Follow Us On

31

May

2020

Sunday

മോറിയായിൽനിന്ന്‌ ബെത്‌ലെഹെമിലേക്കുള്ള ദൂരം

മോറിയായിൽനിന്ന്‌ ബെത്‌ലെഹെമിലേക്കുള്ള ദൂരം

എങ്ങനെയൊക്കെ കൂട്ടിക്കിഴിച്ചാലും ക്രിസ്മസ്ഒരു ബലിപ്പെരുന്നാളാണ്. ക്രിസ്മസ്എന്ന വാക്ക് തന്നെയും ‘ക്രിസ്തുവിന്റെ ബലി’ എന്ന അർത്ഥത്തിലും വ്യാഖാനിക്കാറുണ്ടല്ലോ- ബെംഗളൂരു ധർമാരാം കോളജ് അദ്ധ്യാപകൻ ഫാ. ബെന്നി നൽക്കര സി.എം.ഐ പങ്കുവെക്കുന്ന ക്രിസ്മസ് വിചിന്തനം ‘ബലിയൊരുക്കങ്ങൾ- 1’ 

ഫാ. ബെന്നി നൽക്കര സി.എം.ഐ

എങ്ങനെയൊക്കെ കൂട്ടിക്കിഴിച്ചാലും ക്രിസ്മസ്‌ ഒരു ബലിപ്പെരുന്നാളാണ്‌. ക്രിസ്മസ്‌ എന്ന വാക്ക് തന്നെയും “ക്രിസ്തുവിന്റെ ബലി” എന്ന അർത്ഥത്തിലും വ്യാഖാനിക്കാറുണ്ടല്ലോ. പിറവിയെ മരണമായി കാണുന്നതിൽ വൈരുധ്യമുണ്ടെങ്കിലും റ്റി. എസ് . എലിയട്ട് “പൂജരാജാക്കന്മാരുടെ യാത്ര” (Journey of the Magi)യിൽ “നാമീ വഴി മുഴുവൻ കടന്നെത്തിയത് ജനനം കാണാനാണോ അതോ മരണം കാണാനോ?” എന്നു സന്ദേഹിക്കുമ്പോൾ ആ വൈരുദ്ധ്യചിന്തയ്ക്കും സാംഗത്യം ഉണ്ടെന്നു വരുന്നു. അല്ലെങ്കിലും ക്രിസ്തുവിനെപ്പോലെ മരിക്കാനായി ജനിച്ചവർ ആരുണ്ടീ ഭൂമിയിൽ? ബെത്‌ലെഹേമിൽ നടന്നത്  ഒരർത്ഥത്തിൽ ബലിദാനം തന്നെയാണ്.

അതിരാവിലെ ചുമലിൽ വിറകുകെട്ടും പേറി സ്വന്തം പിതാവിനോടൊപ്പം ഇടറാത്ത പാദങ്ങളുമായി മോറിയാ മല കയറിയ മകൻ “അപ്പാ, ബലിയർപ്പിക്കാനുള്ള കുഞ്ഞാടെവിടെ” എന്ന് ചോദിച്ചപ്പോൾ ചങ്കുപിടയുന്ന വേദനയോടെ “അതു ദൈവം തരും മകനെ” എന്നു പറഞ്ഞ പിതാവിന്റെ മറുപടിയെ കാലത്തിന്റെ പൂർത്തിയിൽ സ്വന്തം ഏകജാതനെ നൽകി ദൈവം നിവർത്തിച്ചതിന്റെ ഓർമ്മയാണ് ക്രിസ്മസ്‌. അന്നു മോറിയാ മലയിലേക്ക് തോളിൽ വിറകു കെട്ടും പേറി നീങ്ങിയ ഇസഹാക്കിന്റെ സ്ഥാനത്ത് തോളിൽ മരക്കുരിശും പേറി കാൽവരി കയറാനും മുൾപ്പടർപ്പിൽ കുരുങ്ങിക്കിടന്ന കുഞ്ഞാടിന്റെ സ്ഥാനത്തു “രോമം കത്രിക്കപ്പെടാനുള്ളവനേപ്പോലെ കൊലക്കളത്തിലേക്കു നയിക്കപ്പെടാനുമുള്ള” നിയോഗമേറ്റു വാങ്ങിയവന്റെ ജനനമാണ് ക്രിസ്മസ്‌.

മോറിയായിൽ നിന്നും ബെത്‌ലെഹെമിലേക്കുള്ള ദൂരം ഒരു സ്നേഹബലിയുടെ ദൂരമാണ്. “തന്നിൽ വിശ്വസിക്കുന്ന ഒരുവനും നശിച്ചുപോകാതെ നിത്യജീവൻ പ്രാപിക്കുവാൻ തക്കവിധം അത്രമാത്രം ലോകത്തെ സ്നേഹിച്ച” ഒരു പിതാവിന്റെ സ്‌നേഹബലിയുടെ ദൂരം. ആ ബലിവേദിയിലേക്കു അനുസരണത്തോടെ നടന്നടുത്ത പുത്രന്റെ ആത്മബലിയുടെ ദൂരം. തിരുപ്പിറവി, ദൈവസ്നേഹത്തിന്റെ ഏറ്റവും വലിയ നിദർശങ്ങളിലൊന്നാണെങ്കിൽ ആ പിറവിയുടെ പിറകിലെ ബലിദൂരം നാമറിയാതെ പോകരുത് എന്ന് ക്രിസ്മസ്‌ നമ്മെ ഓർമ്മിപ്പിക്കുന്നു. ഏറ്റവും പ്രിയപ്പെട്ടതായി കരുതി നെഞ്ചോട് ചേർത്തതിനെ പറിച്ചെടുത്തു നൽകുന്നതിന്റെ നെഞ്ചുലക്കൽ ആ ബലിദൂരത്തിലുടനീളമുണ്ട്. മനുഷ്യനെ സമാനതകളില്ലാത്ത കാരുണ്യത്തോടും കരുതലോടും കൂടി സ്നേഹിച്ച ദൈവത്തിന്റെ ബലിദാനമാണത്. യാതനകളനുഭവിക്കുന്ന മനുഷ്യരെ ആഞ്ഞുപുൽകുന്ന ദൈവത്തിന്റെ ആത്മദാനം.

മോറിയായിലെ ഹൃദയം നിലച്ചുപോകുന്ന “ബലിനിമിഷ”ത്തിൽ നിന്നും ബെത്‌ലെഹെമിലേക്കുള്ള ദൂരത്തിൽ ഈ സ്നേഹതീവ്രത മുഴുവൻ നിറഞ്ഞുനിൽപ്പുണ്ട്, ഒരു പ്രണയഗാഥപോലെ. ഇസ്രായേലിനെ സ്നേഹിക്കുകയും, അവനു വഴി തെറ്റുമ്പോൾ ശാസിക്കുകയും ശിക്ഷിക്കുകയും ശിക്ഷിച്ചതിനെകുറിച്ചോർത്തു വിലപിക്കുകയും ചെയ്യുന്ന ദൈവത്തിന്റെ ചിന്തയിലും പ്രവൃത്തിയിലുമൊക്കെ ഈ ബലിദൂരത്തിന്റെ പ്രകാശനമാണുള്ളത്. ഏറ്റവും തീവ്രവും ശ്രേഷ്ഠവുമായ അർപ്പണത്തിനു ഒരുവൻ മനസ്സിനെ പരുവപ്പെടുത്തുന്നതുപോലെ ദൈവം തന്റെയും മനുഷ്യരുടെയും മനസ്സുകളെ ഒരുക്കിയെടുത്ത ദൂരമാണത്. കൊടുത്തും തിരിച്ചെടുത്തും ഏറ്റവും വലിയ കൊടുക്കലിനായി ഒരുക്കിയ നാളുകൾ. ഈ നാൾവഴികളിലൂടെ കടന്നുപോകണം ബെത്‌ലെഹെമിലെ ബലിദാനത്തിലെത്താൻ. ഈ ബലിദൂരത്തിൽ വിശ്വസ്തതയുടെയും അർപ്പണത്തിന്റെയും കനൽവഴികളുണ്ട്. “ബലിക്കുഞ്ഞാടിനെ ദൈവം തരും” എന്ന വാക്കുകൾ നിറവേറ്റുന്നതിൽ വിശ്വസ്തത പുലർത്തിയ ദൈവത്തിന്റെ സ്നേഹോദാരതയുടെ തീവ്രതയുണ്ട്. കാരുണ്യത്തിന്റെ പ്രകാശനമുണ്ട്‌.

മോറിയായിൽ നിന്നും ബെത്‌ലെഹെമിലേക്കുള്ള ബലിദൂരം ക്രിസ്തുവിനു ജന്മം കൊടുക്കാൻ വിളിക്കപ്പെട്ട ഓരോ വിശ്വാസിയുടെയും ജീവിതത്തിൽ പിന്നിടേണ്ട വഴിയാണ്. ക്രിസ്തു പിറവിയെടുക്കാൻ നാമനുഷ്ഠിക്കേണ്ട ത്യാഗത്തെയും അർപ്പണത്തെയും ഓർമ്മപ്പെടുത്തുന്ന വഴി. ബലികുഞ്ഞാടായി സ്വന്തം പുത്രനെ നല്കാൻ ദൈവത്തിനേ കഴിയൂ. ദൈവിക ഭാവത്തിലേക്കുയർന്നാൽ മാത്രമേ എനിക്കും ക്രിസ്തുവിനെ നൽകാനാവൂ. ദൈവത്തിന്റെ ആത്മദാനത്തിന്റെ ആവർത്തനമുണ്ടായാലേ എന്നിൽ തിരുപ്പിറവി നടക്കൂ. ഏറ്റവും പ്രിയമായതിനെ കൊടുക്കാൻ മടിക്കാതിരുന്നാൽ ഏറ്റവും ശ്രേഷ്ഠമായതിനെ ദൈവം നൽകും എന്നു മോറിയായും ബെത്‌ലെഹെമും നമ്മെ ഓർമ്മപ്പെടുത്തുന്നു.

സ്നേഹിക്കുകയെന്നാൽ വെറുതെ ഇഷ്ടപ്പെടുകയല്ല മറിച്ചു മറ്റുള്ളവർക്കുവേണ്ടി സ്വയം നഷ്ടപ്പെടുകയാണ് അർത്ഥമാക്കുകയെന്നു പറഞ്ഞു തരുന്ന ബലിവഴിയാണ് മോറിയയിൽ നിന്നു ബെത്‌ലെഹെമിലേക്കുള്ള വഴി. സ്വാർത്ഥതയുടെയും സ്വകേന്ദ്രികൃത ചിന്തയുടെയും വഴിയിൽ
നിന്നും പരോന്മുഖതയിലേക്കും നിസ്വാര്ഥതയിലേക്കും വളരാൻ ഈ ബലിദൂരം നമ്മെ പ്രേരിപ്പിക്കുന്നു. ഏറ്റവും പ്രിയം നിറഞ്ഞതിനെ കൊടുക്കാൻമടിക്കാതിരുന്നാൽ ഏറ്റവും ശ്രേഷ്ഠമായതിനെ ദൈവം നൽകും എന്നു മോറിയായും ബെത്‌ലെഹെമും ഓർമ്മപ്പെടുത്തുന്നു. ഈ ബലിദൂരം ദൈവമേ, ഞാനെന്നാണ് പിന്നിട്ടു തീർക്കുക?

പ്രാർത്ഥന: അങ്ങയുടെ ആത്മദാനത്തിന്റെ ആവർത്തനത്തിലൂടെ തിരുക്കുമാരന് ജന്മം കൊടുക്കാൻ എന്നെ വിളിക്കുന്ന ദൈവമേ, എന്റെ ബലിദൂരം
വിശ്വസ്തതയോടെ പൂർത്തിയാക്കാൻ കൃപയേകണേ.

Leave a Comment

Your email address will not be published. Required fields are marked with *

Latest Postss

Don’t want to skip an update or a post?