Follow Us On

29

March

2024

Friday

കത്തോലിക്ക കോണ്‍ഗ്രസ് സഭയുടെ അല്മായശക്തി: ആര്‍ച്ച്ബിഷപ് മാര്‍ കരിയില്‍ കത്തോലിക്ക കോണ്‍ഗ്രസ് നേതൃസംഗമവും ‘വിഷന്‍ 2020’യും ഉദ്ഘാടനം ചെയ്തു

കത്തോലിക്ക കോണ്‍ഗ്രസ് സഭയുടെ അല്മായശക്തി: ആര്‍ച്ച്ബിഷപ് മാര്‍ കരിയില്‍  കത്തോലിക്ക കോണ്‍ഗ്രസ് നേതൃസംഗമവും ‘വിഷന്‍ 2020’യും ഉദ്ഘാടനം ചെയ്തു

കൊച്ചി: സഭയുടെ അല്മായ ശക്തിയായ കത്തോലിക്ക കോണ്‍ഗ്രസ് കൂടുതല്‍ സജീവമാകേണ്ടതു സമുദായത്തിനും സമൂഹത്തിനും ആവശ്യമാണെന്ന് എറണാകുളം-അങ്കമാലി അതിരൂപത മെത്രാപ്പോലീത്തന്‍ വികാരി ആര്‍ച്ച്ബിഷപ് മാര്‍ ആന്റണി കരിയില്‍ പറഞ്ഞു. സീറോ മലബാര്‍ സഭയുടെ ഔദ്യോഗിക അല്മായ പ്രസ്ഥാനമായ കത്തോലിക്ക കോണ്‍ഗ്രസ് എറണാകുളം – അങ്കമാലി അതിരൂപത ഘടകത്തിന്റെ നേതൃസംഗമത്തിന്റെയും ‘വിഷന്‍ 2020’ യുടെയും  എറണാകുളം സെന്റ് മേരീസ് ബസിലിക്കയില്‍ നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം.
സഭയോടു ചേര്‍ന്നു നിന്നു അല്മായ ശാക്തീകരണത്തിലും സമുദായ, സാമൂഹ്യ സേവനപ്രവര്‍ത്തനങ്ങളിലും ക്രിയാത്മകമായ ഇടപെടലുകള്‍ നടത്താന്‍ കത്തോലിക്കാ കോണ്‍ഗ്രസിനു സാധിക്കും. സഭയെയും സമൂഹത്തെയും ശക്തിപ്പെടുത്താന്‍ കത്തോലിക്ക കോണ്‍ഗ്രസ് നല്‍കിയിട്ടുള്ള സംഭാവനകള്‍ വിസ്മരിക്കാനാവുന്നതല്ല. സേവനവും ശുശ്രൂഷയും പ്രസംഗത്തിലെന്നപോലെ പ്രവൃത്തിയിലും ഉണ്ടെന്നുറപ്പുവരുത്താന്‍ നേതൃരംഗത്തുള്ളവര്‍ക്കു സാധിക്കണം. ക്രിസ്തു വിഭാവനം ചെയ്ത നേതൃത്വ ശൈലിയാണു നാം പ്രചോദനമാക്കേണ്ടത്. ഇന്നലെകളില്‍ നമുക്കു പ്രചോദനമായ മാതാപിതാക്കളെയും മറ്റുള്ളവരെയും അഭിമാനത്തോടെ സ്മരിക്കണം. എറണാകുളം-അങ്കമാലി അതിരൂപതയില്‍ കത്തോലിക്കാ കോണ്‍ഗ്രസിന്റെ പ്രവര്‍ത്തനങ്ങള്‍ക്കു എല്ലാവിധ പിന്തുണയും പ്രോത്സാഹനവും ഉണ്ടാകുമെന്നും മാര്‍ കരിയില്‍ പറഞ്ഞു.
‘ഒന്നിച്ചൊന്നായ് നാളെകളിലേക്ക്’ എന്ന ആശയവുമായി കത്തോലിക്ക കോണ്‍ഗ്രസ് അതിരൂപതയില്‍ നടപ്പാക്കുന്ന ‘വിഷന്‍ 2020’ യുടെ പ്രകാശനം റോജി എം. ജോണ്‍ എംഎല്‍എ നിര്‍വഹിച്ചു. രാഷ്ട്രനിര്‍മാണ പ്രക്രിയയില്‍ വിവിധ തലങ്ങളില്‍ പങ്കാളികളാകാന്‍ പ്രാപ്തരായവരെ പ്രോത്സാഹിപ്പിക്കുന്നതിനു കത്തോലിക്ക കോണ്‍ഗ്രസിനു സാധിക്കുമെന്ന് അദ്ദേഹം പറഞ്ഞു.
അതിരൂപത ജനറല്‍ സെക്രട്ടറി ജെയ്‌മോന്‍ തോട്ടുപുറം പ്രവര്‍ത്തന റിപ്പോര്‍ട്ട് അവതരിപ്പിച്ചു. പ്രസിഡന്റ് ഫ്രാന്‍സീസ് മൂലന്‍ അധ്യക്ഷത വഹിച്ചു. ഡയറക്ടര്‍ ഫാ. സെബാസ്റ്റ്യന്‍ ഊരക്കാടന്‍ ആമുഖ പ്രഭാഷണം നടത്തി.
കത്തോലിക്ക കോണ്‍ഗ്രസ് ഗ്ലോബല്‍ പ്രസിഡന്റ് അഡ്വ. ബിജു പറയനിലം മുഖ്യാതിഥിയായിരുന്നു. എറണാകുളം പ്രസ് ക്ലബ് ട്രഷററായി തെരഞ്ഞെടുക്കപ്പെട്ട സിജോ പൈനാടത്തിനെ ആര്‍ച്ച്ബിഷപ് മാര്‍ കരിയില്‍ പൊന്നടയണിയിച്ച് ആദരിച്ചു. ഗ്ലോബല്‍ ഡയറക്ടര്‍ ഫാ. ജിയോ കടവി, മുന്‍ ഡയറക്ടര്‍ ഫാ. ജേക്കബ് ജി.പാലയ്ക്കാപ്പിള്ളി, ദീപിക കൊച്ചി റസിഡന്റ് മാനേജര്‍ ഫാ. ഷാന്‍ലി ചിറപ്പണത്ത്, അതിരൂപത ട്രഷറര്‍ ബേബി പൊട്ടനാനി, കെസിഎഫ് പ്രസിഡന്റ് അഡ്വ. വര്‍ഗീസ് കോയിക്കര, ഗ്ലോബല്‍ ട്രഷറര്‍ പി.ജെ. പാപ്പച്ചന്‍, സെക്രട്ടറി ബെന്നി ആന്റണി, അതിരൂപത സെക്രട്ടറി സെബാസ്റ്റ്യന്‍ ചെന്നേക്കാടന്‍, വൈസ് പ്രസിഡന്റ് ബാബു ആന്റണി എന്നിവര്‍ പ്രസംഗിച്ചു. ഗ്ലോബല്‍ മീറ്റിന്റെ തുടര്‍പ്രവര്‍ത്തനങ്ങള്‍, സംഘടനയുടെ കാലിക പ്രസക്തി, മാധ്യമ രംഗത്തെ കാല്‍വയ്പുകള്‍, സംഘടന ഏറ്റെടുക്കുന്ന വിവിധ സംരംഭങ്ങള്‍ എന്നീ വിഷയങ്ങള്‍ സമ്മേളനത്തില്‍ അവതരിപ്പിച്ചു.
അതിരൂപത ഭാരവാഹികളായ മേരി റാഫേല്‍, ആനി റാഫി, ജോബി തോമസ്, ടിനു തങ്കച്ചന്‍, എസ്.ഐ. തോമസ്, ബെന്നി മണവാളന്‍, ജോണ്‍സണ്‍ കോനിക്കര, മാത്യു മാപ്പിളപ്പറമ്പില്‍, രാജു കൊച്ചുകുന്നേല്‍, ജോസ് ആന്റണി എന്നിവര്‍ നേതൃത്വം നല്‍കി. അതിരൂപതയിലെ വിവിധ ഇടവകകളില്‍ നിന്നു കത്തോലിക്ക കോണ്‍ഗ്രസ് പ്രതിനിധികള്‍ ‘വിഷന്‍ 2020 ‘ സമ്മേളനത്തില്‍ പങ്കെടുത്തു.

Share:

Leave a Comment

Your email address will not be published. Required fields are marked with *

Related Posts

Latest Postss

Don’t want to skip an update or a post?