Follow Us On

12

July

2020

Sunday

മീനച്ചിലാറിന്റെ തീരത്തെ തറപ്പേല്‍ ഫാം

മീനച്ചിലാറിന്റെ  തീരത്തെ  തറപ്പേല്‍ ഫാം

25 ഏക്കറോളം സ്ഥലത്തായി വ്യാപിച്ചുകിടക്കുന്ന മീനച്ചിലാറിന്റെ തീരത്തുള്ള ഹരിതവനം. ഭരണങ്ങാനത്തിനടുത്ത് കിഴപറയാറിലുള്ള  ഈ കൃഷിത്തോട്ടത്തില്‍ ഇല്ലാത്ത മരങ്ങളോ ചെടികളോ കായ്കളോ ഇല്ല. തറപ്പേല്‍ ഫാമിന്റെ വിശേഷങ്ങളിലൂടെ…

എംബിഎ പഠനത്തിന് ശേഷം ഏത് ജോലി തെരഞ്ഞെടുക്കണമെന്ന കാര്യത്തില്‍ ഈപ്പന്‍ ജോസഫിന് രണ്ടാമതൊന്ന് ആലോചിക്കാനുണ്ടായിരുന്നില്ല. കൂടെ പഠിച്ചവര്‍ ബഹുരാഷ്ട്രകമ്പനികളിലെ ഉദ്യോഗങ്ങള്‍ തേടി പോയപ്പോള്‍ മുഴുസമയ കര്‍ഷകനാകാനായിരുന്നു അദ്ദേഹത്തിന്റെ തീരുമാനം. കൃഷിയോടുള്ള ‘പാഷന്‍’ ഇന്നും കെടാതെ കാത്ത് സൂക്ഷിക്കുന്ന ഈപ്പന്‍ ജോസഫ് തറപ്പേലാണ് പ്രഫഷണല്‍ വൈദഗ്ധ്യത്തോടെ ഭരണങ്ങാനത്തിനടുത്ത് കിഴപറയാറിലുള്ള തറപ്പേല്‍ ഫാം നോക്കി നടത്തുന്നത്. എന്നാല്‍ തറപ്പേല്‍ ഫാമിന്റെ കഥ ആരംഭിക്കുന്നത് ഈപ്പന്റെയും സഹോദരങ്ങളായ അലക്‌സിന്റെയും ജോയുടെയും ഈ തലമുറയിലല്ല. ഈപ്പനും സഹോദരങ്ങള്‍ക്കും എല്ലാ മാര്‍ഗനിര്‍ദേശങ്ങളും പ്രോത്‌സാഹനവുമായി കൂടെയുള്ള പിതാവ് ജോസ് ജോസഫിനും (ഔസേപ്പച്ചന്‍) പിറകിലേക്ക് ആ ചരിത്രം നീളുന്നു. 30 വര്‍ഷങ്ങള്‍ മുമ്പ് മീനച്ചിലാറിന്റെ തീരത്തുണ്ടായിരുന്ന കുടുംബവക സ്ഥലത്ത് ഔസേപ്പച്ചന്റെ പിതാവായ മാണി ജോസഫ് കുറച്ച് നല്ലയിനം ജാതി തൈകള്‍ കൃഷി ചെയ്തു. കുറച്ചെന്നു പറഞ്ഞാല്‍ നാനൂറോളം തൈകള്‍. രണ്ട് തലമുറകള്‍ക്കിപ്പുറം ആ ജാതികളില്‍നിന്ന് ഒരു വര്‍ഷം ശരാശരി 700 കിലോയോളം ജാതി പത്രിയാണ് (ഫ്ലവർ ) ലഭിക്കുന്നത്. കൂടാതെ രണ്ട് ടണ്ണോളം കായും (പരിപ്പ്) ലഭിക്കുന്നു.
തലമുറകളിലേക്ക് നീളുന്ന നന്മ
തലമുറകള്‍ക്ക് വേണ്ടി നടത്തുന്ന നിക്ഷേപമാണ് ഓരോ കൃഷിയെന്നും ഈ കുടുംബത്തിന്റെ കഥ ഓര്‍മിപ്പിക്കുന്നു. ഒരു കിലോ ഫ്ലവറിന് മാര്‍ക്കറ്റില്‍ ഇന്ന് രണ്ടായിരത്തിലധികം രൂപ വില വരും. ഇന്ന് ഈ കുടുംബത്തിലേക്ക് ഏറ്റവുമധികം വരുമാനമെത്തുന്നത് ജാതിക്കൃഷിയില്‍നിന്നാണ്. ജാതിക്കൃഷിയില്‍നിന്ന് മാത്രം ശരാശരി പത്ത് ലക്ഷത്തിലധികം രൂപയാണ് വര്‍ഷംതോറും ഈ കുടുംബത്തിന് ലഭിക്കുന്നത്. എട്ട് ഏക്കറോളം സ്ഥലത്തായാണ് 400റോളം ജാതികള്‍ നട്ടിരിക്കുന്നത്. 700 കിലോ പത്രിക്ക് പുറമെ 200 കിലോ സെക്കന്റ് ക്വാളിറ്റിയിലുള്ള പത്രിയും ലഭിക്കുന്നുണ്ട്. നല്ലയിനം ജാതി തൈകള്‍ ബഡ്ഡ് ചെയ്ത് വില്‍ക്കുന്നത് വഴി അധികവരുമാനവും ലഭിക്കുന്നു. വിപുലമായ തോതില്‍ ജാതി കൃഷി ചെയ്യുന്ന ഈ ഫാമില്‍ ജാതി പത്രിയും പരിപ്പും ഉണങ്ങുന്നതിനായി ഡ്രൈയര്‍ ആണ് ഉപയോഗിക്കുന്നത്. പുക അടിക്കാതെ ചൂട് ലഭിക്കുന്ന സംവിധാനമാണ് ഡ്രൈയറിലുള്ളത്.
വെള്ളവും വളവും
മീനച്ചിലാര്‍ തഴുകി ഒഴുകുന്ന ഈ ഫാമില്‍ വെള്ളം സുലഭമാണ്. വേനല്‍ക്കാലത്ത് ജാതി ഉള്‍പ്പെടെയുള്ള കൃഷികള്‍ നനയ്ക്കുന്നതിന് ആവശ്യമായ വെള്ളം എത്തിക്കുന്നതിനായി ആറ്റില്‍ നിന്ന് വെള്ളമടിക്കുന്നതിനായുള്ള പ്രത്യേക അനുമതി എടുത്തിട്ടുണ്ട്. നനയ്ക്കുന്നതിനും വളം നല്‍കുന്നതിനും സ്പ്രിംഗ്ലര്‍ ഉപയോഗിക്കുന്നു. ചാണകത്തിന് പുറമെ ഫോളിനാര്‍ സ്‌പ്രേയും ജാതികള്‍ക്ക് തളിക്കുന്നുണ്ട്. മിനി ട്രാക്ടറില്‍ ഹോണ്ടയുടെ മോട്ടര്‍ ഘടിപ്പിച്ചാണ് സ്‌പ്രേ തളിക്കുന്നത്.
25 ഏക്കര്‍ വ്യാപിച്ചു കിടക്കുന്ന ഫാമില്‍ കൃഷി ചെയ്യുന്ന വിഭവങ്ങളുടെ വൈവിധ്യം ആരെയും അത്ഭുതപ്പെടുത്തുന്നതാണ്. മാണി ജോസഫിന്റെ കാര്‍ഷികപാരമ്പര്യം ഇളയ തലമുറകള്‍ക്കും പകര്‍ന്നു ലഭിച്ചിട്ടുണ്ടെന്ന് ഈ ഹരിതവനം സാക്ഷ്യം നല്‍കുന്നു. തെങ്ങും പ്ലാവും മാവും റബറും വാഴയും പോലുള്ള പരമ്പരാഗത കൃഷികള്‍ മുതല്‍ മംഗോസ്റ്റിനും റംബൂട്ടാനും പാഷന്‍ഫ്രൂട്ടും പച്ചക്കറികള്‍ക്കുവേണ്ടിയുള്ള അടുക്കളത്തോട്ടംവരെ ഈ ഫാമില്‍ ഇടംപിടിച്ചിട്ടുണ്ട്. കൂടാതെ ഇപ്പോള്‍ കുറെ പോത്തുകളെയും വളര്‍ത്തുന്നുണ്ട്. നല്ല വിലയ്ക്ക് ഇവയെ കൊടുക്കാമെന്നതിന് പുറമെ ഫാമിലേക്കാവശ്യമുള്ള ചാണകവും ഇവയില്‍നിന്ന് ലഭിക്കുന്നു. ജാതി കഴിഞ്ഞാല്‍ ഏറ്റവും കൂടുതല്‍ പ്രദേശത്ത് കൃഷി ചെയ്യുന്നത് റബര്‍ തന്നെയാണ്.
ചോക്ക്‌ളേറ്റ് വരുന്ന വഴി
കൃഷിയിലെ വൈവിധ്യവല്‍ക്കരണത്തിലൂടെയാണ് കമ്പോളത്തിലെ വേലിയേറ്റങ്ങളുടെ ഫലമായുണ്ടാകുന്ന വിലയിടിവിനെ ഇവര്‍ തരണം ചെയ്യുന്നത്. ആറ് ഏക്കറോളം സ്ഥലത്ത് കൊക്കോ കൃഷി ചെയ്യുന്നു. ജൂണ്‍-ജൂലൈ മാസത്തില്‍ മഴയെ തുടര്‍ന്ന് റബറില്‍ നിന്നുള്ള വരുമാനം നിലയ്ക്കുന്ന സമയത്താണ് കൊക്കോയുടെ സീസണ്‍ ആരംഭിക്കുന്നതെന്ന് ഔസേപ്പച്ചന്‍ ചൂണ്ടിക്കാണിക്കുന്നു. അതുകൊണ്ടുതന്നെ റബറില്‍ നിന്ന് വരുമാനം ലഭിക്കാത്ത മഴക്കാലത്തും കൊക്കോയില്‍ നിന്ന് വരുമാനം ലഭിക്കുന്നു. റബറിന് ഇടവിളയായി കൊക്കോ കൃഷി ചെയ്തു പരീക്ഷിച്ചുനോക്കിയെങ്കിലും റബര്‍ മരങ്ങള്‍ അടഞ്ഞുവളരുന്നതിനാല്‍ അത് വിജയിച്ചില്ല എന്നതാണ് ഇവരുടെ അനുഭവം. ജൂണ്‍ മാസത്തില്‍ ആരംഭിക്കുന്ന സീസണ്‍ ജനുവരി വരെ തുടരുന്നു. ഇക്കാലയളവില്‍ ആഴ്ചയില്‍ ഏകദേശം 500 കിലോയോളം കൊക്കോ പരിപ്പ് ലഭിക്കുന്നുണ്ട്. കിലോയ്ക്ക് 40 രൂപയോളമാണ് വിപണി വില. ഉണങ്ങിയ പരിപ്പിന് കിലോയ്ക്ക് 170-210 വരെ വില ലഭിക്കുന്നു.
അണ്ണാന്റെയും എലിയുടെയും ഉപദ്രവമാണ് കൊക്കോ കര്‍ഷകര്‍ നേരിടുന്ന പ്രധാന വെല്ലുവിളിയെന്ന് ഈപ്പന്‍ ജോസഫ് പറയുന്നു. കൊക്കോയില്‍ നിന്ന് ചോക്ക്‌ളേറ്റ് നിര്‍മിക്കുന്ന കാഡ്ബറീസ് കമ്പനിയുടെ പഠനമനുസരിച്ച്, കൃഷിയിടങ്ങളില്‍ ഉണ്ടാകുന്ന കൊക്കോ കായ്കളുടെ 50 ശതമാനവും അണ്ണാനും എലിയും ചേര്‍ന്ന് നശിപ്പിക്കുന്നു. എലിപ്പെട്ടി ഉപയോഗിച്ചാണ് ഇവര്‍ ഇതിനെ ചെറുക്കുന്നത്. തെങ്ങാണ് മറ്റൊരു പ്രധാന കൃഷി. വണ്ടിന്റെ ശല്യം ബാധിക്കുന്നുണ്ടെങ്കിലും കാര്യമായ കീടനാശിനി പ്രയോഗമൊന്നും ഇതുവരെ നടത്തിയിട്ടില്ല. നൂറോളം പ്ലാവില്‍ നിന്നായി 10,000 രൂപയുടെ ചക്കയും ലഭിക്കുന്നുണ്ട്. കൂടാതെ വീട്ടാവശ്യത്തിനായി 15-ഓളം ചെറു തേനീച്ച പെട്ടികളും സ്ഥാപിച്ചിട്ടുണ്ട്.
മംഗോസ്റ്റിന്‍ മുതല്‍ റെഡ് ലേഡി വരെ
പരമ്പരാഗത കൃഷിയില്‍നിന്നും ലഭിക്കുന്നതില്‍ കൂടുതല്‍ വരുമാനം ഇന്ന് റംബൂട്ടാന്‍, മംഗോസ്റ്റിന്‍ പോലുള്ള പഴവര്‍ഗങ്ങളുടെ കൃഷിയില്‍ നിന്നാണ് ലഭിക്കുന്നതെന്ന് ഈപ്പന്‍ ജോസഫ് പറഞ്ഞു. 25-ഓളം റംബൂട്ടാനില്‍ നിന്നായി രണ്ട് ടണ്‍ പഴവും 25 മംഗോസ്റ്റിനില്‍ നിന്ന് ഒരു ടണ്‍ പഴവും ഇവര്‍ക്ക് ലഭിക്കാറുണ്ട്. റബര്‍ കര്‍ഷകര്‍ക്ക് ആരംഭിക്കാവുന്ന നല്ലൊരു ബദര്‍ കൃഷിയാണ് ഈ പഴവര്‍ഗങ്ങളുടെ കൃഷിയെന്ന് ഔസേപ്പച്ചന്‍ പറയുന്നു. ഒരു മരത്തില്‍നിന്ന് നൂറ് കിലോയോളം പഴങ്ങള്‍ ലഭിക്കാം. മാംഗോസ്റ്റിന് വിലയും ഷെല്‍ഫ് ലൈഫും (കേടുകൂടാതെ ഇരിക്കുന്ന സമയം) കൂടുതലാണ്. റംബൂട്ടാന്‍ പഴങ്ങള്‍ രണ്ട് മൂന്ന് ദിവസങ്ങള്‍ക്കുള്ളില്‍ കേടാകുന്ന സ്ഥാനത്ത് മാംഗോസ്റ്റിന്‍ പഴങ്ങള്‍ രണ്ടാഴ്ച വരെ കേടുകൂടാതിരിക്കും. പഴങ്ങള്‍ ഉണ്ടാകുന്ന മരങ്ങള്‍ വലുതായാല്‍ വലയിട്ട് സംരക്ഷിക്കേണ്ടതുണ്ട്. വവ്വാല്‍ ഉള്‍പ്പെടെയുള്ള പക്ഷികളില്‍ നിന്ന് പഴങ്ങളെ സംരക്ഷിക്കാനാണിത്. വെള്ളം കയറുന്ന സ്ഥലത്താണ് ഈ മരങ്ങള്‍ കൃഷി ചെയ്തിരിക്കുന്നതെങ്കിലുംം കുറച്ചുസമയത്തേക്ക് വെള്ളം കയറിയാല്‍ മരത്തിന് കാര്യമായ കേടുപാടുകള്‍ ഉണ്ടാകില്ല എന്നതാണ് ഇവരുടെ കഴിഞ്ഞ പ്രളയകാലത്തെ അനുഭവം. ഇത്തരം മരങ്ങള്‍ക്ക് എല്ലുപൊടിയും ചാണകവും വളമായി നല്‍കുന്നതിന് പുറമെ വേനലിലുള്ള നനയും പ്രധാനപ്പെട്ടതാണ്.
കൂടാതെ വീട്ടാവശ്യത്തിനായുള്ള പച്ചക്കറികളും ഈ ഫാമില്‍ കൃഷി ചെയ്യുന്നുണ്ട്. റെഡ് ലേഡി ഇനത്തിലുള്ള 15-ഓളം കപ്പളങ്ങളുമുണ്ട്.
ആനന്ദവും വരുമാനവും
ഫാമില്‍ നിന്ന് ലഭിക്കുന്ന വിഭവങ്ങള്‍ക്കൊണ്ട് മൂല്യവര്‍ധിത ഉത്പന്നങ്ങള്‍ തയാറാക്കുന്നതിന്റെ ഉത്തരവാദിത്വം തറപ്പേല്‍ ഔസേപ്പച്ചന്റെ ഭാര്യയായ അച്ചാമ്മ ജോസിനാണ്. അച്ചാമ്മ ജോസിന്റെ കൈപ്പുണ്യത്തില്‍ ഒരുക്കുന്ന ചക്ക വറുത്തത്, ചക്ക വിളയിച്ചത്, ചക്കവരട്ടി, മാങ്ങാ തിര, കൂവപ്പൊടി എന്നിവയ്‌ക്കെല്ലാം ആവശ്യക്കാര്‍ ഏറെയാണ്. കൂടാതെ ശുദ്ധമായ വെളിച്ചെണ്ണയും വില്‍ക്കുന്നുണ്ട്. മാങ്ങ ഏറെക്കാലം സൂക്ഷിക്കാനായി മുന്‍ തലമുറയില്‍പ്പെട്ടവര്‍ നിര്‍മ്മിച്ച് സൂക്ഷിച്ചിരുന്ന മാങ്ങ തിരയ്ക്ക് ഇന്ന് കിലോയ്ക്ക് രണ്ടായിരത്തിലധികം രൂപ വിലയുണ്ട്. മാങ്ങയുടെ പള്‍പ്പ് അരിപ്പൊടിയും പഞ്ചസാരയും ചേര്‍ത്ത് പായില്‍ തേച്ചുപിടിപ്പിച്ച് ഉണങ്ങിയെടുക്കുന്നതിന് അത്യധ്വാനം ആവശ്യമാണ്. അതുപോലെ തന്നെ കൂവപ്പൊടി നിര്‍മ്മിക്കുന്ന പ്രക്രിയയും ‘മിനക്കേടുള്ള’ ജോലിയാണ്. ഇത്തരം ശ്രമകരമായ വെല്ലുവിളികള്‍ കാര്യക്ഷമമായി പൂര്‍ത്തീകരിക്കാന്‍ കുടുംബം ഒന്നിച്ചു നടത്തുന്ന അധ്വാനം കൃഷിയെ കൂടുതല്‍ ആനന്ദകരമാക്കുന്നു. ഒപ്പം വരുമാനകരവും.
സമൃദ്ധിയുടെ രഹസ്യം
കര്‍ഷകന് വിത്തു വിതയ്ക്കാം, വെള്ളം ഒഴിക്കാം, വളം ഇടാം, എന്നാല്‍ ഫലം നല്‍കുന്നത് ദൈവമാണ്. ഞായറാഴ്ചകളില്‍ തങ്ങളോടൊപ്പം ജോലിക്കാര്‍ക്കും കൃഷിസ്ഥലത്തിനും വിശ്രമം നല്‍കി ദൈവത്തിലാശ്രയിച്ചുക്കൊണ്ടാണ് ഈ കുടുംബം മുന്നോട്ടുപോകുന്നത്. ദൈവാനുഗ്രഹത്തിന്റെ സാക്ഷ്യമെന്നവണ്ണം ഇന്‍ഫാമിന്റെ പാലായിലെ മികച്ച കര്‍ഷകനുള്ള അവാര്‍ഡും കര്‍ഷകവേദിയുടെ സംസ്ഥാനതലത്തിലെ മികച്ച കര്‍ഷകനുള്ള അവാര്‍ഡും മുന്‍ വര്‍ഷങ്ങളില്‍ ജോസ് ജോസഫിനെ തേടിയെത്തി.
വയനാട് ജില്ലയിലെ മേപ്പാടിയിലേക്കും മലപ്പുറം ജില്ലയില്‍ കരുവാരുകുണ്ടിലേക്കും ഇടുക്കി ജില്ലയിലെ വണ്ടന്‍മേട്ടിലേക്കും തമിഴ്‌നാട്ടിലെ തിരുനെല്‍വേലി ജില്ലയിലുള്ള അംബാസമുദ്രത്തേക്കും കൃഷി വ്യാപിപ്പിക്കുവാനും ദൈവം അനുഗ്രഹിച്ചു.
ഗുണമേന്മയില്‍ വിട്ടുവീഴ്ച ചെയ്യാതെ തന്നെ ലാഭകരമായി കൃഷി മുമ്പോട്ടു കൊണ്ടുപോകുന്ന തറപ്പേല്‍ കുടുംബം കേരളത്തിന്റെ കാര്‍ഷികചരിത്രത്തില്‍ തന്നെ പുതിയ അധ്യായങ്ങള്‍ രചിക്കാനുള്ള പുറപ്പാടിലാണ്. ഫോണ്‍: 9447110797.

രഞ്ജിത് ലോറന്‍സ്

Leave a Comment

Your email address will not be published. Required fields are marked with *

Latest Postss

Don’t want to skip an update or a post?