Follow Us On

19

February

2019

Tuesday

നീ പൂർണനാകാൻ ആഗ്രഹിക്കുന്നെങ്കിൽ

നീ പൂർണനാകാൻ ആഗ്രഹിക്കുന്നെങ്കിൽ

മതത്തിന്റെ അടിസ്ഥാന ഘടകങ്ങളായ ആത്മീയ, മതാത്മക, ധാർമിക മേഖലകളെ അപഗ്രഥിച്ചുകൊണ്ട് ക്രിസ്തീയത പുലർത്തുന്ന സവിശേഷതകളെ അനാവരണം ചെയ്യുന്ന ഗ്രന്ഥമാണ് ഡോ. ജെയിംസ് കിളിയനാനിക്കലിന്റെ നീ പൂർണനാകാൻ ആഗ്രഹിക്കുന്നെങ്കിൽ. മനുഷ്യന് നന്നാകാൻ മതത്തിന്റെ ആവശ്യമില്ല എന്ന വാദഗതി ഉയർന്നു വരുന്നു. ഇത്തരുണത്തിൽ, ക്രിസ്തീയതയുടെ തനിമയെന്ത്? മതം ഏതായാലും മനുഷ്യന് നന്നാകാൻ കഴിയുമോ? എന്തുകൊണ്ട് ഒരുവൻ ക്രിസ്തുവിനെ അനുധാവനം ചെയ്യണം? എന്നീ ചോദ്യങ്ങൾക്ക് ദൈവശാസ്ത്രപരമായ ഉത്തരം നൽകാൻ ശ്രമിക്കുകയാണ് ഗ്രന്ഥകാരൻ. ക്രിസ്തുവിന്റെ പൂർണതയിലുള്ള പങ്കുചേരലാണ് ക്രൈസ്തവപൂർണതയെന്നും അതിനുള്ള സുനിശ്ചിത വഴിയാണ് സ്‌നേഹവും കരുണയുമെന്നുമുള്ള സത്യം അവതരിപ്പിക്കുകകൂടിയാണ് ഇവിടെ. മതത്തിന്റെ ദൈവീകഭാവം അളക്കാനുള്ള മാനദണ്ഡമാണ് കരുണയും സ്‌നേഹവും. ഈ കാലഘട്ടത്തിൽ വർധമാനമായിക്കൊണ്ടിരിക്കുന്ന മതഭീകരത മാനവരാശിക്കുമുൻപിൽ, വിശിഷ്യാ, ക്രിസ്തുശിഷ്യനു മുൻപിൽ ഉയർത്തുന്ന വെല്ലുവിളി സ്‌നേഹമായിത്തീരാനാണ്. സ്‌നേഹമായിത്തീരുന്നതിലൂടെ മാത്രമേ വിദ്വേഷത്തെ അതിജീവിക്കാനാവുകയുള്ളു. സ്‌നേഹമായിത്തീരാതെ ക്രിസ്തീയതയില്ല, ഈ സത്യം ഉറക്കെ പ്രഖ്യാപിക്കുകയാണ് ലേഖകൻ ചെയ്യുന്നത്. ആധുനികലോകം ക്രിസ്തീയതയുടെമേൽ ഉയർത്തുന്ന നവവെല്ലുവിളികളെക്കുറിച്ചുള്ള സൂചനയും ശാസ്ത്രസാങ്കേതിക വിദ്യകളിലുള്ള വളർച്ചകളിൽ കുടുംബബന്ധങ്ങളിലുണ്ടാകുന്ന മാറ്റവും നവീന വിദ്യാഭ്യാസരീതികളും സാമൂഹ്യ രാഷ്ട്രീയ മാറ്റങ്ങളുമെല്ലാം സഭാ നൗകയുടെമേലൽ അലകളുയർത്തിക്കൊണ്ടിരിക്കുകയാണെന്ന് ഗ്രന്ഥം സമർത്ഥിക്കുന്നു. മതാധ്യാപനരംഗത്തും ഭക്തസംഘടനകളിൽ പ്രവർത്തിക്കുന്നവർക്കും മതസംവാദങ്ങളിൽ ഏർപ്പെടുന്നവർക്കും യുവജനങ്ങൾക്കും ഏറെ പ്രയോജനകരമാകും ഈ ഗ്രന്ഥം എന്ന് നിസംശയം പറയാം. ഉൾത്താളുകളിൽ…
നീ എന്തുകൊണ്ട് ക്രിസ്ത്യാനിയായിരിക്കുന്നു?
ഓരോ മതവിശ്വാസിയും താൻ വിശ്വസിക്കുന്ന മതത്തെക്കുറിച്ച് ആത്മാർത്ഥതയോടെ പഠിക്കുകയും അതിനെ പരിശോധനാ വിഷയമാക്കുകയും ചെയ്യേണ്ടതുണ്ടെന്ന് ലേഖകൻ അഭിപ്രായപ്പെടുന്നു. ഞാൻ വിശ്വസിക്കുന്ന മതത്തിന് എന്തു സവിശേഷതയാണുള്ളത്? എന്നെ നന്മയിലും പൂർണതയിലും എത്തിക്കാൻ എന്റെ മതം സഹായകമാകുന്നുണ്ടോ? എന്റെ മതം മാനവരാശിയുടെ വളർച്ചയ്ക്ക് എന്തു സംഭാവനകൾ നൽകുന്നുണ്ട്? ദൈവത്തെയും സഹജീവികളെയും സ്‌നേഹിച്ച് പ്രപഞ്ചത്തിൽ നന്മ വിതയ്ക്കാൻ ഞാൻ വിശ്വസിക്കുന്ന മതം സഹായകമാകുന്നുണ്ടോ? ഇതര മതവിശ്വാസികളുമായുള്ള ബന്ധത്തിൽ എന്റെ മതം എവിടെ നില്ക്കുന്നു? ഈ ചോദ്യങ്ങൾക്കുള്ള ഉത്തരം നൽകുകയാണ് പുസ്തകം. ഓരോ മതത്തിന്റെയും വ്യതിരിക്തതയെക്കുറിച്ച് പഠിക്കാൻ ഇതരമതങ്ങളുടെ സാന്നിധ്യം സഹായകമാണ്. ഇതരമതങ്ങളെ ശത്രുപക്ഷത്ത് നിർത്തി വിലയിരുത്താതെ അവയെ സ്വന്തം മതത്തിന്റെ വ്യതിരിക്തതയെ പരിശോധനാ വിഷയമാക്കാൻ ഉപയുക്തമായ മാർഗമായി പരിഗണിച്ചാൽ, അവയുടെ സാന്നിധ്യം നമ്മെത്തന്നെ ആഴത്തിൽ കണ്ടെത്താൻ സഹായകമാകും. തികഞ്ഞ ആത്മാർത്ഥതയോടും തുറന്ന മനസ്സോടും കൂടെയുള്ള ആശയ സംവാദത്തിലേയ്ക്ക് കടന്നുവരാൻ മതങ്ങൾക്ക് ഇടയാകുമെന്നും ഇവിടെ വ്യക്തമാക്കുന്നു. ഇതര മതങ്ങളുടെ സാന്നിധ്യം നിഷേധാത്മകമായ ഒന്നായിട്ടല്ല, ഭാവാത്മകവും നന്മയുമായിട്ടുവേണം ക്രിസ്ത്യാനി വിലയിരുത്താൻ. നമ്മെത്തന്നെ ആഴത്തിൽ മനസ്സിലാക്കാനും ആത്മശോധന ചെയ്യാനും ഇതരമതങ്ങളുടെ സാന്നിധ്യം സഹായകമാണ്. വ്യക്തിത്വത്തിന്റെ തനിമയും വ്യതിരിക്തതയും പ്രകടമാകുന്നതും, പ്രസക്തമാകുന്നതും മറ്റുള്ളവരുടെ സാന്നിധ്യം ഉള്ളപ്പോഴാണല്ലോ. ക്രിസ്തീയതയുടെ തനിമ പഠിക്കാനും പ്രകടിപ്പിക്കാനുമുള്ള അവസരം കൂടിയാണ് ഇതരമതസാന്നിധ്യമെന്നും ലേഖകൻ ഉദ്‌ബോധിപ്പിക്കുന്നു.
മതത്തിന്റെ ത്രിവിധ മാനങ്ങൾ
ഏതൊരു മതവും മൂന്ന് അടിസ്ഥാന മാനങ്ങൾ ഉൾച്ചേരുമ്പോൾ മാത്രമാണ് മതം എന്നു വിളിക്കപ്പെടാൻ യോഗ്യത നേടുന്നത്. അഥവാ, മതം അതായിത്തീരുന്നത് മൂന്ന് ഘടകങ്ങൾ ചേരുമ്പോഴാണ്. ആത്മീയതയും മതാത്മകതയും ധാർമികതയുമാണ് ഈ മൂന്നു ഘടകങ്ങൾ. ഇവ മൂന്നും എന്താണെന്നും എങ്ങനെ യോജിച്ചിരിക്കണമെന്നും വിശദീകരിക്കുന്നു ലേഖകൻ. അതോടൊപ്പം അവയുടെ അപഭ്രംശങ്ങൾ മൂലമുണ്ടായേക്കാവുന്ന അപകടങ്ങളെക്കുറിച്ചും ഇവിടെ പ്രതിപാദിക്കുന്നു. മനുഷ്യൻ ആരാണ്? മനുഷ്യൻ എവിടെനിന്നു വരുന്നു? എവിടേക്കു പോകുന്നു? മനുഷ്യന്റെ ആത്യന്തിക ലക്ഷ്യമെന്ത്? എന്നിങ്ങനെയുള്ള ചോദ്യങ്ങൾക്ക് ഉത്തരം നൽകാൻ കഴിവുള്ളതായിരിക്കണം മതമെന്ന് ഇവിടെ സമർത്ഥിക്കുന്നു. യഥാർത്ഥ ആത്മീയത പ്രകടിപ്പിക്കുകയും പോഷിപ്പിക്കുകയും ചെയ്യുന്നവയായിരിക്കണം മതാത്മകത. മതം ഉൾക്കൊള്ളുന്ന ദൈവസങ്കൽപ്പത്തിനും മനുഷ്യദർശനത്തിനും വിരുദ്ധമായ ആദർശങ്ങളും ആശയങ്ങളും ആയിരിക്കരുത് മതം ആചാരാനുഷ്ഠാനങ്ങളിലൂടെ പ്രകടിപ്പിക്കേണ്ടത്. വികലമായ ദൈവദർശനമോ വികലമായ മനുഷ്യദർശനമോ തെറ്റായ പ്രപഞ്ചദർശനമോ ഉള്ള മതത്തിന് ശരിയായ ധാർമിക ദർശനം നൽകാൻ കഴിയുകയില്ലെന്നും ലേഖകൻ വ്യക്തമാക്കുന്നു. ഏതൊരു മതത്തെ സംബന്ധിച്ചും ആത്മീയതയും മതാത്മകതയും ധാർമികതയും സ്വതന്ത്രമായി തനിച്ചു നിൽക്കുന്ന മൂന്നു വസ്തുതകളല്ല; ഓരോന്നും മറ്റു രണ്ടിനെയും പ്രതിബിംബിപ്പിക്കുകയും പരിപോഷിപ്പിക്കുകയും ചെയ്തുകൊണ്ട് നിലകൊള്ളുന്നതാണ്. ഇവയിൽ ഏതെങ്കിലും മാറ്റിനിർത്തി മറ്റു രണ്ടിനെക്കുറിച്ച് ചിന്തിക്കുക സാധ്യമല്ല. അതുപോലെ ഇവ മൂന്നും ചേർന്ന് മറ്റൊരു യാഥാർത്ഥ്യം രൂപപ്പെടുന്നു, അതാണ് മതമെന്നും പുസ്തകം സമർത്ഥിക്കുന്നു.
ക്രിസ്തീയതയുടെ തനതുഭാവങ്ങൾ
ക്രിസ്തുമതത്തിന് ആത്മീയതയുടെ മേഖലയിൽ എന്തു സവിശേഷതകളാണ് അവകാശപ്പെടാനുള്ളത് എന്ന് ലേഖകൻ വിശദ്ധമായി പ്രദിപാതിക്കുന്നു ഇവിടെ. ദൈവം ചരിത്രത്തിൽ അവതരിച്ചതാണ് യേശുക്രിസ്തു എന്ന സത്യമാണ് ക്രിസ്തീയതയുടെ കാതൽ. ദൈവം ക്രിസ്തുവിൽ മനുഷ്യനായി അവതരിക്കുക വഴി അന്നുവരെ നിലനിന്നിരുന്ന ദൈവസങ്കൽപ്പങ്ങൾ തിരുത്തപ്പെട്ടു. ദൈവം അപരിമേയനും അപ്രാപ്യനും അദൃശ്യനും ഉന്നതങ്ങൡലെവിടെയോ ഇരുന്ന് ഭരണം നടത്തുന്നവനും മാത്രമാണെന്ന ധാരണ തിരുത്തപ്പെട്ടു. ദൈവം ഇമ്മനുവേൽ- നമ്മോടൊത്തുള്ളവൻ- ആയിരിക്കുന്നു. കൊടുങ്കാറ്റിലും ഇടിമുഴക്കത്തിലും ഭൂകമ്പത്തിലും അഗ്നിസ്തംഭങ്ങളിലും പ്രത്യക്ഷപ്പെട്ട് അപരിമേയനായി മാറിനിന്ന് സംസാരിക്കുന്നവനാണ് ദൈവം എന്ന ധാരണ മാറ്റി മറിക്കപ്പെട്ടു. ദൈവം മനുഷ്യരൂപത്തിൽ പ്രത്യക്ഷപ്പെട്ട്, മനുഷ്യഭാഷയിൽ സംസാരിച്ച്, മനുഷ്യന്റെ വികാരങ്ങളും വിധികളും സ്വന്തമാക്കിമാറ്റിയവനാണ്. ഇതാണ് നസറത്തിലെ യേശു. മനുഷ്യനായി അവതരിച്ച ദൈവത്തിന്റെ പേരാണ് യേശുക്രിസ്തുവെന്നും ലേഖകൻ മറ്റനേകം ആശയങ്ങൾ പങ്കുവെച്ച് സൂക്ഷ്മതയോടെ വ്യകതമാക്കുന്നു. എന്നാൽ ഇന്നും ചില മതങ്ങൾ അപരിമേയനായ ദൈവത്തെക്കുറിച്ചുമാത്രം പഠിപ്പിക്കുകയും വിശ്വസിക്കുകയും ചെയ്യുന്നവയാണ്. ദൈവം മനുഷ്യനായി എന്നത് കേവലം ഭാവനാസൃഷ്ടിയല്ല, സാങ്കൽപ്പിക കഥയല്ല, ചരിത്രസത്യമാണ്. ദൈവം മനുഷ്യരൂപം സ്വീകരിച്ച് അവതാരം ചെയ്യുന്നത് ഭാവനാസൃഷ്ടിയായി ചിത്രീകരിക്കുന്ന മതങ്ങളുണ്ട്. എന്നാൽ അവ സാങ്കൽപ്പികമായി അവതരിപ്പിക്കുവാൻ ശ്രമിക്കുന്നത് ക്രിസ്തുവിൽ യാഥാർത്ഥ്യമായിരിക്കുന്നു. ക്രിസ്തു കേവലം മനുഷ്യന്റെ മതാത്മകതയുടെ സൃഷ്ടിയല്ല, അവിടുന്ന് വെറുമൊരു പ്രാവചകനോ, ഗുരുവോ മാത്രമല്ല. ഒരേ സമയം ദൈവവും മനുഷ്യനുമായ വ്യക്തിയാണെന്നും പുസ്തകം പഠിപ്പിക്കുന്നു.
ക്രിസ്തീയ മതാത്മകതയുടെ സവിശേഷതകൾ
ക്രിസ്തീയ മതാത്മകതയുടെ കാതൽ എന്തിൽ അധിഷ്ഠിതമായിരിക്കുന്നു? അതിന്റെ പ്രസ്‌ക്തിയെന്ത്? അതിന്റെ സവിശേഷതകൾ ഏവ? ഈ വിധമുള്ള ചോദ്യങ്ങൾക്ക് ഉത്തരം നൽകുകയാണ് നാലാം അധ്യായത്തിലൂടെ ലേകഖൻ. ക്രിസ്തുവിന്റെ മനുഷ്യാവതാരവും ജീവിതവും അവിടുത്തെ സഹനമരണോത്ഥാനങ്ങളും അവ വഴിയായി മനുഷ്യനു ലഭിച്ച നിത്യരക്ഷയുമാണ് ക്രിസ്തീയ വിശ്വാസത്തിന്റെ സാരസത്ത. ഇവയുടെ അനുഷ്ഠാനങ്ങളും ആചരണങ്ങളുമാണ് ക്രിസ്തീയ മതാത്മകതയുടെ കാതലെന്നും ക്രിസ്തുസംഭവത്തിന്റെയും അതുവഴി ലഭിച്ച രക്ഷയുടെയും അനുഭവമായിരിക്കണം ക്രിസ്തീയ മതാത്മകതയുടെ ഉൾക്കാമ്പെന്നും വിശദ്ധമാക്കിതരുന്നു പുസ്തകം. സഭയെന്നത് ഏറെക്കുറെ നല്ല മനുഷ്യരുടെ ഒരു സംഘടന എന്ന നിലയിൽ മനസ്സിലാക്കിയാൽ പോരാ, അത് ക്രിസ്തുവിന്റെ ശരീരവും, ക്രിസ്തുവിന്റെ തുടർച്ചയും, ക്രിസ്തുവിന്റെ പൂർണതയുമാണ്. യേശുക്രിസ്തുവിൽ പിതാവിനെ ആരാധിക്കുന്ന ആരാധനാ സമൂഹമാണ് സഭ. ഈ സഭയുടെ അനുഷ്ഠാന ശൈലിയാണ് അതിന്റെ മതാത്മകതയെന്നും ലേഖകൻ വ്യക്തമാക്കിതരുന്നു. ക്രിസ്തീയ മതാത്മകതയുടെ സവിശേഷതകളിൽ മൂന്ന് കാര്യങ്ങൾ ലേഖകൻ എടുത്ത് പറയുന്നു. ഒന്നാമതായി, അതു ചരിത്രത്തിൽ യാഥാർത്ഥ്യമായ ഒരു സത്യത്തെയാണ് ആവിഷ്‌ക്കരിക്കുന്നത് എന്ന വസ്തുതയാണ്. ഇതിഹാസങ്ങളുടെയും പുരാണങ്ങളുടെയും സാങ്കൽപ്പികകഥകളുടെയും ആവിഷ്‌ക്കാരമല്ല ക്രിസ്തീയ മതാനുഷ്ഠാനങ്ങൾ. അത് ചരിത്രസത്യത്തിന്റെ അവതരണമാണ്. രണ്ടാമതായി, അപരിമേയനായ ദൈവത്തെക്കുറിച്ച് വിശ്വാസി നടത്തുന്ന ധ്യാനാത്മകതയുടെ പ്രതിഫലനമല്ല ക്രിസ്തീയ മതാത്മകത. അപരിമേയനായ ദൈവം നമ്മോടൊത്തും നമ്മിലും കുടികൊള്ളുന്നു എന്ന സത്യത്തിന്റെ ആവിഷ്‌ക്കരണവും അനുഭവവും ഉൾക്കൊള്ളുന്നതാണ് ക്രിസ്തീയ മതാത്മകത. ഏറെ പ്രാധാന്യമർഹിക്കുന്ന മൂന്നാമത്തെ പ്രത്യേകത, ചരിത്രത്തിൽ മൺമറഞ്ഞുപോയ മഹത്‌വ്യക്തികളുടെ രൂപങ്ങൾ പ്രതിഷ്ഠിച്ച് അവരുടെ ഓർമകൾ പുതുക്കുന്നതുപോലെയോ, അവരെക്കുറിച്ചുള്ള അപദാനങ്ങൾ പ്രകീർത്തിക്കുന്നതുപോലെയോ അല്ല ക്രിസ്തീയ മതാത്മകതയുടെ അനുഷ്ഠാനങ്ങൾ. ചരിത്രപുരുഷനെങ്കിലും ഇന്നും ജീവിക്കുന്ന ക്രിസ്തുവിന്റെ സജീവസാന്നിധ്യമാണ് ആരാധനയിൽ അനുഭവിക്കുന്നത്. ക്രിസ്തുസംഭവത്തിന്റെ പുനരാവിഷ്‌ക്കരണവും ആവർത്തനവും ഉൾക്കൊള്ളുന്നതാണത്. ഇന്നും എക്കാലവും ലോകത്തെവിടെയുമുള്ള വിശ്വാസി ചരിത്രത്തിലേക്കു പിൻതിരിയാതെതന്നെ ക്രിസ്തുസംഭവം അവന്റെ അടുക്കൽ യാഥാർത്ഥ്യമായി അനുഭവപ്പെടുന്നു എന്ന അത്ഭുത രഹസ്യമാണ് ക്രിസ്തീയ മതാത്മകതയുടെ കാതലെന്നും ഈ മതാത്മകത, ക്രിസ്ത്യാനിക്ക് ആത്മീയതയുടെ പ്രകാശനം മാത്രമല്ല, ആത്മീയതയുടെ യാഥാർത്ഥ്യവൽക്കരണവുമാണെന്ന് പുസ്തകം വിശദ്ധമാക്കുന്നു.
ക്ലേറിക്കലിസവും ആന്റി ക്ലേറിക്കലിസവും
എന്താണ് ക്ലേറിക്കലിസം? ഒറ്റവാക്കിൽ, നിർവചിക്കാൻ വിഷമമുള്ള പദമാണിതെന്നും വിവിധ രൂപങ്ങളും ഭാവങ്ങളും അതിനുണ്ട് എന്നതിനാൽ അത് നിർവചിക്കുക അത്ര എളുപ്പമല്ലെന്നും ലേഖകൻ അഭിപ്രായപ്പെടുന്നു. എങ്കിലും എളുപ്പത്തിൽ മനസ്സിലാക്കുന്നതിനായി ലേഖകൻ അതിന്റെ പൊതുസ്വഭാവങ്ങൾ പരിശോധിച്ച് വായനക്കാർക്കായി അവതരിപ്പിക്കുന്നു ഇവിടെ. മതങ്ങൾക്ക്, വിശിഷ്യാ, പൗരോഹിത്യം നിലനിൽക്കുന്ന മതങ്ങൾക്ക്, അവയുടെ ചരിത്രത്തിൽ സംഭവിക്കാനിടയുള്ള അപകടമാണ് ക്ലേറിക്കലിസം. വൈദികമേധാവിത്വം എന്ന് തർജമ ചെയ്യാവുന്ന പദമാണ് ക്ലേറിക്കലിസം. സമൂഹത്തിൽ പൂരോഹിതവൃന്ദം (രഹലൃഴ്യ) ഒരു പ്രത്യേക വിഭാഗമായി മാറിക്കൊണ്ട് ഒരു വെണ്ണപ്പാളിയായി (രൃലമാ ഹമ്യലൃ) രൂപപ്പെടുകയും തൽഫലമായി ഭരിക്കുന്നവരുടെ ഒരു ഗണമായിത്തീരുകയും ചെയ്യുന്ന സ്ഥിതിവിശേഷമാണ് ക്ലേറിക്കലിസം. ക്ലേറിക്കലിസത്തിന്റെ പ്രകടന ഭാവങ്ങൾ പലതാണ്. അത് ശുശ്രൂഷാസ്ഥാനത്തെ അതിന്റെ ചൈതന്യം കെടുത്തി ഭരണസംവിധാനമാക്കി മാറ്റുന്നു എന്നതാണ് പ്രധാനമായ സവിശേഷത. സേവനം ചെയ്യുക, ശുശ്രൂഷിക്കുക എന്നതൊക്കെ തത്വത്തിൽ മാത്രം ഒതുങ്ങിനിൽക്കുകയും പ്രയോഗത്തിൽ ക്ലേർജി തങ്ങളുടെ മേൽക്കോയ്മ സ്ഥാപിച്ച് അധികാരം പുലർത്തുന്നവരായിത്തീരുകയും ചെയ്യുന്നു. അതോടുകൂടി വൈദികരും ജനങ്ങളും തമ്മിലുള്ള ബന്ധം, ഭരിക്കുന്നവരും ഭരണീയരും എന്ന തലത്തിലേക്ക് മാറുന്നു. ക്ലേറിക്കലിസത്തിൽ സ്‌നേഹവും കരുണയും നിയമത്തിനു വഴിമാറുന്നു. മതത്തിന് കരുണയുടെ മുഖം നഷ്ടമാവുകയും, സംവിധാനങ്ങളെ നിലനിർത്താനുള്ള നിയമങ്ങൾ കർക്കശമാവുകയും ചെയ്യും. ക്ലേറിക്കലിസത്തിന്റെ ഭാഗമായി ആത്മീയതലത്തിലെ പ്രവർത്തനങ്ങളെക്കാളധികമായി മതം ഭൗതികമണ്ഡലത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കുവാനാരംഭിക്കും. കച്ചവടങ്ങളും സാമ്പത്തിക ഇടപാടുകളും മതം ഏറ്റെടുത്തു നടത്താൻ വ്യഗ്രത കാണിച്ചു തുടങ്ങും. ഇവയൊക്കെയും നിലനിർത്താൻ രാഷ്ട്രീയാധികാരത്തിന്റെ ആശ്രിതരായിത്തീരുകയും തത്ഫലമായി ധാർമികത കൈമോശം വരികയും ചെയ്യും തുടങ്ങിയ കാര്യങ്ങൾ സമർത്ഥിച്ചുകൊണ്ടാണ് ലേഖകൻ ഇത് വിശദ്ധീകരിക്കുന്നത്. ഇനിയും നിരവധി കാര്യങ്ങൾ ഈ അധ്യായത്തിൽ ലേഖകൻ ക്ലേറിക്കലിസത്തെ നിർവചിക്കാൻ ഉപയോഗിക്കുന്നുണ്ട്.
സാമൂഹ്യരാഷ്ട്രീയമണ്ഡലത്തിൽനിന്നും മതത്തിന്റെ സ്വാധീനത്തെ പാടേ നീക്കിക്കളയാനുള്ള സംഘടിത ശ്രമമായി ആന്റിക്ലേറിക്കലിസത്തെ കാണാവുന്നതാണെന്ന് ലേഖകൻ. സഭാസംവിധാനത്തെ തകിടംമറിക്കുക, ക്ലേർജിയുടെ സ്വാധീനവും നിയന്ത്രണവും ഇല്ലാതാക്കുക, മതത്തെ ആത്മീയമേഖലയിൽ മാത്രമായി ഒതുക്കിനിർത്തുക, മതാചാരങ്ങളെ പൊതുജീവിതത്തിൽ നിന്ന് ഉച്ചാടനം ചെയ്യുക എന്നിവയെല്ലാം ആന്റിക്ലേറിക്കലിസത്തിന്റെ പ്രഖ്യാപിത നയങ്ങളാണ്. ക്ലേറിക്കലിസത്തിൽ മനംമടുത്ത ജനത്തിന്റെ പ്രതികരണമായോ, സഭാസംവിധാനത്തെ തകർക്കാനുള്ള നിരീശ്വരപ്രസ്ഥാനങ്ങളുടെ സംഘടിത ശ്രമത്തിന്റെ ഭാഗമായോ, ശത്രുതാമനോഭാവം പുലർത്തുന്ന ഇതരമതങ്ങളുടെ ഗൂഢപദ്ധതിയായോ ഒക്കെ ആന്റിക്ലേറിക്കലിസം ഉടലെടുക്കാനിടയുണ്ട്. നീതിയുടെയും സ്വാതന്ത്ര്യത്തിന്റെയും സമത്വത്തിന്റെയും രൂപഭാവങ്ങളിൽത്തന്നെയായിരിക്കും ആന്റിക്ലേറിക്കലിസം വിദ്വേഷത്തിന്റെ ഫണമുയർത്തുന്നത് എന്നകാര്യം ശ്രദ്ധേയമായ വസ്തുതയാണെന്നും പുസ്തകം വ്യക്തമാക്കുന്നു. ആന്റിക്ലേറിക്കലിസം ഒട്ടനവധി രൂപങ്ങളിൽ പ്രത്യക്ഷപ്പെടുമെന്നും കടകമ്പോളങ്ങളിലും പൊതുനിരത്തുകളിലും സഭാസംവിധാനങ്ങൾക്കുള്ളിൽത്തന്നെയും പ്രകടമാകുന്ന വൈദിക, സന്ന്യസ്ത വിമർശനമായിട്ടായിരിക്കും അത് ആദ്യം രംഗപ്രവേശനം ചെയ്യുകയെന്നും ലേഖകൻ വ്യക്തമാക്കുന്നു. ക്രമേണ, അത് കലകളിലും, സാഹിത്യരചനകളിലും സിനിമകളിലും ചാനൽചർച്ചകളിലും പ്രകടമാകുന്ന വൈദികവിദ്വേഷത്തിന്റെയും പരിഹാസത്തിന്റെയും മതനിന്ദയുടെയും രൂപം ധരിക്കും. സാധാരണക്കാരായ വിശ്വാസികളെ സംബന്ധിച്ചിടത്തോളം നിസ്സംഗതയുടെയും നിസ്സഹകരണത്തിന്റെയും ഭാവങ്ങളായിരിക്കും കൂടുതലായിട്ടുണ്ടാവുക. ആദ്യഘട്ടങ്ങളിലൊക്കെയും, സമൂഹത്തിൽ ക്ലേറിക്കലിസം ശക്തമായിരിക്കയാൽ ഇപ്രകാരമുള്ള വിമർശനങ്ങളെയും നിസ്സംഗതയെയും അവഗണിച്ചുകൊണ്ടുതന്നെ മതം മുന്നോട്ടുപോകും. അതോടെ ആന്റിക്ലേറിക്കലിസം കൂടുതൽ ശക്തി പ്രാപിക്കുകയും എതിർപ്പുകൾ തുറന്ന സംഘർഷത്തിലേക്ക് വഴിതുറക്കുകയും ചെയ്യും. അങ്ങനെ വൈദികർക്കും സന്ന്യസ്തർക്കും നേരെയുള്ള അതിക്രമങ്ങളും, സഭാസംവിധാനങ്ങളുടെയും സ്ഥാപനങ്ങളുടെയും നേർക്കുള്ള ആക്രമണങ്ങളും ഉണ്ടാകാൻ ഇടവരും. വിദ്വേഷം അടുത്ത പടിയിലേക്ക് എത്തുന്നതോടെ മതവിശ്വാസത്തെയും ആചാരങ്ങളെയും പുച്ഛിക്കുന്നതിലേക്കും, ദൈവത്തെയും മതചിഹ്നങ്ങളെയും അധിക്ഷേപിക്കുന്നതിലേക്കും കാര്യങ്ങൾ എത്തും. സ്ഥിതി നിയന്ത്രണാതീതമായിത്തീരുകയും ചെയ്യുമെന്ന് നിരവധി ആശയങ്ങൾ പങ്ക് വെച്ച് പുസ്തകം വ്യക്തമാക്കുന്നു.
ക്രിസ്തീയത നേരിടുന്ന വെല്ലുവിളികൾ
കാലത്തിന്റെ അടയാളങ്ങൾ വിവേചിക്കുക മനുഷ്യബുദ്ധി നമ്മോടാവശ്യപ്പെടുന്ന കാര്യമാണ്. മതങ്ങളും പ്രത്യയശാസ്ത്രങ്ങളും സംഘടനകളും പ്രസ്ഥാനങ്ങളുമെല്ലാം ചരിത്രഗതിയിൽ മൺമറഞ്ഞുപോകാതെ നിലകൊള്ളണമെങ്കിൽ കാലഘട്ടമുയർത്തുന്ന വെല്ലുവിളികൾക്ക് ഉത്തരം നൽകാൻ അവ കഴിവുള്ളതാകണം. കാലത്തിന്റെ മാറ്റങ്ങളെ യഥാവിധി ഉൾക്കൊണ്ട് സ്വയം രൂപപ്പെടാൻ കഴിയാത്തവയൊക്കെയും ചരിത്രഗതിയിൽ തകർന്നടിയും. ഏറ്റം ശക്തം എന്നു കരുതപ്പെട്ടിരുന്ന ഡിനോസറുകളുടെ നാശവും ഏറ്റം പരിഷ്‌കൃതം എന്നു കരുതപ്പെട്ടിരുന്ന ഗ്രീക്ക്, റോമൻ സംസ്‌ക്കാരങ്ങളുടെ പതനവും പങ്കുവെച്ച് ലേഖകൻ വ്യക്തമാക്കുന്നു. സഭ ഒരു ആത്മീയ യാഥാർത്ഥ്യം മാത്രമല്ല, ഒരു മതമെന്ന നിലയിലും സാമൂഹ്യസംഘടനാ സ്വഭാവമുള്ള സ്ഥാപനം എന്ന നിലയിലും ബാഹ്യമായ ഘടകങ്ങൾകൂടി ചേർന്നതാണ്. ഈ ലോകത്തിലാണ് അതിന്റെ ഭൗമിക ഘടകം പടുത്തുയർത്തപ്പെട്ടിരിക്കുന്നത്. അതിനാൽ സാമൂഹികവും, രാഷ്ട്രീയവും, വൈജ്ഞാനികവും എന്നുവേണ്ട മനുഷ്യജീവിതവുമായി ബന്ധമുള്ള എല്ലാ മേഖലകളിലും വന്നുകൊണ്ടിരിക്കുന്ന മാറ്റങ്ങൾ സഭയിലും അതിന്റെ അലയൊലികൾ ഉളവാക്കിക്കൊണ്ടിരിക്കും. അവയെ ഗൗരവപൂർവം വിശകലനം ചെയ്യുക അനിവാര്യമാണ്. ഈ മാറ്റങ്ങളൊക്കെയും ക്രിസ്തീയതയുടെമേൽ വിവിധതരം ചോദ്യങ്ങളും വെല്ലുവിളികളും ഉയർത്തിക്കൊണ്ടാണിരിക്കുന്നത്. ക്രിസ്തീയ വ്യക്തിത്വത്തിന്റെ വ്യതിരിക്തഭാവങ്ങളെ കൂടുതൽ ആഴത്തിൽ പഠിക്കാനും കൂടുതൽ ഫലപ്രദമായവിധത്തിൽ അവതരിപ്പിക്കാനും ഈ മാറ്റങ്ങൾ നമ്മോട് ആവശ്യപ്പെടുന്നു. ക്രിസ്തീയ ജീവിതമൂല്യങ്ങളെ കൂടുതൽ പ്രസക്തവും സ്വീകാര്യവുമായ വിധത്തിൽ സമൂഹമധ്യത്തിൽ അവതരിപ്പിക്കേണ്ടതിന്റെ അടിയന്തര ആവശ്യം ഈ മാറ്റങ്ങൾ നമ്മുടെ മുൻപിൽ തുറന്നു വെയ്ക്കുന്നുണ്ടെന്നും ലേഖകൻ ഉദ്‌ബോധിപ്പിക്കുന്നു. വിവിധ മണ്ഡലങ്ങളിൽ വന്നിട്ടുള്ള മാറ്റങ്ങളെകുറിച്ചും സഭ നേരിടുന്ന വെല്ലുവിളികളും അത് തരണം ചെയ്യേണ്ടതെങ്ങനെയെന്നും ലേഖകൻ ഒൻപതാം അധ്യായത്തിലൂടെ വ്യക്തമാക്കുന്നു.
നീ പൂർണനാകാൻ ആഗ്രഹിക്കുന്നെങ്കിൽ
മനുഷ്യൻ വിളിക്കപ്പെട്ടിരിക്കുന്നത് പൂർണത പ്രാപിക്കാൻ വേണ്ടിയാണ്. പൂർണതയ്ക്കും നിത്യതയ്ക്കും വേണ്ടിയുള്ള ദാഹം മനുഷ്യന്റെ അന്തരാത്മാവിൽ നിക്ഷിപ്തമായിരിക്കുന്നു. അപൂർണമായതൊന്നും മനുഷ്യനെ സ്ഥായിയായി തൃപ്തിപ്പെടുത്തുന്നില്ല. ഈ സൃഷ്ടപ്രപഞ്ചത്തിന് മനുഷ്യന്റെ ഈ ആന്തരികദാഹം ശമിപ്പിക്കുക സാദ്ധ്യമല്ല. കാരണം ഈ ദാഹം ദൈവത്തിനുവേണ്ടിത്തന്നെയുള്ളതാണ്. പ്രപഞ്ചം നിത്യമല്ല, ദൈവത്തിന്റെ സൃഷ്ടിമാത്രമാണ്. അത് അവസാനമുള്ളതാണ്. മനുഷ്യനാകട്ടെ നിത്യതയിലേയ്ക്ക് വിളിക്കപ്പെട്ടിരിക്കുന്നവനാണ്. ആകയാൽ മനുഷ്യാസ്തിത്വം തേടുന്നതെന്തോ അതു പ്രദാനം ചെയ്യാൻ സൃഷ്ട പ്രപഞ്ചത്തിന് കഴിയുകയില്ലന്നും പുസ്തകം വ്യക്തമാക്കുന്നു. യഥാർത്ഥ ദൈവത്തിൽ എത്തിച്ചേരാനുള്ള പൂർണവും സുനിശ്ചിതവുമായ വഴിയേത്? എന്ന ചോദ്യത്തിന് ലേഖകൻ ഉത്തരം നൽകുന്നു ഇവിടെ. സ്വാഭാവിക നന്മ പ്രാപിക്കാൻ അനേകം വഴികൾ ഉണ്ടാകാം. പൂർണത തന്നെയായ ദൈവത്തെ പ്രാപിക്കാൻ പൂർണമായ വഴി ഏക വഴി മാത്രമായിരിക്കും. ഏതാണ് ആ പൂർണതയുടെ മാർഗമെന്ന് ലേഖകൻ വ്യക്തമാക്കുന്നു.
എല്ലാ മതങ്ങൾക്കും മനുഷ്യനെ നന്മയിലേക്ക് എത്തിക്കാനാവും, എത്രത്തോളം അവയോരോന്നും നന്മ ഉൾക്കൊള്ളുന്നുവോ അത്രത്തോളം മാത്രം. ഇല്ലാത്തതു നല്കുവാൻ ആർക്കും കഴിയുകയില്ല എന്ന തത്വം ഓർമിക്കുക. സ്വാഭാവികനന്മയുള്ള മതങ്ങൾ നമ്മെ സ്വാഭാവിക നന്മയിൽ വളർത്തുന്നു. കുറവുകളില്ലാത്തതും പൂർണവുമായ മതത്തിനു മാത്രമേ മനുഷ്യനെ പൂർണതയിലെത്തിക്കാൻ കഴിയൂ. ഇവിടെ വിശുദ്ധ ഗ്രന്ഥത്തിലെ ഒരു സംഭവം പ്രസ്താവ്യമാണ്.
”നല്ലവനായ ഗുരോ, നിത്യജീവൻ പ്രാപിക്കാൻ ഞാൻ എന്തു നന്മ ചെയ്യണം?” എന്നു ചോദിച്ച യുവാവിനോട് യേശു പറഞ്ഞ മറുപടിയാണത്. ”ദൈവം ഒരുവനല്ലാതെ മറ്റൊരു നല്ലവനില്ല. പ്രമാണങ്ങൾ നിനക്കറിയാമല്ലോ. അതനുസരിച്ച് പ്രവർത്തിക്കുക, അപ്പോൾ നീ ജീവിക്കും… എന്നാൽ നീ പൂർണനാകാൻ ആഗ്രഹിക്കുന്നെങ്കിൽ നിനക്കുള്ളതെല്ലാം വിറ്റ് ദരിദ്രർക്കു കൊടുക്കുക, പിന്നെ വന്ന് എന്നെ അനുഗമിക്കുക.” ചുരുക്കത്തിൽ, പൂർണനാകാൻ ആഗ്രഹിക്കുന്നെങ്കിൽ ‘യേശുവിനെ അനുഗമിക്കുക’ എന്നു സാരം. പൂർണനാകാനുള്ള വഴി യേശുവിനെ അനുഗമിക്കുക എന്നതായി യേശുവിന്റെ അധരത്തിലൂടെ വിശദീകരിക്കപ്പെട്ടു നൽകിയിരിക്കുന്നു. യേശുവിനെ അനുഗമിക്കുക, യേശുവിനെപ്പോലെയായിത്തീരുക എന്നതുമാത്രമാണ് പൂർണത പ്രാപിക്കൽ. അതാണ് ക്രിസ്തീയത മനുഷ്യന് നൽകുന്ന സാധ്യതയെന്നും ലേഖകൻ വിശദ്ധീകരിക്കുന്നു ഇവിടെ. ക്രിസ്തുവിന്റെ വരവോടുകൂടി മനുഷ്യന് പൂർണതയെന്നത് ഒരു ആശയം മാത്രമല്ല, ഒരു വ്യക്തിയിലൂടെ നൽകപ്പെട്ട മാതൃകയായി മാറിയിരിക്കുന്നു. പൂർണതയുടെ ഏക മാനദണ്ഡമായി ചരിത്രത്തിൽ ക്രിസ്തു നിലകൊള്ളുന്നു. ഇനി മുതൽ പൂർണത പ്രാപിക്കുക എന്നാൽ ക്രിസ്തുവിനെപ്പോലെ ആയിത്തീരുക എന്നതായിരിക്കുന്നു. മറ്റൊരു ക്രിസ്തുവായിത്തീരാത്തിടത്തോളം മനുഷ്യൻ അപൂർണനായിരിക്കും. ക്രിസ്തുവിനെപ്പോലെ ആയിത്തീരാനുള്ള മാർഗമാണ് ക്രിസ്തീയതയെന്നും പുസ്തകം സമർത്ഥിക്കുന്നു.
ചുരുക്കം
ക്രിസ്തീയതയുടെ സവിശേഷതയെന്ത്? മനുഷ്യനെ അവന്റെ ആത്യന്തിക ലക്ഷ്യപ്രാപ്തിക്ക് ക്രിസ്തീയത എങ്ങനെ സഹായിക്കുന്നു? ഈ രണ്ടു ചോദ്യങ്ങൾക്ക് ഉത്തരം തേടുകയാണ് ഈ ഗ്രന്ഥം. ഇതര മതവിശ്വാസങ്ങളെയോ മതാചാരങ്ങളെയോ വിമർശിക്കുകയല്ല ഗ്രന്ഥരചനയുടെ ലക്ഷ്യം, മറിച്ച് ക്രൈസ്തവവിശ്വാസികളെ തങ്ങളുടെ മതവിശ്വാസത്തെക്കുറിച്ച് കൂടുതൽ ബോധ്യപ്പെടുത്തുകയാണ.് ക്രിസ്തീയത അഭിമുഖീകരിക്കുന്ന നവീന സാഹചര്യങ്ങളും വെല്ലുവിളികളും പരിചിന്തന വിഷയമാകുകകൂടി ചെയ്യുന്നു ഇവിടെ. ഒപ്പം ആത്മാർത്ഥമായ ഒരാത്മപരിശോധനയ്ക്ക് ക്രിസ്തീയ മതവിശ്വാസികളെ ക്ഷണിക്കുകയും ചെയ്യുന്നു. സ്‌നേഹപൂർണത പ്രാപിച്ചുകൊണ്ട്, സമൂഹത്തിൽ കാരുണ്യത്തികവായി മാറുന്നതിലൂടെ മാത്രമേ ക്രിസ്ത്യാനിക്ക് ജീവിതത്തെ സാക്ഷാത്കരിക്കാനാവൂ എന്ന ശക്തമായ ആഹ്വാനവും ലേഖകൻ നൽകുന്നു. ക്രിസ്തുവിന്റെ പൂർണതയിലേയ്ക്കാണ് സകല മാനവരാശിയും ചെന്നെത്തേണ്ടത് എന്ന സത്യം പ്രഖ്യാപിച്ചുകൊണ്ട് സ്‌നേഹത്തിൽ നവീകരിക്കപ്പെട്ട ലോകത്തെ പടുത്തുയർത്താൻ ക്ഷണിക്കുകയാണ് ഈ ഗ്രന്ഥം.
Buy  Online : sophiabuy.com

Leave a Comment

Your email address will not be published. Required fields are marked with *

Similar Posts

Don’t want to skip an update or a post?