Follow Us On

08

August

2020

Saturday

ദക്ഷിണ സുഡാനിൽ പാപ്പയും ആംഗ്ലിക്കൻ സഭാ തലവനും ഒരുമിച്ചു വരും; പക്ഷേ, ഐക്യം സംഭവിക്കണം!

ദക്ഷിണ സുഡാനിൽ പാപ്പയും ആംഗ്ലിക്കൻ സഭാ തലവനും ഒരുമിച്ചു വരും; പക്ഷേ, ഐക്യം സംഭവിക്കണം!

വത്തിക്കാൻ സിറ്റി: ദക്ഷിണസുഡാനിലെ രാഷ്ട്രീയ നേതാക്കൾ തർക്കങ്ങൾ പരിഹരിച്ച് സഖ്യസർക്കാർ രൂപീകരിച്ചാൽ വരുന്ന മാർച്ചിൽ അവിടെ സംയുക്ത സന്ദർശനത്തിനു പദ്ധതിയുമായി ഫ്രാൻസിസ് പാപ്പയും ആംഗ്ലിക്കൻ സഭയുടെ പരമാധ്യക്ഷൻ കാന്റർബറി ആർച്ച്ബിഷപ്പ് ജസ്റ്റിൻ വെൽബിയും. ആർച്ച്ബിഷപ്പ് വെൽബി കഴിഞ്ഞദിവസം വത്തിക്കാൻ സന്ദർശിച്ച് പാപ്പയുമായി നടത്തിയ ചർച്ചയിലാണ് ഈ ആശയം ഉടലെടുത്തത്.

പരസ്പരം വംശീയപോരാട്ടം നടത്തിയിരുന്ന ദക്ഷിണസുഡാൻ നേതാക്കളെ അനുരഞ്ജനത്തിനു പ്രേരിപ്പിക്കുന്നതിൽ പാപ്പയും റവ. വെൽബിയും മുൻകൈയെടുത്തിരുന്നു. ഏപ്രിലിൽ ദക്ഷിണസുഡാൻ പ്രസിഡന്റ് സാൽവാ ഖീറും എതിരാളി റെയ്ക് മച്ചാറും വത്തിക്കാനിലെത്തിയിരുന്നു. അനുരഞ്ജനത്തിനു പ്രേരിപ്പിക്കാൻ പാപ്പ ഇവരുടെ പാദങ്ങളിൽ ചുംബിച്ചത് വലിയ വാർത്തയായിരുന്നു. അന്ന് അവർക്കായി സംഘടിപ്പിച്ച ധ്യാനത്തിന് നേതൃത്വം നൽകിയത് ആർച്ച്ബിഷപ്പ് വെൽബിയായിരുന്നു. ധ്യാനത്തിനുശേഷമാണ് സൗത്ത് സുഡാൻ നേതാക്കൾ ആർച്ച്ബിഷപ്പ് വെൽബിക്കൊപ്പം പാപ്പയെ സന്ദർശിച്ചത്.

സഖ്യകക്ഷി സർക്കാർ രൂപീകരിക്കാൻ ഖീറും മച്ചാറും തമ്മിൽ ധാരണയായിട്ടുണ്ട്. എന്നാൽ, സുരക്ഷയടക്കമുള്ള കാരണങ്ങളാൽ സർക്കാർ രൂപീകരണം 100 ദിവസം കൂടി നീട്ടാൻ ഈ മാസമാദ്യം ഇരുവരും തീരുമാനിക്കുകയായിരുന്നു. ഇതിനു പിന്നാലെ സുഡാൻ സന്ദർശിക്കുമെന്ന സൂചന പാപ്പ നല്കിയിരുന്നു. ഫെബ്രുവരിക്കകം സർക്കാർ രൂപീകരണം നടന്നേക്കുമെന്നാണു പ്രതീക്ഷ. ഇതു സാധ്യമായാൽ മാർച്ചിൽ പാപ്പയുടെയും ആർച്ച്ബിഷപ്പ് വെൽബിയുടെയും സന്ദർശനംഉണ്ടായേക്കും.

Related Posts

Don’t want to skip an update or a post?