Follow Us On

18

April

2024

Thursday

ആദിവാസി പെണ്‍കുട്ടികളുടെ സംരക്ഷണത്തിനായി ജെ.ജെ.വി.എസ്.

ആദിവാസി പെണ്‍കുട്ടികളുടെ സംരക്ഷണത്തിനായി ജെ.ജെ.വി.എസ്.

കന്‍സബെല്‍, ഛത്തീസ്ഘട്ട്: ആദിവാസി സമൂഹങ്ങളുടെ സമഗ്രവികസനത്തിനായി സ്ഥാപിതമായ പ്രസ്ഥാനമാണ് ജീവന്‍ ജാര്‍ണാ വികാസ് സന്‍സ്ഥ (ജെ.ജെ.വി.എസ്). ഫ്രാന്‍സിസ്‌കന്‍ മിഷനറീസ് ഓഫ് മേരി സഭാംഗമായ സിസ്റ്റര്‍ ആനി ജീസസ് മേരിയാണ് ഇതിന്റെ ഡയറക്ടര്‍.
പ്രവര്‍ത്തനങ്ങള്‍ നേരത്തെ തുടങ്ങിയിരുന്നെങ്കിലും 2006 -ലാണ് ഇത് ഒരു സൊസൈറ്റിയായി രജിസ്റ്റര്‍ ചെയ്തത്. സിസ്റ്ററും സംഘടനാപ്രവര്‍ത്തകരും ഏകദേശം രണ്ട് പതിറ്റാണ്ടിലേറെയായി മനുഷ്യക്കടത്തിനെതിരെ പ്രവര്‍ത്തിച്ച് ദേശീയതലത്തില്‍ ശ്രദ്ധനേടിയതാണ്.
മനുഷ്യക്കടത്ത് വിരുദ്ധ സംസ്ഥാന അവാര്‍ഡ്, ന്യൂഡല്‍ഹിയിലെ ഫെഡറല്‍ വനിതാ ശിശുക്ഷേമ മന്ത്രാലയത്തിന്റെ വനിതാ ശാക്തീകരണ അവാര്‍ഡ്, ജിജാബായ് അച്ചീവേഴ്‌സ് അവാര്‍ഡ് തുടങ്ങി നിരവധി പുരസ്‌കാരങ്ങളും ലഭിച്ചിട്ടുണ്ട്.
നിരവധി പെണ്‍കുട്ടികളെ ജെ.ജെ.വി.എസിന്റെ നേതൃത്വത്തില്‍ മനുഷ്യക്കടത്തുകാരുടെ കരങ്ങളില്‍ നിന്ന് രക്ഷിച്ച് പുതിയ ജീവിതത്തിലേക്ക് നയിച്ചിട്ടുണ്ട്. അടുത്തിടെ ജാഷപൂര്‍ ജില്ലയിലെ സാഹിബാവനാ ഗ്രാമത്തിലുണ്ടായ ഒരു സംഭവം വളരെ ശ്രദ്ധ പിടിച്ചുപറ്റിയിരുന്നു. പത്തൊമ്പതും പതിനാറും വയസുള്ള രണ്ട് ആദിവസി പെണ്‍കുട്ടികളെ, അവിടുത്തെ മനുഷ്യക്കടത്ത് സംഘത്തില്‍ പെട്ട ചിലര്‍ വശീകരിച്ച് ഗ്രാമത്തിന് പുറത്ത് കൊണ്ടുപോയി പീഡിപ്പിച്ചു. അതിനുശേഷം അവരെ പൂനെയിലും ഗോവയിലുമുള്ള വേശ്യാലയങ്ങള്‍ക്ക് യഥാക്രമം 27,000, 18,000 രൂപയ്ക്ക് വിറ്റു.
കുട്ടികളെ കാണാതായ വിവരം അറിഞ്ഞ സിസ്റ്ററും സന്നദ്ധപ്രവര്‍ത്തകരും ഉണര്‍ന്നു പ്രവര്‍ത്തിച്ചു. അവര്‍ ഉടന്‍ ഗ്രാമത്തിലെത്തി, പെണ്‍കുട്ടികളുടെ മാതാപിതാക്കളെ കന്‍സബെല്‍ പോലീസ് സ്‌റ്റേഷനില്‍ കൊണ്ടുവന്ന് കാണാതായ അവരുടെ പെണ്‍മക്കളെക്കുറിച്ച് പരാതി നല്‍കി. ഗ്രാമത്തിലെ വിജിലന്റ് കമ്മിറ്റിയുടെ പിന്തുണയോടെ ഏജന്റുമാരെ പിടികൂടി പോലീസിന് കൈമാറി. അന്വേഷണത്തിന് ശേഷം പൂനെയിലും ഗോവയിലും നിന്ന് പെണ്‍കുട്ടികളെ തിരിച്ചുകൊണ്ടുവന്നു. വനിതാ ശിശുക്ഷേമ വകുപ്പിന്റെയും മറ്റും കൗണ്‍സിലിംഗിനുശേഷം പെണ്‍കുട്ടികള്‍ ഇപ്പോള്‍ കുടുംബത്തോടൊപ്പമുണ്ട്.
ജെ.ജെ.വി.എസ് കാമ്പസിലെ റെസിഡന്‍ഷ്യല്‍ ടൈലറിംഗ്, എംബ്രോയിഡറി കോഴ്‌സിന്റെ ബാച്ചില്‍ ചേരുന്നതിലൂടെ അവര്‍ പഠനം പുനരാരംഭിക്കുമെന്ന് സിസ്റ്റര്‍ ആനി പറഞ്ഞു.
രണ്ടായിരാമാണ്ടിന്റെ തുടക്കത്തില്‍ തന്നെ അവിടെ മനുഷ്യക്കടത്തുകാര്‍ പ്രവര്‍ത്തനം തുടങ്ങിയിരുന്നു. ഛത്തീസ്ഘട്ടിലെ ആദിവാസി സമൂഹത്തിന്റെ സാമ്പത്തിക സ്ഥിതി മെച്ചപ്പെടുത്തിയില്ലെങ്കില്‍ ഇത്തരം പ്രശ്‌നങ്ങള്‍ ഇനിയും ഉണ്ടാകാനുള്ള സാധ്യതകള്‍ ഉണ്ട്. ദാരിദ്യം, വ്യാപകമായ ലഹരിവസ്തുക്കളുടെ ദുരുപയോഗം, അടിസ്ഥാന സൗകര്യങ്ങളുടെ അഭാവം, വിദ്യാഭ്യാസ, തൊഴിലവസരങ്ങളുടെ അഭാവം എന്നിവ ജാഷ്പൂര്‍ ജില്ലയില്‍ കുട്ടികളുടെ കടത്ത് വര്‍ധിക്കാന്‍ കാരണമാകുന്നു എന്ന് സിസ്റ്റര്‍ ആനി പറയുന്നു.

Share:

Leave a Comment

Your email address will not be published. Required fields are marked with *

Related Posts

Latest Postss

Don’t want to skip an update or a post?