Follow Us On

13

December

2019

Friday

ആണവായുധം: പ്രബോധനത്തിൽ സഭ നിർണായ തിരുത്തൽ വരുത്തുമെന്ന് റിപ്പോർട്ടുകൾ

ആണവായുധം: പ്രബോധനത്തിൽ സഭ നിർണായ തിരുത്തൽ വരുത്തുമെന്ന് റിപ്പോർട്ടുകൾ

വത്തിക്കാൻ സിറ്റി: സാഹചര്യം ഏതായാലും വധശിക്ഷ അംഗീകരിക്കാനാവില്ലന്ന സുപ്രധാന തിരുത്തൽ സഭയുടെ മതബോധനഗ്രന്ഥത്തിൽ (കാറ്റിക്കിസം ഓഫ് കാത്തലിക് ചർച്ച്- സി.സി.സി) ഉൾപ്പെടുത്തിയ ഫ്രാൻസിസ് പാപ്പ, ആണവായുധങ്ങളുമായി ബന്ധപ്പെട്ട പ്രബോധനത്തിൽ നിർണായ മാറ്റത്തിന് ഒരുങ്ങുന്നുവെന്ന് റിപ്പോർട്ടുകൾ. പ്രതിരോധത്തിനുവേണ്ടി ആണവായുധം കൈവശം വെക്കുന്നതുംപോലും അധാർമികമാണെന്ന് പ്രഖ്യാപിക്കുന്ന തരത്തിൽ ഔദ്യോഗിക പ്രബോധനത്തിൽ മാറ്റം വരുത്താൻ പാപ്പ തയാറെടുക്കുന്നു എന്നാണ് സൂചനകൾ.

ഏഷ്യൻ പര്യടനത്തിനുശേഷമുള്ള മടക്കയാത്രയിൽ വിമാനത്തിൽവെച്ച് മാധ്യമപ്രവർത്തകർക്ക് നൽകിയ അഭിമുഖത്തിലാണ് പാപ്പയിൽനിന്ന് ഇപ്രകാരമൊരു സൂചന ലഭിച്ചത്. ആണവായുധത്തിന്റെ തെറ്റായ ഉപയോഗത്തെ എതിർത്തിരുന്നുവെങ്കിലും മറ്റ് രാഷ്ട്രങ്ങളിൽ നിന്നുള്ള ഭീഷണികളെ പ്രതിരോധിക്കാൻ ആണാവായുധങ്ങൾ കൈവശം വെക്കുന്നതിൽ തെറ്റില്ലെന്നായിരുന്നു ദശാബ്ദങ്ങളായി സഭ പുലർത്തിയിരുന്ന നിലപാട്.

‘ആണവായുധങ്ങളുടെ ഉപയോഗം അധാർമികമാണ്. അതുകൊണ്ടാണ് ഇത് കത്തോലിക്കാ സഭയുടെ പ്രബോധനത്തിൽ ചേർക്കേണ്ടത് ആവശ്യമായി വന്നിരിക്കുന്നത്. ആണവായുധങ്ങളുടെ ഉപയോഗം മാത്രമല്ല കൈവശം വെക്കുന്നതും അധാർമികമാണ്,’ പാപ്പ വ്യക്തമാക്കി. ആണവ പ്രതിരോധ സംവിധാനങ്ങളെ പൂർണമായും തള്ളിക്കളയുന്ന വിധത്തിലുള്ള മാറ്റമായിരിക്കും പുതിയ പരിഷ്‌ക്കാരത്തിലൂടെ ഉദ്ദേശിക്കുന്നതെന്ന സൂചനയും പാപ്പ നൽകി.

ഹിരോഷിമയിൽവെച്ചും ഇതുസംബന്ധിച്ച പരമാർശം പാപ്പ നടത്തിയിരുന്നു. ഊർജോൽപ്പാദനം പോലെയുള്ള സമാധാനപരമായ ആവശ്യങ്ങൾക്കും ആണവശക്തി ഉപയോഗിക്കാമോ എന്ന കാര്യത്തിലും പാപ്പ സംശയം പ്രകടിപ്പിച്ചു. ഇതിനു പറ്റിയ സുരക്ഷാ സംവിധാനങ്ങൾ ഇപ്പോഴും കണ്ടെത്തിയിട്ടില്ലെന്ന് പാപ്പ ചൂണ്ടിക്കാട്ടി. അപകടംമൂലമോ രാഷ്ട്രാധിപന്മാർ ഉൾപ്പെടെയുള്ള ഏതെങ്കിലും വ്യക്തികളുടെ ചെയ്തിമൂലമോ മാനവരാശിയെ ഒന്നടങ്കം നശിപ്പിക്കാൻ ശക്തമാണ് ആണവായുധം എന്നത് പരിഗണിക്കുമ്പോൾ, പാപ്പ മുന്നോട്ടുവെക്കുന്ന നിർദേശം കൂടുതൽ പ്രസക്തമാകുന്നു.

സാഹചര്യം ഏതായാലും വധശിക്ഷ അംഗീകരിക്കാനാവില്ലന്ന സുപ്രധാന തിരുത്ത് 2018 ഓഗസ്റ്റിലാണ് കത്തോലിക്കാ സഭയുടെ മതബോധന ഗ്രന്ഥത്തിൽ വരുത്തിയത്. ചില സാഹചര്യങ്ങളിൽ വധശിക്ഷ അനുവദനീയമാണെന്നായിരുന്നു അതുവരെ മതബോധനഗ്രന്ഥത്തിലെ വിവക്ഷ.

‘കുറ്റവാളിയുടെ അനന്യത പൂർണമായും നിർണയിച്ചു കഴിഞ്ഞാൽ മനുഷ്യജീവിതങ്ങളെ അന്യായ അക്രമിയിൽനിന്ന് ഫലപ്രദമായി സംരക്ഷിക്കാൻ വധശിക്ഷ മാത്രമാണ് ഏക മാർഗമെങ്കിൽ അത് നടപ്പാക്കുന്നത് സഭയുടെ പരമ്പരാഗത പഠനം തടയുന്നില്ല,’ എന്ന മതബോധനഗ്രന്ഥ ഭാഗമാണ് (സി.സി.സി 2267) തിരുത്തിയെഴുതിയത്.

Leave a Comment

Your email address will not be published. Required fields are marked with *

Latest Posts

Similar Postss

Don’t want to skip an update or a post?