ഇന്ത്യയിലെ ജനകോടികളുടെ ഹൃദയങ്ങളിൽ പുതുസ്വപ്‌നങ്ങൾ നിറച്ച മുൻ രാഷ്ട്രപതി ഡോ. എ.പി.ജെ അബ്ദുൾ കലാം രാഷ്ട്രപതി ഭവനിൽനിന്നും ഇറങ്ങിയ ഉടനെ വീണ്ടും അധ്യാപകന്റെ കുപ്പായമണിയുകയായിരുന്നു. അധ്യാപകന്റെ സാധ്യതകളിലേക്കുള്ള വിരൽചൂണ്ടലായിരുന്നു ആ പ്രവൃത്തി. ഒപ്പം, അധ്യാപനത്തിന്റെ ശ്രേഷ്ഠതയെക്കുറിച്ചുള്ള ഓർമപ്പെടുത്തലും. പുതിയ തലമുറയെ സ്വാധീനിക്കാൻ ഏറ്റവും കഴിയുന്നത് അധ്യാപകർക്കാണെന്ന് ഡോ. കലാമിന് നിശ്ചയം ഉണ്ടായിരുന്നു. രാജ്യത്തെ അനേകം കോളജുകളിൽ അദ്ദേഹം വിദ്യാർത്ഥികളുമായി സംവദിച്ചു.
യുവജനങ്ങളെ കാണാൻ ലഭിക്കുന്ന ഒരവസരവും അദ്ദേഹം പാഴാക്കാറില്ലായിരുന്നു. തന്നെ വിശാലമായ ലോകത്തേക്ക് നയിച്ചത് ഒരു അധ്യാപകനാണെന്ന് ഡോ. കലാം പലയിടത്തും അനുസ്മരിച്ചിട്ടുണ്ട്. ജനലക്ഷങ്ങൾക്ക് സ്വപ്‌നങ്ങളും പ്രതീക്ഷകളും പ്രത്യാശയും നൽകാൻ ഡോ. കലാമിനായി. ഒരു വിദ്യാർത്ഥിയെ സ്വപ്‌നം കാണാൻ പ്രേരിപ്പിക്കുമ്പോൾ, അറിവിന്റെ വിശാലമായ ലോകം അവനു മുമ്പിൽ തുറന്നുവയ്ക്കുമ്പോൾ ലോകത്തെ മാറ്റിമറിക്കാൻ കഴിയുന്ന ഒരാളെ സൃഷ്ടിക്കുകയാണ് അതുവഴി. ഡോ. കലാമിന്റെ ജീവിതത്തെ രൂപപ്പെടുത്തിയത് ഒരു അധ്യാപകനാണെന്നത് അധ്യാപകർ മനസിൽ സൂക്ഷിക്കേണ്ട പാഠമാണ്.
ദൈവത്തിന്റെ പദ്ധതികളിലേക്ക് ഓരോരുത്തരെയും എത്തിക്കുന്ന ദൗത്യത്തിൽ പങ്കുചേരുന്നവരാണ് അധ്യാപകർ. അതിനാൽ ദൈവതിരുമുമ്പിൽ കണക്കുകൊടുക്കേണ്ട ഉത്തരവാദിത്വവും അവർക്കുണ്ട്. അധ്യാപകന്റെ തിരുത്തൽ, സ്‌നേഹപൂർവമായ ശാസന, ഉപദേശം അനേകരുടെ ജീവിതത്തെ മാറ്റിമറിച്ചിട്ടുണ്ട്. ജീവിതത്തിൽ വലിയ നേട്ടങ്ങൾ സ്വന്തമാക്കാൻ കഴിഞ്ഞ പലർക്കും ഇത്തരം അനുഭവങ്ങൾ പറയാനുണ്ടായിരിക്കും.
വിദ്യാലയങ്ങൾ അറിവു പകരുന്ന സ്ഥലങ്ങൾ മാത്രമല്ല; വ്യക്തികളെ രൂപപ്പെടുത്തുന്ന ഇടങ്ങൾക്കൂടിയാണ്. ചിലപ്പോൾ മാതാപിതാക്കളെക്കാളും കുട്ടികളുടെ കഴിവുകൾ തിരിച്ചറിയുന്നത് അധ്യാപകരായിരിക്കും. പഠനകാലത്ത് മണ്ടന്മാരെന്നു മുദ്രകുത്തപ്പെട്ട പലരും ചരിത്രത്തിൽ ഇടംപിടിച്ച കണ്ടുപിടുത്തങ്ങൾ നടത്തിയവരായി മാറിയിട്ടുണ്ട്. ഇതിനൊരു മറുവശമുണ്ട്, അങ്ങനെയുള്ള നേട്ടങ്ങളിലേക്ക് എത്തിയവർ എണ്ണത്തിൽ വളരെ കുറവായിരിക്കും. എന്നാൽ, അത്തരം തരംതിരിക്കലുകൾവഴി ജീവിതത്തിന്റെ പിന്നാമ്പുറങ്ങളിലേക്ക് എത്തിയവർ അതിന്റെ അനേക മടങ്ങുകാണും. അതിനാൽ ആരെയും എഴുതിത്തള്ളരുത്.
മറ്റു പല മേഖലകളിലും സംഭവിച്ചുകൊണ്ടിരിക്കുന്ന അപജയത്തിന്റെ ഒരു ഭാഗം ഗുരു-ശിഷ്യ ബന്ധങ്ങളിലും ഉണ്ടാകുന്നു. അത്തരം ചില സംഭവങ്ങൾ വാർത്തകളായി മാധ്യമങ്ങളിൽ ഇടംപിടിക്കാറുണ്ട്. വിദ്യാർത്ഥികളുടെ ആദരവ് നഷ്ടമാകുന്നതിൽ തങ്ങൾക്ക് പങ്കുണ്ടോ എന്ന് ഓരോ അധ്യാപകനും സ്വയംവിമർശനം നടത്തണം. അധ്യാപകരെ ആദരവോടെ കാണുന്നതാണ് നമ്മുടെ പാരമ്പര്യം. കഴിവുറ്റ ഗുരുക്കന്മാരുള്ളത് നാടിന്റെ ഭാഗ്യമായിട്ടാണ് വിലയിരുത്തുന്നത്. ഗുരുവിന്റെ അനുഗ്രഹമാണ് വിജയത്തിന്റെ അടിസ്ഥാനമെന്നതായിരുന്നു നമ്മുടെ കാഴ്ചപ്പാട്. മാതാപിതാ ഗുരു ദൈവം എന്നാണ് നാം പഠിച്ചിരിക്കുന്നത്. അത് വെറുതെ പറഞ്ഞു ശീലിച്ചവയല്ല. നമ്മുടെ സംസ്‌കാരത്തിന്റെയും കാഴ്ചപ്പാടുകളുടെയും ഭാഗമാണ്. കൊച്ചുകുട്ടികളെ നോക്കിയാൽ അതു എളുപ്പത്തിൽ മനസിലാകും.
ചില കാര്യങ്ങൾ അവരെ തിരുത്താൻ നോക്കിയാൽ അവരുടെ മറുപടി, ഞങ്ങളുടെ ടീച്ചർ പറഞ്ഞത് ഇങ്ങനെയാണെന്നായിരിക്കും. ആരു പറഞ്ഞാലും അധ്യാപകൻ പറഞ്ഞതിനെ മറികടക്കാൻ കുട്ടികൾ എളുപ്പത്തിൽ തയാറാവില്ല. കൊച്ചുകുട്ടികളുടെ ഹൃദയത്തിൽ അധ്യാപകന്റെ സ്ഥാനം അത്രയും ഉന്നതമാണ്. എന്നാൽ, മുതിർന്നുകഴിയുമ്പോൾ ചിലപ്പോഴെങ്കിലും അത്തരം വിശ്വാസങ്ങൾ നഷ്ടമാകുന്നുണ്ട്. എത്ര ഉയർന്നാലും അധ്യാപകരെ മാനിക്കാൻ കഴിയണം. മറ്റുള്ളവരെ ബഹുമാനിക്കുമ്പോഴാണ് ഒരാൾ ജ്ഞാനിയായി മാറുന്നത്. ചില ഘടകങ്ങൾ ഏതൊരു സംസ്‌കാരത്തിന്റെയും നിലനില്പിന്റെ അടിസ്ഥാനമാണ്. അവിടെ വിള്ളലുകൾ ഉണ്ടായാൽ സംസ്‌കാരത്തിന്റെ തകർച്ചക്ക് കാരണമാകും. ഊഷ്മളമായ അധ്യാപക-വിദ്യാർത്ഥി ബന്ധങ്ങൾ നാടിന്റെ നല്ല പാരമ്പര്യങ്ങളിൽ ഒന്നാണ്. അത്തരം മേഖലകളിൽ അപചയങ്ങൾ സംഭവിക്കാൻ അനുവദിക്കരുത്.
ആധുനിക കാലത്ത് അധ്യാപനം വെറും ജോലിയായി പലപ്പോഴും ചുരുങ്ങിപ്പോകുന്നു. അതിന് ചൂണ്ടിക്കാണിക്കുവാൻ ഒരുപാട് കാരണങ്ങൾ ഉണ്ടാകാം. മറ്റ് എന്തൊക്കെ പറഞ്ഞാലും അധ്യാപകരുടെ ഉപജീവന മാർഗംകൂടിയാണ് ജോലി. അവിടെ സുരക്ഷിതത്വവും മാന്യമായ പരിഗണനയും ലഭിച്ചില്ലെങ്കിൽ പ്രവർത്തനത്തെ ബാധിക്കും. തന്റെ നിലനില്പിനെക്കുറിച്ച് ആശങ്കപ്പെടുന്ന ഒരാൾക്ക് എങ്ങനെ മനസർപ്പിച്ച് ജോലിചെയ്യാനാകും? അധ്യാപനത്തിന്റെ നിലവാരത്തകർച്ചയിൽ അധ്യാപകർക്കും ഗവൺമെന്റിനും സമൂഹത്തിനും ഉത്തരവാദിത്വമുണ്ട്. പുതിയ തലമുറയെ രൂപപ്പെടുത്തുന്നതിൽ അധ്യാപകർക്കുള്ള സ്വാധീനം മറ്റാരെയുംകാൾ ഉയർന്നതാണ്. അധ്യാപകൻ ഏർപ്പെട്ടിരിക്കുന്നത് സാധാരണ ജോലിയിലല്ല. തലമുറകളെ രൂപപ്പെടുത്താനുള്ള ഉത്തരവാദിത്വമാണ് അത്. ആഗോളവല്ക്കരണത്തിന്റെ കാലത്ത് പഠന രീതികളിൽ കാതലായ മാറ്റങ്ങൾ സംഭവിച്ചേക്കാം. അറിവിന്റെ വിശാലമായ തലങ്ങൾ നമ്മുടെ മുമ്പിൽ തുറന്നുവയ്ക്കാൻ സാങ്കേതികവിദ്യക്ക് സാധിക്കും. എന്നാൽ, അധ്യാപകന്റെ സ്‌നേഹവും കരുതലും നൽകാൻ മറ്റൊന്നിനുമാകില്ല.
Leave a Comment
Your email address will not be published. Required fields are marked with *