Follow Us On

29

March

2024

Friday

ആഴമുള്ള കയത്തിലേക്ക്‌

ആഴമുള്ള കയത്തിലേക്ക്‌

1974 ജൂണ്‍ അവസാനവാരമാണ് സി.എം.ഐ സഭ ഉത്തരേന്ത്യയില്‍ സമാരംഭിച്ച പ്രേഷിത പ്രവര്‍ത്തനങ്ങളില്‍ ഞാനും പങ്കാളിയാകുന്നത്. ഉള്ളു നിറയെ സ്വപ്നങ്ങളോടും ഉള്ളുരുകിയ പ്രാര്‍ത്ഥനയോടും കൂടെയുള്ള ഒരു നീണ്ടയാത്രയായിരുന്നു അത്. വിദൂര മിഷനില്‍ പോയി പാവപ്പെട്ടവരോടും ദുഃഖിതരോടും യേശുവിന്റെ സുവിശേഷം അറിയിക്കാമെന്നുള്ള ശുഭപ്രതീക്ഷ എന്റെ ഹൃദയത്തില്‍ നിറഞ്ഞുനിന്നിരുന്നു. യാത്രാസംഘത്തില്‍ ഞങ്ങള്‍ മൂന്ന് പേരാണ് ഉണ്ടായിരുന്നത്. മൂന്ന് ദിവസത്തെ യാത്ര പിന്നിട്ട് ഞങ്ങള്‍ ഡല്‍ഹിയിലെത്തി.
രാത്രി 10.30-ന് ഞങ്ങള്‍ക്ക് യാത്ര തുടരാനുള്ള മസൂരി എകസ്പ്രസ് ട്രെയിന്‍, സ്റ്റേഷനില്‍ എത്തിച്ചേര്‍ന്നു. ഒരുവിധത്തില്‍ ഞങ്ങള്‍ അതിനുള്ളില്‍ കയറിപ്പറ്റി. അപ്പോള്‍ വണ്ടിയില്‍ ലൈറ്റുകള്‍ കത്തിയിരുന്നില്ല; തിക്കും തിരക്കും അനുഭവപ്പെട്ടു. മുപ്പത് വയസില്‍ താഴെ പ്രായമുണ്ടായിരുന്ന ചെറുപ്പക്കാരായിരുന്ന ഞങ്ങള്‍ നല്ല പോരാട്ടം നടത്തി മൂന്നു സീറ്റുകള്‍ പിടിച്ചെടുത്തു. വണ്ടി പുറപ്പെടാറായപ്പോഴേയ്ക്കും വണ്ടിക്കകം പ്രകാശപൂര്‍ണമായി. ചുറ്റുമിരുന്നവരെ ഞാന്‍ നിരീക്ഷിച്ചു. എല്ലാവരും സാധാരണക്കാര്‍. ഞങ്ങളുടെ മിഷന്‍ പ്രദേശത്തുനിന്നുള്ളവരായിരുന്നു അവരില്‍ അധികവും. എന്റെ മിഷനിലെ ജനങ്ങളെ ഞാന്‍ ആദ്യമായി കണ്ടുമുട്ടിയപ്പോള്‍ അവരോട് ഉള്ളില്‍ സ്‌നേഹം തോന്നി. പലതും ചോദിച്ചറിയാന്‍ ആഗ്രഹമുണ്ടായിരുന്നെങ്കിലും, ആശയടക്കം പാലിക്കാനേ കഴിഞ്ഞുള്ളൂ; കാരണം, ‘ഹിന്ദി മാലും നഹി.’
വൃദ്ധനായ ഒരാള്‍ ഞങ്ങളുടെ കാല്‍ച്ചുവട്ടില്‍ നിലത്ത് പടഞ്ഞി രിക്കുന്നത് കണ്ടപ്പോള്‍ വിഷമം തോന്നി. ഞങ്ങള്‍ ഒന്ന് ഒതുങ്ങിയിരുന്ന് അയാള്‍ക്കുകൂടി സ്ഥലം കൊടുത്തു. വളരെ സന്തോഷത്തോടെ ‘ധന്യവാദ്’ എന്നോ മറ്റോ പറഞ്ഞതോര്‍ക്കുന്നു.
ആ യാത്രയില്‍ എനിക്ക് ഒരു കാര്യം ബോധ്യമായി. കാര്യക്ഷമമായ പ്രേഷിതപ്രവര്‍ത്തനത്തിന്് ഹൃദയത്തിന്റെ ഭാഷയായ സ്‌നേഹമാണ് അത്യന്താപേക്ഷിതമായിട്ടുള്ളത്. ആ ഭാഷ നാം അറിഞ്ഞേ തീരൂ. അതാണ് നമ്മെ ദൈവത്തിന്റെ യഥാര്‍ത്ഥ സന്ദേശവാഹകരായി രൂപാന്തരപ്പെടുത്തുന്നത്. അതില്ലാത്ത പ്രവര്‍ത്തനങ്ങള്‍ ദൈവം ആഗ്രഹിക്കുന്ന ഫലങ്ങള്‍ പുറപ്പെടുവിക്കുകയില്ലെന്ന് പിന്നീടുള്ള അനുഭവങ്ങള്‍ എന്നെ പഠിപ്പിച്ചു.
ഇരുപത് വര്‍ഷം മുമ്പ് വാരണാസിയിലെ ‘നവസാധന’ പാസ്റ്ററല്‍ സെന്ററില്‍ നടന്ന സുവിശേഷവല്ക്കരണം സംബന്ധിച്ച പരിശീലനപരിപാടിയില്‍ എനിക്കും പങ്കെടുക്കാന്‍ അവസരം ലഭിച്ചു. കരിസ്മാറ്റിക്ക് ധ്യാന പ്രസംഗകനും, കാശ്മീരില്‍ ദീര്‍ഘകാല മിഷനറിയുമായിരുന്ന ഹോളണ്ടുകാരന്‍ ഫാ. ജിം ബോസ്റ്റബോസ്റ്റായിരുന്നു മുഖ്യാതിഥി. അദ്ദേഹം അന്ന് പറഞ്ഞത് ഇന്നുമെന്റെ ഓര്‍മയിലുണ്ട്. ”നീ സ്‌നേഹിക്കാത്ത വ്യക്തിയെ സുവിശേഷവല്ക്കരിക്കുവാന്‍ നിനക്ക്ക്കു സാധിക്കുകയില്ല.” അദ്ദേഹത്തിന്റെ ഈ വാക്കുകള്‍ എന്റെ ബോധ്യങ്ങള്‍ക്ക് കൂടുതല്‍ ആഴവും ബലവും പകര്‍ന്നു.
സുവിശേഷവല്ക്കരണമെന്നത് സ്‌നേഹത്തിന്റെ പ്രവൃത്തിയാണ്. മറ്റുള്ളവരോടുള്ള നമ്മുടെ സ്‌നേഹത്തില്‍ നിന്നും നിര്‍ഗളിക്കുന്ന പ്രവൃത്തിയാണത്. സ്‌നേഹത്തിന്റെ നിറവില്‍നിന്നും ഉത്ഭവിക്കാത്ത ഒരു സേവനവും യേശുവിനെ മറ്റുള്ളവര്‍ക്ക് നല്‍കുവാന്‍ ഉതകുന്നതായിരിക്കില്ല. അവ എതിര്‍ സാക്ഷ്യമായിട്ടേ പരിണമിക്കുകയുള്ളൂ.
ഒരു സംഭവം പറയാം. ഒരിക്കല്‍ ഒരു വേദപ്രചാരകനുമൊത്ത് (ഇമലേരവശേെ) ഒരു ഗ്രാമസന്ദര്‍ശനത്തിനിറങ്ങിയതായിരുന്നു ഞാന്‍. ഏതാനും ഭവനങ്ങള്‍ സന്ദര്‍ശിച്ച്, ആയിടെ ഒരു മരണം സംഭവിച്ച വീട്ടില്‍ എത്തിച്ചേര്‍ന്നു. ഇതിനുമുമ്പ് ഞാന്‍ സന്ദര്‍ശിച്ചിട്ടുള്ള ഭവനമായിരുന്നു അത്. വീട്ടുകാര്‍ക്ക് എന്നെ പരിചയമുണ്ടായിരുന്നു. ഞങ്ങളെ കണ്ടപ്പോള്‍ കുടുംബനാഥന്റെ മുഖത്ത് ദേഷ്യം ഇരച്ചുകയറുന്നതുപോലെ. ഞങ്ങളുടെ സന്ദര്‍ശനം ഇഷ്ടപ്പെടാത്ത രീതിയിലുള്ള പെരുമാറ്റമായിരു ന്നുന്നുഅയാളുടേത്. ഞങ്ങള്‍ നല്ല വാക്കുകള്‍ പറഞ്ഞ് അയാളെ ആശ്വസിപ്പിച്ചു. അതോടെ ആതിഥേയ മര്യാദ അയാളില്‍ നാമ്പെടുക്കുവാന്‍ തുടങ്ങി. സാവകാശം ഭാവ പകര്‍ച്ചയുടെ കാരണം ചോദിച്ചപ്പോള്‍ അയാള്‍ ഉള്ളുതുറന്നു.
ഈ കുടുംബത്തിലെ മൂത്തമകളാണ് ഏതാനും ദിവസങ്ങള്‍ക്കുമുമ്പ് മരണമടഞ്ഞത്. യുവതിയായിരുന്ന അവള്‍ മറ്റൊരു ജാതിയില്‍പ്പെട്ട യുവാവുമായി പ്രണയത്തിലായി. വിവാഹിതരാകുവാന്‍ തീരുമാനിച്ച് ആ വിവരം മാതാപിതാക്കളെ അറിയിച്ചു. ആരില്‍ നിന്നും അനുകൂല പ്രതികരണമുണ്ടായില്ല. ഗ്രാമത്തലവന് ഈ വിവാഹം അസ്വീകാര്യമായിരുന്നു.
ആഴത്തില്‍ പ്രണയബദ്ധരായ യുവതിക്കും യുവാവിനും ഇതൊന്നും ഒട്ടും ഉള്‍ക്കൊള്ളുവാന്‍ കഴിഞ്ഞില്ല. അവര്‍ നാടുവിടാന്‍ തീരുമാനിച്ചു. യുവതിയുടെ ഗ്രാമത്തില്‍ നിന്നും പുറത്തുപോകണമെങ്കില്‍ ഒരു നദികടക്കേണ്ടിയിരുന്നു. അധികം വെള്ളമില്ലാത്തപ്പോള്‍ അവിടുത്തെ ആളുകള്‍ നദിയിലൂടെ നടന്ന് അക്കരെയെത്തുകയാണ് പതിവ്. അതിരാവിലെ അക്കരെ വന്ന് കാത്തുനില്ക്കാമെന്നായിരുന്നുന്നു കാമുകന്‍ പറഞ്ഞത്. അന്ന് രാത്രിയില്‍ നല്ല മഴയുണ്ടായിരുന്നു. അലറിപ്പായുന്ന നദിയെ വെല്ലുവിളിച്ചുകൊണ്ട് അവള്‍ വെള്ളത്തിലേക്കിറങ്ങി. മധ്യത്തില്‍ എത്താറായപ്പോള്‍ ഒഴുക്കിന്റെ ശക്തിമൂലം അവള്‍ ആഴമുള്ള ചുഴിയിലേക്ക് വഴുതി വീണു. നദി അവളുടെ ജീവനറ്റ ശരീരം തീരത്തേക്ക് വലിച്ചെറിഞ്ഞ് അതിന്റെ വഴിക്കുപോ യി. അങ്ങനെ കാര്യങ്ങള്‍ നീങ്ങുന്ന അവസരത്തിലാണ് നമ്മുടെ രണ്ടു പ്രേഷിതര്‍ അവരെ സന്ദര്‍ശിക്കുവാ നെത്തുന്നത്. പിന്നീട് സംഭവിച്ചത് എന്താണെന്നറിയാമോ?

ഫാ. മാത്യു വലിയകണ്ടത്തില്‍
(തുടരും)

Share:

Leave a Comment

Your email address will not be published. Required fields are marked with *

Related Posts

Latest Postss

Don’t want to skip an update or a post?