Follow Us On

19

February

2020

Wednesday

നന്മ ചെയ്യുകയില്ല ചെയ്യിക്കുകയുമില്ല

നന്മ ചെയ്യുകയില്ല ചെയ്യിക്കുകയുമില്ല

നിയമവും വകുപ്പും പറഞ്ഞ് എല്ലാ നല്ല കാര്യങ്ങള്‍ക്കും തടസം നിന്നവരാണ് ഫരിസേയര്‍. എന്നിട്ട് അവര്‍ സ്വയം ന്യായീകരിക്കുകയും മറ്റുള്ളവരെ കുറ്റംവിധിക്കുകയും ചെയതു. യേശുവിനോട് അവര്‍ നിരന്തരം ഏറ്റുമുട്ടിക്കൊണ്ടിരുന്നു. അത്തരം രണ്ട് ഏറ്റുമുട്ടലുകളുടെ വിവരങ്ങള്‍ മത്തായി 12:1-13 സുവിശേഷഭാഗത്ത് നമുക്ക് വായിക്കാം.
ഒന്നാമത്തെ സംഭവം ഇതാണ്: ഒരു സാബത്തുദിവസം യേശുവും ശിഷ്യന്മാരുംകൂടി ഗോതമ്പ് വയലിലൂടെ നടന്നുപോകുകയായിരുന്നു. ശിഷ്യന്മാര്‍ക്ക് അപ്പോള്‍ വിശക്കുന്നുണ്ടായിരുന്നു. അവര്‍ അതിനാല്‍ വയലില്‍നിന്ന് ഗോതമ്പ് പറിച്ച് തിന്നു. ഉടന്‍ ഫരിസേയര്‍ അതിനെ ചോദ്യം ചെയ്തു. അത്, സാബത്ത് ലംഘിച്ചു എന്ന് ആരോപിച്ചാണ്. പുറപ്പാട് 20:10 വചനത്തില്‍ ഇങ്ങനെ പറയുന്നു: ഏഴാം ദിവസം നിന്റെ ദൈവമായ കര്‍ത്താവിന്റെ സാബത്താണ്. അന്ന് നീയോ നിന്റെ മകനോ മകളോ ദാസനോ ദാസിയോ നിന്റെ മൃഗങ്ങളോ നിന്നോടൊത്ത് വസിക്കുന്ന പരദേശിയോ ഒരു വേലയും ചെയ്യരുത്. കതിരുകള്‍ പറിച്ചതിലൂടെ, സാബത്തുദിവസം ഒരു ജോലിയും ചെയ്യരുത് എന്ന ഈ കല്‍പ്പന ശ്ലീഹന്മാര്‍ ലംഘിച്ചു എന്നാണ് ഫരിസേയര്‍ ആരോപിച്ചത്. ഇതിന് മറുപടിയായി പഴയ നിയമകാലത്ത് നടന്ന പാപമല്ലാത്ത രണ്ട് നിയമലംഘനങ്ങള്‍ ആണ് യേശു ഉയര്‍ത്തിക്കാണിച്ചത്. ഒന്നാമത്തെ സംഭവം 1 സാമുവല്‍ 21:1-6 വചനങ്ങളില്‍ വിവരിച്ചിരിക്കുന്നു. പുരോഹിതനായ അഹിമലേക്കിനോട് ദാവീദ് അഞ്ചപ്പം ചോദിച്ചു. അപ്പോള്‍ പുരോഹിതന്‍ പറഞ്ഞു: വിശുദ്ധ അപ്പം അല്ലാതെ സാധാരണ അപ്പം എന്റെ കൈവശമില്ല. ഈ വിശുദ്ധ അപ്പം പുരോഹിതന്‍ ദാവീദിന് കൊടുത്തു. വിശുദ്ധ അപ്പം എന്താണ്, എങ്ങനെ ഉണ്ടാക്കണം, അത് ഭക്ഷിക്കാന്‍ അവകാശം ആര്‍ക്ക് തുടങ്ങിയ കാര്യങ്ങള്‍ ലേവ്യര്‍ 24:5-9 വചനങ്ങളില്‍ പറയുന്നുണ്ട്. അത് പുരോഹിതന്മാര്‍ക്ക് മാത്രം ഉള്ളതാണ്. ഈ അപ്പമാണ് പുരോഹിതനല്ലാത്ത ദാവീദിനും കൂട്ടര്‍ക്കും നല്‍കിയത്. ഈ നിയമലംഘനം നടത്തിയിട്ടും ആ പുരോഹിതന്‍ കുറ്റക്കാരനായില്ലല്ലോ എന്ന് യേശു ഫരിസേയരെ ഓര്‍മപ്പെടുത്തുകയാണ്. രണ്ടാമത്തെ സംഭവം, ഇസ്രായേല്‍ക്കാരെ ശപിക്കാന്‍ ബാല്‍രാജാവ് വിളിച്ചുകൊണ്ടുവന്ന ബാലാം ദൈവകല്‍പ്പന പ്രകാരം ഇസ്രായേലിനെ അനുഗ്രഹിക്കുന്നുണ്ട്. ഇവിടെ ബാലാം കല്‍പന ലംഘിച്ചു. പക്ഷേ അത് ദൈവഹിതം നടപ്പാക്കാനാണ് (സംഖ്യ 22:9-10). ഇനി അടുത്ത സംഭവം, സാബത്തുദിവസം യേശു കൈ ശോഷിച്ച ഒരാളെ സുഖപ്പെടുത്തിയതുമായി ബന്ധപ്പെട്ടാണ്. അവിടെയും സാബത്തുദിവസം ജോലി ചെയ്യരുത് എന്ന നിയമം യേശു ലംഘിച്ചു എന്നാണ് ഫരിസേയര്‍ ആരോപിച്ചത്.
ഈ രണ്ട് സംഭവങ്ങളും ഉയര്‍ത്തിക്കാട്ടിയശേഷം യേശു പറഞ്ഞു. ഈ രണ്ടിടത്തും മനുഷ്യദൃഷ്ടിയില്‍ നിയമലംഘനം നടന്നിട്ടുണ്ട്. എങ്കിലും ദൈവദൃഷ്ടിയില്‍ പാപം ഉണ്ടായിട്ടില്ല. കാരണം ഈ നിയമലംഘനങ്ങളെല്ലാം മനുഷ്യന് നന്മ ചെയ്യാന്‍വേണ്ടിയായിരുന്നു. യേശു പറഞ്ഞ ഒരു വാചകം ശ്രദ്ധിക്കണം: സാബത്തില്‍ നന്മ ചെയ്യുക അനുവദനീയമാണ്. അത്യാവശ്യ സാഹചര്യത്തില്‍ സാബത്തുനിയമം ലംഘിച്ചാലും അത് കുറ്റമാവില്ല എന്ന് യേശു വ്യക്തമാക്കുകയാണ്. നിയമത്തിനുവേണ്ടിയല്ല മനുഷ്യന്റെ നന്മയ്ക്കുവേണ്ടിയാണ് നിയമം. എല്ലാ നിയമങ്ങളുടെയും ലക്ഷ്യം മനുഷ്യന് നന്മ ഉണ്ടാകുക എന്നതാണ്. എന്നാല്‍ ചിലപ്പോഴെങ്കിലും നിയമങ്ങള്‍ മനുഷ്യന് നന്മ ചെയ്യുന്നതിന് തടസമായി നില്‍ക്കുകയാണ്.
കേരള മുഖ്യമന്ത്രി ഏതാനും തവണ സെക്രട്ടറിയേറ്റിലെ സ്റ്റാഫിനെ വിളിച്ചുകൂട്ടി പറഞ്ഞ ചില കാര്യങ്ങള്‍ ഓര്‍ക്കുകയാണ്. ഓരോ ഫയലിലും ഒരു ജീവിതമാണ് ഉള്ളത്. അതിനാല്‍ ആ ഫയലുകള്‍ വച്ചു താമസിപ്പിക്കരുത്; മനുഷ്യര്‍ക്ക് പരമാവധി നന്മ ഉണ്ടാകത്തക്കവിധത്തില്‍ നിയമം വ്യാഖ്യാനിച്ച് ആ ഫയലുകളുടെമേല്‍ തീരുമാനം എടുക്കണം. എന്തുകൊണ്ടാണിത് പറയേണ്ടി വന്നത്? ഫയലുകള്‍ വച്ചു താമസിപ്പിക്കുന്നതുകൊണ്ടും നിയമങ്ങള്‍ വളരെ കര്‍ക്കശമായി വ്യാഖ്യാനിച്ച്, മനുഷ്യര്‍ക്ക് ചെയ്യാവുന്ന നന്മകള്‍ ചെയ്യാതിരിക്കുന്നതുകൊണ്ടും.
സര്‍ക്കാര്‍ ഓഫിസിലും പോലിസ് സംവിധാനത്തിലുമെല്ലാം നിയമം കര്‍ശനമായി വ്യാഖ്യാനിച്ച് നീതിയും നന്മയും നിഷേധിക്കപ്പെട്ടവരുടെ എത്രയോ കഥകള്‍ ദൃശ്യ-അച്ചടിമാധ്യമങ്ങള്‍വഴി പുറത്തുവരാറുണ്ട്. ഇങ്ങനെ നീതി നിഷേധിച്ചാല്‍, ചിലര്‍ നിയമയുദ്ധത്തിന് പോകും; മറ്റുള്ളവര്‍ അത് സഹിക്കും. എന്നാല്‍ സഭയിലെ അധികാരികളിലൂടെ നീതിയും സഹായവും നിഷേധിക്കപ്പെടുമ്പോള്‍, അധികംപേരും കോടതി കയറാനൊന്നും പോകുന്നില്ല. പകരം അവര്‍ സഭയില്‍നിന്ന് അകലുന്നു. അവരില്‍ വളരെപ്പേര്‍ സഭാവിരോധികള്‍ ആകുന്നു. ഒരു ഉദാഹരണം പറയാം. പല ദൈവാലയങ്ങളിലും ഞായറാഴ്ച കുര്‍ബാനയ്ക്ക് ഇടവകക്കാര്‍ എല്ലാവരും വരുന്നില്ല. വികാരിയച്ചന്റെ വിഷമം കാരണം അച്ചന്‍ പള്ളിപ്രസംഗത്തില്‍ പരുഷമായി സംസാരിക്കുന്നു. പള്ളിയില്‍ വരാത്തവരോടുള്ള അരിശം, പള്ളിയില്‍ വന്നവരുടെമേല്‍ തീര്‍ക്കുകയാണ്. ഇത് ആവര്‍ത്തിക്കുമ്പോള്‍ പള്ളിയില്‍ വരാതിരിക്കുന്നവര്‍ പള്ളിയില്‍ വരാന്‍ തുടങ്ങുന്നില്ല. തന്നെയുമല്ല, കൃത്യമായി പള്ളിയില്‍ വന്നുകൊണ്ടിരിക്കുന്ന പലരും പള്ളിയില്‍ വരുന്നത് നിര്‍ത്തുകയും ചെയ്യുന്നു.
ഇന്നത്തെ കാലഘട്ടത്തില്‍ സഭയ്ക്ക് വേണ്ട അജപാലനനയം എന്തായിരിക്കണം? ആലയില്‍ ഉള്ളതിനെ നിലനിര്‍ത്തുകയും ആലയില്‍നിന്ന് പുറത്തുപോയവരെ തിരിച്ചുകൊണ്ടുവരികയും ചെയ്യാന്‍ ശ്രമിക്കണം. കര്‍ക്കശനിയമങ്ങളില്‍ വിട്ടുവീഴ്ചകള്‍ ചെയ്യണം. കാര്‍ക്കശ്യത്തിന്റെ പേരില്‍ വിശ്വാസികള്‍ പള്ളിയില്‍ വരുന്നതുപോലും നിര്‍ത്തിയാല്‍ പിന്നെ എന്ത് ചെയ്യും? അതിനാല്‍ സഭ നിയമങ്ങളുടെ കാര്‍ക്കശ്യത്തിനല്ല മുന്‍ഗണന നല്‍കേണ്ടത്. നിയമങ്ങളില്‍ കൂടുതല്‍ മനുഷ്യത്വവും കരുണയും കലര്‍ത്തി മനുഷ്യരെ പരമാവധി സഹായിക്കണം. വിശ്വാസികള്‍ക്കും അല്ലാത്തവര്‍ക്കും സഭയോട് കൂടുതല്‍ സ്‌നേഹം തോന്നണം. ക്രിസ്തു ചെയ്തതുപോലെ, മനുഷ്യര്‍ക്ക് നന്മ ഉണ്ടാകാനും ദൈവത്തില്‍നിന്നും സഭയില്‍നിന്നും അകന്നുപോകാതിരിക്കാനും നിയമം ഉപയോഗിക്കുമ്പോള്‍ കരുണയ്ക്കും നന്മയ്ക്കും കൂടുതല്‍ പ്രാധാന്യം കൊടുക്കണം.

Leave a Comment

Your email address will not be published. Required fields are marked with *

Latest Postss

Don’t want to skip an update or a post?