Follow Us On

29

March

2024

Friday

ക്രൈസ്തവരുടെ സംരക്ഷണം ഹംഗറിയുടെ ഉത്തരവാദിത്വം: പ്രധാനമന്ത്രി ഓർബൻ; പിന്തുണ അറിയിച്ച് ട്രംപ്

ക്രൈസ്തവരുടെ സംരക്ഷണം ഹംഗറിയുടെ ഉത്തരവാദിത്വം: പ്രധാനമന്ത്രി ഓർബൻ; പിന്തുണ അറിയിച്ച് ട്രംപ്

ബുഡാപെസ്റ്റ്: ലോകമെങ്കുമുള്ള ക്രൈസ്തവരുടെ സംരക്ഷണം ഹംഗേറിയൻ ഭരണകൂടത്തിന്റെ ഉത്തരവാദിത്വമാണെന്ന് വ്യക്തമാക്കി പ്രധാനമന്ത്രി വിക്ടർ ഓർബൻ. ആഗോളതലത്തിൽ നടക്കുന്ന ക്രൈസ്തവ വിരുദ്ധ പീഡനങ്ങളെക്കുറിച്ച് ചർച്ച ചെയ്യാൻ ഹംഗേറിയൻ ഭരണകൂടം സംഘടിപ്പിച്ച അന്താരാഷ്ട്ര കോൺഫറൻസിനെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം.

ക്രിസ്ത്യൻ മൂല്യങ്ങൾ സമാധാനത്തിലേക്കും സന്തോഷത്തിലേക്കും നയിക്കുമെന്ന് ഹംഗേറിയൻ ജനത ഉറച്ചുവിശ്വസിക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഹംഗേറിയൻ തലസ്ഥാനമായ ബുഡാപെസ്റ്റിൽ സമ്മേളിച്ച കോൺഫറൻസിന് പിന്തുണ അറിയിച്ച് യു.എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് അയച്ച സന്ദേശവും ശ്രദ്ധേയമായി.

വർദ്ധിച്ചുവരുന്ന ക്രൈസ്തവ വിരുദ്ധ പീഡനത്തെക്കുറിച്ച് അന്താരാഷ്ട്രതലത്തിൽ അവബോധം വളർത്തുക, സർക്കാരുകളും സന്നദ്ധ സംഘടനകളും തമ്മിലുള്ള സഹകരണവും ഏകോപനവും വഴി ക്രൈസ്തവ വിരുദ്ധ പീഡനത്തിന് പരിഹാരം കാണുക എന്നീ ലക്ഷ്യങ്ങളോടെ സംഘടിപ്പിക്കുന്ന കോൺഫറൻസിൽ 40 രാജ്യങ്ങളിൽനിന്ന് 650 പ്രതിനിധികളാണ് പങ്കെടുക്കുന്നത്.

മതപീഡനത്തിനിരയാകുന്ന ക്രൈസ്തവർക്കുവേണ്ടി പ്രവർത്തിക്കാൻ ഹംഗേറി ചുമതലപ്പെടുത്തിയ സ്റ്റേറ്റ് സെക്രട്ടറി ട്രിസ്റ്റാൻ അസ്‌ബേലായിരുന്നു ഉദ്ഘാടകൻ. ഡമാസ്‌കസിലെ അർമേനിയൻ ഓർത്തഡോക്‌സ് ബിഷപ്പ് അർമാഷ് നൽബന്ധിയാൻ, പൗരസ്ത്യ അസ്സീറിയൻ സഭാ തലവൻ പാത്രിയാർക്കീസ് മൂന്നാമൻ തുടങ്ങിയ പ്രമുഖരും മധ്യപൂർവേഷ്യയിൽ ക്രൈസ്തവർ പീഡിപ്പിക്കപ്പെടുന്നുണ്ടെന്ന കാര്യം സ്ഥിരീകരിച്ച് സംസാരിച്ചു.

അന്ത്യോക്യായിലെ സിറിയൻ ഓർത്തഡോക്‌സ് സഭാതലവൻ പാത്രിയാർക്കീസ് ഇഗ്‌നേഷ്യ അഫ്രേം, മൊസൂളിലെ കൽദായ കത്തോലിക്കാ മെത്രാപ്പോലീത്ത നജീബ് മൈക്കേൽ, സിറിയ ലെബനോൻ ഇവാഞ്ചലിക്കൽ സഭാ നേതാവ് റവ. ജോസഫ് കസബ് തുടങ്ങിയ പ്രമുഖ ക്രിസ്ത്യൻ നേതാക്കൾ കോൺഫറൻസിൽ പങ്കെടുക്കുന്നുണ്ട്.

ബുഡാപെസ്റ്റ് മെത്രാപ്പോലീത്ത കർദിനാൾ പീറ്റർ എർദോ, വിശ്വാസ തിരുസംഘം മുൻ തലവനായ കർദിനാൾ ജെറാർഡ് മുള്ളർ, എത്യോപ്യയിലെ അപ്പസ്‌തോലിക പ്രതിനിധി ആർച്ച്ബിഷപ്പ് അന്റോയിൻ കാമില്ലേരി തുടങ്ങിയവരാണ് കോൺഫറൻസിൽ പങ്കെടുക്കുന്ന പ്രമുഖ കത്തോലിക്കാ പ്രഭാഷകർ. കോൺഫറൻസിനുമുമ്പ്, ഐസിസിനുശേഷമുള്ള ലോകത്തിലെ ഇസ്ലാമിക ഭൂപ്രകൃതി, മതപീഡനത്തിനിരയായവരെ സഹായിക്കുന്നതിൽ സന്നദ്ധസംഘടനകൾക്കുള്ള പങ്ക് എന്നീ വിഷയങ്ങളിൽ അനൗദ്യോഗിക ചർച്ചകളുമുണ്ടായിരുന്നു. കോൺഫറൻസ് നാളെ (നവം.28) അവസാനിക്കും.

Share:

Leave a Comment

Your email address will not be published. Required fields are marked with *

Latest Posts

Don’t want to skip an update or a post?