Follow Us On

19

April

2024

Friday

തിന്മയ്ക്ക് പഴുത് നല്‍കരുത്‌

തിന്മയ്ക്ക് പഴുത്  നല്‍കരുത്‌

കലാലയ കാലഘട്ടത്തിലെ ഒരു സായാഹ്നത്തില്‍ ഞങ്ങള്‍ സുഹൃത്തുക്കള്‍ ഹോസ്റ്റലില്‍ സൊറ പറഞ്ഞിരിക്കുകയാണ്. അതിനിടെ, ജീസസ് യൂത്തില്‍ സജീവമായിരുന്ന ഒരു സഹപാഠി സാത്താന്‍ ആരാധകരെക്കുറിച്ചും അവര്‍ സമൂഹത്തില്‍ പ്രചരിപ്പിക്കുന്ന വസ്തുക്കള്‍, ചിഹ്നങ്ങള്‍ എന്നിവയെക്കുറിച്ചും പറഞ്ഞുതുടങ്ങി. ക്രൈസ്തവര്‍ വളരെ പവിത്രമായി കാണുന്ന ജപമാലയില്‍ വരെ സാത്താന്റെ സന്ദേശവാഹകര്‍ കൃത്രിമം കാണിക്കാറുണ്ടെന്ന് പങ്കുവച്ച അവന്‍ അവയിലൊക്കെ ആലേഖനം ചെയ്യാറുള്ള ചില സാത്താനിക രൂപങ്ങളെക്കുറിച്ചും വ്യക്തമാക്കി. എത്ര വിശുദ്ധമെന്ന് കരുതുന്ന ഇടങ്ങളില്‍നിന്ന് ലഭിക്കുന്ന വിശ്വാസസംബന്ധമായ വസ്തുക്കളിലും ഇത്തരത്തിലുള്ള കൃത്രിമം നടക്കാന്‍ ഇടയുണ്ടെന്നത് എന്നില്‍ വലിയ ഉല്‍ക്കണ്ഠ സൃഷ്ടിച്ചു.
അവിടെവച്ചുതന്നെ ഞാനെന്റെ കഴുത്തില്‍ നിന്നും ജപമാല ഊരി പരിശോധിച്ചു. മനസിലായത് ഞെട്ടിക്കുന്ന യാഥാര്‍ത്ഥ്യമായിരുന്നു. കുറച്ച് മാസങ്ങളായി ധരിച്ചിരുന്നത് എന്റെ സുഹൃത്ത് പങ്കുവച്ച കാര്യങ്ങള്‍ അടങ്ങിയ, സാത്താനിക ചിഹ്നങ്ങള്‍ ആലേഖനം ചെയ്ത വ്യാജ ജപമാലയായിരുന്നു. ആ സത്യം എന്നെ തളര്‍ത്തുകയും എന്നില്‍ ഭയമുണര്‍ത്തുകയും ചെയ്തു. ഞാന്‍ അതില്‍ കണ്ടത് ഇവയായിരുന്നു: കുരിശില്‍ കിടക്കുന്നത് യേശു ക്രിസ്തുവിന് സമാനമായ രൂപം. എന്നാല്‍ കുരിശിന് മുകളിലായി സര്‍പ്പം ചുറ്റിക്കിടക്കുന്നു. ആണികളാല്‍ തറയ്ക്കപ്പെട്ട യേശുവിന്റെ കൈകളുടെ വശങ്ങളിലായി സൂര്യന്റെ ബിംബങ്ങളും. കൂടുതല്‍ സൂക്ഷ്മമായി പരിശോധിക്കാന്‍ നില്‍ക്കാതെ ഞങ്ങളത് നശിപ്പിച്ചു.
ഒരു പ്രമുഖ ധ്യാനകേന്ദ്രത്തില്‍ നിന്നായിരുന്നു എനിക്ക് ഈ സാത്താനിക ജപമാല ലഭിച്ചത് എന്നത് എന്നെ വല്ലാതെ ചൊടിപ്പിച്ചു. അവിടുത്തെ ധ്യാനങ്ങള്‍ക്ക് നേതൃത്വം നല്‍കിക്കൊണ്ടിരുന്ന ഒരു ശുശ്രൂഷകനാണ് വ്യാജ കൊന്ത നല്‍കിയത്. അയാള്‍ എനിക്കിത് കൈമാറിയത് ഞാന്‍ ധരിച്ചിരുന്ന വെഞ്ചരിച്ച ‘താവു കുരിശ്’ വലിച്ചെറിഞ്ഞ് കൊണ്ടായിരുന്നു. താവു കുരിശിനെക്കുറിച്ച് വേണ്ടത്ര അറിവില്ലാത്തതിനാലായിരിക്കാം അദ്ദേഹം അങ്ങനെ ചെയ്തതെന്നായിരുന്നു കരുതിയത്.
ഇതിന്റെ ബാക്കിയെന്നോണം, ഞാന്‍ അവിടുത്തെ രക്ഷാധികാരിയായ വൈദികനെ ഫോണില്‍ ബന്ധപ്പെട്ടു. അല്പം ദേഷ്യത്തോടെയാണ് ഞാന്‍ സംസാരിച്ചത്. കാരണം, വഞ്ചിക്കപ്പെട്ടു എന്ന ചിന്തയായിരുന്നു എന്റെ മനസ് നിറയെ. പക്ഷേ, ആ വൈദികന്‍ നിരപരാധിയാണെന്ന് എനിക്ക് മനസിലായി. ധ്യാനഗുരുവെന്ന പേരില്‍ കയറിക്കൂടിയ, എനിക്ക് കൊന്ത തന്ന ആള്‍ സാത്താന്‍ ആരാധകരുടെ രഹസ്യ പ്രതിനിധിയായി പ്രവര്‍ത്തിക്കുന്നത് അറിയാതെ അവിടുത്തെ വൈദികരും ധ്യാനത്തിനായി എത്തിയ വിശ്വാസികളും കബളിപ്പിക്കപ്പെടുകയായിരുന്നു. ധ്യാനങ്ങളില്‍നിന്നും രൂപതാധ്യക്ഷന്‍ ഇയാളെ വിലക്കിയെന്ന് പിന്നീട് അറിയാന്‍ കഴിഞ്ഞു.
ജപമാല രൂപപ്പെടുത്തുമ്പോള്‍, ഓരോ മണി കോര്‍ക്കുമ്പോഴും പ്രത്യേകമായ പ്രാര്‍ത്ഥന ചൊല്ലാറുണ്ടെന്നും എങ്കില്‍ മാത്രമേ ആ ജപമാല ദൈവിക ശക്തിയും ഫലപ്രാപ്തിയുള്ളതുമായിത്തീരുകയുള്ളൂവെന്നും മുതിര്‍ന്ന ചില കന്യാസ്ത്രീകള്‍ എന്നോട് മുമ്പ് പറഞ്ഞിട്ടുണ്ട്. എന്നാല്‍, ഇന്ന് എത്ര ജപമാലകള്‍ ഇത്തരത്തില്‍ കോര്‍ക്കപ്പെടുന്നുണ്ട്? ഓരോ മണിയിലും കുരിശ് ചിത്രീകരിച്ചിരിക്കുന്ന ജപമാല ഇന്ന് സുലഭമാണ്. ഇത്തരം ജപമാലകള്‍ എടുത്ത് നേരെ പിടിച്ച് നോക്കിയാല്‍ ഇതിലെ മിക്ക മണികളും കുരിശ് തലകീഴായ തരത്തിലായിരിക്കും കോര്‍ത്തിട്ടുണ്ടാവുക. ഇത് പലപ്പോഴും ബോധപൂര്‍വം ചെയ്യുന്നതായിരിക്കില്ല. എങ്കിലും ഇത്തരം അശ്രദ്ധയില്‍ അപകടം പതിയിരിക്കുന്നുണ്ടെന്ന് ഓര്‍ക്കുക. കുരിശുമണികളുള്ള കൊന്തയുടെ കാര്യത്തില്‍, അതിപ്രശസ്തവും വലിയ അത്ഭുതങ്ങള്‍ നടക്കുന്നതുമായ ദൈവാലയങ്ങളിലെയും ധ്യാനകേന്ദ്രങ്ങളിലെയും സ്റ്റാളുകളില്‍ വില്‍ക്കുന്നതും സമാനമായ ജപമാലകളാണെന്നാണ് എനിക്ക് നേരിട്ട് മനസിലാക്കാന്‍ സാധിച്ചത്. കച്ചവട താത്പര്യം കൂടുമ്പോള്‍ വേണ്ടവിധത്തില്‍ ശ്രദ്ധിച്ച് ജപമാല കോര്‍ക്കാന്‍ ആരും മെനക്കെടില്ല എന്ന വസ്തുതയെയും ഇതിനോട് ചേര്‍ത്ത് വായിക്കേണ്ടി വരും.
മാറുന്ന ഫാഷന്‍ സങ്കല്‍പങ്ങള്‍ക്കനുസരിച്ച് ക്രൈസ്തവീയമായതിനെ അതിന്റേതായ മഹത്വം നല്‍കാതെ ഉപയോഗിക്കുന്ന രീതിയിലേക്ക് ഇന്നത്തെ സമൂഹം മാറിക്കൊണ്ടിരിക്കുന്നു. വിവിധ വര്‍ണങ്ങളിലും വലുപ്പത്തിലുമുള്ള ജപമാലകളും കുരിശുരൂപങ്ങളും ഇന്ന് പലര്‍ക്കും ഫാഷന്റെ പ്രതീകങ്ങള്‍ മാത്രമാണ്. ക്രൈസ്തവ വിശ്വാസ സംബന്ധിയായവയെയും ചിഹ്നങ്ങളെയും കച്ചവട താത്പര്യങ്ങള്‍ക്കും ഗൂഢലക്ഷ്യങ്ങള്‍ക്കും വേണ്ടി വിനിയോഗിക്കുന്നവരുടെ ഉത്പന്നങ്ങള്‍ വഴിയോര കമ്പോളങ്ങളില്‍ ഇഷ്ടാനുസരണമുണ്ട്. ഇവിടങ്ങളില്‍ നിന്നും ഇത്തരം വസ്തുക്കള്‍ വാങ്ങുന്നവരില്‍ നല്ലൊരു പങ്ക് ക്രൈസ്തവ സമൂഹത്തില്‍പ്പെട്ട യുവാക്കളാണ് എന്നതാണ് ഖേദകരം. സാത്താനീയ വസ്തുക്കളും ആശയങ്ങളും പ്രചരിപ്പിക്കുന്നതിനായി ഏറ്റവും ഫലപ്രദമായ വേദികളിലൊന്നായി സാത്താന്‍ പ്രചാരകര്‍ തെരഞ്ഞെടുക്കുന്നത് ഫാഷന്‍ രംഗത്തെയാണ്.
ഇതുമായി ബന്ധപ്പെട്ട മറ്റൊരു സംഭവം കൂടി പറയാം: പ്രശസ്തമായ ഒരു ദൈവാലയത്തിലെ മതബോധന അധ്യാപികയും ക്വയര്‍ അംഗവുമായ പെണ്‍കുട്ടി. കാഴ്ചയ്ക്ക് മനോഹാരിത തോന്നിക്കുന്ന വേഷമാണ് ധരിച്ചിരുന്നത്. ശ്രദ്ധിച്ചപ്പോഴാണ് മനസിലായത് വസ്ത്രത്തില്‍ ഇംഗ്ലീഷ് അക്ഷരങ്ങളില്‍ ‘ഡെവിള്‍’ എന്നെഴുതിയിരിക്കുന്നു. ഞാന്‍ പറഞ്ഞപ്പോഴാണ് അവളും ഇക്കാര്യം ശ്രദ്ധിച്ചത്. വലുതായിട്ടാണ് എഴുതിയിരുന്നതെങ്കിലും ആകര്‍ഷകമായ രീതിയിലുള്ള ഡിസൈന്‍ ചേര്‍ത്തിരുന്നതിനാല്‍ വാക്ക് പെട്ടെന്ന് മനസിലാകുമായിരുന്നില്ല. അവളുടെ പിതാവ് വാങ്ങി നല്‍കിയതായിരുന്നുവത്രേ ഇത്. അത് കത്തിച്ചുകളഞ്ഞുവെന്നാണ് പിന്നീട് എന്നോട് പറഞ്ഞത്.
ഇത്തരം വസ്തുക്കളുടെ നിര്‍മാണവും വില്‍പനയും തടയാന്‍ സാധ്യമല്ല. അതേസമയം, ഇത്തരം ഉത്പന്നങ്ങള്‍ അല്ല നമ്മള്‍ ഉപയോഗിക്കുന്നത് എന്ന് ഉറപ്പുവരുത്തുകയാണ് വേണ്ടത്. പാപങ്ങളും പാപസാഹചര്യങ്ങളും പിടിമുറുക്കുന്ന കാലഘട്ടത്തില്‍ അതിന് തടയിടാന്‍ ശ്രമിക്കുന്ന ധ്യാനകേന്ദ്രങ്ങളിലും ക്രൈസ്തവ സഭയുടെ മറ്റ് ഇടങ്ങളിലും വില്‍ക്കപ്പെടുന്ന വസ്തുക്കളില്‍ തിരിമറി നടക്കുന്നില്ല എന്നത് അതാത് സ്ഥാപന അധികാരികളും വാങ്ങുന്നവരും പ്രത്യേകം പരിശോധിക്കേണ്ടത് അനിവാര്യതയാണ്. ക്രൈസ്തവ സഭയെ തകര്‍ക്കുന്നതിനായി സാത്താന്‍ ആരാധകര്‍ അധികമായി പ്രലോഭിപ്പിക്കുന്നതും ക്ഷണിക്കുന്നതും കത്തോലിക്ക സഭയുമായി ചേര്‍ന്നുനില്‍ക്കുന്നവരെയാണ് എന്നത് വിസ്മരിക്കരുത്. ഏറ്റവും ശ്രേഷ്ഠമായതിനെയും ബൃഹത്തായതിനെയും തകര്‍ക്കുന്നതിന് ശത്രുക്കള്‍ ഏറെയുണ്ടാകുമെന്ന മനഃശാസ്ത്രം മനസിലാക്കി ഇത്തരം പ്രവണതകള്‍ക്ക് പഴുത് നല്‍കാതിരിക്കാന്‍ കത്തോലിക്ക സഭാ നേതൃത്വവും വിശ്വാസികളും ഒരുപോലെ ശ്രദ്ധിക്കണം.

മെല്‍വിന്‍ പി. മാത്യു

Share:

Leave a Comment

Your email address will not be published. Required fields are marked with *

Related Posts

Latest Postss

Don’t want to skip an update or a post?