Follow Us On

21

September

2023

Thursday

റിസല്‍ട്ട് അറിയാന്‍ ആകാംക്ഷയുണ്ടോ?

റിസല്‍ട്ട് അറിയാന്‍  ആകാംക്ഷയുണ്ടോ?

ജീവിതത്തിന്റെ നശ്വരതയെക്കുറിച്ച് ചിന്തിക്കുവാനുള്ള അവസരമാണ് നവംബര്‍ മാസം. മരണംമൂലം നമ്മില്‍നിന്നും വേര്‍പ്പെട്ടവര്‍ക്കുവേണ്ടി പ്രത്യേകം പ്രാര്‍ത്ഥിക്കുന്നതിന് സഭ നീക്കിവച്ചിരിക്കുന്ന കാലം. ജീവിതത്തെ ഒരു വിചിന്തനത്തിന് വിധേയമാക്കേണ്ട സമയംകൂടിയാണ് നവംബര്‍. എന്നെക്കുറിച്ചുള്ള ദൈവത്തിന്റെ സ്വപ്‌നത്തിലേക്ക് എത്തുവാന്‍ ഇനി എത്ര ദൂരമുണ്ടെന്നുള്ള ആത്മപരിശോധനക്കുള്ള അവസരം. ദൈവം ആരെയും ഈ ഭൂമിയിലേക്ക് വെറുതെ അയക്കുന്നില്ല. ഓരോരുത്തവര്‍ക്കും കൃത്യമായ ഉത്തരവാദിത്വങ്ങള്‍ ഏല്പിക്കപ്പെട്ടിട്ടുണ്ട്. ഈ ലോകത്തില്‍നിന്നും കടന്നുപോയവരെക്കുറിച്ച് ഓര്‍ക്കുമ്പോള്‍ ഏറ്റവും പ്രധാനപ്പെട്ട ഒന്നുണ്ട്. ഞാനും ഈ ലോകത്തോട് വിടപറയേണ്ട ഒരു ദിവസം വരുമെന്ന്. അതിനുശേഷം ദൈവസന്നിധിയില്‍ ആത്മവിശ്വാസത്തോടെ നില്ക്കാന്‍ സാധിക്കുമോ എന്നാണ് ചിന്തിക്കേണ്ടത്. കഠിനാധ്വാനം ചെയ്ത് മത്സരപ്പരീക്ഷ എഴുതുന്ന വിദ്യാര്‍ത്ഥി റിസല്‍ട്ട് വരാന്‍ പ്രതീക്ഷയോടെ കാത്തിരിക്കും. കാരണം, തന്റെ അധ്വാനത്തിന് പ്രതിഫലം ലഭിക്കുന്ന ദിവസമാണെന്ന സന്തോഷത്തോടെയാണ് ഫലപ്രഖ്യാപന ദിവസത്തെ പ്രതീക്ഷിച്ചിരിക്കുന്നത്. എന്നാല്‍, ഉഴപ്പിയവര്‍ ആ ദിവസമെത്തുമ്പോള്‍ ഉല്‍ക്കണ്ഠയിലായിരിക്കും. ലഭിച്ച അവസരം പാഴാക്കിയല്ലോ എന്ന ചിന്തയാണ് അവരെ അസ്വസ്ഥപ്പെടുത്തുന്നത്. ജീവിതാന്ത്യത്തെക്കുറിച്ച് ചിന്തിക്കുമ്പോള്‍ ഫലപ്രഖ്യാപനത്തെ സന്തോഷത്തോടെ എതിരേല്ക്കാന്‍ കഴിയുന്ന മാനസിക അവസ്ഥയാണോ എന്ന് ചിന്തിക്കണം. അല്ലെങ്കില്‍ ഇനിയും ഒരുപാടു മാറ്റങ്ങള്‍ വരണമെന്നു സാരം.
മനുഷ്യര്‍ മരണഭയത്തില്‍ ജീവിക്കണമെന്നല്ല. എന്നാല്‍ മരണമെന്ന യാഥാര്‍ത്ഥ്യത്തെ വിസ്മരിക്കാനും പാടില്ല. മരണത്തിനുശേഷം നാം ദൈവസന്നിധിയില്‍ നില്‌ക്കേണ്ടിവരും എന്നതിനും മാറ്റം ഉണ്ടാവില്ല. ആ ചിന്ത നമ്മെ കൂടുതല്‍ നീതിയുള്ളവരാക്കി മാറ്റണം. ഒരുവന്‍ ലോകം മുഴുവന്‍ നേടിയാലും സ്വന്തം ആത്മാവിനെ നഷ്ടപ്പെടുത്തിയാല്‍ അവന് എന്തു പ്രയോജനം? ഒരുവന്‍ സ്വന്തം ആത്മാവിനു പകരമായി എന്തു കൊടുക്കും? (മത്തായി 16:26) എന്നാണ് വചനം ഓര്‍മിപ്പിക്കുന്നത്. ഈ ഭൂമിയിലെ ജീവിതം വളരെ ഹ്രസ്വമാണ്. ഏറിയാല്‍ 100 വയസ്. ഓട്ടമത്സരത്തില്‍ പങ്കെടുക്കുന്ന ഒരു താരത്തെ സംബന്ധിച്ചിടത്തോളം മത്സരത്തിന്റെ രണ്ടോ മൂന്നോ മിനിറ്റ് എന്നു പറയുന്നത് വര്‍ഷങ്ങള്‍ നീണ്ട പരിശീലനത്തിന്റെ മാറ്റുരച്ചുനോക്കുന്ന സമയമാണ്. ആ മിനിറ്റുകളാണ് വിജയ-പരാജയങ്ങള്‍ നിര്‍ണയിക്കുന്നത്. ജീവിതവും ഏതാണ്ട് സമാനമാണ്. നിത്യജീവിതവുമായി താരതമ്യപ്പെടുത്തിയാല്‍ ഈ ലോകജീവിതം മത്സക്കളത്തില്‍ നില്ക്കുന്ന ആ മിനിറ്റുകള്‍ മാത്രമാണ്. അപ്പോള്‍ എത്ര ശ്രദ്ധയോടും ജാഗ്രതയോടുംകൂടി വേണം നാമതിനെ കാണാനെന്നു ചിന്തിക്കണം.
ജീവിതവ്യഗ്രതയാണ് നശ്വരമായ പലതിന്റെയും പിന്നാലെ ഓടാന്‍ പ്രേരിപ്പിക്കുന്നത്. പണം സമ്പാദിക്കുന്നതിനുവേണ്ടി ഏതു മാര്‍ഗങ്ങള്‍ സ്വീകരിക്കുന്നതിനും പലര്‍ക്കും മടിയില്ല. മാധ്യമങ്ങളില്‍ കാണുന്ന ചില വാര്‍ത്തകള്‍ വായിക്കുമ്പോള്‍ അമ്പരപ്പ് ഉളവാക്കാറുണ്ട്. കൈക്കൂലി വാങ്ങുമ്പോള്‍ പിടിയിലായ സംഭവങ്ങള്‍ മുതല്‍ പണം തട്ടിയെടുക്കുന്നതിനായി കൊലപാതകങ്ങള്‍വരെ ചെയ്യുന്ന സംഭവങ്ങള്‍ പെരുകുകയാണ്. എങ്ങനെയും സമ്പത്ത് സ്വരുക്കൂട്ടണമെന്ന ചിന്തയാണ് പലരെയും നയിക്കുന്നത്. ജീവിതത്തിന്റെ ലക്ഷ്യവും കാഴ്ചപ്പാടും കൈമോശം വരുന്നതുകൊണ്ടാണ് എന്തിനുവേണ്ടിയെന്നുപോലും അറിയാതെ മനുഷ്യന്‍ പലതിന്റെയും പിന്നാലെ ഓടുന്നത്. ഇങ്ങനെ ജീവിക്കുന്നവര്‍ വാര്‍ധക്യത്തിലേക്ക് പ്രവേശിക്കുമ്പോള്‍ അസംതൃപ്തരായിരിക്കും. കാരണം, ചെയ്തുകൂട്ടിയ പ്രവൃത്തികളൊന്നും സംതൃപ്തി നല്‍കില്ല. കൂടാതെ അന്യായമായ പ്രവൃത്തികളുടെ കുറ്റബോധവും അലട്ടാന്‍ തുടങ്ങും. ലോകത്തിന്റെ ദൃഷ്ടിയില്‍നിന്നും പലതും സമര്‍ത്ഥമായി നമുക്ക് ഒളിച്ചുപിടിക്കാന്‍ കഴിഞ്ഞെന്നുവരാം. മറ്റുള്ളവരുടെ ദൃഷ്ടിയില്‍ എല്ലാം നല്ലരീതിയില്‍ പോകുന്നു എന്ന തോന്നല്‍ ഉളവാക്കാനും സാധിച്ചേക്കാം. എന്നാല്‍, അതുപോലും എപ്പോഴും വിജയിക്കില്ല. ലോകത്തെ വിദഗ്ധമായി കബളിപ്പിക്കാന്‍ സാധിച്ചാലും ദൈവസന്നിധിയില്‍നിന്നും ഒന്നും മറച്ചുപിടിക്കാന്‍ സാധിക്കില്ല. മുഖംമൂടികള്‍ അവിടെ അഴിഞ്ഞുവീഴുകയും യഥാര്‍ത്ഥ അവസ്ഥ അനാവരണം ചെയ്യപ്പെടുകയും ചെയ്യും.
നീതിപൂര്‍വം ജീവിച്ച് ഈ ലോകത്തില്‍നിന്നും കടന്നുപോയവരെയാണ് സമൂഹം ആദരവോടെ ഓര്‍ക്കുന്നത്. മറ്റുള്ളവരുടെ ഹൃദയങ്ങളെ തൊടാന്‍ നമുക്ക് കഴിയുന്നുണ്ടോ എന്ന് ചിന്തിക്കണം. അങ്ങനെ ജീവിച്ചാലും ലോകം എപ്പോഴും അംഗീകരിച്ചു എന്നു വരില്ല. ഇനി ലോകത്തിന്റെ കയ്യടികള്‍ എപ്പോഴും കൂടെ ഉണ്ടെങ്കിലും ദൈവസന്നിധിയില്‍ അവ അംഗീകരിക്കപ്പെടുകയില്ലെങ്കില്‍ അതുകൊണ്ട് എന്തു പ്രയോജനമാണുള്ളത്? ജീവിതത്തിന്റെ അര്‍ത്ഥത്തെക്കുറിച്ച് ആഴമായി ചിന്തിക്കുവാനുള്ള സമയമായി നവംബര്‍ മാസം മാറണം. അത് ഭയത്തിലേക്ക് നയിക്കുവാനുള്ളതല്ല, കൂടുതല്‍ ഉത്തരവാദിത്വബോധവും ധൈര്യവും പകരണം. ജീവിക്കാന്‍ ലഭിച്ച അവസരത്തെ പ്രതി ദൈവത്തിന് നന്ദിയര്‍പ്പിക്കണം. വാക്കുകള്‍ക്കപ്പുറം പ്രവൃത്തികള്‍കൊണ്ടുവേണം അതു നിറവേറ്റാന്‍. ജീവിതാന്ത്യത്തെക്കുറിച്ചുള്ള ചിന്തകള്‍ നമ്മെ കൂടുതല്‍ നന്മയുള്ളവരാക്കി മാറ്റുകയും വേണം.

Share:

Leave a Comment

Your email address will not be published. Required fields are marked with *

Latest Postss

Don’t want to skip an update or a post?