Follow Us On

22

September

2020

Tuesday

”ഏലിയായുടെ ചൈതന്യത്തോടും ശക്തിയോടുംകൂടെ..” ഇതിന്റെ അര്‍ത്ഥം അറിയുമോ?

”ഏലിയായുടെ ചൈതന്യത്തോടും  ശക്തിയോടുംകൂടെ..” ഇതിന്റെ അര്‍ത്ഥം അറിയുമോ?

മംഗലവാര്‍ത്തക്കാലം ഒന്നാം ഞായറാഴ്ച സീറോ മലബാര്‍ കുര്‍ബാനയിലെ സുവിശേഷഭാഗം ലൂക്കാ 1:5-25 ആണ്. മറ്റ് റീത്തുകളില്‍ മറ്റൊരു ഞായറാഴ്ച ഈ വായന വരുന്നുണ്ട്. സ്‌നാപകയോഹന്നാന്റെ ജനനത്തെക്കുറിച്ചുള്ള അറിയിപ്പാണ് ഈ സുവിശേഷ ഭാഗത്തിന്റെ കേന്ദ്രബിന്ദു. ജനിക്കാനിരിക്കുന്ന യോഹന്നാന്റെ പ്രത്യേകതകളായി ദൂതന്‍ പറഞ്ഞ കാര്യങ്ങളില്‍ ഒന്ന് ഏലിയായുടെ ചൈതന്യത്തോടും ശക്തിയോടുംകൂടി അവന്‍ കര്‍ത്താവിന്റെ മുമ്പേ പോകും എന്നതാണ്. ഏലിയാ എന്ന വാക്കിന്റെ അര്‍ത്ഥം യഹോവ എന്റെ ദൈവം എന്നാണ്. ക്രിസ്തുവിനുമുമ്പ് 860-852 വര്‍ഷങ്ങളിലാണ് അദ്ദേഹം പ്രവാചകധര്‍മം നിര്‍വഹിച്ചത്. ആഹാബ്, ആഹാസിയ എന്നീ രാജാക്കന്മാരുടെ ഭരണകാലങ്ങളായിരുന്നത്.
ഏലിയാ പ്രവാചകനായി രംഗത്ത് വരുന്നതിന്റെ പശ്ചാത്തലം ഇതാണ്. ആഹാബ് രാജാവിന്റെ പാപങ്ങളില്‍ ദൈവം കോപിഷ്ഠനായി. പ്രവാചകനായ ഏലിയാ രാജാവിന്റെ മുമ്പില്‍ ചെന്ന് ദൈവത്തിന്റെ ശിക്ഷ പ്രഖ്യാപിച്ചു: ഇസ്രായേലിന്റെ ദൈവമായ കര്‍ത്താവാണേല്‍, വരും വര്‍ഷങ്ങളില്‍ ഞാന്‍ പറഞ്ഞതല്ലാതെ മഴയോ മഞ്ഞോ പെയ്യുകയില്ല. രാജാവ് കൊല്ലാതിരിക്കാനായി കെരീത്ത് അരുവിയുടെ തീരത്തെ കുറ്റിക്കാട്ടില്‍ ഒളിച്ചിരുന്നുകൊള്ളാന്‍ കര്‍ത്താവ് പ്രവാചകനോട് പറഞ്ഞു. കാക്ക ഭക്ഷണം കൊണ്ടുവന്ന് തരുമെന്നും അരുവിയിലെ വെള്ളം കുടിക്കാമെന്നും കര്‍ത്താവ് പറഞ്ഞു. ദൈവശക്തിയും ദൈവചൈതന്യവും ധൈര്യവും നിറഞ്ഞവനായിട്ടാണ് തുടര്‍ന്ന് ഏലിയായെ നമ്മള്‍ കാണുന്നത്. താഴെ പറയുന്നവ ശ്രദ്ധിച്ചാല്‍ അത് മനസിലാകും.
ഏലിയാ പറഞ്ഞതുപോലെ സറേഫാത്തിലെ വിധവയുടെ കലത്തിലെ മാവും എണ്ണയും തീര്‍ന്നില്ല. ക്ഷാമം തീരുന്നിടംവരെ വര്‍ഷങ്ങളോളം എടുത്തിട്ടും ഒരപ്പം ഉണ്ടാക്കാന്‍ മാത്രമുണ്ടായിരുന്ന മാവും എണ്ണയും തീര്‍ന്നില്ല (1 രാജാ. 17:16). വിധവയുടെ മരിച്ചുപോയ മകനെ ഏലിയാ പ്രാര്‍ത്ഥനവഴി ജീവിപ്പിച്ചു (1 രാജാ. 17:22). പ്രാര്‍ത്ഥിച്ച് സ്വര്‍ഗത്തില്‍നിന്ന് അഗ്നി ഇറക്കി ബലിവസ്തുക്കളെ ദഹിപ്പിച്ചു. കാളയെ കൊന്ന് വിറകിന്മേല്‍ അടുക്കിയശേഷം വെള്ളം ഒഴിച്ച് ബലിവസ്തുവിനെയും വിറകിനെയും നനച്ചശേഷമാണ്, ബാലിന്റെ പ്രവാചകന്മാരുടെ മുമ്പില്‍വച്ച്, പ്രാര്‍ത്ഥിച്ച് അഗ്നി ഇറക്കി എല്ലാം ദഹിപ്പിച്ചത് (1 രാജാ. 18:1-38). ബാലിന്റെ 450 പ്രവാചകന്മാരെ വധിച്ചു (1 രാജാ. 18:40-41). പ്രാര്‍ത്ഥിച്ച് മഴ പെയ്യിക്കുകയും വരള്‍ച്ച അവസാനിപ്പിക്കുകയും ചെയ്തു (1 രാജാ. 18:41-46). മാലാഖ നല്‍കിയ ഭക്ഷണം കഴിച്ച് അതിന്റെ ശക്തിയാല്‍ 40 രാത്രിയും 40 പകലും തുടര്‍ച്ചയായി നടന്ന് ഹോറെബ് മലയില്‍ എത്തി (1 രാജാ. 19:1-8). ഏലിയാ മേലങ്കികൊണ്ട് ജോര്‍ദാന്‍ നദിയിലെ വെള്ളത്തില്‍ അടിച്ചപ്പോള്‍ വെള്ളം ഇരുവശങ്ങളിലേക്കും മാറി നടുക്ക് വഴി ഉണ്ടായി (2 രാജാ. 2:8).
ഇക്കാര്യങ്ങളെല്ലാം പരിശോധിക്കുമ്പോള്‍ നമുക്ക് ചില കാര്യങ്ങള്‍ ഏലിയായെപ്പറ്റി ബോധ്യപ്പെടും. ഒന്ന്, ജനങ്ങളെ വിഗ്രഹാരാധനയില്‍നിന്നും തിന്മയില്‍നിന്നും മോചിപ്പിച്ച് ദൈവത്തിലേക്ക് കൊണ്ടുവരാന്‍ പരമാവധി ശ്രമിച്ച ആളാണ് ഏലിയാ. രണ്ട്, ദൈവം പറയുന്നതെന്തും വിശ്വസിക്കുകയും അനുസരിക്കുകയും ചെയ്തു. മൂന്ന്, തിന്മയെയും തിന്മ പ്രവര്‍ത്തിക്കുന്നവരെയും ശക്തിയോടെ എതിര്‍ത്തു. നാല്, ദൈവനാമത്തിലും ദൈവശക്തികൊണ്ടും വലിയ അത്ഭുതങ്ങള്‍ പ്രവര്‍ത്തിച്ചു. അവസാനം, ആത്മശരീരങ്ങളോടെ ഏലിയാ സ്വര്‍ഗത്തിലേക്ക് എടുക്കപ്പെട്ടു. ഏലിയാ ചെയ്ത അതേ കാര്യങ്ങള്‍ അതേ തീക്ഷ്ണതയോടെ സ്‌നാപകയോഹന്നാനും ചെയ്തു എന്ന് മത്തായി മൂന്നാം അധ്യായം വായിച്ചാല്‍ മനസിലാകും. യോഹന്നാന്‍ സത്യദൈവത്തിനുവേണ്ടി നിലകൊണ്ടു. തിന്മ ഉപേക്ഷിക്കാനും മാനസാന്തരപ്പെടാനും ജനത്തെ പ്രേരിപ്പിച്ചു.
ഏലിയായുടെ കാലത്ത് എന്നതുപോലെ തിന്മ പെരുകിയ, വിഗ്രഹാരാധന പെരുകിയ, ധാരാളം മനുഷ്യര്‍ ദൈവത്തില്‍നിന്ന് അകന്നുപോയ ഒരു കാലഘട്ടത്തിലാണ് നാം ജീവിക്കുന്നത്. ഏലിയായെയും സ്‌നാപകയോഹന്നാനെയും പോലുള്ള വലിയ പ്രവാചകര്‍ ഈ കാലഘട്ടത്തിലും മനുഷ്യരെ ദൈവത്തിലേക്ക് നയിക്കാന്‍ ആവശ്യമാണ്. ചെറിയ പ്രവാചകര്‍ നമ്മുടെ ഇടയില്‍ ഭാഗ്യവശാല്‍ ഉണ്ട്. എന്നാല്‍, ഏലിയായെപ്പോലെ, സ്‌നാപകനെപ്പോലെ കൂടുതല്‍ ശക്തരായവര്‍ ഇനിയും വരേണ്ടിയിരിക്കുന്നു. നമുക്ക് അതിനായി പ്രാര്‍ത്ഥിക്കാം. ക്രിസ്മസിന് ഒരുങ്ങിത്തുടങ്ങാം, അല്ലേ? നല്ല നോമ്പുകാലം ആശംസിക്കുന്നു.

ഫാ. ജോസഫ് വയലില്‍ CMI

Leave a Comment

Your email address will not be published. Required fields are marked with *

Latest Postss

Don’t want to skip an update or a post?