Follow Us On

05

December

2023

Tuesday

റേഡിയോയിൽ കേൾക്കുന്ന ശബ്ദം

റേഡിയോയിൽ കേൾക്കുന്ന ശബ്ദം

ദേശീയ റേഡിയോ നാടകമത്സരത്തിൽ നാടകം സംവിധാനം ചെയ്തതിന് ഒന്നാം സ്ഥാനം നേടിയ ആകാശവാണി പ്രോഗ്രാം പ്രൊഡ്യൂസർ ഷിബു മച്ചാടിനെ പരിചയപ്പെടാം. മലയാള നാടകത്തിന് ആദ്യമായാണ് ദേശീയതലത്തിൽ പുരസ്‌കാരം ലഭിക്കുന്നത്.
തൃശൂർ അതിരൂപതയിലെ മച്ചാട് ഇടവകാംഗമായ ഷിബു സ്‌കൂൾ തലത്തിൽ മോണോ ആക്ട്, മിമിക്രി, ക്ലേ മോഡലിംഗ് എന്നീ മത്സരങ്ങളിൽ കഴിവ് തെളിയിച്ചിരുന്നു. നാലുവർഷം തുടർച്ചയായി കാലിക്കറ്റ് യൂണിവേഴ്‌സിറ്റി ഡി സോൺ ഇന്റർസോൺ മത്സരങ്ങളിൽ മിമിക്രിയിൽ സമ്മാനം നേടി. കണ്ണൂരിൽ നടന്ന സൗത്ത് ഇന്ത്യ ഇന്റർ കൊളീജിയറ്റ് യൂത്ത് ഫെസ്റ്റിവലിൽ ഒന്നാം സ്ഥാനവും നേടി. ‘ചുറ്റുവട്ടം’ പരിപാടിയിൽ തുടർച്ചയായി പങ്കെടുത്തുകൊണ്ടാണ് ആകാശവാണിയിൽ സാന്നിധ്യമറിയിച്ചത്.
മച്ചാട് പള്ളിയിൽ ഫാ. രാജു അക്കര വികാരിയായിരിക്കുമ്പോൾ വിവിധ സംഘടനകളുടെ നേതൃത്വത്തിൽ ‘യുവവാണി’ പരിപാടി അവതരിപ്പിച്ചു. എം.എ ഇക്കണോമിക്‌സ് പാസായ ഷിബു മച്ചാട് റേഡിയോ പരിപാടികൾക്ക് ശബ്ദം നൽകുന്നു. തൃശൂർ സെന്റ് തോമസ് കോളജിലെ ഫൈൻ ആർട്‌സ് സെക്രട്ടറിയായിരുന്നു.
എഡിറ്റിംഗ്, സൗണ്ട് മിക്‌സിംഗ്, റെക്കോർഡിംഗ് എന്നീ മേഖലകളിൽ ആകാശവാണിയിൽനിന്ന് പരിശീലനം നേടി. ‘കോമഡി ടൈം’ എന്ന പ്രോഗ്രാം അവതരിപ്പിച്ചു.
റേഡിയോ നാടക മത്സരത്തിൽ പങ്കെടുക്കുകയെന്ന ഉദ്ദേശത്തോടെയല്ല വർക്ക് ചെയ്തത്. ‘ശബ്ദചിത്ര സന്നിവേശം – വൈതാളികം’ ഇങ്ങനെയാണ് റേഡിയോ നാടകങ്ങൾക്ക് ശബ്ദം നൽകുന്നത് അറിയപ്പെടുന്നത്. ശബ്ദം നൽകുന്നതിലൂടെ കേൾവിക്കാർക്ക് സിനിമ കാണുന്ന ഫീൽ ഉണ്ടാക്കുക – അതാണ് റേഡിയോ നാടകങ്ങൾ ചെയ്യുമ്പോഴുള്ള വെല്ലുവിളി; ഷിബു മച്ചാട് പറയുന്നു. ചീവീടുകളുടെ ശബ്ദം – നെല്ലിയാമ്പതിയിൽ പോയാണ് റിക്കോർഡ് ചെയ്തത്. അതുപോലെ നാടകത്തിലെ ഓരോ സംഭവങ്ങളും വ്യത്യസ്ത സ്ഥലങ്ങളിൽ പോയി റിക്കാർഡ് ചെയ്ത് ഇതിൽ മിക്‌സ് ചെയ്തു ചേർക്കുകയായിരുന്നു.
ഭാരതത്തിലെ എല്ലാ റേഡിയോ സ്റ്റേഷനിൽനിന്നും നാടകമത്സരത്തിന് എൻട്രി ഉണ്ടായിരുന്നു. ഏഴു കഥകളാണ് ചെയ്തത്. ഏഴ് ആഴ്ചകളിലായാണ് ഇത് പ്രക്ഷേപണം ചെയ്തത്. ഏഴ് കഥകളിലെ ഒരു കഥയാണ് ദേശീയ നാടക മത്സരത്തിന് അയച്ചത്. മലയാളം സ്‌ക്രിപ്റ്റിനോടൊപ്പം പത്ത് ബുക്ക്‌ലെറ്റും ഇംഗ്ലീഷ്, ഹിന്ദി തർജമകളും ഒപ്പം അയക്കേണ്ടി വന്നു.
കേരളത്തിൽനിന്ന് ആദ്യമായാണ് മലയാള നാടകത്തിന് ദേശീയ തലത്തിൽ അംഗീകാരം ലഭിക്കുന്നത്. പ്രഫഷണലുകൾ ഇല്ലാതെ സാധാരണക്കാരായ ആളുകളെ ഉൾപ്പെടുത്തിയാണ് ഈ നാടകം സംവിധാനം നിർവഹിച്ചതെന്നതാണിതിന്റെ പ്രത്യേകത. ന്യൂഡൽഹിയിൽ നടന്ന സമ്മേളനത്തിൽ കേന്ദ്ര വാർത്താ വിതരണ പ്രക്ഷേപണ മന്ത്രിയിൽനിന്ന് ഷിബു മച്ചാട് അവാർഡ് സ്വീകരിച്ചു.
സൈജോ ചാലിശേരി
 

Share:

Leave a Comment

Your email address will not be published. Required fields are marked with *

Latest Postss

Don’t want to skip an update or a post?