രഹസ്യസ്വഭാവം പുലര്‍ത്തിയിരുന്നു. അതിന്റെ അനന്തരഫലം രാജ്യം അനുഭവിച്ചുകൊണ്ടിരിക്കുകയാണ്. രാജ്യം ഗുരുതരമായ സാമ്പത്തിക മാന്ദ്യത്തെ നേരിടുമ്പോഴാണ് കാര്‍ഷികമേഖലയുടെ മരണമണി മുഴക്കുന്ന ഈ കരാര്‍ ഒപ്പിടാന്‍ ഒരുങ്ങുന്നത് എന്നുകൂടി ചിന്തിക്കണം. ജനങ്ങളെ കൂടുതല്‍ ദുരിതത്തിലേക്ക് തള്ളിവിടുന്ന ഈ കരാര്‍ എതിര്‍ക്കപ്പെടേണ്ടതാണ്.

Leave a Comment

Your email address will not be published. Required fields are marked with *

Latest Postss

Don’t want to skip an update or a post?