Follow Us On

29

March

2024

Friday

ആത്മാവിന്റെ നിത്യത

ആത്മാവിന്റെ  നിത്യത

ആത്മാവിന്റെ നിത്യതയെക്കുറിച്ച് ചിന്തിക്കുന്ന മാസമാണ് നവംബര്‍. തിരുസഭ ഈ മാസം ശുദ്ധീകരണാത്മാക്കള്‍ക്കായി പ്രാര്‍ത്ഥിക്കാനും മരണമടഞ്ഞ പ്രിയപ്പെട്ടവര്‍ക്കുവേണ്ടി ദണ്ഡവിമോചനങ്ങള്‍ കാഴ്ചവയ്ക്കാനും നമ്മെ പ്രോത്സാഹിപ്പിക്കുന്നു. മരണം അത്യന്തികമായ യാഥാര്‍ത്ഥ്യമാണ്. മനുഷ്യനായി പിറന്ന ആര്‍ക്കും മരണത്തില്‍നിന്ന് ഒഴിഞ്ഞുമാറാന്‍ സാധിക്കില്ല. ”പ്രാണനെ പിടിച്ചു നിര്‍ത്താനോ മരണസമയം നിശ്ചയിക്കാനോ ആര്‍ക്ക് കഴിയും” (സഭാ. പ്രസംഗ. 8:8). ഓരോ വ്യക്തിക്കും മരണം കഴിഞ്ഞ് ഉടനെതന്നെ തന്റെ പ്രവൃത്തിക്കും വിശ്വാസത്തിനും അനുസൃതമായി പ്രതിഫലം ലഭിക്കും (സി.സി.സി 679). ഇതിനെ തനത് വിധി എന്നാണ് തിരുസഭ പഠിപ്പിക്കുന്നത്. ഒരു വ്യക്തിയുടെ മരണത്തോടെ സംഭവിക്കുന്ന വിധിയാണ് തനത് വിധി. മരിക്കുന്ന നിമിഷത്തില്‍ത്തന്നെ തനത് വിധി നടക്കുന്നു. മരണാനന്തരം ആത്മാവ് ദൈവത്തോട് ഒന്നിച്ച് സ്വര്‍ഗത്തില്‍ പ്രവേശിക്കണമെങ്കില്‍ ആ വ്യക്തിയുടെ ആത്മാവിന് എല്ലാ പാപക്കറയില്‍നിന്നും ദൈവനീതിപ്രകാരം പൂര്‍ണശുദ്ധീകരണം ആവശ്യമുണ്ട്. ശുദ്ധീകരണം ദൈവനീതിയുടെയും ദൈവസ്‌നേഹത്തിന്റെയും ഒന്നിച്ചുള്ള പ്രകടനമാണ്. ഭൂമിയില്‍ ജീവിച്ചിരിക്കുമ്പോള്‍ ഈ ശുദ്ധീകരണം പൂര്‍ത്തിയായില്ലെങ്കില്‍, മരണാനന്തരം ആത്മാവ് പൂര്‍ണമായി ശുദ്ധീകരിക്കപ്പെട്ടശേഷമേ സ്വര്‍ഗത്തില്‍ പ്രവേശിക്കാന്‍ സാധിക്കുകയുള്ളൂ.
കത്തോലിക്കാ സഭയുടെ മതബോധനഗ്രന്ഥം ശുദ്ധീകരണസ്ഥലത്തെക്കുറിച്ച് ഇപ്രകാരം പഠിപ്പിക്കുന്നു: ”ദൈവത്തിന്റെ കൃപാവരത്തിലും സൗഹൃദത്തിലും മരിക്കുന്നവര്‍, പൂര്‍ണമായി ശുദ്ധീകരിക്കപ്പെട്ടവരല്ലെങ്കിലും നിത്യരക്ഷയുടെ ഉറപ്പ് നേടിയവരാണ്. എന്നാല്‍ സ്വര്‍ഗീയാനന്ദത്തിലേക്ക് പ്രവേശിക്കാന്‍ ആവശ്യമായ വിശുദ്ധി നേടുന്നതിനുവേണ്ടി അവര്‍ മരണാനന്തരം ശുദ്ധീകരണത്തിന് വിധേയരായിത്തീരുന്നു. തിരഞ്ഞെടുക്കപ്പെട്ടവരുടെ ഈ അന്തിമ ശുദ്ധീകരണത്തെ സഭ ശുദ്ധീകരണസ്ഥലം എന്ന് വിളിക്കുന്നു.” അതുകൊണ്ട് ദൈവനീതിയുടെയും സ്‌നേഹത്തിന്റെയും പ്രകടനമാണ് ശുദ്ധീകരണസ്ഥലം. സുറിയാനിയില്‍ ശുദ്ധീകരണ സ്ഥലത്തെ ‘ബേസ് പുര്‍ക്കാന’ എന്ന് വിളിക്കുന്നു. രക്ഷയുടെ ഭവനം എന്നാണ് ഇതിനര്‍ത്ഥം.

മരണാനന്തര ജീവിതത്തില്‍ വിശ്വാസമുള്ളവര്‍പോലും ശുദ്ധീകരണസ്ഥലം ചിലരുടെ ഭാവനാവിലാസമാണെന്നും കെട്ടുകഥയാണെന്നും ചിന്തിക്കുന്നവരുണ്ട്. ”പരിശുദ്ധാത്മാവിനെതിരെ ആരെങ്കിലും സംസാരിച്ചാല്‍ ഈ യുഗത്തിലോ വരാനിരിക്കുന്ന യുഗത്തിലോ ക്ഷമിക്കപ്പെടുകയില്ല” (മത്തായി 12:32). വരാനിരിക്കുന്ന യുഗത്തില്‍ പാപങ്ങള്‍ ക്ഷമിക്കപ്പെടുമെങ്കില്‍ അത് സ്വര്‍ഗമല്ല. കാരണം സ്വര്‍ഗത്തില്‍ പാപങ്ങള്‍ ക്ഷമിക്കപ്പെടേണ്ട ആവശ്യമില്ല. മലിനമായതിനൊന്നും സ്വര്‍ഗത്തില്‍ പ്രവേശനമില്ല. അതുപോലെ നരകത്തിലും പാപക്ഷമയില്ല. കാരണം നിത്യശിക്ഷയ്ക്ക് വിധിക്കപ്പെട്ടവര്‍ക്ക് നരകത്തില്‍നിന്ന് മോചനമില്ല. പിന്നെ വരാനിരിക്കുന്ന യുഗം ഏതാണ്? ലഘുപാപങ്ങള്‍ക്ക് ക്ഷമയും കടങ്ങള്‍ക്ക് പൊറുതിയും പരിഹാരങ്ങളും ചെയ്യാന്‍ ദൈവം നല്‍കിയ ശുദ്ധീകരണസ്ഥലം തന്നെയല്ലേ…? അങ്ങനെയാണ് സഭാപിതാക്കന്മാരും സഭാപഠനങ്ങളും അനേക വിശുദ്ധരും സാക്ഷീകരിക്കുന്നത്.
രണ്ടാം ലിയോണ്‍സ് കൗണ്‍സില്‍ 1274-ല്‍ ശുദ്ധീകരണ സ്ഥലത്തിലുള്ള വിശ്വാസം കത്തോലിക്കാ സഭയുടെ വിശ്വാസരഹസ്യമായി പ്രഖ്യാപിച്ചു. പിന്നീട് ഫ്‌ളോറന്‍സ് കൗണ്‍സിലും (1439), ട്രെന്റ് കൗണ്‍സിലും (1563) ഈ വിശ്വാസസത്യത്തെ ഉറപ്പിച്ച് പറയുകയുണ്ടായി. എന്നാലും ഇതേപ്പറ്റി വളരെയധികം വിശ്വാസികള്‍ ഇന്നും അജ്ഞരാണ്. വിശുദ്ധ തോമസ് അക്വീനാസ് പറയുന്നു: ”ശുദ്ധീകരണസ്ഥലത്തെ അഗ്നി അതിന്റെ കാഠിന്യത്തില്‍ നരകാഗ്നിക്ക് സമംതന്നെയാണ്. ആ അഗ്നി സ്പര്‍ശം എത്ര ചെറുതായിരുന്നാല്‍പോലും ഈ ലോകത്തിലെ സമസ്ത വേദനയെക്കാളും ഭയാനകമാണ്.”
വിശുദ്ധ അഗസ്റ്റിന്‍ പഠിപ്പിക്കുന്നു: ”സ്വര്‍ഗത്തില്‍ സ്വീകരിക്കുന്നതിനുമുമ്പ് പരേതരായ ആത്മാക്കളെ അവരുടെ പാപക്കറകളില്‍നിന്ന് ശുദ്ധീകരിക്കുന്നതിനായി ലോകത്തില്‍ ഒരിക്കലും ദര്‍ശിച്ചിട്ടില്ലാത്തതും എല്ലായിടത്തും തുളച്ചുകയറുന്നതും ഭയാനകവുമായ അഗ്നിയിലൂടെ കടത്തിവിടുന്നു. ആത്മാക്കളെ ശുദ്ധീകരിക്കാനും നിര്‍മലമാക്കാനുംവേണ്ടിയുള്ളതാണെങ്കിലും ഈ ലോകത്തില്‍വച്ച് സഹിക്കാവുന്ന വേദനകളെക്കാള്‍ എത്രയോ ശക്തമാണത്.”
വെള്ളത്തില്‍ മുങ്ങിത്താഴുന്നവനെ സഹായിക്കാത്തതുപോലെയുള്ള പ്രവൃത്തിയാണ് ശുദ്ധീകരണാത്മാക്കള്‍ക്കുവേണ്ടി പ്രാര്‍ത്ഥിക്കാതിരിക്കുന്നത്. പരക്കെ പറഞ്ഞുകേള്‍ക്കുന്ന ഒരു ചിന്തയാണ് – ”ജീവിച്ചിരിക്കുന്നവര്‍ക്കുവേണ്ടി പ്രാര്‍ത്ഥിക്കാന്‍ സമയമില്ല. പിന്നെയല്ലേ…. മരിച്ചവര്‍ക്കുവേണ്ടി പ്രാര്‍ത്ഥിക്കുന്നത്?” ശുദ്ധീകരണാത്മാക്കള്‍ക്കുവേണ്ടി പ്രാര്‍ത്ഥിക്കുന്നവരുടെ ശുദ്ധീകരണനാളുകള്‍ കുറച്ച് കിട്ടും. പ്രാര്‍ത്ഥിക്കുന്നവര്‍ അവനവനുകൂടി ചെയ്യുന്ന പുണ്യപ്രവൃത്തിയാണ് ശുദ്ധീകരണാത്മാക്കള്‍ക്കുവേണ്ടി പ്രാര്‍ത്ഥിക്കുന്നത്. പരിശുദ്ധ കുര്‍ബാനയുടെ അര്‍പ്പണം, ജപമാല പ്രാര്‍ത്ഥനകള്‍, കുരിശിന്റെ വഴി, സുകൃതജപങ്ങള്‍, ഉപവാസം, പരിഹാരപ്രവൃത്തികള്‍ എന്നിവ വഴി ശുദ്ധീകരണാത്മാക്കള്‍ക്കുവേണ്ടി പ്രാര്‍ത്ഥിക്കാം. മരിച്ചവര്‍ക്കായി ദാനധര്‍മങ്ങള്‍ ചെയ്ത് അത് അവര്‍ക്കായി കാഴ്ചവയ്ക്കാം.

പരിശുദ്ധ അമ്മ സങ്കടമനുഭവിക്കുന്നവരുടെ-പ്രത്യേകിച്ച്, ശുദ്ധീകരണാത്മാക്കളുടെയും അമ്മയാണ്. വിശുദ്ധ കുര്‍ബാന കഴിഞ്ഞാല്‍ പരിശുദ്ധ അമ്മയുടെ ജപമാലപ്രാര്‍ത്ഥന വഴിയാണ് ശുദ്ധീകരണാത്മാക്കളെ നമുക്ക് സഹായിക്കാന്‍ കഴിയുക. പരിശുദ്ധ അമ്മ 1917-ല്‍ പോര്‍ച്ചുഗലിലെ ഫാത്തിമയില്‍ പ്രത്യക്ഷപ്പെട്ട് കുട്ടികളെ പഠിപ്പിച്ച ഫാത്തിമാ സുകൃതജപം: ”ഓ എന്റെ ഈശോയെ ഞങ്ങളുടെ പാപങ്ങള്‍ ക്ഷമിക്കണമേ. നരകാഗ്നിയില്‍നിന്ന് ഞങ്ങളെ രക്ഷിക്കണമേ. എല്ലാ ആത്മാക്കളെയും വിശിഷ്യാ അങ്ങേ സഹായം കൂടുതല്‍ ആവശ്യമുള്ളവരെയും സ്വര്‍ഗത്തിലേക്ക് ആനയിക്കണമേ” എന്ന പ്രാര്‍ത്ഥന ശുദ്ധീകരണാത്മാക്കളെ കൂടി ഉള്‍പ്പെടുത്തിയാണെന്ന് പ്രത്യേകം പറയേണ്ടതില്ലല്ലോ.
കരുണയുടെ അപ്പസ്‌തോലയായ വിശുദ്ധ ഫൗസ്റ്റീനയുടെ അനുഭവം ഇപ്രകാരമാണ്: 1937 ജൂലൈ ഒമ്പതിന് വൈകുന്നേരം, മുമ്പ് മരണമടഞ്ഞ ഒരു സിസ്റ്റര്‍ ഫൗസ്റ്റീനയുടെ അടുത്ത് വന്ന് ആവശ്യപ്പെട്ടത്, ഒരു ദിവസം ഉപവസിച്ച് ആ ദിവസത്തെ എല്ലാ ആത്മീയ കര്‍മങ്ങളും തന്റെ ആത്മാവിന്റെ ശുദ്ധിക്ക് സമര്‍പ്പിക്കണമെന്നാണ്. വിശുദ്ധ ഫൗസ്റ്റീന അപ്രകാരംതന്നെ ചെയ്തു.
അന്നേദിവസത്തെ വിശുദ്ധ കുര്‍ബാനമധ്യേ ഇങ്ങനെ ഒരു അനുഭവം ഉണ്ടായതായി വിശുദ്ധ രേഖപ്പെടുത്തുന്നു. ”കുര്‍ബാനമധ്യേ അവളുടെ പീഡകളുടെ ചെറിയ അനുഭവം എനിക്കുമുണ്ടായി. ദൈവത്തിനുവേണ്ടിയുള്ള അതിശക്തമായ വിശപ്പ് എനിക്ക് അനുഭവപ്പെട്ടു. അവനുമായി ഒന്നിക്കാനുള്ള ആഗ്രഹത്തില്‍ ഞാന്‍ മരിക്കുന്നതുപോലെ അനുഭവപ്പെട്ടു. ഇത് അല്പനേരത്തേക്കുമാത്രമാണ് അനുഭവപ്പെട്ടതെങ്കിലും, ശുദ്ധീകരണ സ്ഥലത്തെ ആത്മാക്കളുടെ ദാഹം എത്ര വലുതാണെന്ന് എനിക്ക് മനസിലായി” (ഡയറി 1185-1186).
ശുദ്ധീകരണാത്മാക്കളെ നമുക്ക് പ്രാര്‍ത്ഥനയില്‍ ഓര്‍ക്കാം. പ്രാര്‍ത്ഥനയില്‍ ശുദ്ധീകരണാത്മാക്കളെ ഇതുവരെ ഉള്‍പ്പെടുത്താത്തവര്‍ക്ക് അവര്‍ക്കായി പ്രാര്‍ത്ഥിക്കുന്ന ശീലം ആരംഭിക്കാം.

അബി എരിഞ്ഞേരി

Share:

Leave a Comment

Your email address will not be published. Required fields are marked with *

Related Posts

Latest Postss

Don’t want to skip an update or a post?