Follow Us On

20

May

2022

Friday

പാൻ ആമസോൺ സിനഡ്: ഇനിയും ചില കാര്യങ്ങൾകൂടിയുണ്ട്‌

പാൻ ആമസോൺ സിനഡ്: ഇനിയും ചില കാര്യങ്ങൾകൂടിയുണ്ട്‌

പ്രതീക്ഷകളും അതിലേറെ വിവാദങ്ങളും ആശങ്കകളും അരങ്ങുവാണ ആമസോൺ സിനഡിന്റെ ഫലം അറിയാനുള്ളപ്രാർത്ഥനാ നിർഭരമായ കാത്തിരിപ്പിൽ ചിന്തിക്കാൻ ചില കാര്യങ്ങൾ…

എം. സക്കേവൂസ്

ഫ്രാൻസിസ് പാപ്പ പത്രോസിന്റെ സിംഹാസനത്തിലെത്തിയ ശേഷം സഭയിൽ പാരമ്പര്യവാദികളും പുരോഗമന വാദികളും തമ്മിലുള്ള അകലം വർദ്ധിച്ചു വരികയാണെന്നതാണ് മാധ്യമങ്ങൾ നമുക്ക് പറഞ്ഞുതരുന്ന യാഥാർത്ഥ്യം. അല്ലെങ്കിൽ, സാമൂഹ്യ മാധ്യമങ്ങൾ മാത്രമല്ല, മുഖ്യധാരാ മാധ്യമങ്ങളും നമ്മോട് പങ്കുവെക്കുന്നതെല്ലാം നുണയാണെന്ന് വിശ്വസിക്കാൻമാത്രം നാം സത്യസന്ധരായിരിക്കണം. ഏറ്റവുമൊടുവിലിതാ, കഴിഞ്ഞ മാസം വത്തിക്കാനിൽ സമ്മേളിച്ച പാൻ ആമസോൺ സിനഡുമായി ബന്ധപ്പെട്ടുണ്ടായ ദുഃഖകരമായ സംഭവങ്ങൾ വിവാദവും മറികടന്ന് ഒരു മോഷണ കുറ്റത്തിൽ എത്തിനിൽക്കുന്നു.

വത്തിക്കാനിൽ സമ്മേളിച്ച സിനഡിൽ പങ്കെടുക്കാനെത്തിയ ആമസോൺ സമൂഹത്തിന്റെ പ്രതിനിധികൾ കൊണ്ടുവന്നതാണ് തടിയിൽ കൊത്തിയെടുത്ത പൂർണ ഗർഭിണിയുടെ പ്രതിമ അഥവാ ‘പച്ചമാമ’. വത്തിക്കാനിലെത്തിയ ഈ സ്ത്രീ പ്രതിമകൾ (പച്ചമാമ) വിഗ്രഹങ്ങൾ അല്ല, ആമസോൺ ജനതയുടെ തനത് ആത്മീയ സംസ്‌ക്കാരത്തിന്റെ ആവിഷ്‌ക്കാരങ്ങൾ മാത്രമാണെന്നാണ് സംഭവം വിവാദമായപ്പോൾ സിനഡിന്റെ സംഘാടകർ അഭിപ്രായപ്പെട്ടത്.

പ്രതിമകൾ വിഗ്രഹങ്ങളോ വിശുദ്ധ രൂപങ്ങളോ അല്ലെന്നാണ് ഏറ്റവുമൊടുവിൽ വത്തിക്കാനിൽനിന്ന് ലഭിച്ച വിശദീകരണവും. മറിച്ച് ജീവനെ പ്രതീകവത്കരിക്കുന്ന ഒരു ബിംബം മാത്രമാണത്രേ അത്. തികച്ചും കലാപരമായ ഒരു ആവിഷ്‌ക്കാരം. എന്നാൽ, വിഷയം വഷളാകുന്നതിനുമുമ്പ് ‘പച്ചമാമ’ (സ്ത്രീയുടെ ബിംബം) ആമസോൺ ആത്മീയതയിലുള്ള പരിശുദ്ധ മേരിയുടെ ആവിഷ്‌ക്കാരമാണെന്ന അഭിപ്രായവും ചില കോണുകളിൽനിന്ന് ഉയർന്നതായി മാധ്യമ റിപ്പോർട്ടുകൾ ഉണ്ടായിരുന്നു.

എന്തായാലും, ആമസോൺ പ്രതിനിധികൾ ഒന്നിലധികം പ്രതിമകളുമായാണ് സിനഡിൽ പങ്കെടുക്കാനെത്തിയത്. ആദ്യ ദിവസങ്ങളിൽ സിനഡ് സമ്മേളന സ്ഥലത്ത് പ്രത്യക്ഷപ്പെട്ട ‘പച്ചമാമ’ പ്രതിമകളിൽ ചിലത് തൊട്ടടുത്ത ദിവസം വത്തിക്കാനിൽനിന്ന് അധികം അകലെയല്ലാത്ത ട്രാൻസ്‌പോണ്ടിനായിലെ സെന്റ് മേരീസ് ദൈവാലയത്തിൽ പ്രത്യക്ഷപ്പെട്ടത് എല്ലാവരെയും അമ്പരിപ്പിച്ചു. തൊട്ടടുത്ത ദിവസംതന്നെ ദൈവാലയത്തിൽനിന്ന് അപ്രത്യക്ഷമായ ‘പച്ചമാമ’കൾ ടൈബർ നദിയിൽനിന്ന്‌പോലീസ് കണ്ടെടുത്തു.

പിന്നീട്, പൊലീസ് അറസ്റ്റ് ചെയ്തത് ഡേവിസ് എന്നു പേരായ ഒരു വ്യാജപുരോഹിതനെയാണ്. കത്തോലിക്കാസഭയുമായി യാതൊരു ബന്ധവുമില്ലാത്ത പുരോഹിതനെന്ന് സ്വയം അവകാശപ്പെടുന്ന ഡേവിസ് കടുത്ത വലതുപക്ഷ തീവ്രവാദ പ്രസ്താവനകളുടെ പേരിൽ മുമ്പും ജയിൽശിക്ഷ അനുഭവിച്ചിട്ടുണ്ടെന്നാണ് മാധ്യമ റിപ്പോർട്ടുകൾ.

മോഷണകുറ്റം സ്വയം ഏറ്റെടുത്ത ഡേവിസ് ആരോപിച്ചത് ആമസോൺ സിനഡിന്റെ പേരിൽ വത്തിക്കാനിൽ നടക്കുന്നത് പ്രാകൃതമായ വിഗ്രഹാരാധന ആണെന്നാണ്. പ്രതിമകൾ മോഷ്ടിക്കപ്പെടുകയും അനാദരിക്കപ്പെടുകയും ചെയ്തതിന് പിന്നിൽ പ്രവർത്തിച്ചത് പാശ്ചാത്യ യാഥാസ്ഥിതിക പക്ഷത്തിന്റെ അധീശത്വ മനോഭാവവും വംശീയ വികാരവുമാണെന്നാണ് ആമസോൺ സിനഡിന്റെ മുഖ്യ സംഘാടകരുടെ പ്രതികരണം.

ആരാണീ ‘പച്ചമാമ’

‘മാതൃഭൂമി’, ‘അമ്മയാകുന്ന ഭൂമി’ എന്നൊക്കെയാണ് ‘പച്ചമാമ’ എന്ന പദത്തിന്റെ അർത്ഥം. പുരാതന ആമസോൺ നദീതട സംസ്‌ക്കാരത്തിൽ പ്രബലമായിരുന്ന ‘ഇൻകാ’ സാമ്രാജ്യത്തിലെ ആൻഡിയൻ ജനത ആരാധിച്ചു പോന്നിരുന്ന പ്രാചീന ദേവതയാണ് ‘പച്ചമാമ’. ഫലഭൂയിഷ്ടതയുടെ ആരാധനാമൂർത്തി കൂടിയായിരുന്ന ‘പച്ചമാമ’ പിൽക്കാലത്ത് പ്രതീകവൽക്കരിക്കപ്പെട്ടത് പൂർണഗർഭിണിയുടെ രൂപത്തിലാണ്.

സാധാരണ വിളവെടുപ്പ് കാലത്താണ് ഈ ദേവതയുടെ ഉത്സവം ജനം പരമ്പരാഗതമായി ആഘോഷിച്ചുപോന്നിരുന്നത്. പ്രകൃതിയുമായി ഇണങ്ങിച്ചേർന്നുജീവിച്ച ആമസോൺ ആദിമസമൂഹത്തിന് ‘പച്ചമാമ’ ജീവന്റെ അടയാളം കൂടിയായിരുന്നു. 400ൽപ്പരം ഗോത്രങ്ങൾ അധിവസിക്കുന്ന ആമസോൺ പ്രദേശത്ത് ആത്മീയതയ്ക്ക് എന്നും സ്‌ത്രൈണ ഭാവമാണ് ഉണ്ടായിരുന്നതെന്നും ചരിത്രപുസ്തകങ്ങൾ പ~ിപ്പിക്കുന്നു.

ആമസോൺ ജനതയ്ക്കിടയിൽ മിഷൻ പ്രവർത്തനം നടത്തിയ സ്പാനിഷ് കത്തോലിക്കർ ‘പച്ചമാമ’യെ പരിശുദ്ധ മേരിയുമായി താതാദ്മ്യപ്പെടുത്തിയെന്നും പറയപ്പെടുന്നു. ആരെന്ത് പറഞ്ഞാലും ശരി, ക്രൈസ്തവ വിശ്വാസചരിത്രം പ~നാത്മകമായി പരിശോധിക്കുമ്പോൾ, ‘പച്ചമാമ’ ആരാധനയ്ക്ക് പേഗൻ സ്പർശം (പ്രകൃതി ശക്തികളെ ദൈവമായി ആരാധിക്കുന്ന പഴയരീതി. ക്രൈസ്തവ വീക്ഷണത്തിൽ ഇത് പേഗനിസം എന്ന് കൂടി അറിയപ്പെടുന്നു) ഉണ്ടെന്നതിൽ തർക്കമില്ല.

ഈ പേഗൻ ആരാധനയെക്കുറിച്ച് പറയുമ്പോൾ പുരാതന ഗ്രീക്ക് റോമൻ ശൈലികൾക്ക് ക്രൈസ്തവ സഭകളുമായുള്ള ബന്ധം പറഞ്ഞു പരത്തുന്നത് ന്യായീകരണത്തിനുവേണ്ടി മാത്രമാണ്. സമീപകാലത്ത് ചില ‘ന്യൂ ഏജ്’ ആത്മീയ സമൂഹങ്ങൾ ‘പച്ചമാമ’ സങ്കൽപ്പത്തെ ആരാധനാമൂർത്തിയാക്കി കാണുന്നുണ്ടെന്ന് കൂടി മനസിലാക്കുമ്പോൾ അതിന്റെ പേഗൻ ബന്ധത്തിന് കൂടുതൽ ബലമാകും.

പുതിയ ആത്മീയസംസ്‌ക്കാരം

സിനഡ് വക്താക്കൾ ഉന്നയിക്കുന്ന ഒരു പ്രധാന ആവശ്യമാണ്, നവസുവിശേഷവൽക്കരണത്തിന് സംസ്‌ക്കാരികാനുരൂപണം. ആമസോൺ ജനതയുടെ ആത്മീയ സംസ്‌ക്കാരം ഉൾക്കൊള്ളുന്ന ഒരു പദ്ധതിയാണ് അതിനുവേണ്ടത്. മേധാവിത്വത്തിന്റെയും അടിച്ചമർത്തലിന്റെയും പഴയ പാശ്ചാത്യ മിഷൻ പ്രവർത്തന ശൈലി ഇനി ലാറ്റിൻ അമേരിക്കൻ രാജ്യങ്ങളിൽ സാധ്യമല്ലെന്നു മാത്രമല്ല, വിലപ്പോവുകയുമില്ല.

(ഇത് കുറിക്കുമ്പോഴും കഴിഞ്ഞ നൂറ്റാണ്ടുകളിൽ യൂറോപ്യൻ മിഷനറിമാർ ആമസോൺ രാജ്യങ്ങളിലെ ഉൾപ്രദേശങ്ങളിൽ നടത്തിയ ത്യാഗപൂർണമായ ശുശ്രൂഷയെ മറന്നുകളയുന്നില്ല സിനഡ് അംഗങ്ങൾ) ഏറ്റുമുട്ടലിന് പകരം കണ്ടുമുട്ടലും സംവാദത്തിന് പകരം സംഭാഷണവുമാകാം. എന്നാൽ, എല്ലാത്തിനും ഉപരിയായി ജനതയുമായി ഐക്യപ്പെടലിനും ഒന്നാകലിനുമാണ് വചനപ്രഘോഷണത്തിൽ ശ്രമിക്കേണ്ടത്.

സാമ്പത്തിക, സാമൂഹ്യ, സംസ്‌ക്കാരിക രംഗങ്ങളിൽ നവ കൊളോണിയൻ ശക്തികളുടെ അടിച്ചമർത്തലുകൾക്ക് വിധേയമായിക്കൊണ്ടിരിക്കുകയാണ് ആമസോൺ ജനത. അവരുടെ പ്രകൃതി സമ്പത്ത് ആഗോള കുത്തക കമ്പനികൾ കൊള്ളയടിച്ചുകൊണ്ടിരിക്കുകയാണ്. ഈ ചൂഷണ സംസ്‌ക്കാരത്തിനെതിരെ ആമസോൺ ജനതയ്‌ക്കൊപ്പംനിന്ന് ഒരു പ്രതിരോധ ശക്തിയാകാൻ കത്തോലിക്കാസഭയ്ക്ക് കഴിയും.

എന്നാൽ, അന്യവൽക്കരിക്കപ്പെട്ടിരിക്കുന്ന അവരുടെ ആത്മീയ സംസ്‌ക്കാരത്തിലേക്ക് കടന്നുചെന്ന് പൊരുത്തപ്പെടാനായില്ലെങ്കിൽ ലാറ്റിൻ അമേരിക്കൻ രാജ്യങ്ങളിൽ സുവിശേഷ പ്രഘോഷണത്തിന് മറ്റുവഴികളുണ്ടാവില്ല എന്നാണ് ആമസോൺ ആത്മീയതയുടെ വക്താക്കളുടെ അവകാശവാദം.

ആമസോൺ റീത്ത്

ആമസോൺ ആത്മീയതയുടെ വക്താക്കൾ വത്തിക്കാന് മുമ്പിൽ വയ്ക്കുന്ന ഒരു പ്രധാന അഭ്യർത്ഥനയാണ്, ഒരു പുതിയ റീത്തിന് രൂപം നൽകുക എന്നത്- സാർവത്രിക സഭയിലെ മറ്റ് 23 റീത്തുകൾക്കുമൊപ്പം ഒരു പുതിയ റീത്തിന് കൂടി അംഗീകാരം നൽകുക. സ്വന്തം ആത്മീയ സംസ്‌ക്കാരം നിലനിർത്താൻ ആവശ്യമായ തനത് ആത്മീയാചാരങ്ങളും അനുഷ്~ാനങ്ങളും ഉൾക്കൊള്ളാൻ ഒരു ആരാധനാശൈലിക്ക് അഥവാ റീത്തിന് കഴിയുമെന്നും സിനഡ് അംഗങ്ങൾ വാദിച്ചു.

പരമ്പരാഗത പാശ്ചാത്യ ലത്തീൻ ശൈലിയിലുള്ള ആരാധനാക്രമം ആമസോണിന്റെ തനത് ആത്മീയ സംസ്‌ക്കാരത്തിന് അനുയോജ്യമല്ലെന്നും സിനഡ് അഭിപ്രായപ്പെടുന്നു. നവസുവിശേഷ വൽക്കരണത്തിനും ദൈവ വചന പ്രഘോഷണത്തിനും ജനത്തിന്റെതനത് ആത്മീയ സംസ്‌ക്കാരത്തെ വിശ്വാസത്തിലെടുക്കുന്ന പ്രവർത്തന ശൈലി ഉണ്ടാകണമെന്നും വാദിക്കുന്നു ആമസോണിന്റെ വക്താക്കൾ. പഴയ പരമ്പരാഗത അപ്രമാദിത്വത്തിന്റെ ശൈലി സ്വീകരിച്ച് പല പൗരസ്ത്യ സഭകളെയും നിർവീര്യമാക്കിയ കാര്യവും ഓർമപ്പെടുത്തുകയും ചെയ്തു അവർ.

വനിതകൾക്ക് ഡീക്കൻ പദവി

സഭയിൽ സ്‌ഫോടനാത്മകമായ സ്ഥിതി വിശേഷം സൃഷ്ടിക്കുന്ന മറ്റൊരു സുപ്രധാന നിർദേശമാണ് വനിതകൾക്ക് സ്ഥിരം ഡീക്കൻ പദവി നൽകണം എന്നത്. കൃത്യമായി പറഞ്ഞാൽ, ആമസോൺ മതവിശ്വാസ സംസ്‌ക്കാരം തന്നെ സ്‌ത്രൈണ ഭാവമുള്ളതാണ്. ആമസോൺ സംസ്‌ക്കാരത്തിൽ വിവിധവർഗ സമൂഹങ്ങളുടെ നിയന്ത്രണം സ്ത്രീകൾക്കാണ്. 70%ത്തോളം വരുന്ന സ്ത്രീകളാണ് വിവിധ മേഖലകളിൽ നേതൃത്വ സ്ഥാനം അലങ്കരിക്കുന്നതും.

അതുകൊണ്ട് സ്ത്രീകളെ അംഗീകരിക്കാതെയും വിശ്വാസത്തിലെടുക്കാതെയുമുള്ള ഒരു മിഷൻ പ്രവർത്തനം ആമസോൺ സമൂഹത്തിൽ വിജയിക്കില്ലെന്ന് സിനഡ് പിതാക്കന്മാർ  അഭിപ്രായപ്പെടുന്നു. അങ്ങനെ നോക്കുമ്പോൾ, സ്ത്രീ ശക്തി സഭയുടെ സാമൂഹ്യപ്രവർത്തനരംഗത്ത് മാത്രമല്ല, ആത്മീയ മേഖലയിലും കാര്യക്ഷമമാക്കാൻ വനിതകളുടെ സ്ഥിരം ഡീക്കൻ പദവി സഹായിക്കുമെന്നാണ് അവരുടെ വാദം. വൈദികരുടെ ലഭ്യത കുറവായ മേഖലകളിൽ അടിയന്തിരമായ ആത്മീയാവശ്യങ്ങൾ നിറവേറ്റിക്കൊടുക്കാൻ ഇത് വലിയ സഹായമാകുമെന്നും അവർ ചൂണ്ടിക്കാട്ടുന്നു.

വിവാഹിതരായ പുരുഷന്മാർക്ക് പൗരോഹിത്യം

വിവാഹിതരായ പുരുഷന്മാർക്ക് പൗരോഹിത്യം നൽകണമെന്നത് ദീർഘകാലമായി കത്തോലിക്കാസഭയിൽ പുരോഗമന വാദികളിൽനിന്ന് ഉയർന്നുകേൾക്കുന്ന ശബ്ദമാണ്. മുൻകാലങ്ങളിൽ പാപ്പമാർ ഈ ആവശ്യം നിരാകരിച്ചിട്ടും ഫ്രാൻസിസ് പാപ്പയുടെ കാലത്ത് ഇക്കാര്യം ഒരു മുറവിളിയായി ഉയരുകയാണ്. യാഥാസ്ഥിക പക്ഷമാകട്ടെ അത്രമേൽ ശക്തമായി അതിനെ എതിർക്കുകയും ചെയ്യുന്നു.

എതിർക്കുന്നവരുടെ വായടപ്പിക്കാൻ ആമസോൺ വാദികൾ ഉയർത്തുന്ന ചോദ്യം സാർവത്രിക സഭയിൽ മറ്റ് പല പൗരസ്ത്യ കത്തോലിക്കാസഭകളും വിവാഹിതർക്ക് പൗരോഹിത്യം നൽകുന്നുണ്ടല്ലോ എന്നതാണ്. ആമസോൺ ജനതയ്ക്ക് പൗരോഹിത്യത്തെ ബ്രഹ്മചര്യവുമായി കൂട്ടിയിണക്കുന്നതിനെക്കുറിച്ച് ചിന്തിക്കാൻ പോലും കഴിയില്ലെന്നാണ് മറ്റൊരുവാദം. വൈദികരുടെ ക്ഷാമവും അവർ ഉയർത്തിക്കാട്ടുന്നുണ്ട്.

ഇന്നത്തെ സാഹചര്യത്തിൽ ചില പ്രദേശങ്ങളിൽ വർഷത്തിൽ ഒന്നോ രണ്ടോ പ്രാവശ്യം മാത്രമാണ് തിരുക്കർമങ്ങൾക്കായി വൈദികർക്ക് എത്തിച്ചേരാൻ കഴിയുക. വിവാഹിതർക്ക് പൗരോഹിത്യം നൽകിയാൽ ജനങ്ങൾക്ക് യഥാസമയം കൂദാശ കർമങ്ങൾ ലഭ്യമാക്കുന്നതിൽ മാത്രമല്ല, പ്രദേശ വാസികളുമായി കൂടുതൽ അടുപ്പം സ്ഥാപിക്കാനും അതുവഴി പെന്തക്കോസ്ത് സഭകളുടെ സ്വാധീനത്തെ ചെറുക്കാനും കഴിയുമെന്നും അവർ വാദിക്കുന്നു.

കടമ മറക്കരുത് ആരും

ആമസോൺ സിനഡിന്റെ ആവശ്യങ്ങളും തീരുമാനങ്ങളുമെല്ലാം പാപ്പയുടെ അന്തിമ അംഗീകാരത്തിനായി സമർപ്പിച്ചിരിക്കുകയാണ്. മുകളിൽ പ്രസ്താവിച്ച വിഷയങ്ങളെല്ലാം പാരമ്പര്യ വാദികളുടെ ശക്തമായ എതിർപ്പിന് കാരണമാകുമെന്നതിൽ തർക്കമില്ല. സിനഡ് ചർച്ച കാര്യങ്ങളെല്ലാം തന്നെ സാർവത്രിക സഭയുടെ പരമ്പാഗത അടിസ്ഥാന പ്രമാണങ്ങളായതിനാൽ ആമസോൺ മേഖലയിൽനിന്നുള്ളവർമാത്രം സമ്മേളിച്ച ഒരു പ്രാദേശിക സിനഡിന് ഇക്കാര്യങ്ങളിൽ തീരുമാനമെടുക്കാനാവമോ എന്ന ചോദ്യം പ്രസക്തമാണ്.

ആദിമ സഭകളിൽ പ്രാദേശിക സിനഡുകളാണ് ഇതുപോലുള്ള സുപ്രധാന തീരുമാനങ്ങൾ എടുത്തിരുന്നതെന്നും മുഖ്യസഭകൾ അത് അംഗീകരിക്കുകയായിരുന്നുമെന്നുമാണ് മറുവാദം. ഒരു പ്രദേശത്തിന്റെയും സംസ്‌ക്കാരത്തിന്റെയും ആത്മീയവശങ്ങൾ മനസിലാക്കാനും അത് നിറവേറ്റാനുള്ള മാർഗങ്ങൾ കണ്ടെത്താനും മറ്റൊരു സംസ്‌ക്കാരത്തിൽ ജീവിക്കുന്നവർക്ക് കഴിയില്ലെന്ന വാദവും ഉന്നയിക്കാം. പക്ഷേ, തങ്ങൾ നിർദേശിക്കുന്ന മാർഗമാണ് ശരിയെന്ന് പ്രഖ്യാപിക്കുന്നതും തെറ്റാണ്.

എന്നാൽ, ലിബറൽ വാദികൾ തങ്ങളുടെ പ്രഖ്യാപിത അജണ്ട നടപ്പാക്കുന്നതിനുള്ള ഒരു ആസൂത്രിത പദ്ധതിയായി ആമസോൺ സിനഡിനെ മാറ്റുകയാണെന്ന പാരമ്പര്യവാദികളുടെ ആശങ്കൾ അസ്ഥാനത്തല്ല എന്ന് വിശ്വസിക്കുന്നവരുമുണ്ട്. ലാറ്റിൻ അമേരിക്കയിൽ നാളുകളായി ഉയർന്നു വരുന്ന പുതിയ ദൈവ ശാസ്ത്ര നിലപാടുകളെയും അവർ ഭയപ്പെടുന്നു. ഭിന്നതകൾ കൂടിവരുന്ന ഘട്ടത്തിൽ പാപ്പ ഏറെ പ്രാർത്ഥിച്ചതിനും ചിന്തിച്ചതിനും ശേഷം മാത്രമേ തീരുമാനമെടുക്കൂ എന്ന് നമുക്ക് തീർച്ചയായും പ്രത്യാശിക്കാം. സാർവത്രിക സഭയിൽ ഐക്യവും ഒരുമയും ഉണ്ടാകാൻ പരിശുദ്ധാത്മാവിന്റെ ഇടപെടലിനായി പ്രാർത്ഥിക്കുകയും വേണം ഓരോ വിശ്വാസിയും.

വിവാദങ്ങൾ പരിഹരിക്കാൻ മാർഗമുണ്ട് !

സിനഡിനോട് അനുബന്ധിച്ച് സുപ്രധാനമായ മറ്റ് ചില ചർച്ചയും ഉണ്ടായെന്നും ചില കത്തോലിക്കാ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നുണ്ട്. സാമ്പത്തിക രംഗത്ത് പങ്കുവെക്കലിൽ അസമത്വം ഉണ്ടാക്കുന്നതുപോലെ, പുരോഹിതരെ മിഷൻ പ്രവർത്തനത്തിന് അയക്കുന്നതിലും വിവേചനവും അസമത്വവും നിലനിൽക്കുന്നു എന്നതുമായി ബന്ധപ്പെട്ടതായിരുന്നു ചർച്ച.

ലാറ്റിൻ അമേരിക്കൻ രാജ്യങ്ങളിലെ ഉൾപ്രദേശങ്ങളിൽ പുരോഹിത ശുശ്രൂഷ ഏറെ വെല്ലുവിളികൾ നിറഞ്ഞതാണ്. എന്നാൽ, ഈ മേഖലകലിൽ യൂറോപ്യൻ മിഷനറിമാർ കഴിഞ്ഞ നൂറ്റാണ്ടുകളിൽ അതിസാഹസികമായി മിഷൻ പ്രവർത്തനം നടത്തിയിട്ടുണ്ടെന്നത് സത്യമാണ്. എന്നാൽ, ഇന്ന് അക്കാലഘട്ടത്തിലേതിനേക്കാൾ സ്ഥിതികൾ മെച്ചപ്പെട്ടെങ്കിലും പുരോഹിത ക്ഷാമം വർദ്ധിക്കുകയാണ്.

ആധികാരിക രേഖകളുടെ അടിസ്ഥാനത്തിലാണ് വിമർശകർ ഈ യാഥാർത്ഥ്യം അവതരിപ്പിക്കുന്നത്. ലോകത്തിലെ ആകെ കത്തോലിക്കരുടെ മൂന്നിൽരണ്ട് ഭാഗവും ജീവിക്കുന്നത് ലാറ്റിൻ അമേരിക്കയിലും ആഫ്രിക്ക, ഏഷ്യ എന്നീ ഭൂഖണ്ഡങ്ങളിലുമായാണ്. എന്നാൽ, ഇതിന് നേർവിപരീതമാണ് വൈദികരുടെ എണ്ണം. കത്തോലിക്കർ കൂടുതലുള്ള രാജ്യങ്ങളിൽ വൈദികർ കുറവും, കത്തോലിക്കർ കുറവുള്ള രാജ്യങ്ങളിൽ വൈദികർ കൂടുതലും.

ഉദാഹരണത്തിന് 70 മില്യൺ കത്തോലിക്കർ വസിക്കുന്ന യു.എസിൽ 37000 വൈദികരുണ്ട്. അതായത് 7200 പേർക്ക് ഒരു വൈദികൻ. എന്നാൽ, 23% കത്തോലിക്കർ വസിക്കുന്ന യൂറോപ്പിലാണ് പുരോഹിതരിൽ 42% പേരും സേവനം അനുഷ്~ിക്കുന്നതെന്ന കാര്യവും തിരിച്ചറിയേണ്ടതുണ്ട്. അതുകൊണ്ട് പാശ്ചാത്യരാജ്യങ്ങളിൽ ദൈവവിളികൾ കൂടുതലാണെന്ന് ആരും ധരിക്കരുത്.

ഇക്കാലത്ത് കത്തോലിക്കരുടെ മിഷൻ പ്രചോദനം സാമ്പത്തികാടിസ്ഥാനത്തിലും ജീവിതസുഖ സൗകര്യങ്ങളുടെ അടിസ്ഥാനത്തിലും നീങ്ങുന്നു എന്നതാണ് മറ്റൊരു യാഥാർത്ഥ്യം. വിശ്വാസികളുടെ ആവശ്യങ്ങൾ നിറവേറ്റാൻ സമ്പന്ന സഭകൾ വൈദികരെ രാജ്യത്തിന് പുറത്തുനിന്ന് കൊണ്ടുവരികയാണ്. യു.എസിൽ സേവനം ചെയ്യുന്ന വൈദികരിൽ 30%വും വിദേശത്ത് ജനിച്ചവരാണ്. അവിടങ്ങളിലെ ഭരണകൂടങ്ങളിൽ അതിനാവശ്യമായ നിയമനിർമാണം നടത്തുകയും ചെയ്യുന്നു.

എന്നാൽ, താരതമ്യേന ദരിദ്രരും ജീവിത സൗകര്യങ്ങൾ കുറഞ്ഞതുമായ ലാറ്റിൻ അമേരിക്കൻ രാജ്യങ്ങളിലേക്ക് വൈദികരുടെ ലഭ്യത വളരെ കുറവാണ്. നവസുവിശേഷ വത്കരണത്തിനായി ഇറങ്ങിപ്പുറപ്പെടേണ്ട സമീപകാലത്ത് നമ്മുടെ മിഷൻ പ്രചോദനം എത്രമാത്രം വിവേചനം നിറഞ്ഞതാണെന്ന് ഇതിൽനിന്ന് വ്യക്തമാണല്ലോ.

എന്നാൽ, കത്തോലിക്കരുടെ അനുപാതമനുസരിച്ച് വൈദികരെ പുരോഹിത ശുശ്രൂഷയ്ക്ക് അയയ്ക്കാൻ സഭയ്ക്ക് കഴിഞ്ഞാൽ വൈദികരുടെ ക്ഷാമത്തിന് പരിഹാരമുണ്ടാകുമെന്ന വാദത്തോട് നാം സത്യസന്ദ മായി പ്രതികരിക്കുമോ? അതുവഴി വിവാഹിതരുടെ പൗരോഹിത്യം വനിതകളുടെ ഡീക്കൻ പദവി തുടങ്ങിയ പാരമ്പര്യങ്ങൾ ഒരു പരിധിവരെ ഒഴിവാക്കാൻ കഴിഞ്ഞാൽ അതിന്റെ നന്മ ആർക്കാണ് ഉണ്ടാകുക. കുറ്റപ്പെടുത്തുന്ന ന്യായീകരണമുണ്ടാകുമെന്ന് തീർച്ചയാണ്.

 

Leave a Comment

Your email address will not be published. Required fields are marked with *

Similar Posts

Latest Posts

Don’t want to skip an update or a post?