Follow Us On

29

March

2024

Friday

വൃക്ഷങ്ങളുടെ കൂട്ടുകാരന്‍

വൃക്ഷങ്ങളുടെ കൂട്ടുകാരന്‍

നാല്‍പതിലധികം പഴവര്‍ഗങ്ങള്‍,  ഇരുപതിനം വാഴകള്‍, 21 ഇനം  കുരുമുളക് ചെടികള്‍, നൂറിലധികം വ്യത്യസ്ത വൃക്ഷങ്ങള്‍, അറുപതോളം ഔഷധസസ്യങ്ങള്‍, പതിനഞ്ചിലധികം മുളകള്‍, വിവിധയിനം പുല്ലുകള്‍, ഇന്ത്യയ്ക്കകത്തും പുറത്തുമുള്ള അത്യപൂര്‍വമായ ഫലവൃക്ഷങ്ങള്‍ എന്നിങ്ങനെ അപൂര്‍വതകൊണ്ട് സമ്പന്നമാണ് പി.വി. ജോര്‍ജിന്റെ കൃഷിയിടം.

കൃഷിഭൂമിയില്‍ മഴക്കാട് സൃഷ്ടിച്ചുകൊണ്ട് പ്രകൃതിയോട് ചേര്‍ന്നുള്ള കൃഷിരീതി അവലംബിക്കുകയാണ് പേരാവൂരിലെ പി.വി. ജോര്‍ജ് പൂവത്തിങ്കല്‍. വീടിനോട് ചേര്‍ന്നുള്ള രണ്ടേക്കര്‍ സ്ഥലത്ത് വര്‍ഷം മുഴുവന്‍ പച്ചപ്പ് നിലനിര്‍ത്താനുള്ള സംവിധാനമൊരുക്കിയിട്ടുണ്ട്. ആരോഗ്യമുള്ള മണ്ണില്‍നിന്നാണ് ആരോഗ്യമുള്ള ചെടികളും മരങ്ങളും ഫലവര്‍ഗങ്ങളും വളരുന്നത്. ഇതില്‍നിന്ന് ലഭിക്കുന്ന ഭക്ഷ്യവസ്തുക്കള്‍ മനുഷ്യന് ആരോഗ്യം നിലനിര്‍ത്താന്‍ ഉതകുന്നു എന്ന കാഴ്ചപ്പാടാണ് പി.വി. ജോര്‍ജിനെ നയിക്കുന്നത്. വളക്കൂറുള്ള മണ്ണ് എക്കല്‍ മണ്ണാണ്. ഇതിന് സ്‌പോഞ്ചിന്റെ മൃദുത്വമുണ്ടാകും. എക്കലിന്റെ സത്ത സൗരോര്‍ജമാണ്. പറമ്പില്‍ പുല്ലും ചെടികളും യഥേഷ്ടം വളരാനും ഇവ മുറിച്ചിട്ട് മണ്ണില്‍ അലിയാനും അനുവദിക്കുന്നു. ഇങ്ങനെ വളക്കൂറുള്ള മണ്ണിലാണ് ആരോഗ്യമുള്ള ചെടികള്‍ വളര്‍ന്ന്, ആരോഗ്യമുള്ള ഫലം ലഭിക്കുന്നത്.
ജോര്‍ജിന് കൃഷിയോടുള്ള താല്‍പര്യം ചെറുപ്പംമുതല്‍ ഉണ്ടായിരുന്നു. സ്‌കൂളില്‍ പഠിക്കുമ്പോഴും കോളജുപഠനകാലത്തും കൃഷിയില്‍ സഹായിച്ചിരുന്നു. മില്‍മയില്‍ ജോലി ലഭിച്ച അദ്ദേഹം ജോലി ചെയ്ത സ്ഥലങ്ങളിലെല്ലാം കൃഷി ചെയ്തിരുന്നു. കോഴിക്കോട് നടുവട്ടം ഡയറി ഫാമില്‍ മാനേജരായപ്പോള്‍ അവിടെ ചെയ്ത കപ്പ, വാഴ തുടങ്ങിയ കൃഷി ശ്രദ്ധേയമായിരുന്നു. കുന്നമംഗലത്തെ ഡയറിയില്‍ മാനേജരായപ്പോള്‍ കുളം നിര്‍മിച്ച് അതില്‍ താമര പിടിപ്പിക്കുകയും മത്സ്യങ്ങള്‍ വളര്‍ത്തുകയും ചെയ്തിരുന്നു.
ജോലിയില്‍നിന്ന് 2006-ല്‍ വിരമിച്ചശേഷം പതിമൂന്ന് വര്‍ഷമായി മുഴുവന്‍ സമയ കൃഷിക്കാരനായി. വീടിനോടു ചേര്‍ന്നുള്ള രണ്ടേക്കര്‍ സ്ഥലത്ത് ജൈവരീതിയില്‍ തെങ്ങ്, കമുക്, ജാതി തുടങ്ങിയവയും ഇടവിളയായി വാഴ, കപ്പ, മഞ്ഞള്‍, ഇഞ്ചി, കാച്ചില്‍, ചേന, ചേമ്പ്, കൂര്‍ക്ക, ചീനിപ്പടല്‍ എന്നിവയും കൃഷി ചെയ്തുവരുന്നു. വിവിധയിനം കാച്ചിലും നാലഞ്ചിനം കപ്പയും നടുന്നുണ്ട്. കൂടാതെ മറ്റൊരു ഒന്നര ഏക്കര്‍ സ്ഥലത്ത് 70 കുള്ളന്‍ തെങ്ങുകളും കൃഷി ചെയ്യുന്നു. താമസസ്ഥലത്തുനിന്ന് രണ്ട് കിലോമീറ്റര്‍ അകലെയുള്ള ആറേക്കര്‍ സ്ഥലത്ത് റബറും കശുമാവും കൃഷി ചെയ്യുന്നുണ്ട്. കൃഷി സംബന്ധമായി പല വിദഗ്ധരുടെയും ക്ലാസില്‍ പങ്കെടുത്ത ഇദ്ദേഹം സുഭാഷ് പലേക്കറുടെ കൃഷിരീതിയാണ് അവലംബിക്കുന്നത്.
21 ഇനം കുരുമുളക്
ചെടികള്‍ക്കും മരങ്ങള്‍ക്കും അമിതമായ വെള്ളമല്ല ഈര്‍പ്പമാണ് വേണ്ടത്. മഴ കനക്കുമ്പോള്‍ ചെടികളും വൃക്ഷങ്ങളും മുരടിക്കുകയോ നശിക്കുകയോ ചെയ്യുന്നു. കുടിവെള്ളത്തിനുവേണ്ടി വീടിന്റെ പുറകില്‍ കിണറും ജലസേചനത്തിനുവേണ്ടി വലിയ കുളവും നിര്‍മിച്ചിട്ടുണ്ട്. കൊടുംവേനലില്‍ സമീപ കിണറില്‍ ജലം വറ്റിയാലും ഇവിടുത്തെ കുളത്തിലും കിണറിലും രണ്ടാള്‍ ഉയരത്തില്‍ ജലമുണ്ടാകും. വീടിന് പുറകിലുള്ള ചെറിയ കുന്നിലെ വനപ്രതീതി ഉളവാക്കുന്ന സ്ഥലമാണ് ധാരാളം ജലം ലഭിക്കുന്നതിന് കാരണം. ചെങ്കല്‍ കലര്‍ന്ന മണ്ണായതിനാല്‍ പ്രകൃതിദത്ത ജലസംഭരണി സ്‌പോഞ്ചുപോലെ ജലം സംരക്ഷിച്ച് സൂക്ഷിക്കുകയാണ്. ജലസേചനത്തിന് മൈക്രോ സ്പ്രിംഗഌ ഇറിഗേഷന്‍ സിസ്റ്റമാണുപയോഗിക്കുന്നത്. വേനല്‍ക്കാലത്ത് ഇരുപത് മിനിറ്റുകൊണ്ട് കൃഷിയിടം നനയ്ക്കാന്‍ കഴിയുന്നു. കൃത്യമായ ജലസേചനമുള്ളതിനാല്‍ വിളകള്‍ക്ക് മികച്ച ഉത്പാദനം ലഭിക്കുന്നു. വീടിന്റെ മേല്‍ക്കൂരയില്‍നിന്ന് ലഭിക്കുന്ന വെള്ളമുപയോഗിച്ച് കിണര്‍ റീചാര്‍ജിങ്ങും നടത്തുന്നു. കൃഷിയിടത്തില്‍ ജൈവവളമാണ് ഉപയോഗിക്കുന്നത്. കൂടാതെ ജീവാമൃതവും തളിക്കുന്നു.
ചാണകവും ഗോമൂത്രവും ലഭിക്കുന്നതിനായി ഒരു വെച്ചൂര്‍ പശുവിനെയും കാസര്‍ഗോഡന്‍ കുള്ളന്‍ ഇനത്തില്‍പ്പെട്ട പശുക്കിടാവിനെയും വളര്‍ത്തുന്നുണ്ട്. കരിങ്കോഴിയെയും നാടന്‍ കോഴിയെയും വളര്‍ത്തുന്നതിനാല്‍ കോഴിക്കാഷ്ഠവും വളമായി ഉപയോഗിക്കുന്നു. പറമ്പില്‍ ചെടികളും മറ്റും നടുമ്പോള്‍ കുഴിയെടുക്കുവാന്‍ മാത്രമേ മണ്ണ് ഇളക്കാറുള്ളൂ. അധികം വളരുന്ന കാട് വെട്ടി പുതയിടും. അവ ഉണങ്ങി പൊടിഞ്ഞ് ചീഞ്ഞ് മണ്ണിനെ ഫലപുഷ്ടിയുള്ളതാക്കുന്നു. ആന്‍ഡമാന്‍ ദ്വീപുകളില്‍മാത്രം കണ്ടുവരുന്ന ആന്‍ഡമാന്‍ പഡോക്കും കൃഷിയിടത്തിലുണ്ട്. 21 ഇനം കുരുമുളക് നട്ടുപിടിപ്പിച്ചിട്ടുണ്ട്. കൊന്ന, മുരിക്ക് മുതലായവയിലാണ് കുരുമുളക് വളരുന്നത്. കൃത്യമായ പരിചരണമുള്ളതിനാല്‍ ആദായം മോശമാകാറില്ല.
മത്സ്യക്കൃഷി
ജലസേചനത്തിനായി ഉണ്ടാക്കിയ കുളത്തില്‍ ധാരാളം തിലോപ്പിയയും മറ്റുചില മത്സ്യങ്ങളും വളരുന്നുണ്ട്. ആറ് ചെറിയ കുളങ്ങളിലും പടുതാ കുളത്തിലുമായി പൂവാക, ഗൗര, നട്ടര്‍, കാര്‍പ്പ്, ഞവണിക്ക, വാകവരാല്‍, ഗിഫ്റ്റി എന്നിവയും വളര്‍ത്തുന്നു. ചെറിയ കുളത്തില്‍ ഏഴ് കളറിലുള്ള ആമ്പലും രണ്ട് കളറില്‍ പൂ വിരിയുന്ന താമരയുമുണ്ട്. ഇവയെ മറ്റു കീടങ്ങള്‍ ആക്രമിക്കാതെ നിതാന്ത ജാഗ്രത പുലര്‍ത്തുന്നതുകൊണ്ട് കീടങ്ങളുടെ ആക്രമണങ്ങള്‍ ഉണ്ടാകാറില്ല. ശത്രുകീടങ്ങളെ മിത്രകീടങ്ങള്‍ കീഴ്‌പ്പെടുത്തുക പ്രകൃതിദത്തമാണ്. കീടബാധയുണ്ടായാല്‍ കാന്താരിമുളക് അരച്ച് ഗോമൂത്രത്തില്‍ കലര്‍ത്തി തളിക്കുകയാണ് ചെയ്യുക.
പഴവര്‍ഗങ്ങള്‍
അമ്പഴം, മധുര അമ്പഴം, ആത്ത, കരമുന്തിരി, മുന്തിരി, ഞാവല്‍, മിറാക്കിള്‍ ഫ്രൂട്ട്, ഇറാബ, സബര്‍ജെല്ലി, വെല്‍വെറ്റ് ആപ്പിള്‍, മലേഷ്യന്‍ ആപ്പിള്‍, ബേയര്‍ ആപ്പിള്‍, ഓറഞ്ച്, നാരകം, ദുരിയാന്‍, റംബുട്ടാന്‍, ഫിലോസാന്‍, വെള്ള ചാമ്പ, ചുവന്ന ചാമ്പ, തായ്‌ലന്റ് ചാമ്പ, ചൈനീസ് ഓറഞ്ച്, കല്‍ക്കട്ട മുസബി, ലിച്ചി, ലോങ്ങന്‍ ബട്ടര്‍ഫൂട്ട്, പീനട്ട് ബട്ടര്‍, പപ്പായ, സപ്പോട്ട, മുള്ളാത്ത, മുട്ടപ്പഴം, പേര, നെല്ലി, ആകാശവെള്ളരി, മാതളം, കൈതച്ചക്ക തുടങ്ങി നാല്‍പതിലധികം പഴവര്‍ഗങ്ങളും കുടംപുളി, ഇലുമ്പിപ്പുളി, രാജപുളി, പിനാര്‍പുളി, വാളന്‍പുളി തുടങ്ങിയ പുളിവര്‍ഗങ്ങളും പിടിപ്പിച്ചിട്ടുണ്ട്. നൂറ്റിപ്പതിനെട്ടുതരം ഔഷധസസ്യങ്ങളും കൃഷി ചെയ്യുന്നുണ്ട്.
പച്ചക്കറി
ടെറസില്‍ അറുപത് സ്‌ക്വയര്‍ മീറ്ററില്‍ മഴമറ നിര്‍മിച്ച് ഗ്രോബാഗുകളില്‍ പടവലം, പാവല്‍, വെള്ളരി, പയര്‍, വെണ്ട, വഴുതിന, കാബേജ്, കോളിഫഌവര്‍, തക്കാളി, ചതുരപ്പയര്‍, കുറ്റിബീന്‍സ്, അമര, കക്കിരി, കാന്താരി, പച്ചമുളക്, ചുരയ്ക്ക, റാഡിഷ്, നിത്യവഴുതിന, പാലകുചീര, ചീര, സൗഹൃദചീര, സുന്ദരിച്ചീര, പച്ചച്ചീര, വാളച്ചീര എന്നിവ കൃഷി ചെയ്യുന്നു. കൂടാതെ മഞ്ഞള്‍, കരിമഞ്ഞള്‍, കസ്തൂരിമഞ്ഞള്‍, ചുവന്ന ഇഞ്ചി, കറുത്ത ഇഞ്ചി സര്‍വസുഗന്ധി, ആര്യവേപ്പ്, കറിവേപ്പ്, പതിമുഖം എന്നിവയും കൃഷി ചെയ്യുന്നു.
വിദേശ ഇനങ്ങളായ മക്കോട്ടദേവ്, വെള്ള ഞാവല്‍, പൂച്ചപ്പഴം, ചൈനീസ് പേര, ചൈനയില്‍നിന്നുള്ള ബിഗിനേയി, മുട്ടിപ്പഴം എന്നിവയും വച്ചുപിടിപ്പിച്ചു. മുറ്റത്ത് ചെറിയ ചട്ടിയില്‍ വളമണ്ണ് നിറച്ച് മധുരത്തുളസി (സ്റ്റീവിയ) എന്ന ചെടി നട്ടിട്ടുണ്ട്. ഇതിന്റെ ഇലകള്‍ പൊടിച്ച് പഞ്ചസാരയ്ക്ക് പകരം ചായയില്‍ ഉപയോഗിക്കാമെന്ന് അദ്ദേഹം പറയുന്നു.
വൃക്ഷങ്ങള്‍
വെള്ളക്കടമ്പ്, ചുവന്ന കടമ്പ്, വെള്ള അകില്‍, ചുവന്ന അകില്‍, കരിമരം, ആഞ്ഞിലി, തേക്ക്, ആറിനം പ്ലാവുകള്‍, പതിനഞ്ചിനം മാവുകള്‍, ഇലഞ്ഞി, ആല്‍വൃക്ഷം, ചന്ദനം, രക്തചന്ദനം, വേങ്ങ, വീട്ടി, മരവുരി, ദന്തപൈന്‍, ആന്‍ഡമാന്‍പഡോക്ക്, പൊന്‍ചെമ്പകം, ചുരുളി, കണിക്കൊന്ന, കൊന്ന, ഉരുപ്പ്, വെങ്ങേക്ക്, കുമിള്‍, കുന്നി, മഹാഗണി, സണ്‍ഫാം, ഭൂതംകൊല്ലി തുടങ്ങിയ വൃക്ഷങ്ങളും കറിക്കുമാത്രം ഉപയോഗിക്കുന്ന മുള (ആസ്പര്‍) തുടങ്ങി പതിനഞ്ചിലധികം മുളകളും കൃഷി ചെയ്യുന്നു. കറിക്കുമാത്രം ഉപയോഗിക്കുന്ന മുള (ആസ്പര്‍) ഏകദേശം നാലഞ്ചടി പൊക്കം വയ്ക്കുമ്പോള്‍ മുറിച്ചെടുത്ത് ചെറുതായി നുറുക്കി തോരന്‍ വയ്ക്കുന്നു. ഇത് ഔഷധഗുണമുള്ളതാണെന്ന് ജോര്‍ജ് പറയുന്നു. മുറിച്ച ഭാഗത്തുനിന്ന് വീണ്ടും മുളകള്‍ പൊങ്ങി ശാഖയായി മാറുന്നു. ഇതുകൂടാതെ മറ്റധികം വിദേശവൃക്ഷങ്ങളും ഈ പറമ്പില്‍ വളരുന്നു.
ഈ വര്‍ഷം മുതല്‍ മിലിയമുബിയ അഥവാ മലവേമ്പ് കൃഷി ചെയ്യാന്‍ ആരംഭിച്ചിട്ടുണ്ട്. കാട്ടുകടുക്ക, കാട്ടുവേമ്പ്, കടുക്കാരൂര്‍, മലേവേസ്ട്ര, ബേവു എന്നീ പേരുകളിലും ഇതറിയപ്പെടുന്നു. വീടിന്റെ പുറകിലുള്ള ചെറിയ കുന്നില്‍ മണ്ണ് നിര്‍ത്തി എട്ടടി അകലത്തില്‍ നൂറോളം മലവേമ്പ് നട്ടിട്ടുണ്ട് കൂടാതെ അകലെയുള്ള മറ്റൊരു രണ്ടേക്കര്‍ സ്ഥലത്ത് 500 മലവേമ്പ് തൈകളും നട്ടിട്ടുണ്ട്. സോഫ്റ്റ് വുഡ് മരങ്ങളില്‍ വളര്‍ച്ചകൊണ്ട് കാട്ടുകടുക്കയാണ് മെച്ചം. പ്രധാനമായും പ്ലൈവുഡിനാണ് ഈ തടി ഉപയോഗിക്കുന്നത്. ശിഖരം ഉണ്ടാകാതെ വളരെ ഉയരത്തില്‍ വളരുന്ന ഇവ അഞ്ചുവര്‍ഷംകൊണ്ട് 64 ഇഞ്ചുവരെ വണ്ണം വയ്ക്കാറുണ്ടെന്ന് പറയുന്നു. മരപ്പൊടിയും ആട്ടിന്‍കാഷ്ഠവും ചാണകപ്പൊടിയുമാണ് വളമായി നല്‍കുന്നത്. വളരെ വില ലഭിക്കുന്ന വൃക്ഷമാണിത്.
കുറ്റിമുരിങ്ങ
മലവേമ്പ് നട്ട സ്ഥലത്തുതന്നെ ഇടവിളയായി 600 കുറ്റിമുരിങ്ങത്തൈ നട്ടിട്ടുണ്ട്. ഇത് പരീക്ഷണാര്‍ത്ഥം ചെയ്യുന്ന പുതുകൃഷിയാണ്. തമിഴ്‌നാട്ടിലെ പാറശാലയില്‍നിന്ന് വിത്ത് മേടിച്ച് പാകിപ്പിടിപ്പിച്ച തൈയാണ് നട്ടത്. ചുവട്ടില്‍ പുതയിട്ട് ജൈവവളമാണ് നല്‍കുന്നത്. ഒരു കിലോ ഉണങ്ങിയ മുരിങ്ങയിലയ്ക്ക് വിദേശ വിപണിയില്‍ ഇപ്പോള്‍ 1500 രൂപ വിലയുണ്ട്. പത്തുകിലോ പച്ചയിലയില്‍നിന്നാണ് ഒരു കിലോ ഉണങ്ങിയ ഇല ലഭിക്കുക. ഇത് പൊക്കംവയ്ക്കാതെ പടര്‍ന്ന് വളരുന്നു. മുരിങ്ങക്കായ ഔഷധഗുണമുള്ളതാണ്.
അടുത്ത വര്‍ഷം, ചെറുധാന്യങ്ങള്‍ – വരഗ്, തിന, കുതിരവാലി, പനിവരഗ്, ചാമ, മണിച്ചോളം, മുത്താറി എന്നിവയോടൊപ്പം അമേരിക്കന്‍ സൂപ്പര്‍ഫുഡ് എന്നറിയപ്പെടുന്ന ചിയ, കിലോന എന്നിവയും കൃഷി ചെയ്യാനുള്ള തയാറെടുപ്പിലാണ്.
പുതിയ ജൈവവളം
മണ്ണിന്റെ അസിഡിറ്റി കുറയ്ക്കാന്‍ കക്കയിടാറുണ്ട്. ചകിരി, ചാണകം, കോഴിവളം, പിണ്ണാക്ക് കൂട്ട് എന്നിവ കൂടാതെ ജീവാമൃതവും ചെടിയ്ക്കുപയോഗിക്കുന്നു. സസ്യങ്ങള്‍ക്കാവശ്യമായ ഈയം സൊലൂഷന്‍ കൂട്ടുവളംകൂടി ഉണ്ടാക്കുന്നു. തലശേരി സോഷ്യല്‍ സര്‍വീസ് സൊസൈറ്റിയുമായി സഹകരിച്ച് 2013-ല്‍ ജൈവ സര്‍ട്ടിഫിക്കേഷന്‍ ലഭിച്ചു. തുടര്‍ന്ന് ഫെയര്‍ട്രേഡ് അലയന്‍സ് കേരളയുമായി ചേര്‍ന്ന് ജൈവഗ്രൂപ്പ് സര്‍ട്ടിഫിക്കേഷന്‍ ലഭിച്ചിട്ടുണ്ട്. പേരാവൂര്‍ ഫൊറോന ഇടവകാംഗമാണ് പി.വി. ജോര്‍ജ്. പേരാവൂര്‍ ഗ്രാമപഞ്ചായത്തും കൃഷിഭവനും ചേര്‍ന്ന് 2017-ല്‍ മികച്ച സമ്മിശ്ര കര്‍ഷകനായി അദ്ദേഹത്തെ ആദരിച്ചിരുന്നു. ഫെയര്‍ട്രേഡ് അലയന്‍സ് കേരളയുടെ 2017-ലെ കര്‍ഷകരത്‌നം ജൂറിയുടെ പ്രത്യേക പുരസ്‌കാരം നേടിയിരുന്നു.
കൃഷി ദൈവത്തിന്റെ വരദാനമാണെന്നാണ് പി.വി. ജോര്‍ജ് പറയുന്നത്. വര്‍ഷങ്ങളായി ഒരു ദിവസംപോലും മുടങ്ങാതെ ദിവ്യബലിയില്‍ പങ്കെടുക്കുന്നു. അതിനുശേഷമാണ് കൃഷി. ഭാര്യ ബ്രിജീറ്റയും കൃഷിപ്പണിയില്‍ സഹായിക്കുന്നു. മൂന്നുമക്കളുണ്ട്. എല്ലാവരും ജോലിക്കാരാണ്. ജോലിസ്ഥലത്തുനിന്ന് വരുമ്പോള്‍ മക്കളും കൃഷിയില്‍ സഹായിക്കാറുണ്ട്.
ഫോണ്‍: 9447694537.

വര്‍ഗീസ് മൂര്‍ക്കാട്ടില്‍

Share:

Leave a Comment

Your email address will not be published. Required fields are marked with *

Related Posts

Latest Postss

Don’t want to skip an update or a post?