നെയ്റോബി: അർഹതപ്പെട്ടവർക്ക് അവാർഡ് ലഭിക്കുക എന്നത് അത്ഭുതമല്ല. എന്നാൽ, ആ അവാർഡിന്റെ യഥാർത്ഥ അവകാശി താനല്ലെന്ന് പ്രഖ്യാപിച്ച് താൻ ഉൾപ്പെടുന്ന സമൂഹത്തിന് ഒന്നടങ്കം അവാർഡ് സമർപ്പിക്കുമ്പോൾ അതിനെ അത്ഭുതമെന്നുതന്നെ വിശേഷിപ്പിക്കണം. പറഞ്ഞുവരുന്നത്, ഫ്രാൻസിസ്കൻ സഭാംഗം ബ്രദർ പീറ്റർ തബിച്ചി എന്ന ആഫ്രിക്കയിലെ അധ്യാപകനെക്കുറിച്ചാണ്.
ലോകത്തെ മികച്ച അധ്യാപകനുള്ള ‘ഗ്ലോബൽ ടീച്ചർ’ അവാർഡ് നേടിയ ബ്രദർ പീറ്റർ തബിച്ചിയെ തേടി ഐക്യരാഷ്ട്രസഭയുടെ ‘പേഴ്സൺ ഓഫ് ദ ഇയർ’ പുരസ്കാരം എത്തിയതിൽ വലിയ അത്ഭുതമില്ല. എന്നാൽ, അവാർഡ് ഇനത്തിൽ ലഭിച്ച വമ്പൻ തുക നയാ പൈസ മാറ്റിവെക്കാതെ തന്റെ നാട്ടിലെ വിദ്യാഭ്യാസ പ്രവർത്തനങ്ങൾക്കായി ഉപയോഗിക്കുമെന്ന് വെളിപ്പെടുത്തിയാൽ എങ്ങനെ അമ്പരക്കാതിരിക്കും!
ആയിരമോ പതിനായിരമോ ഒന്നുമല്ല, 10 ലക്ഷം ഡോളറാണ് ‘പേഴ്സൺ ഓഫ് ദ ഇയർ’ അവാർഡ്. ‘ഗ്ലോബൽ ടീച്ചർ’ അവാർഡ് ഇനത്തിൽ കിട്ടിയ 10 ലക്ഷം ഡോളറും അദ്ദേഹം ചെലവിട്ടത് തന്റെ നാട്ടിലെ വിദ്യാഭ്യാസ പ്രവർത്തനങ്ങൾക്കായിരുന്നു എന്നുകൂടി അറിയണം. എന്തായാലും ഇക്കാര്യത്തിൽ വലിയ അനുമോദനങ്ങളാണ് 36 വയസുകാരനായ ബ്രദർ തബിച്ചിക്ക് ലഭിച്ചുകൊണ്ടിരിക്കുന്നത്.
അവാർഡ് ലഭിക്കുംമുമ്പേ (അത് ആഗ്രഹിക്കാതെതന്നെ) അദ്ദേഹം ചെയ്തുകൊണ്ടിരുന്ന കാര്യങ്ങളെക്കുറിച്ച് അറിഞ്ഞാൽ ഇതിൽ അത്ര അത്ഭുപ്പെടാനൊന്നുമില്ല എന്നതാണ് വസ്തുത. യൂണിഫോമോ പുസ്തകങ്ങളോ വാങ്ങാൻ കഴിയാത്ത പാവപ്പെട്ടവർക്കുവേണ്ടിയാണ് ശമ്പളത്തിന്റെ 80%വും അദ്ദേഹം ചെലവിട്ടിരുന്നത്, ഇപ്പോൾ ചെലവിടുന്നതും.
കെനിയയിലെ റിഫ്റ്റ്വാലിയിലെ നാകുരുവിലുള്ള വിദൂര ഗ്രാമമായ പവാനിയിലെ ഇല്ലായ്മകൾ നിറഞ്ഞ കെരികോ മിക്സഡ് ഡേ സെക്കൻഡറി സ്കൂളിലെ പാവപ്പെട്ട വിദ്യാർത്ഥികൾക്കായി അദ്ദേഹം നടത്തുന്ന പ്രവർത്തനങ്ങളാണ് ആഗോള തലത്തിൽ ചർച്ചയായത്. നിസ്തുലമായ ആ സേവനത്തെ ആദരിച്ചാണ് കഴിഞ്ഞ മാർച്ചിൽ മികച്ച അധ്യാപകനുള്ള സണ്ണി വർക്കി ഫൗണ്ടേഷന്റെ ‘ഗ്ലോബൽ ടീച്ചർ’ പുരസ്കാരം ബ്രദർ തബിച്ചിക്ക് സമ്മാനിച്ചത്.
പതിനായിരത്തോളം നാമനിർദേശങ്ങളിൽ നിന്നാണ് ഐക്യരാഷ്ട്രസഭ അദ്ദേഹത്തെ തിരഞ്ഞെടുത്തത്. (179 രാജ്യങ്ങളിൽ നിന്നുള്ള പതിനായിരത്തിൽപ്പരം അധ്യാപകരിൽനിന്നാണ് അദ്ദേഹം ‘ഗ്ലോബൽ ടീച്ചർ’ അവാർഡിന് അർഹനായത്)
കെനിയൻ തലസ്ഥാനമായ നെയ്റോബിയിൽ നടന്ന അവാർഡുദാന സമ്മേളനത്തിൽ അദ്ദേഹം പറഞ്ഞ വാക്കുകളും ശ്രദ്ധേയമാണ്: ‘സഹപ്രവർത്തകരും കുട്ടികളും സമൂഹവുമാണ് ഒരു അധ്യാപകനെന്ന നിലയിൽ എന്റെ വിജയത്തിനു പിന്നിൽ.’ മികച്ച വിദ്യാഭ്യാസത്തിന്റെ അഭാവം ആഫ്രിക്കയിലെ സ്ത്രീകൾക്കുണ്ടെന്ന് ഓർമിപ്പിച്ച അദ്ദേഹം, ആളുകളിലെ ഏറ്റവും മികച്ചത് പുറത്തെടുക്കാൻ അവരെ സഹായിക്കുക എന്നതാവണം വിദ്യാഭ്യാസത്തിന്റെ ലക്ഷ്യമെന്നും കൂട്ടിച്ചേർത്തു.
Leave a Comment
Your email address will not be published. Required fields are marked with *