Follow Us On

12

July

2020

Sunday

നിലാവ്‌

നിലാവ്‌

നിലാവ് അതിന്റെ പൂര്‍ണശോഭകൊണ്ട് അഗാധത്തെ തൊട്ടുണര്‍ത്തുന്നത് കണ്ടിട്ടുണ്ടോ? നിലാവ് എന്നും ആനന്ദമാണ്. വസ്തുതകളും പ്രപഞ്ചവും നിലാവില്‍ കുളിച്ചു നില്‍ക്കുന്നത് മനോഹരമായ കാഴ്ചയാണ്. ഒരുനാള്‍ ഈ നിലാവ് പ്രപഞ്ചത്തില്‍നിന്ന് എടുക്കപ്പെട്ടാല്‍ എന്താണ് സംഭവിക്കുക? ഓരോരുത്തരുടെയും ജീവിതത്തിലും കാണും ഇതുപോലെയുള്ള ഒരു നിലാവ്. വ്യക്തികള്‍ മുഖേന ആയിരിക്കാം, ചിലപ്പോള്‍ സന്തോഷം നല്‍കുന്ന കാര്യങ്ങള്‍ ആയിരിക്കാം.
ഈ നിലാവില്‍ കണികകള്‍പോലെ എവിടെയോ സന്തോഷവും ദുഃഖവും സാന്ത്വനവും ഒളിഞ്ഞിരിക്കുന്നുണ്ട്. അതുകൊണ്ടുതന്നെയായിരിക്കാം ഇരുട്ടിലും നാം പ്രകാശത്തെ അത്രമാത്രം സ്‌നേഹിക്കുന്നത്. ഇരുട്ട് എന്നാല്‍ ഒന്നുമില്ലാത്ത അവസ്ഥയാണ്. എന്നാല്‍ നിലാവ് നമ്മെ പ്രകാശത്തില്‍ ആയിരിക്കാന്‍ അനുവദിക്കുന്നു. അമ്മയുടെ സ്‌നേഹംപോലെയാണ് നിലാവ്. നിലാവിന്റെ ചിത്രം മനസിലേക്ക് ഓടിവരുമ്പോള്‍ ആദ്യം തെളിഞ്ഞുവരുന്ന ചിത്രം അമ്മ തന്റെ കുഞ്ഞിന് ചോറ് കൊടുക്കുന്നതായിരിക്കും. കുഞ്ഞ് ആ ചോറ് കഴിക്കാന്‍ വിസമ്മതിക്കുമ്പോള്‍ കഴിച്ചാല്‍ അമ്പിളി അമ്മാവനെ പിടിച്ചുതരാമെന്നായിരിക്കും അമ്മ കുഞ്ഞിനോട് പറയുന്നത്.
മക്കള്‍ അമ്മയുടെ കരുതലും സ്‌നേഹവും കൂടുതലായി അനുഭവിച്ചറിയുക രോഗക്കിടക്കയിലായിരിക്കും. എങ്ങനെയുണ്ട്? കുറവുണ്ടോ? വിശക്കുന്നുണ്ടോ? എന്നിങ്ങനെ നൂറുകൂട്ടം ചോദ്യങ്ങളുമായാണ് അമ്മ അരികിലേക്ക് ഓടിയെത്തുന്നത്. ഒരു വൈദ്യനും നല്‍കാത്ത സംരക്ഷണവും പരിചരണവും പേറി അമ്മ ഓടിനടക്കും. രോഗം പകരുന്നതാണെങ്കിലും അമ്മ തന്റെ മാതൃഭാവം മക്കളുടെ മുമ്പില്‍ ഒരു പടികൂടി ഉയര്‍ത്തിവയ്ക്കും.
പരിശുദ്ധ അമ്മയും നിലാവിന്റെ പൊന്‍കിരണം ആയിരുന്നു. മനുഷ്യരക്ഷ നേടിത്തന്ന പുതിയ ആദാമിന് ജന്മം നല്‍കിയ പുതിയ ഹവ്വയാണ് പരിശുദ്ധ കന്യാമറിയം. മറിയം എല്ലാ തലമുറകള്‍ക്കും അനുഗ്രഹവും മാതൃകയും അതിലുപരി സ്‌നേഹനിധിയായ മാതാവുമാണ്. പരിശുദ്ധ കന്യകാമറിയം സ്‌നേഹത്തിന്റെയും അനുസരണത്തിന്റെയും സഹനത്തിന്റെയും ഉത്തമ ഉദാഹരണമാണ്. അമ്മ കുടുംബത്തിലെതന്നെ വലിയ നിലാവാണ്. അതിലുപരി അണയാത്ത വിളക്കാണ്. അമ്മ! ലോകത്തിലെതന്നെ സുന്ദരമായ നാമം. അതില്‍ സ്‌നേഹമുണ്ട്, കനിവുണ്ട്, കഷ്ടപ്പാടുണ്ട്, എല്ലാത്തിലുമുപരി സഹനമുണ്ട്. ഉദരത്തില്‍ വഹിച്ചത് മുതല്‍ അങ്ങ് കാല്‍വരിവരെ ഈശോയോടൊപ്പം ഉണ്ടായിരുന്നു പരിശുദ്ധ കന്യകാമറിയം. അതിവിശുദ്ധം ആയതിനെ സംവഹിക്കാന്‍ അവള്‍ എത്രമാത്രം ഉരുകിത്തീര്‍ന്നിരിക്കണം. അതുപോലെതന്നെ എത്ര വിശുദ്ധിയില്‍ ജീവിച്ചിരിക്കണം! ഏറ്റവും ശ്രേഷ്ഠമായ ഫലം അണിയിക്കാന്‍ അവള്‍ അവളെത്തന്നെ എത്രമാത്രം വെട്ടി ഒരുക്കിയിരിക്കണം.
കുടുംബത്തിലെ ഏറ്റവും വലിയ നിലാവാണ് അമ്മ. പരിശുദ്ധ കന്യകാമറിയത്തെപ്പോലെ ഓരോ അമ്മയും കുടുംബത്തിനായി രാവും പകലും അധ്വാനിക്കുന്നു. കുടുംബത്തിന്റെ ക്ലേശങ്ങള്‍ അവള്‍ തന്റെ നെഞ്ചോട് ചേര്‍ക്കുന്നു. കുടുംബത്തിലെ പ്രശ്‌നങ്ങള്‍ മറ്റുള്ളവരെ അറിയിക്കാതെ സ്വന്തം ഹൃദയത്തില്‍ പേറുന്നു. പരിശുദ്ധ കന്യാമറിയത്തെപ്പോലെയാണ് ഓരോ അമ്മയും. ഉദരത്തില്‍ ഒരു കുഞ്ഞിന് ജന്മം നല്‍കുന്നത് മുതല്‍ തുടങ്ങുകയാണ് കുഞ്ഞുമായുള്ള സംസര്‍ഗം. ജീവിതത്തിലെ എല്ലാ തലത്തിലും എല്ലാ മേഖലയിലും ഈ നിലാവ് നമുക്ക് കരുത്തായിരുന്നു, വെളിച്ചമായിരുന്നു.
കാലമാകുന്ന ഒഴുക്കില്‍പ്പെട്ട് ജഡാനരകള്‍ ബാധിച്ച് ജീവിതം മുന്നോട്ട് പോകുമ്പോഴും ഈശോ നമുക്ക് തന്ന അമ്മയെപ്പോലെ ഓരോരുത്തരും സ്വന്തം അമ്മയെ സ്മരിക്കണം, സ്‌നേഹിക്കണം. അടുക്കളയുടെ കരിപിടിച്ച ചുവരുകള്‍ക്ക് അമ്മയുടെ കഷ്ടപ്പാടിന്റെ രോദനങ്ങള്‍ ചൊല്ലുവാന്‍ ഏറെയുണ്ടാകും. അമ്മ അതൊരു വികാരമാണ്… എഴുതിവച്ചാല്‍ ഒന്നും പൂര്‍ത്തിയാകില്ല. അവള്‍ ഇന്നുവരെ ജീവിച്ചത് അവള്‍ക്കുവേണ്ടി ആയിരുന്നില്ല. മറിച്ച് തന്റെ കുടുംബത്തിനുവേണ്ടി ആയിരുന്നു. അമ്മയില്‍നിന്നും അകന്നാണ് ജീവിക്കുന്നതെങ്കില്‍ ഫോണ്‍ വിളിക്കാത്ത ഒരു ദിനംപോലും ഉണ്ടാകാതിരിക്കട്ടെ. സ്‌നേഹമില്ലാത്ത നാണയത്തുട്ടുകള്‍ നല്‍കി വൃദ്ധസദനത്തിന്റെ മുറികളുടെ എണ്ണം കൂട്ടാന്‍ ശ്രമിക്കരുതേ. സ്‌നേഹിക്കാം, മാതൃത്വത്തെ. എന്നെ ഞാനാക്കിയ മാതൃഭാവത്തെ… എന്റെ അമ്മയെ…. അതെ, നമ്മുടെ ഓരോരുത്തരുടെയും അമ്മമാരെ…

ബ്ര. ആല്‍ബിന്‍ ജോണ്‍ ഒ.എസ്.ബി

Leave a Comment

Your email address will not be published. Required fields are marked with *

Latest Postss

Don’t want to skip an update or a post?