Follow Us On

28

March

2024

Thursday

വംശാവലിയിലെ ബലിനിയോഗങ്ങൾ

വംശാവലിയിലെ ബലിനിയോഗങ്ങൾ

”ഞാൻ പ്രധാനിയോ അപ്രധാനിയോ യോഗ്യനോ അയോഗ്യനോ ശക്തനോ ബലഹീനോ വിശുദ്ധനോ അശുദ്ധനോ ആയിരുന്നാലും യേശുവിനെ പ്രദാനം ചെയ്യാൻ എന്നെയും ഉപകരണമാക്കിയേക്കാം എന്ന ഓർമപ്പെടുത്തലാണ് യേശുവിന്റെ വംശാവലി”- ബെംഗളൂരു ധർമാരാം കോളജ് അദ്ധ്യാപകൻ ഫാ. ബെന്നി നൽക്കര സി.എം.ഐ പങ്കുവെക്കുന്ന ക്രിസ്മസ് വിചിന്തനം ‘ബലിയൊരുക്കങ്ങൾ- 2’ 

ഫാ. ബെന്നി നൽക്കര. സി.എം.ഐ.

‘ഒരു പേരിലെന്തിരിക്കുന്നു?’ എന്ന ഷേക്‌സ്പീയറിന്റെ വിഖ്യാതമായ ചോദ്യം വെളിപ്പെടുത്തുന്നതുപോലെ പേര് ഒരാളെയും നിർവചിക്കുന്നില്ല. പക്ഷേ, അത്ഭുതമെന്ന് പറയട്ടെ വിശുദ്ധ ഗ്രന്ഥത്തിൽ ഏകദേശം 1800 പേരുകളെങ്കിലുമുണ്ട്. പുതിയ നിയമം ആരംഭിക്കുന്നതുന്നെ വിശുദ്ധ മത്തായിയുടെ സുവിശേഷത്തിലെ യേശുവിന്റെ വംശാവലിയോടുകൂടിയാണ്. അബ്രാഹത്തിൽനിന്ന് ആരംഭിക്കുന്ന ആ വംശാവലിയിൽ 42 തലമുറകളും 42 പേരുകളുമുണ്ട്.

ആദത്തിൽ ചെന്നുനിൽക്കുന്ന വിശുദ്ധ ലൂക്കയുടെ സുവിശേഷത്തിലെ മൂന്നാം അധ്യായത്തിലെ വംശാവലിയിലാകട്ടെ 77 പേരുകളുമുണ്ട്. യേശുവിന്റെ തിരുപ്പിറവിയെക്കുറിച്ചുള്ള ധ്യാനങ്ങൾ പലപ്പോഴും തുടങ്ങുന്നതും അല്ലെങ്കിൽ ചെന്നുനിൽക്കുന്നതും അവിടുത്തെ വംശാവലിയിലാണ്. ചരിത്രത്തിലേക്കും ഇസ്രായേൽ ജനതയുടെ ജീവിതത്തിലേക്കും യേശുവിനെ ഉൾച്ചേർക്കലാണ് വംശാവലിയവതരണത്തിലൂടെ നടക്കുന്നത്.

പേരുകളും വേരുകളും നിറഞ്ഞ യേശുവിന്റെ വംശാവലിയെ ധ്യാനിക്കുമ്പോൾ അവിടുത്തെ ആത്മദാനത്തിന്റെ പിറവിയൊരുക്കങ്ങളുടെ ചുരുളാണഴിയുന്നത്. എത്ര സൂക്ഷ്മതയോടെയാണ് പിതാവായ ദൈവം ഇത്രയുമധികം ആളുകളിലൂടെ ഒരു ജനനത്തിനുവേണ്ടി ഒരു ജനതതിയെയും അതിന്റെ ചരിത്രത്തെയും ഒരുക്കിയത്. ഈ വംശാവലി കേവലം ഒരു നാമപ്പട്ടികയല്ല. ദൈവകാരുണ്യത്തിന്റെ അണമുറിയാ പ്രവാഹത്തിന്റെ കഥയാണത്.

ആ നിരയിൽ സുപ്രസിദ്ധരും കുപ്രസിദ്ധരുമുണ്ട്. നന്മയുടെ നിറവുകളുള്ളവരും തിന്മയുടെ കുറവുകളുള്ളവരുമുണ്ട്. ശക്തന്മാരുടെയും ജനപ്രിയനായകരുടെയും പേരുകളുണ്ട്. ബലഹീനരുടെയും സൗമ്യരുടെയും സാന്നിധ്യമുണ്ട് . യഹൂദപാരമ്പര്യത്തിനു വിരുദ്ധമായി സ്ത്രീകളുടെ പേരുകളുണ്ട്. റൂത്തും താമാറും റാഹാബും ഉറിയയുടെ ഭാര്യയുമുണ്ട്. അവരൊക്കെ അസാധാരണവും അപ്രതീക്ഷിതവുമായ പശ്ചാത്തലങ്ങളും വിവാഹബന്ധങ്ങളുള്ളവരുമാണ്.

ചിലരെങ്കിലും പാപത്തിന്റെ നിഴൽ വീണ ജീവിതത്തിന്റെ ഓർമകളുള്ളവരാണ്. പാപിനിയായ താമാറും (ഉൽപ്പത്തി 38:126), വേശ്യയായ റാഹാബും (ജോഷ്വാ 2:124) വിദേശിയായ റൂത്തും (റൂത്ത് 1:1617; 2:14:22) ദാവിദിനാൽ വ്യഭിചാരത്തിന് നിർബന്ധിക്കപ്പെട്ട ബേത്ഷബയുമൊക്കെ അസാധാരണവും അപ്രതീക്ഷിതവും അത്ഭുതാവഹവുമായ രീതികളിലൂടെ ചരിത്രത്തിലിടപെടുന്ന ദൈവത്തിന്റെ നാൾവഴികളുടെ ഭാഗമാണ്. പരിശുദ്ധ മറിയം ആ ഒരു വംശാവലിയുടെ ഭാഗമായി എണ്ണപ്പെടുമ്പോൾ ദൈവം നമ്മെ വല്ലാതെ വിസ്മയിപ്പിക്കുന്നു.

പൊതുവെ നീതിമാന്മാരും നിഷ്‌കളങ്കരുമെങ്കിലും ക്ഷണനേരമെങ്കിലും അസത്യവഴികളിലൂടെ ചരിച്ചവരും യേശുവിന്റെ വംശാവലിയിലുണ്ട്. സാറാ തന്റെ സഹോദരിയെന്ന് കൗശലത്തോടെ നുണ പറയേണ്ടി വരുന്ന മാതൃകാവിശ്വാസിയായ അബ്രാഹവും ചതിയിലൂടെ അനുഗ്രഹീതനാകുന്ന യാക്കോബും ‘വൻവീഴ്ച്ച’ സംഭവിക്കുന്ന ദാവീദുമൊക്കെ പുണ്യവും പാപവും ഇടകലർന്ന വഴികളിലൂടെ ദൈവകാരുണ്യത്തിന്റെ നീർച്ചാലുകളായവരാണ്.

നീതിമാനായ യൗസേപ്പിന്റെ മൗനസാന്നിധ്യവും വംശാവലിയുടെ വശ്യതയാണ്. വേർതിരിവുകളും മതിലുകളുമില്ലാതെ സർവാശ്ലേഷിയായ സ്‌നേഹത്തോടെ മനുഷ്യവംശത്തോടു കരുണ കാണിക്കുന്ന ദൈവത്തിന്റെ മനുഷ്യരോടുള്ള ഉള്ളടുപ്പത്തിന്റെ കഥ പറയുകയാണ് ഈ പേരുകളൊക്കെ.

വംശാവലി ദൈവനിയോഗത്തിന്റെ നാൾവഴിയാണ്. യേശുവിന്റെ വംശാവലി അവസാനിക്കുന്നത് ‘മറിയത്തിൽനിന്ന് അവൻ ജനിച്ചു’ എന്ന പ്രസ്താവനയോടെയാണ്. അവന്റെ ജനനത്തിലേക്കാണ് ഈ പേരുപട്ടിക നമ്മെ നയിക്കുന്നത്. അതിലേക്കു അയോഗ്യരെങ്കിലും ദൈവനിയോഗം ഏറ്റുവാങ്ങി കടന്നു വന്നവരാണവർ. ഒരു വിധത്തിൽ അല്ലെങ്കിൽ മറ്റൊരു വിധത്തിൽ അവർ രക്ഷാകരപദ്ധതിയിൽ ഭാഗഭാക്കുകളായി. അതിനു വലിയ വിലകൊടുക്കേണ്ടി വന്നവരുണ്ട്. കനൽവഴികൾ താണ്ടേണ്ടി വന്നവരുണ്ട്. തങ്ങളുടെ ജീവിതബലികളിലൂടെയാണവർ ‘ക്രിസ്തുവിന്റെ ബലി’ക്കു വഴിയൊരുക്കിയത്.

വംശാവലി ഒരു ബലിവഴിയാണ്. ദൈവനിയോഗങ്ങളുടെ വഴി. പാപപുണ്യങ്ങളുടെ പട്ടിക നോക്കാതെ ദൈവം തിരുക്കുമാരന്റെ പേരുപട്ടികയിലേക്കു തിരഞ്ഞെടുത്തവരുടെ നിയോഗവഴി. ഇടർച്ച നൽകുന്നതും അമ്പരപ്പിക്കുന്നതുമായ നിയോഗങ്ങൾ നൽകി ദൈവം നടത്തിയ ബലിയൊരുക്കങ്ങളുടെ കഥയാണ് വംശാവലി നമ്മോടു പറയുന്നത്.

എത്രയോ മനോഹരവും കൃത്യവുമായാണ് ദൈവം തലമുറകളെ ഒരുക്കിയത് എന്ന് അതു നമ്മെ ഓർമപ്പെടുത്തുന്നു. ആ പേരുപട്ടിക മുഴുവൻ ദൈവകാരുണ്യത്തിന്റെ നിറവാണ്. ദൈവത്തിന്റെ തീരാ കാരുണ്യത്തിന്റെ നിഗൂഢത വെളിപ്പെടുത്തുന്ന പേരുപട്ടിക. ക്രിസ്തുവിന്റെ ബലിവഴിയിൽ ഇടംപിടിച്ചവർ തങ്ങളുടെ ജീവിതബലി പൂർത്തീകരിച്ചതെങ്ങനെയെന്നു വംശാവലി അടയാളപ്പെടുത്തുന്നു.

ഇന്നും യേശുക്രിസ്തു പിറവിയെടുക്കേണ്ട ഇടങ്ങളിലൊക്കെ അനേകരിലൂടെ അവിടുത്തെ വംശാവലി രേഖപ്പെടുത്തപ്പെടുന്നുണ്ട്, ക്രിസ്തുവിന്റെ പിറവിയിലേക്കും ബലിയിലേക്കും നയിക്കപ്പെടുന്ന ജീവിതങ്ങളിലൂടെ.

ഞാൻ പ്രധാനിയോ അപ്രധാനിയോ യോഗ്യനോ അയോഗ്യനോ ശക്തനോ ബലഹീനോ വിശുദ്ധനോ അശുദ്ധനോ ആയിരുന്നാലും യേശുവിനെ പ്രദാനം ചെയ്യാൻ എന്നെയും ഉപകരണമാക്കിയേക്കാം എന്ന ഓർമപ്പെടുത്തലാണ് യേശുവിന്റെ വംശാവലി.

അവന്റെ ബലിയോടൊപ്പം എന്റെ നിയോഗബലികൂടി ചേരണം. ക്രിസ്തുവിനെ മറ്റുള്ളവരുടെ മുമ്പിൽ അവതരിപ്പിക്കാൻ എന്നെ ദൈവം നിയോഗിക്കുമ്പോൾ ഇനിയും തുടരുന്ന ആ വംശാവലിയുടെ ഭാഗമാവുകയാണ് ഞാനും. എവിടെയാണ് അവന്റെ വംശാവലിയിൽ എന്റെ സ്ഥാനം? എന്റെ ബലിനിയോഗങ്ങൾ അവന്റെ ജനനത്തിൽ ചെന്നവസാനിക്കുന്നുണ്ടോ?

പ്രാർത്ഥന: തീരാകാരുണ്യത്തിന്റെ വംശാവലിയിൽ എന്നെ ഉൾപ്പെടുത്തുന്ന ദൈവമേ, അപ്രതീക്ഷിതവും അസാധാരണവുമായ എന്റെ ബലിനിയോഗങ്ങളെ വിശ്വസ്തതയോടെ നിറവേറ്റി ക്രിസ്തുവിനെ ലോകത്തിനു നൽകാൻ കൃപയേകണമേ.

Share:

Leave a Comment

Your email address will not be published. Required fields are marked with *

Related Posts

Latest Postss

Don’t want to skip an update or a post?