Follow Us On

19

April

2024

Friday

ലീ എന്ന ബാലിക; ഫുൾട്ടൺ ഷീനെ ദിവ്യകാരുണ്യ മണിക്കൂർ ആചരിക്കാൻ പ്രേരിപ്പിച്ച രക്തസാക്ഷി

ലീ എന്ന ബാലിക; ഫുൾട്ടൺ ഷീനെ ദിവ്യകാരുണ്യ മണിക്കൂർ ആചരിക്കാൻ പ്രേരിപ്പിച്ച രക്തസാക്ഷി

സച്ചിൻ എട്ടിയിൽ

തന്റെ വിശുദ്ധ ജീവിതം കൊണ്ടും, ആകർഷണീയമായ പ്രസംഗശൈലി കൊണ്ടും  അക്രൈസ്തവരെയുൾപ്പെടെ ആകർഷിച്ചയാളാണ് അമേരിക്കയിലെ  ഇല്ലിനോയിസിൽ 1895ൽ ജനിച്ച ആർച്ച് ബിഷപ്പ് ഫുൾട്ടൻ ജെ ഷീൻ. എല്ലാ ആഴ്ചകളിലും ടെലിവിഷനിൽ സംപ്രേക്ഷണം ചെയ്തിരുന്ന അദ്ദേഹത്തിന്റെ പ്രഭാഷണ പരമ്പരയായ “ലൈഫ് ഈസ് വോർത്ത് ലിവിങ്” ഏകദേശം 60 ലക്ഷത്തോളം ആളുകളാണ് വീക്ഷിച്ചിരുന്നത്.

ആളുകളുടെ ഹൃദയത്തെ സ്പർശിക്കുന്ന പ്രഭാഷണങ്ങൾ നടത്താൻ ആർച്ച് ബിഷപ്പ് ഷീനിന് ശക്തി ലഭിച്ചിരുന്നത് നടത്തിയ ദിവ്യകാരുണ്യ  മണിക്കൂർ ആചരണത്തിൽ നിന്നാണ്.  ഒരിക്കൽ ഒരു ദേശീയ മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ അവതാരകൻ  ഇപ്രകാരം ചോദിച്ചു. “ബിഷപ്പ് ഷീൻ  താങ്കൾ ലക്ഷക്കണക്കിന് ആളുകൾക്ക് പ്രചോദനമാണ്. ആരാണ് താങ്കളുടെ പ്രചോദനം? അത് ഏതെങ്കിലും മാർപാപ്പമാരാണോ?” അദ്ദേഹത്തിന്റെ ഉത്തരം, ആളുകളിൽ ഞെട്ടലുണ്ടാക്കി. ഏതെങ്കിലും മാർപാപ്പയോ, കർദിനാൾമാരോ, ബിഷപ്പുമാരോ അല്ല,  മറിച്ച് ഒരു ചൈനക്കാരി പെൺകുട്ടിയാണ് തന്റെ പ്രചോദനമെന്ന് ആർച്ച്ബിഷപ്പ് ഷീൻ പറഞ്ഞു. ലീ എന്ന ചൈനക്കാരി പെൺകുട്ടിയുടെ കഥയാണ് സെമിനാരി വിദ്യാർത്ഥിയായിരുന്ന സമയത്ത് ദിവ്യകാരുണ്യ ഈശോയുടെ മുമ്പിൽ എല്ലാദിവസവും ഒരു മണിക്കൂർ ചെലവഴിക്കാനായുളള ഉറച്ച തീരുമാനമെടുക്കാൻ ഷീനിനെ പ്രേരിപ്പിച്ചത്.

ആ കഥ ഇപ്രകാരമാണ്. 1950കളിൽ ചൈനയിൽ ക്രൈസ്തവ വിശ്വാസം അടിച്ചമർത്തപ്പെട്ടിരുന്നു. ദൈവത്തിന്റെ പേര് പോലും ഉച്ചരിക്കാൻ  വിലക്കുകളുണ്ടായിരുന്നു.  വിശ്വാസത്തിൻറെ പേരിൽ അനേകം പേർ  ജയിലിലടക്കപ്പെടുകയും, ചിലർ  കൊല്ലപ്പെടുകയും ചെയ്തു. ഇതിനിടയിൽ ഒരു ഗ്രാമപ്രദേശത്തെ സ്കൂളിൽ ലീ എന്നൊരു പെൺകുട്ടിയും, സഹപാഠികളും അധ്യാപകയായ സിസ്റ്റർ യൂഫ്രേസിയയിൽ നിന്നും വിശുദ്ധ കുർബാനയുടെ  ബാലപാഠങ്ങൾ പഠിക്കുകയായിരുന്നു. രണ്ടു മാസങ്ങൾക്ക് മുൻപാണ് ലീ ഉൾപ്പെടെയുള്ള കുട്ടികൾ പ്രഥമ ദിവ്യകാരുണ്യം സ്വീകരിച്ചത്. വളരെ വിചിത്രമായ ഒരു ചോദ്യം ഇതിനിടയിൽ ബാലികയായ ലീ സിസ്റ്റർ യൂഫ്രേസിയയോട് ചോദിച്ചു. “അന്നന്നു വേണ്ട ആഹാരം ഇന്നു ഞങ്ങൾക്കു തരണമേ” എന്ന പ്രാർത്ഥന എന്തിനായിരുന്നു ഈശോ പഠിപ്പിച്ചത് എന്നതായിരുന്നു കുഞ്ഞ് ലീയുടെ സംശയം. ദിവസം മൂന്നു നേരവും കുട്ടികൾക്ക് ഭക്ഷണം കിട്ടുന്നതുകൊണ്ട്  പ്രസ്തുത ചോദ്യത്തിന് ഉത്തരം നൽകാൻ സിസ്റ്റർ നന്നേ പണിപ്പെട്ടു. ദിവ്യകാരുണ്യത്തെ ഉദ്ദേശിച്ചാണ് ഈശോ ഭക്ഷണമെന്ന് പറഞ്ഞതെന്ന് സിസ്റ്റർ യൂഫ്രേസിയ ഉത്തരം നൽകി.

ദൈവശാസ്ത്രപരമായ ഉത്തരമല്ലായിരുന്നു മറിച്ച് ഹൃദയത്തിൽനിന്നുള്ള  ഉത്തരമാണ് സിസ്റ്റർ കുട്ടിക്ക് നൽകിയത്. “നിങ്ങൾ നല്ല  ഈശോയോട് അനുദിനം വിശുദ്ധ കുർബാനയ്ക്ക് വേണ്ടി ആവശ്യപ്പെടുന്നു.  നിങ്ങളുടെ ശരീരത്തിന് മറ്റു ഭക്ഷണങ്ങളും വേണമെന്നത് ശരിയാണ്. എന്നാൽ ശരീരത്തെക്കാൾ പ്രാധാന്യമുള്ള ആത്മാവിന് വിശുദ്ധ കുർബാനയിലെ ഈശോയുടെ ശരീരമാണ് വേണ്ടത്” സിസ്റ്റർ വിശദീകരിച്ചു. 1953 മെയ് മാസം  ആദ്യമായി ദിവ്യകാരുണ്യ നാഥനെ സ്വീകരിച്ചപ്പോൾ എല്ലാദിവസവും വിശുദ്ധ കുർബാന സ്വീകരിക്കാൻ യോഗ്യത നൽകണമെന്ന് അവൾ ഈശോയോട്  ആവശ്യപ്പെട്ടിരുന്നു. അന്നു മുതൽ എല്ലാ ദിവസവും മുടങ്ങാതെ അവൾ ബലിയ്ക്കായി പോകുമായിരുന്നു. എപ്പോൾ വേണമെങ്കിലും സർക്കാർ  തങ്ങളുടെ ആരാധന മുടക്കുമെന്നുള്ള പേടി അവളെ അലട്ടിയിരുന്നു.

അങ്ങനെയിരിക്കെ ഒരു ദിവസം പോലീസ് ഉദ്യോഗസ്ഥർ ലീ പഠിച്ചിരുന്ന ക്ലാസിലെത്തി കുട്ടികളുടെ കൈകളിലുള്ള വിശുദ്ധ രൂപങ്ങൾ തങ്ങൾക്ക് നൽകാൻ  ആക്രോശിച്ചു പറഞ്ഞു. ബാഗുകളിൽ സൂക്ഷിച്ചുവച്ചിരുന്ന ഈശോയുടെയും, മാതാവിന്റെയും, വിശുദ്ധരുടെയും  രൂപങ്ങൾ പേടിച്ചുവിറച്ച് കുട്ടികൾ  പോലീസുകാർക്ക് കൈമാറി. ഇതിനിടയിൽ ഒരു ഉദ്യോഗസ്ഥൻ ചുമരിലുണ്ടായിരുന്ന ക്രൂശിതരൂപവും വലിച്ചെറിഞ്ഞ് തകർത്തുകളഞ്ഞു. അന്നുതന്നെ  പോലീസുകാർ ഗ്രാമത്തിലെ ക്രൈസ്തവ വിശ്വാസികളെയെല്ലാം അവിടുത്തെ ദേവാലയത്തിലേക്ക് കൊണ്ടുവന്നു. ഒരു ഉന്നത പോലീസ് ഉദ്യോഗസ്ഥൻ  മിഷനറിമാരെയും, ക്രൈസ്തവ വിശ്വാസത്തെ തന്നെയും കടുത്ത ഭാഷയിൽ വിമർശിച്ച് പ്രസംഗിക്കാൻ തുടങ്ങി. ഇതൊക്കെ കഴിഞ്ഞിട്ട് സക്രാരി ചൂണ്ടിക്കാട്ടി അതിലേക്ക്  നിറയൊഴിക്കാനായി മറ്റുളള പോലീസുകാരോട് അയാൾ ആവശ്യപ്പെട്ടു. നിങ്ങളുടെ ദൈവം സ്വയം രക്ഷിക്കുമോ എന്ന് കാണട്ടെ എന്ന് ആ ഉദ്യോഗസ്ഥൻ ജനങ്ങളെ നോക്കി പറഞ്ഞു.

അതിനുശേഷം അയാൾ ദിവ്യകാരുണ്യം വെച്ചിരുന്ന കുസ്തോതി ദൂരേക്ക് വലിച്ചെറിഞ്ഞു. വിശുദ്ധ കുർബാന പലസ്ഥലങ്ങളിലായി ചിതറിപ്പോയി. ഇത് കണ്ട് കരഞ്ഞ് ഉച്ചത്തിൽ നിലവിളിച്ചു പ്രാർത്ഥിക്കാൻ മാത്രമേ വിശ്വാസികൾക്ക്  സാധിച്ചുള്ളൂ. കുഞ്ഞ് ലീ പേടിച്ചു വിരണ്ടു പോയി. അവൾ ഏറ്റവും സ്നേഹിച്ചിരുന്ന  ഈശോയുടെ ശരീരം നിലത്തു കിടക്കുന്ന കാഴ്ച കാണാൻ അവർക്കു സാധിച്ചില്ല. അവൾ നിശബ്ദമായി കരഞ്ഞു. ജീവനിൽ കൊതിയുള്ളവർ ഇനി  മടങ്ങിയെത്തരുതെന്ന് പറഞ്ഞ് ആളുകളെ പോലീസ് മേധാവി ഓടിച്ചു. ഉടനെതന്നെ ദേവാലയത്തിൽ നിന്ന് ആളുകളെല്ലാം ഒഴിഞ്ഞു പോയി.

ദിവ്യകാരുണ്യ നാഥനെ ആരാധിക്കാനായി അനുനിമിഷം മാലാഖമാർ സക്രാരിക്ക് ചുറ്റും നിൽക്കുന്നതുപോലെ ഇതിനെല്ലാം സാക്ഷിയായി ഒരു വൈദികൻ അവിടെ അവശേഷിച്ചു. വിദേശത്തുനിന്നും മിഷനറി പ്രവർത്തനത്തിനെത്തിയ ലൂക്ക് എന്ന വൈദികനായിരുന്നു അത്. ഈ അതിക്രമങ്ങൾ നടക്കുന്നതിനിടയിൽ പോലീസ് ഉദ്യോഗസ്ഥർ സമീപത്തുള്ള ഒരു കെട്ടിടത്തിൽ അദ്ദേഹത്തെ  വീട്ടുതടങ്കലിലാക്കിയിരുന്നു. വിശുദ്ധ കുർബാന ചിന്നിച്ചിതറി കിടന്നിരുന്ന   ദേവാലയത്തിലെ ഉൾവശം അദ്ദേഹത്തിന് ദൂരെനിന്നും കാണാമായിരുന്നു. അദ്ദേഹം  ദുഃഖഭാരത്താൽ പ്രാർത്ഥനയിൽ മുഴുകി ദിവസം കഴിച്ചുകൂട്ടി.

പിറ്റേദിവസം ദേവാലയത്തിന്റെ വാതിൽ തുറക്കുന്ന ശബ്ദം കേട്ട് അദ്ദേഹം അങ്ങോട്ട് നോക്കി. ലീ എന്ന പത്തുവയസ്സുകാരി പെൺകുട്ടിയാണ് വാതിലുകൾ തുറന്നത്. അവൾ ശബ്ദമുണ്ടാക്കാതെ അൾത്താരയുടെ ഭാഗത്തേക്ക് നീങ്ങി. ഈ സമയം കുട്ടിയെ ആരെങ്കിലും കാണുമോ എന്ന് ഫാദർ ലൂക്ക് ഭയപ്പെട്ടു. കുട്ടിക്ക് ആപത്തൊന്നും വരുത്തരുതെന്ന് ദൈവത്തോട് പ്രാർത്ഥിക്കുക മാത്രമേ അദ്ദേഹത്തിന് മുൻപിൽ ഒരു പോംവഴി ഉണ്ടായിരുന്നുള്ളൂ. പതിയെ ലീ വിശുദ്ധ കുർബാന കിടന്നിരുന്ന ഭാഗത്തെത്തി. സിസ്റ്റർ യൂഫ്രേസിയ പഠിപ്പിച്ചത് പോലെ അവൾ നിലത്തു കിടന്നിരുന്ന വിശുദ്ധ കുർബാനയുടെ മുൻപിൽ കുമ്പിട്ടാരാധിച്ചു. ദിവ്യകാരുണ്യ നാഥനെ ഹൃദയത്തിൽ സ്വീകരിക്കാനായി ഒരുമണിക്കൂർ അവൾ അങ്ങനെ തന്നെ പ്രാർത്ഥനയിൽ തുടർന്നു. പിന്നീട് അവൾ തലകുനിച്ച്  നാവിൽ വിശുദ്ധ കുർബാന സ്വീകരിച്ചു. മുട്ടിൽ തന്നെ ഏതാനും നിമിഷം അവൾ തുടർന്നു.

കുട്ടിയോട് സംസാരിക്കാൻ ലുക്കിന് ആഗ്രഹമുണ്ടായിരുന്നെങ്കിലും അത് നടന്നില്ല. അദ്ദേഹം ഭയപ്പെട്ടതുപോലെ ഒന്നും അന്ന് നടന്നില്ല. ദേവാലയത്തിൽ നിന്നും ലീ തിരികെ മടങ്ങി. എന്നാൽ പിറ്റേ ദിവസവും, അതു കഴിഞ്ഞുള്ള ദിവസങ്ങളിലും ലീ ദിവ്യകാരുണ്യ നാഥനെ സ്വീകരിക്കാനായി ദേവാലയത്തിലേക്ക് മടങ്ങിവന്നു. 32 അപ്പക്കഷണങ്ങളായിരുന്നു അവിടെ ചിതറി കിടന്നിരുന്നതെന്ന കൃത്യമായ കണക്ക് ലൂക്കിന് അറിയാമായിരുന്നു.

അങ്ങനെ മുപ്പത്തിരണ്ടാമത്തെ ദിവസം അവസാന വിശുദ്ധ കുർബാനയും സ്വീകരിക്കാനായി ലീ അവിടെയെത്തി. അവൾ അൾത്താരയുടെ പക്കലേക്ക് നീങ്ങി നിശബ്ദമായി പ്രാർത്ഥിക്കാനാരംഭിച്ചു. അവൾ വിശുദ്ധ കുർബാന നാവിൽ സ്വീകരിക്കാനായി തലകുനിച്ച നിമിഷം ഒരു പോലീസ് ഉദ്യോഗസ്ഥൻ  ദേവാലയത്തിനുളളിൽ പ്രവേശിപ്പിക്കുന്നത് ഫാദർ ലൂക്ക് കണ്ടു. അയാൾ തോക്കെടുത്ത് പെൺകുട്ടിക്ക് നേരെ നിറയൊഴിച്ചു. ഒരു ചെറിയ കരച്ചിൽ മാത്രം ഫാദർ ലൂക്കിന് കേൾക്കാനായി. ശേഷം പെൺകുട്ടി നിലത്ത് കിടന്നു പിടയുന്നതാണ് അദ്ദേഹം കണ്ടത്. എന്നാൽ അതിനിടയിൽ നിലത്തു വീണു കിടന്നിരുന്ന അവശേഷിച്ച വിശുദ്ധ കുർബാനയും അവൾ സ്വീകരിച്ചിരുന്നു.

ഡിസംബർ 21 ആം തീയതി ആർച്ച് ബിഷപ്പ് ഫുൾട്ടൺ ജെ ഷീൻ വാഴ്ത്തപ്പെട്ട പദവിയിലേക്ക് ഉയർത്തപ്പെടുമ്പോൾ പത്തുവയസ്സുകാരി രക്തസാക്ഷി ലീയുടെ ജീവതവും നമുക്ക് സ്മരിക്കാം. ലോകം മുഴുവൻ അറിയപ്പെടുന്ന ഷീനിന് പ്രചോദനമായി മാറിയ ആ കുഞ്ഞു പെൺകുട്ടിയെ നമുക്കും പ്രചോദനമായി സ്വീകരിക്കാം.

Share:

Leave a Comment

Your email address will not be published. Required fields are marked with *

Latest Posts

Related Posts

    Don’t want to skip an update or a post?