Follow Us On

01

December

2020

Tuesday

വചനത്തിന്റെ ദീര്‍ഘയാത്ര

വചനത്തിന്റെ ദീര്‍ഘയാത്ര

വത്തിക്കാനിലെ സെന്റ് പീറ്റേഴ്‌സ് ബസിലിക്ക അങ്കണത്തില്‍ അപ്പസ്‌തോലപ്രവര്‍ത്തനങ്ങളെ ആസ്പദമാക്കി ഫ്രാന്‍സിസ് പാപ്പ എല്ലാ ബുധനാഴ്ചയും നല്‍കിവരുന്ന വചന വിചിന്തന പഠന പരമ്പര വീണ്ടും തുടര്‍ന്നു. സഭയുടെ പൊതുസ്വഭാവം രൂപപ്പെട്ടത് അപ്പസ്‌തോലപ്രവര്‍ത്തികളുടെ അടിസ്ഥാനത്തിലാണ്. വചനം പ്രഘോഷിക്കാനുള്ള യാത്രയില്‍ പല തടസങ്ങളും ഉണ്ടായിട്ടും ആദിമ ക്രൈസ്തവര്‍ക്ക് ഓടിപോവേണ്ടിവന്നപ്പോള്‍ അവര്‍ ദൈവവചനവുമായാണ് ഓടിയത്.
സഭ അടച്ചിട്ട കോട്ടയല്ല, എല്ലാവരെയും സ്വീകരിക്കുന്ന ഭവനമാണ്. ആദിമസഭയുടെ കരുത്തുറ്റ നേതൃത്വമാണ് വിശുദ്ധ പത്രോസിലും വിശുദ്ധ പൗലോസിലും നാം ദര്‍ശിക്കുന്നത്. ആദിമ ക്രൈസ്തവ സമൂഹത്തില്‍ ഉണ്ടായ തര്‍ക്കങ്ങളും അഭിപ്രായവ്യത്യാസങ്ങളും പരിശുദ്ധാത്മാവിന്റെ ആലോചനപ്രകാരം പരിഹരിച്ചു. ആശയപരമായും വിശ്വാസപരമായും തര്‍ക്കമുയര്‍ന്നപ്പോള്‍ പൗലോസ്, പത്രോസിനോടും യാക്കോബിനോടും സംസാരിക്കുവാന്‍ ജറുസലേമിലേക്ക് പോയി. (അപ്പ. 15.1-35). ജറുസലേം കൗണ്‍സില്‍ എന്ന പേരില്‍ വിശദീകരിക്കപ്പെട്ടിരിക്കുന്ന ഈ ഭാഗം സഭാചരിത്രത്തിലെ ആദ്യ കൗണ്‍സില്‍ അഥവാ അസംബഌയാണ്. ഇവിടെ വിശ്വാസം സ്വീകരിച്ച എല്ലാവരെയും ഉള്‍ക്കൊള്ളുന്ന സഭയെയാണ് നമ്മള്‍ ദര്‍ശിക്കുന്നത് (ഗലാ 2.1-10). സഭക്ക് എല്ലായ്‌പോഴും ഈ തുറവിയുണ്ടാവണം.
സഭ ഒരിടത്തും കൂടാരമടിച്ചോ കോട്ട കെട്ടിയോ കിടക്കുന്നതല്ല, മറിച്ച് സഭ എല്ലാവരിലേക്കും വ്യാപിച്ച് എല്ലാ ദിക്കുകളിലേക്കും പടര്‍ന്ന് വലുതാകേണ്ടതാണ്. വിഭാഗീയതയും പ്രശ്‌നങ്ങളും രമ്യതയില്‍ പരിഹരിച്ച് സാഹോദര്യം വളര്‍ത്താന്‍ സംഭാഷണത്തിലേര്‍പെടുകയും ക്ഷമാപൂര്‍വം ശ്രവിക്കുകയും ചെയ്യുക എന്നത് ആത്മാവിന്റെ വരമായ ജ്ഞാനത്തിന്റെയും വിവേകത്തിന്റെയും ഫലമാണ്. ക്രിസ്തുവിലുള്ള വിശ്വാസവും മോശയുടെ ന്യായപ്രമാണവും തമ്മിലുള്ള ബന്ധമായിരുന്നു അന്ന് തര്‍ക്കമായിരുന്നത്. വളരെ സൂക്ഷ്മവും ദൈവശാസ്ത്രപരവും അച്ചടക്കപരവും ആത്മീയവുമായ വിഷയമായിരുന്നു അവര്‍ക്ക് നേരിടേണ്ടിവന്നത്. കൂട്ടായ്മയുടെ ശക്തിയില്‍ പരിശുദ്ധാത്മാവിനോട് ചേര്‍ന്ന് അപ്പസ്‌തോലന്മാര്‍ അതിന് പരിഹാരം കണ്ടെത്തി. ദൈവം വിജാതീയര്‍ക്കും വിശ്വാസത്തിന്റെ വാതില്‍ തുറന്നുകൊടുത്തു. എല്ലാവര്‍ക്കും പ്രവേശിക്കുവാന്‍ പറ്റിയ വിധത്തില്‍ ഇടം വിശാലമാക്കുന്ന പാതയാണ് സഭ (സുവിശേഷത്തിന്റെ ആനന്ദം 46).
വചനയാത്രയില്‍ പരിശുദ്ധാത്മാവ് ഇടപെട്ട് നയിക്കുന്നു: അപ്പസ്‌തോലപ്രവര്‍ത്തനങ്ങള്‍ എട്ടാമധ്യായത്തില്‍ പരിശുദ്ധാത്മാവ് വചനം ശ്രവിക്കുവാന്‍ ഹൃദയങ്ങളെ ഒരുക്കുന്നതായി വായിക്കുന്നു. ദൈവത്തിനായി ഹൃദയം തുറന്നിരിക്കുന്ന എത്യോപ്യക്കാരനായ വ്യക്തിയെ സമീപിക്കുവാന്‍ പരിശുദ്ധാത്മാവ് ഫിലിപ്പിനെ പ്രേരിപ്പിക്കുന്നു. അദ്ദേഹം രാജ്ഞിയുടെ സാമ്പത്തികകാര്യങ്ങള്‍ കൈകാര്യം ചെയ്യുന്ന വ്യക്തിയാണ്. ജറുസലേമില്‍ ആരാധനക്ക് പോയി തിരിച്ചുവരുകയായിരുന്നു. യാത്രാമധ്യേ രഥത്തിലിരുന്ന്് അയാള്‍ ഏശയ്യായുടെ പ്രവചനഗ്രന്ഥം വായിച്ചുകൊണ്ടിരുന്നു. അപ്പോള്‍ ആത്മാവ് ഫിലിപ്പോസിനോട് ആ രഥത്തോട് ചേര്‍ന്ന് നടക്കാന്‍ പറഞ്ഞു.
അധികാരവും പ്രൗഡിയുമുള്ളവനായിരുന്നെങ്കിലും ദൈവവചനത്തിനുമുന്നില്‍ എളിമയും ദൈവവചനം വായിക്കുവാനും അത് മനസിലാക്കുവാനും ഉള്ള അതിയായ ആഗ്രഹവും അയാള്‍ക്കുണ്ടായിരുന്നു. അതുകൊണ്ടാണ് വായിക്കുന്നത് മനസിലാകുന്നുണ്ടോ എന്ന ചോദ്യത്തിന് എളിമയോടെ അയാള്‍ മറുപടി പറഞ്ഞു, ആരെങ്കിലും വ്യാഖ്യാനിച്ചുതരാതെ എങ്ങനെ മനസിലാകും (അപ്പ 8.31). രഥത്തില്‍ കയറി തന്നോട് കൂടെയിരിക്കാന്‍ അയാള്‍ ഫിലിപ്പോസിനോട് പറയുന്നു. തുടര്‍ന്ന് ഫിലിപ്പോസ് അയാള്‍ക്ക് സുവിശേഷം വ്യഖ്യാനിച്ചുകൊടുക്കുന്നു. ജ്ഞാനസ്‌നാനം വേണമെന്ന് അയാള്‍ ആവശ്യപ്പെട്ടതനുസരിച്ച് സ്‌നാനവും നല്‍കി.
വചനം വായിച്ചാല്‍മാത്രം പോരാ അത് മനസിലാക്കണമെങ്കില്‍ വ്യാഖ്യാനവും ആവശ്യമാണ്. ദൈവവചനത്തെകുറിച്ചുള്ള സിനഡ് 2008 ഒക്‌ടോബര്‍ ആറിന് ഉദ്ഘാടനം ചെയ്ത് ബനഡിക്ട് 16-ാമന്‍ പാപ്പ പറഞ്ഞു. ‘വെറുതെ വചനം വായിക്കുന്നത് പുസ്തകവായനപോലെയാണ്. എന്നാല്‍ സാഹിത്യഗ്രന്ഥം വായിക്കുന്നതുപോലെയല്ല വചനം വായിക്കേണ്ടത്. വചനത്തിലേക്ക് പ്രവേശിക്കുക എന്നത് പരമിതികള്‍പ്പുറം വചനത്തിലുള്ള ദൈവത്തെ കണ്ടുമുട്ടുന്നതാണ്. അപ്പോള്‍ ജീവിതത്തിന് മൊത്തത്തിലുള്ള പരിവര്‍ത്തനം സംഭവിക്കുന്നു. അത് സ്വന്തം അസ്ഥിത്വത്തിന്റെതന്നെ ചലനമാണ്. ദൈവവചനത്തില്‍ പ്രവേശിക്കുക എന്നാല്‍ പിതാവിന്റെ ജീവനുള്ള വചനമായ ക്രിസ്തുവിനെ കണ്ടുമുട്ടുന്നതിനും അതനുസരിച്ച് അനുരൂപപ്പെടുന്നതിനുമായി സ്വന്തം അതിരുകള്‍ക്കപ്പുറത്തേക്ക് കാലെടുത്തുവയ്ക്കുക എന്നതാണ്. അതുകൊണ്ട് ദൈവവചനം മനസിലാക്കണമെങ്കില്‍ ഒരാള്‍ തന്റെ പരിമിതികള്‍ മനസിലാക്കി എളിമപ്പെട്ട് വചനത്തെ സമീപിക്കണം.
ക്രൈസ്തവ സാഹോദര്യത്തില്‍ ആതിഥ്യസല്‍ക്കാരവും കരുതലും ഇഴചേര്‍ന്നിരിക്കുന്നു. പൗലോസിന്റെ രണ്ടാം മിഷന്‍യാത്രയില്‍ പരിശുദ്ധാത്മാവിനാല്‍ നയിക്കപ്പെട്ട് മക്കദോനിയായിലെത്തിച്ചേര്‍ന്നു. അവിടെ നഗരകവാടത്തിനു പുറത്ത് നദീതീരത്തുള്ള പ്രാര്‍ത്ഥനാ കേന്ദ്രത്തില്‍ അദേഹം എത്തി. അവിടെ സമ്മേളിച്ചിരുന്ന സ്ത്രീകളോട് വചനം പങ്കുവച്ചു. അക്കൂട്ടത്തില്‍ പട്ടുവില്‍പനക്കാരിയും ദൈവഭക്തയുമായ ലിദിയാ എന്ന സ്ത്രീയുടെ ഹൃദയം പൗലോസിന്റെ വാക്കുകള്‍ സ്വീകരിക്കുവാനായി കര്‍ത്താവ് തുറന്നു. തുടര്‍ന്ന് അവള്‍ കുടുംബസമേതം ജ്ഞാനസ്‌നാനം സ്വീകരിച്ചു. മാത്രവുമല്ല അവളുടെ ഭവനം അവര്‍ക്ക് താമസിക്കുവാനായി നല്‍കുകയും ചെയ്തു. അതിനിടെ താമസിച്ച് സുവിശേഷവേല ചെയ്യുവാന്‍ അവര്‍ക്ക് സാധിച്ചു. വിശ്വാസത്തില്‍ ജനിക്കപ്പെടുന്ന ക്രൈസ്തവ സാഹോദര്യത്തിന്റെയും ആതിഥേയസല്‍കാരത്തിന്റെയും ഉദാഹരണമായി ലിദിയായെ പരിഗണിക്കുന്നു. നമ്മളും പരിശുദ്ധാത്മാവിനോട് ചേര്‍ന്ന് സഹോദരങ്ങള്‍ക്ക് ആതിഥ്യമരുളുന്നവരും സുവിശേഷപ്രവര്‍ത്തനത്തെ സഹായിക്കുന്നവരുമായി മാറണം.

പ്രഫ. കൊച്ചുറാണി ജോസഫ്

Leave a Comment

Your email address will not be published. Required fields are marked with *

Latest Postss

Don’t want to skip an update or a post?