Follow Us On

29

March

2024

Friday

ആളിക്കത്തുന്ന തീയില്‍

ആളിക്കത്തുന്ന തീയില്‍

പുഴയില്‍ മുങ്ങിമരിച്ച യുവതിയെക്കുറിച്ചും അവളുടെ ദുഃഖാര്‍ത്തരായ കുടുംബാംഗങ്ങളെക്കുറിച്ചുമാണല്ലോ കഴിഞ്ഞയാഴ്ച എഴുതിയിരുന്നത്. വേദനാജനകമായ ഈ അവസരത്തിലാണ് ക്രൈസ്തവനാമധാരികളായ ചിലര്‍ ആ കുടുംബാംഗങ്ങളെ സന്ദര്‍ശിക്കുന്നത്. മുറിവേറ്റിക്കുന്ന കുടുംബാംഗങ്ങളുടെ വേദന ഇരട്ടിയാക്കുന്ന രീതിയിലായിരുന്നു അവരുടെ സംഭാഷണം.
‘പെണ്‍കുട്ടികളെ വളര്‍ത്തുവാന്‍ നിങ്ങള്‍ക്കറിഞ്ഞുകൂടേ, ഇതൊക്കെ സംഭവിയ്ക്കുവാന്‍ കാരണം നിങ്ങളുടെ ഉത്തരവാദിത്വമില്ലായ്മയാണ്. ഇങ്ങനെയൊക്കയായിരുന്നു അവരുടെ ആശ്വാസവചനങ്ങള്‍!
ഈ സംഭവത്തിനുശേഷം ക്രിസ്ത്യാനികളോട് അവര്‍ക്ക് വെറുപ്പായി. ഞങ്ങളെ കണ്ടപ്പോള്‍ അയാള്‍ കാണിച്ച രസക്കേടിനു കാരണമിതായിരുന്നു. ഞങ്ങള്‍ ആ കുടുംബത്തിന്റെ വേദന മനസിലാക്കി അവരെ ആശ്വസിപ്പിച്ചു. അതോടെ ആ കുടുംബനാഥന്‍ ഹൃദയം തുറന്ന് സംസാരിച്ചു. മിഷനറിമാര്‍ വീട്ടില്‍ വരുന്നത് അയാള്‍ക്ക് യഥാര്‍ത്ഥത്തില്‍ ഇഷ്ടമാണ്. പക്ഷേ ക്രിസ്ത്യാനി എന്ന ലേബലില്‍ മുമ്പ് വീട്ടിലെത്തിയവരുടെ വാക്കുകള്‍ അസ്ത്രതുല്യമായിട്ടാണ് അനുഭവപ്പെട്ടതെന്ന് അയാള്‍ പറഞ്ഞു. ബൈബിളില്‍നിന്നും ആ കുടുംബത്തിന് ആശ്വാസവും, ധൈര്യവും നല്‍കുവാന്‍ ഉതകുന്ന വചനങ്ങള്‍ വായിച്ചു കേള്‍പ്പിച്ചു. അതിനുശേഷം അവര്‍ക്കുവേണ്ടി പ്രാര്‍ഥിച്ചു. അതോടെ അവരുടെ വേദനമാറി. ധൈര്യവും ശക്തിയും അവര്‍ക്ക് ലഭിച്ചു.
ഞങ്ങള്‍ യാത്ര പറഞ്ഞിറങ്ങുമ്പോള്‍ നിങ്ങള്‍ ഇനിയും വരണമെന്ന് അവര്‍ പറയുന്നുണ്ടായിരുന്നു. ”സ്‌നേഹത്തോടും വിവേകത്തോടും കൂടെ ജനങ്ങളെ സമീപിച്ചാല്‍ മാത്രമേ അവരെ യേശുവിലേക്കടിപ്പിയ്ക്കുവാന്‍ സാധിക്കുകയുള്ളൂ. നിങ്ങള്‍ സ്‌നേഹിക്കുന്ന വ്യക്തികളെ മാത്രമേ നിങ്ങള്‍ക്ക് സുവിശേഷ വത്കരിയ്ക്കുവാന്‍ സാധിക്കൂ”എന്ന ഫാ. ജിം ബോസ്റ്റിന്റെ വചനങ്ങള്‍ എത്രയോ അര്‍ത്ഥപൂര്‍ണ്ണങ്ങളാണ്.
എല്ലാം ദൈവമഹത്വത്തിനായി
”ദൈവമഹത്വത്തിനായി ജോലി ചെയ്യുമ്പോള്‍ ദൈവകരം നമ്മോടൊത്ത് എന്നും നിലനില്‍ക്കും.”
ഈ വരികള്‍ ഒരനുഭവത്തിന്റെ പങ്കുവെക്കലാണ്. ദൈവമഹത്വം ലക്ഷ്യമാക്കി നാം മുന്നോട്ടു പോകുമ്പോള്‍ ദൈവകരം നമ്മോടൊത്തുണ്ടാകുമെന്ന ബോധ്യത്തിലേക്ക്് എന്നെ നയിച്ചൊരു സംഭവമാണ് ഇതിലെ പ്രതിപാദ്യം. 1992 മുതല്‍ 1996 വരെ ഉത്തരാഘണ്ഡിലെ ചമോളി ജില്ലയിലാണ് ഞാന്‍ ശുശ്രൂഷ ചെയ്തത്. ആ ജില്ലയിലെ ഒരു ഗ്രാമത്തില്‍ മൂന്നു സി. എം. സി. സിസ്റ്റേഴ്‌സ് ജോലി ചെയ്യുന്നുണ്ടായിരുന്നു. സിസ്റ്റര്‍ ഫെസ്റ്റീന, സിസ്റ്റര്‍ ലീന ജോസ്, സിസ്റ്റര്‍ ടെസ്‌ലിന്‍ എന്നിവര്‍. അവര്‍ അവിടുത്തെ ജനജീവിതത്തില്‍ പങ്കുചേര്‍ന്ന് അവരിലൊരാളെപ്പോലെ ജീവിച്ചു.
മിഷനറി സഹോദരിമാര്‍ തങ്ങളാലാവുന്ന സഹായങ്ങള്‍ അവര്‍ക്ക് ചെയ്തുകൊടുത്തു. ഗ്രാമീണരുടെ ജീവിതവുമായി ഇഴുകിചേര്‍ന്ന ജീവിതമായിരുന്നു അവരുടേത്. അവരുടെ നിഷ്‌കളങ്കമായ സ്‌നേഹസേവനങ്ങള്‍ ജനങ്ങളുടെ ഹൃദയം സ്പര്‍ശിച്ചിരുന്നു. അയല്‍വക്കത്തുള്ളവര്‍ ഞാറുനടുമ്പോള്‍ അവരോടൊപ്പം ചെളിയിലിറങ്ങി ഞാറുനടുവാനും, കൊയ്ത്തു കാലത്തു അവരോടൊപ്പം പാടത്തേയ്ക്കിറങ്ങുവാനും നമ്മുടെ കര്‍മ്മലീത്ത സഹോദരിമാര്‍ സന്നദ്ധരായിരുന്നു. ആഴ്ചയില്‍ മൂന്നു ദിവസമെങ്കിലും 30 കിലോമീറ്റര്‍ അകലെ താമസിച്ച ഞാന്‍ ആത്മീയ ശുശ്രൂഷകള്‍ക്കായി അവരുടെ ഗ്രാമത്തില്‍ എത്തുമായിരുന്നു. ഒരു ദിവസം സിസ്റ്റര്‍ ഫെസ്റ്റീന ഉയര്‍ന്ന മലമുകളില്‍ കഴിയുന്ന തളര്‍വാതരോഗിയെ സന്ദര്‍ശിക്കുവാന്‍ എന്നെ ക്ഷണിച്ചു. ഞങ്ങള്‍ ഒരുമിച്ച് യാത്രയായി. ഒരു മണിക്കൂര്‍ മല ചവട്ടിക്കയറി രോഗിയുടെ വീട്ടിലെത്തി. വാതില്‍ തുറന്ന് അകത്തു കയറിയപ്പോള്‍ ആ ഇരുണ്ട മുറിയില്‍ എല്ലും തോലും മാത്രമായ ഒരു മനുഷ്യക്കോലം. ദുഃഖവും, നിരാശതയും, നിസ്സഹായതയും തളം കെട്ടി നില്ക്കുന്ന മുഖം. കാലിനു ഗുരുതരമായി പൊള്ളലേറ്റ ആ നിസഹായന് കാല്‍ നിവര്‍ത്താനോ മടക്കാനോ എഴുന്നേല്ക്കാനോ നില്ക്കുവാനോ സാധിച്ചിരുന്നില്ല.
കഴിഞ്ഞ അഞ്ചു വര്‍ഷങ്ങള്‍ നരകീയമായ മനോദുഃഖത്തിലും ശാരീരിക പീഡയിലും ഇരുട്ടു മുറിയിലെ ഏകാന്തതയില്‍ സുരേന്ദ്രന്‍ സിംഗ് ഏന്ന ആ വ്യക്തി തള്ളി നീക്കി. അയാള്‍ ഒരു ലോറി ഡ്രൈവര്‍ ആയിരുന്നു. ഭാര്യയും രണ്ടു കുഞ്ഞുമക്കളും ഇയ്യാള്‍ക്കുണ്ട്. ഭാര്യ ഞങ്ങളെ കണ്ടതോടെ പൊട്ടിക്കരയാന്‍ തുടങ്ങി. ഓമനപുത്രന്റെ ഈ ദുര്‍ദശ്ശകണ്ടു മനം നൊന്തു കഴിയുന്ന വൃദ്ധമാതാപിതാക്കളും കൂടെയുണ്ട്. കുറെ നേരം ഞങ്ങളെല്ലാവരും സുരേന്ദ്രന്റെ ചുറ്റും മൗനമായിരുന്നു. ആര്‍ക്കും ഒന്നും പറയുവാന്‍ സാധിച്ചില്ല. അവസാനം വൃദ്ധപിതാവ് മകന്റെ കഥ പറഞ്ഞു.
തളര്‍വാതം പിടിച്ച് കിടപ്പിലായിരുന്നു സുരേന്ദ്രന്‍. നീണ്ട ചികിത്സയുടെ ഫലമായി വടിയുടെ സഹായത്തോടെ അയാള്‍ക്ക് നടക്കാമെന്നായി. എന്നാലും ശരീരത്തിന്റെ ഒരു വശം ബലഹീനമായിരുന്നു. അത്യാവശ്യകാര്യങ്ങള്‍ ചെയ്ത് ജീവിച്ചു വരുകയായിരുന്നു അയാള്‍. ഒരു ദിവസം ഗ്രാമത്തിനു മുകളിലുള്ള വനത്തില്‍ തീപിടിച്ചു. സുരേന്ദ്രനും തീ കെടുത്തുവാന്‍ പോയി. നിര്‍ഭാഗ്യവശാല്‍ അയാള്‍ ബാലന്‍സുതെറ്റി ആളിക്കത്തുന്ന തീയിലേക്കാണ് വീണത്.
എഴുന്നേറ്റുവരുവാന്‍ ശക്തിയില്ലാത്തതുകൊണ്ട് കാലുകള്‍ പൊള്ളി. തളര്‍വാതത്തിനുമേല്‍ പൊള്ളലേറ്റത് സുരേന്ദ്രനു കൂനിന്മേല്‍ക്കുരു പോലെയായി, സഹായിക്കാനാരുമില്ല. വൃദ്ധദമ്പതികള്‍ക്ക് അടുത്തിരുന്നു മകനെ ഓര്‍ത്തു കരയാനും നെടുവീര്‍പ്പിടുവാനും മാത്രമേ സാധിച്ചുള്ളു. കഥ പറഞ്ഞ് അപ്പന്‍ ഇങ്ങനെ ഉപസംഹരിച്ചു. ”നിങ്ങള്‍ പ്രാര്‍ത്ഥനാപൂര്‍വ്വം ഇവനെ ചികിത്സിച്ച് സുഖപ്പെടുത്തിക്കൊള്ളൂ.”
സിസ്റ്റര്‍ ഫെസ്റ്റീന വളരെ ദീനാനുകമ്പയുള്ള ഒരു ഹൃദയത്തിന്റെ ഉടമയാണ്. മറ്റുള്ളവരുടെ ഇല്ലായ്മയും വല്ലായ്മയും സ്വന്തമായി കരുതുന്ന ഒരു നല്ല മനുഷ്യസ്‌നേഹി. ജീവിതകാലത്ത് ഇതുപോലെയുള്ള എത്രയോ പേരേ കൈപിടിച്ചുയര്‍ത്തിയിരിയ്ക്കുന്നു. തിരിച്ചു നടക്കുമ്പോള്‍ സിസ്റ്റര്‍ പതുക്കെ പറഞ്ഞു, ”നമുക്ക് അയാളെ സഹായിക്കാന്‍ കഴിയില്ലേ?”

 ഫാ. മാത്യു വലിയകണ്ടത്തില്‍
(തുടരും)

Share:

Leave a Comment

Your email address will not be published. Required fields are marked with *

Related Posts

Latest Postss

Don’t want to skip an update or a post?