Follow Us On

31

May

2020

Sunday

വത്തിക്കാനിൽ സംഭവിച്ചത് അത്ഭുതമല്ല മഹാത്ഭുതം! സന്തോഷം വിവരിക്കാനാവാതെ പ്രാർത്ഥനാമോളും കുടുംബവും

വത്തിക്കാനിൽ സംഭവിച്ചത് അത്ഭുതമല്ല മഹാത്ഭുതം! സന്തോഷം വിവരിക്കാനാവാതെ പ്രാർത്ഥനാമോളും കുടുംബവും

വത്തിക്കാൻ സിറ്റി: ദൂരെ നിന്നെങ്കിലും ഫ്രാൻസിസ് പാപ്പയെ ഒരു നോക്കു കാണുക- അത്രമാത്രം ആഗ്രഹിച്ച് എത്തിയവർക്ക് പാപ്പയിൽനിന്ന് ഒന്നല്ല രണ്ട് സമ്മാനം കിട്ടിയാലോ! വാക്കുക്കൊണ്ട് വിവരിക്കാനാവാത്ത സന്തോഷത്തിലാണ് യു.കെയിൽ താമസിക്കുന്ന മലയാളി കുടുംബം. അങ്കമാലി സ്വദേശിയായ പാലാട്ടി പ്രിൻസൺ- വിൽസി ദമ്പതികൾക്കും പ്രാർത്ഥനാ മോൾ എന്ന് വിളിക്കുന്ന രണ്ട് വയസുകാരി മരിയയ്ക്കുമാണ് ആ ഭാഗ്യം ലഭിച്ചത്.

വ്രതവാദ്ഗാന ജൂബിലി ആഘോഷിക്കുന്ന ജേഷ്ഠ സഹോദരിയും റോമിലെ സെന്റ് മേരീസ് ലവൂക്കാ കോൺഗ്രിഗേഷൻ സഭാംഗവുമായ സിസ്റ്റർ ലിച്ചീനിയയെ സന്ദർശിക്കാനെത്തിയതായിരുന്നു പ്രിൻസണും കുടുംബവും. ബുധനാഴ്ചകളിൽ പതിവുള്ള പൊതുദർശന വേളയിൽ പാപ്പയെ സന്ദർശിക്കാൻ ജനക്കൂട്ടത്തിനിടയിൽ നിൽക്കുമ്പോഴാണ്, യാദൃശ്ചികമായി ഒരു സെക്യൂരിറ്റി ഉദ്യോഗസ്ഥൻ പ്രാർത്ഥനാ മോളെയും മാതാപിതാക്കളെയും ഏറ്റവും മുൻനിരയിലേക്ക് കൂട്ടിക്കൊണ്ടു പോയത്.

അടുത്തെത്തിയ ഫ്രാൻസിസ് പാപ്പ പ്രാർത്ഥനാ മോളെ തലോടുന്നതും ചുംബിക്കുന്നതും യാഥാർത്ഥ്യമാണോ എന്ന് തിരിച്ചറിയാൻ ആ മാതാപിതാക്കൾ നന്നേ പാടുപെട്ടു. അമ്പരപ്പ് വിട്ടുമാറുംമുമ്പുതന്നെ കുഞ്ഞിന്റെ ശിരസിൽ കുരിശുവരച്ച പാപ്പ, ളോഹയുടെ പോക്കറ്റിൽനിന്ന് രണ്ടു ജപമാലകൾ പ്രാർത്ഥനാ മോൾക്ക് സമ്മാനിക്കുകയും ചെയ്തു. സംഭവിക്കുന്നത് സ്വപ്‌നമല്ലെന്ന് തിരിച്ചറിഞ്ഞ മാതാപിതാക്കൾക്കും പാപ്പയുടെ കരം ചുംബിക്കാനും ആശീർവാദം നേടാനും ഭാഗ്യം ലഭിച്ചു.

റോമിലേക്കുള്ള യാത്ര തങ്ങളുടെ വിശ്വാസജീവിതത്തെ ഏറെ ധന്യമാക്കിയെന്നാണ് പ്രാർത്ഥനാ മോളുടെ മാതാപിതാക്കൾ പറയുന്നത്. മരണത്തിന്റെ വക്കിൽനിന്ന് ജീവിതത്തിലേക്ക് പ്രവേശിച്ച പ്രാർത്ഥനാ മോൾക്ക് മുൻകൂറായി ലഭിച്ച രണ്ടാം പിറന്നാൾ സമ്മാനമെന്നും ഈ സംഭവത്തെ വിശേഷിപ്പിക്കാം. 2017 ഡിസംബർ 25ന് ഏഴാം മാസത്തിലായിരുന്നു അവളുടെ ജനനം. പൂർണ വളർച്ച എത്താതെ പിറന്ന കുഞ്ഞിന് അതിജീവന സാധ്യത ഇല്ലെന്നായിരുന്നു വൈദ്യശാസ്ത്രം വിധിയെഴുതിയത്.

പ്രിൻസൺ- വിൽസി ദമ്പതികളുടെ ദൈവാശ്രയബോധത്തോടെയുള്ള പ്രാർത്ഥനയാണ് അവളെ ജീവിതത്തിലേക്ക് തിരിച്ചെത്തിച്ചത്. രണ്ട് മാസത്തിലേറെക്കാലം വെന്റിലേറ്ററിന്റെ സഹായത്തോടെയായിരുന്നു ജീവൻ നിലനിറുത്തിയത്. പിന്നെയും മാസങ്ങൾ നീണ്ടു തീവ്രപരിചരണ വിഭാഗത്തിലെ വാസം. വൈദ്യശാസ്ത്രത്തിന്റെ കണക്കുകൂട്ടലുകളെ പ്രാർത്ഥനകൊണ്ട് അതിജീവിച്ചതിനാലാണ് മോൾക്ക് പ്രാർത്ഥനാ മരിയാ എന്ന് പേരിട്ടതു തന്നെ.

ലോകമെമ്പാടുനിന്നുള്ള അനേകായിരങ്ങളുടെ പ്രാർത്ഥന ഇല്ലായിരുന്നെങ്കിൽ ഞങ്ങൾക്കൊരു പ്രാർത്ഥനാ മോളുണ്ടാവില്ലായിരുന്നു എന്നാണ് അവരുടെ സാക്ഷ്യം. പ്രാർത്ഥന മോളെ യു.കെയിൽ അറിയാത്തവർ ചുരുക്കമായിരിക്കും. മക്കളില്ലാത്തവർക്കും രോഗങ്ങളിൽ മനം മടുത്തവർക്കും ശക്തി പകരുന്ന ജീവിത സാക്ഷ്യമേകാൻ ഈ മാതാപിതാക്കൾ ദൈവാനുഗ്രഹത്തിന്റെ സാക്ഷ്യം പറയാത്ത വേദികളുണ്ടാവില്ല.സ്റ്റീവനേജ് സീറോ മലബാർ സമൂഹത്തിലെ സജീവ സാന്നിധ്യമായ പ്രിൻസണും വിൽസിയും ആതുര ശുശ്രൂഷാ രംഗത്താണ് പ്രവർത്തിക്കുന്നത്.

Leave a Comment

Your email address will not be published. Required fields are marked with *

Latest Posts

Similar Postss

Don’t want to skip an update or a post?