Follow Us On

22

November

2019

Friday

‘കാത്തലിക് ജിയോഹബ്’ തയാർ: ആഗോളസഭയുടെ സ്ഥിതിവിവര കണക്കുകൾ ഇനി വിരൽത്തുമ്പിൽ!

‘കാത്തലിക് ജിയോഹബ്’ തയാർ: ആഗോളസഭയുടെ സ്ഥിതിവിവര കണക്കുകൾ ഇനി വിരൽത്തുമ്പിൽ!

വത്തിക്കാൻ സിറ്റി: നിങ്ങളുടെ രൂപതയിൽ എത്ര ഇടവകകൾ ഉണ്ട്? നിങ്ങളുടെ ബന്ധുവിന്റെ രൂപതയാണോ നിങ്ങളുടെ രൂപതയാണോ അംഗസംഖ്യയിൽ വലുത്? അയൽ രൂപതയിലെ വൈദികരുടെ എണ്ണമെത്ര? ഈ ചോദ്യങ്ങൾക്കെന്നല്ല, ആഗോള കത്തോലിക്കാ സഭയുടെ സ്ഥിതിവിവരക്കണക്ക് സംബന്ധിച്ച കാര്യങ്ങളെല്ലാം ഇനി വിരൽത്തുമ്പിൽ ലഭ്യം. അമേരിക്കയിലെ സന്നദ്ധ ഡിജിറ്റൽ മാപ്പിംഗ് കൺസൾട്ടിംഗ് സ്ഥാപനമായ ‘ഗുഡ്‌ലാൻഡ്’സ് തയാറാക്കിയ ‘കാത്തലിക് ജിയോഹബ്’ (catholic-geo-hub) എന്ന സംരംഭമാണ് ഇതിന് അവസരമൊരുക്കുന്നത്.

കത്തോലിക്ക രൂപതകളുടെയും ഇടവകകളുടെയും അതിർത്തികൾ, വിശ്വാസികളുടെ എണ്ണം, ഇടവക ജനങ്ങളും പുരോഹിതരും തമ്മിലുള്ള അനുപാതം, ലോകത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള കത്തോലിക്ക ആരോഗ്യപരിപാലന കേന്ദ്രങ്ങൾ തുടങ്ങിയ വിവരങ്ങൾ ഭൂപടങ്ങളുടെ അടിസ്ഥാനത്തിൽ തയാറാക്കിയ സംവിധാനമാണ് ‘കാത്തലിക് ജിയോഹബ്’. ‘ഗുഡ് ലാൻഡ്’സിന്റെ സ്ഥാപകയായ മോളി ബുർഹാൻസാണ് ഈ ആശയത്തിനു പിന്നിൽ.

ഭൂമിശാസ്ത്രപരമായ വിവര സാങ്കേതികതയിൽ മുന്നിൽ നിൽക്കുന്ന എസ്രിയുടെ ജി.ഐ.എസ് (ജിയോഗ്രാഫിക് ഇൻഫോർമേഷൻ സിസ്റ്റംസ് സോഫ്റ്റ്‌വെയർ) സാങ്കേതികവിദ്യയാണ് മാപ്പുകൾക്കായി ഉപയോഗിച്ചിരിക്കുന്നത്. വത്തിക്കാൻ സ്റ്റേറ്റ് സെക്രട്ടറിയേറ്റ്, സെൻട്രൽ ഓഫീസ് ഫോർ ചർച്ച് സ്റ്റാറ്റിസ്റ്റിക്‌സ് എന്നീ വത്തിക്കാൻ വകുപ്പുകളിൽ നിന്നുള്ള വിവരങ്ങൾക്ക് പുറമേ, ‘കാത്തലിക്‌ഹൈരാർക്കി.ഓർഗ്’ എന്ന വെബ്‌സൈറ്റിൽ നിന്നുള്ള വിവരങ്ങളും ഭൂപടങ്ങൾക്കായി ഉപയോഗിച്ചിട്ടുണ്ട്.

ലത്തീൻ സഭാവിവരങ്ങൾക്ക് പുറമേ ഏതാനും പൗരസ്ത്യ സഭാ വിവരങ്ങൾ അടങ്ങുന്ന ഭൂപടങ്ങളും ലഭ്യമാണ്. ആഗോള സഭ നേരിടുന്ന പ്രധാന പ്രശ്‌നങ്ങളെ മനസിലാക്കാനുള്ള ‘പ്ലാറ്റ്‌ഫോം’ എന്നാണ് കാത്തലിക് ജിയോഹബ്ബിനെ ബുർഹാൻസ് വിശേഷിപ്പിക്കുന്നത്. വിവിധ ചോദ്യങ്ങൾക്ക് ഉത്തരം നൽകാൻ പുതിയ സംവിധാനം സഹായിക്കുമെന്ന പ്രതീക്ഷയിലാണ് ബുർഹാൻസ്. കഴിഞ്ഞ സെപ്റ്റംബറിൽ ന്യൂയോർക്കിൽ സമ്മേളിച്ച ക്ലൈമറ്റ് ആക്ഷൻ ഉച്ചകോടിയിൽ പ്രത്യേക പുരസ്‌കാരം കരസ്ഥമാക്കിയ വ്യക്തികൂടിയാണ് ബുർഹാൻസ്.

Leave a Comment

Your email address will not be published. Required fields are marked with *

Latest Posts

Similar Postss

Don’t want to skip an update or a post?