Follow Us On

29

March

2024

Friday

വിശ്വാസം വാക്കിൽമാത്രം പോര, ജീവിതത്തിലുണ്ടാകണം; മുന്നറിയിപ്പുമായി ചിക്കാഗോ സീറോ മലബാർ ബിഷപ്പ്

വിശ്വാസം വാക്കിൽമാത്രം പോര, ജീവിതത്തിലുണ്ടാകണം; മുന്നറിയിപ്പുമായി ചിക്കാഗോ സീറോ മലബാർ ബിഷപ്പ്

സാക്രമെന്റോ: അവിശ്വാസിയായ ഒരാളെയെങ്കിലും ക്രിസ്തീയ വിശ്വാസത്തിലേക്ക് കൊണ്ടുവരാൻ നമുക്ക് സാധിക്കാത്തത് എന്തുകൊണ്ടാവും? കത്തോലിക്കാവിശ്വാസികൾ മറ്റ് സഭകളിലേക്ക് പോകാനുള്ള കാരണം എന്താവും? ഈ ചോദ്യം വിശ്വാസീസമൂഹത്തിനു നേർക്ക് ഉന്നയിച്ച ചിക്കാഗോ സീറോ മലബാർ ബിഷപ്പ് മാർ ജേക്കബ് അങ്ങാടിയത്തുതന്നെ ഉത്തരവും പറഞ്ഞു: ‘ഇന്നും ജീവിക്കുന്ന ക്രിസ്തുവിനെ അവരിലേക്ക് പകരാൻ നമുക്ക് സാധിക്കുന്നില്ല എന്നതുതന്നെ അതിന് കാരണം.’

സാക്രമെന്റോ ഇൻഫന്റ് ജീസസ് ഇടവക സന്ദർശനത്തിന്റെ ഭാഗമായി അർപ്പിച്ച ദിവ്യബലിയിൽ മുഖ്യകാർമികത്വം വഹിച്ച് സന്ദേശം നൽകവേയായിരുന്നു, വിശ്വാസം ജീവിതത്തിലൂടെ പകരാനുള്ള ക്രിസ്തീയ വിളിയെക്കുറിച്ച് അദ്ദേഹം ഉദ്‌ബോധിപ്പിച്ചത്.കേവലം വാക്കുകളാലല്ല ജീവിതവിശുദ്ധിയിലൂടെ ഇന്നും എന്നും ജീവിക്കുന്ന ക്രിസ്തുവിനെ മറ്റുള്ളവർക്ക് പകർന്നുകൊടുക്കാൻ ഓരോ വിശ്വാസിയും ജാഗരൂകരാകണമെന്നും മാർ ജേക്കബ് അങ്ങാടിയത്ത് ഓർമിപ്പിച്ചു.

‘ക്രിസ്തു ഇന്നും ജീവിക്കുന്നു’ എന്ന ഫ്രാൻസിസ് പാപ്പയുടെ അപ്പസ്‌തോലിക പ്രബോധനത്തെ ആസ്പദമാക്കിയിരുന്നു മാർ അങ്ങാടിയത്തിന്റെ സന്ദേശം. ക്രിസ്തു നമ്മെ സ്‌നേഹിക്കുന്നു,ക്രിസ്തു നമ്മെ രക്ഷിക്കുന്നു, ക്രിസ്തു ഇന്നും ജീവിക്കുന്നു എന്ന ത്രിവിധ നിത്യസത്യങ്ങളെക്കുറിച്ച് ഓരോ വിശ്വാസിയും ധ്യാനിക്കണം.വിശിഷ്യാ, പുതുതലമുറ വിശ്വാസത്താൽ കൂടുതൽ ശക്തിയാർജിച്ച് സഭയെ ബലപ്പെടുത്തണം. ഇന്നും എന്നും ജീവിക്കുന്ന ക്രിസ്തു നാമോരോരുത്തരിലും ജീവിക്കണമെന്ന ബോധ്യത്തിലേക്ക് വളരുകയും വേണം.

തങ്ങൾക്ക് പൈതൃകമായി ലഭിച്ച വിശ്വാസവും മൂല്യങ്ങളും നഷ്ടപ്പെടുത്താതെ മക്കളെ വളർത്താൻ മാതാ പിതാക്കൾ ശ്രദ്ധിക്കണം. വളർന്നുവരുന്ന ഈ യുവതലമുറയാണ് വരും തലമുറയെ സീറോ മലബാർ വിശ്വാസ തീഷ്ണതയിൽ മുന്നോട്ട് നയിക്കേണ്ടത്. കത്തോലിക്കാ സഭയുടെ നിത്യസത്യങ്ങൾ മുറുകെപിടിച്ച് ജീവിക്കണമെന്ന് ആവർത്തിച്ച് ഓർമിപ്പിച്ച അദ്ദേഹം, അമേരിക്കയിലെ സീറോ മലബാർ സമൂഹത്തിൽനിന്ന് അനേകം ദൈവവിളികൾ പൗരോഹിത്യത്തിലേക്കും സമർപ്പിത ജീവിതത്തിലേക്കും ഉണ്ടാകട്ടെയെന്നും ആശംസിച്ചു.

ഇൻഫന്റ് ജീസസ് ഇടവക വികാരി ഫാ. ജോബി ജോസഫ് ചേലക്കുന്നേൽ, രൂപതാ ചാൻസിലറും ഈ ഇടവകയുടെ ആദ്യത്തെ ഡയറക്ടറുമായ ഫാ. ജോണിക്കുട്ടി പുലിശ്ശേരി എന്നിവരും സഹകാർമികരായിരുന്നു.

Share:

Leave a Comment

Your email address will not be published. Required fields are marked with *

Latest Posts

Related Posts

    Don’t want to skip an update or a post?