Follow Us On

31

May

2020

Sunday

കണ്ണീരാറ്റിലെ തോണി

കണ്ണീരാറ്റിലെ തോണി

ഓഖിചുഴലിക്കാറ്റ് കീഴ്‌മേല്‍ മറിച്ച അനേകം വള്ളങ്ങളില്‍ ഒന്നിലായിരുന്നു തിരുവനന്തപുരം ചേരിയമുട്ടം പള്ളിക്കടവില്‍ വിജീഷുണ്ടായിരുന്നത്. ധാരാളം മീനുമായി പൂന്തുറ തീരത്ത് എത്തുന്ന ആരോഗ്യമാതാ എന്ന വളളത്തിലാണ് 16 കാരനായ വിജീഷ് കടലില്‍ പൊയ്‌ക്കൊണ്ടിരുന്നത്.
അപ്പന്‍ വിന്‍സെന്റ് മഞ്ഞപ്പിത്തം പിടിച്ച് രോഗിയായി കടലില്‍ പോകാന്‍ പറ്റാതായതോടെ കുടുംബത്തിന്റെ വരുമാനം പൂര്‍ണ്ണമായും നിലച്ചിരുന്നു. ജീവിക്കാനൊരു വഴിയുമില്ല. വീടിന്റെ വരുമാനം നിലച്ചു എന്ന് ബോധ്യമായതോടെ അമ്മയും ആ കുടുംബം വിട്ടു വേറെവഴിക്ക് പോയി. നാലാണ്‍മക്കളും രോഗിയായ അപ്പനും അലകടല്‍ നോക്കി തേങ്ങി. അപ്പോഴേക്കും വിജീഷൊരു കാര്യം തീരുമാനിച്ചു. എങ്ങനെയും ജീവിക്കണം. അതിന് അലകടലിലേക്കിറങ്ങുക വഴി. നാലാം ക്ലാസിലേ പഠനം നിര്‍ത്തിയ വിജീഷ് പിന്നെ പഠിച്ചത് കടലിനെക്കുറിച്ചാണ്. അതിന്റെ ഏറ്റക്കുറിച്ചിലുകളെക്കുറിച്ച്…
വള്ളത്തില്‍ അന്ന് വിജീഷിന്റെ ഒപ്പമുണ്ടായിരുന്നത് കടലിന്റെ സ്പന്ദനങ്ങള്‍ അടുത്തറിയുന്ന മുത്തപ്പനും സാബുവുമായിരുന്നു. ഇരുവരും വര്‍ഷങ്ങളായി കടലോളങ്ങള്‍ക്കുമേല്‍ വള്ളം തുഴയുന്നവര്‍. എന്നാല്‍ വീശിയടിച്ച ഓഖി ചുഴലിക്കാറ്റ് അവരുടെ സ്വപ്‌നങ്ങളെ ഇല്ലാതാക്കി. രണ്ടുദിവസം തകര്‍ന്ന വള്ളത്തിന്റെ പലകയില്‍ അള്ളിപ്പിടിച്ചവര്‍ കഴിഞ്ഞു. മൂന്നാം ദിവസം വെള്ളത്തിന്റെ കഠിനമായ തണുപ്പും അടിയൊഴുക്കുമായി. വിജീഷ് നോക്കിയപ്പോള്‍ ക്ഷീണിച്ചവശനായ പ്രായമുള്ള മുത്തപ്പന്‍ കിടുകിടെ വിറയ്ക്കുന്നു. എന്നാല്‍ അതിനെക്കാളും അവശനായിരുന്നു വിജീഷ്. ഇത്രയേറെ നേരം കടല്‍വെളളത്തില്‍ക്കിടക്കുന്നതും അവനാദ്യം.
ശരീരത്തില്‍ അണിഞ്ഞിരുന്ന ബനിയന്‍ ഊരിയെടുത്ത് അവന്‍ മുത്തപ്പന് കൊടുത്തു, ‘ഇതെടുത്തോളൂ..’ എന്നായിരുന്നു വിജീഷിന്റെ അവസാനവാക്കുകള്‍. ആ ബനിയന്‍ വാങ്ങിയതും അടുത്ത തിരയില്‍ വിജീഷ് ആഴിയുടെ ആഴങ്ങളിലേക്ക് മുങ്ങിത്താണു. ദുര്‍ബലമായ കൈകൊണ്ട് അവനെ ഒന്ന് താങ്ങാന്‍ പോലും കഴിയും മുമ്പേ തിരകള്‍ അവനെ കടലില്‍ ഒളിപ്പിച്ചു. സാബുവിന്റെയും മുത്തപ്പന്റെയും കൈകള്‍ക്ക് വല്ലാത്ത തളര്‍ച്ചയായിരുന്നു പിന്നീട്. ആ സമയത്താണ് കുളച്ചല്‍ ഭാഗത്തേക്ക് പോകുന്ന ഒരു ബോട്ട് അവരെ കണ്ടത്. മുത്തപ്പനും സാബുവും ഉറക്കെ നിലവിളിച്ചു. ആ വിളികേട്ട് ജീവനക്കാര്‍ ബോട്ട് നിര്‍ത്തി.
മൂന്നുദിനം കടലില്‍ തിരകളോട് മല്ലിട്ടതിനാലാകണം വെറും ഒന്നരമീറ്റര്‍ മാത്രം ദൂരമേ ബോട്ടിലേക്ക് ഉണ്ടായിരുന്നുള്ളൂ എന്നിട്ടും ഒന്നര മണിക്കൂറെടുത്തു അതിനടുത്തെത്താന്‍. ‘ഇനി പിടിച്ചുകയറിയാല്‍ മാത്രം.’ സാബു സന്തോഷത്തോടെ മുത്തപ്പനെ നോക്കി. ബോട്ടിലേക്ക് കയറുന്നതിന് തൊട്ടുമുമ്പൊരിക്കല്‍ക്കൂടി വമ്പന്‍ തിരമാലകളൊന്നുയര്‍ന്നുതുള്ളി. പിടിച്ചുകിടന്ന വള്ളത്തിന്റെ പലകയില്‍നിന്നും തത്സസമയം സാബുവിന്റെ പിടിത്തം വിട്ടു. ബോട്ടില്‍ കയ്യെത്തി പിടിക്കാനും കഴിഞ്ഞില്ല. ‘സാബുമോനേ…’ എന്നു മുത്തപ്പന്‍ അലറും മുമ്പേ സാബുവിനെ ഓളങ്ങള്‍ മുക്കിത്താഴ്ത്തി.. തിരകള്‍ പിന്നെ മുത്തപ്പന്റെ നേരെ കുതിച്ചപ്പോഴേക്കും ബോട്ടിന്റെ കൈപ്പിടിയില്‍ അയാള്‍ക്ക് പിടിക്കാനായി. കൊല്ലം വാടി തീരത്ത് ബോട്ട് അടുക്കുവോളം മുത്തപ്പന് ബോധം നഷ്ടപ്പെട്ടിരുന്നു. തീരമണഞ്ഞപ്പോള്‍ എല്ലാവരോടും മുത്തപ്പന് പറയാനുണ്ടായിരുന്നത് കരളലിയിക്കുന്ന ഈ കഥകളായിരുന്നു. മുത്തപ്പന്റെ ജീവന്‍ രക്ഷിക്കാന്‍ ബലിയാടായ വിജേഷിന്റെ കഥകേട്ട് തീരം തേങ്ങി.
വിജേഷിന്റെ പിതാവിനും സഹോദരങ്ങള്‍ക്കുമുണ്ടായ ദുഃഖം വാക്കുകള്‍ കൊണ്ട് വര്‍ണ്ണിക്കാനാവില്ല. രോഗിയും അവശനുമായ വിന്‍സെന്റ് തന്റെ കുടുംബത്തില്‍ വന്ന് ഭവിച്ച ദുരിതമഴയില്‍ താണുപോയിരിക്കുന്നു. രണ്ട് മുറികള്‍ മാത്രമുള്ള ചെറിയൊരു വീടാണ് ഇവരുടേത്.
തിരുവനന്തപുരം രൂപത ഓഖി സഹായധനമായി 25,000 രൂപ നല്‍കിയിരുന്നു. ഓഖി ദുരന്തത്തില്‍ സര്‍ക്കാരില്‍ നിന്നും ലഭിച്ച 6,67,000 രൂപ ബാങ്കില്‍ സഹോദരങ്ങളുടെയും അച്ഛന്റെയും പേരില്‍ നിക്ഷേപിച്ചിരിക്കുകയാണ്. അതിന്റെ പലിശയും കൂലിപ്പണികളിലൂടെ കിട്ടുന്ന പണവും കൊണ്ട് ആ കുടുംബം മുന്നോട്ട് പോകുന്നു.

Leave a Comment

Your email address will not be published. Required fields are marked with *

Latest Postss

Don’t want to skip an update or a post?