Follow Us On

08

July

2020

Wednesday

ബലിക്കുഞ്ഞാടിനു മുമ്പേ നടന്നവർ 

ബലിക്കുഞ്ഞാടിനു മുമ്പേ നടന്നവർ 
”ബലിക്കുഞ്ഞാടായ യേശുവിനു മുമ്പേ അവിടുത്തെ പ്രതീകങ്ങളായി പഴയനിയമത്തിൽ പ്രത്യക്ഷപ്പെടുന്ന ചിലരുണ്ട്. ബലിക്കുഞ്ഞാടിന്റെ മുൻപേ നടന്നവർ. തങ്ങളുടെ ബലിനിയോഗങ്ങൾ കൊണ്ടു രക്ഷാകരചരിത്രത്തിനു വർണ്ണശോഭ പകർന്നവർ. അവരുടെ നിഴലുകളിൽ ക്രിസ്തുവുണ്ട്”-  ബെംഗളൂരു ധർമാരാം കോളജ് അദ്ധ്യാപകൻ ഫാ. ബെന്നി നൽക്കര സി.എം.ഐ പങ്കുവെക്കുന്ന ക്രിസ്മസ് വിചിന്തനം ‘ബലിയൊരുക്കങ്ങൾ- 4’ 
ഫാ. ബെന്നി നൽക്കര സി.എം.ഐ
‘ബലിക്കുഞ്ഞാട്‌’-‌  ഈ പദത്തോളം യേശുവിന്റെ ജീവിതത്തെയും ദൗത്യത്തെയും  ഇത്രമാത്രം ഒപ്പിയെടുക്കാനാകുന്ന മറ്റൊരു പദമുണ്ടോയെന്നു സംശയമാണ്. അവിടുന്നു ലോകത്തിന്റെ പാപങ്ങൾ നീക്കുന്ന ദൈവത്തിന്റെ കുഞ്ഞാടാണ്. ഈജിപ്തിലെ അടിമത്തത്തിൽനിന്നുമുള്ള ഇസ്രായേലിന്റെ കടന്നുപോകലിനു കാരണമായ പെസഹാക്കുഞ്ഞാടായും ഏശയ്യായുടെ പ്രവചനങ്ങളിലെ “കൊലക്കളത്തിലേക്കു നയിക്കപ്പെടുന്ന കുഞ്ഞാടായും” “രോമം കത്രിക്കുന്നവരുടെ മുമ്പിൽ നിൽക്കുന്ന ചെമ്മരിയാടായും” യഹൂദരുടെ പാപപരിഹാരബലിക്കുള്ള ബലിയാടായും ഉള്ള ചിത്രീകരണങ്ങളൊക്കെ ദൈവത്തിന്റെ ബലിക്കുഞ്ഞാടായ യേശുവിലേക്ക്‌ വിരൽ ചൂണ്ടുന്നവയാണ്. എന്നാൽ ബലിക്കുഞ്ഞാടായ യേശുവിനു മുമ്പേ അവിടുത്തെ പ്രതീകങ്ങളായി പഴയനിയമത്തിൽ പ്രത്യക്ഷപ്പെടുന്ന ചിലരുണ്ട്. ബലിക്കുഞ്ഞാടിന്റെ മുൻപേ നടന്നവർ. തങ്ങളുടെ ബലിനിയോഗങ്ങൾ കൊണ്ടു രക്ഷാകരചരിത്രത്തിനു വർണ്ണശോഭ പകർന്നവർ. അവരുടെ നിഴലുകളിൽ ക്രിസ്തുവുണ്ട്.
വിശുദ്ധ ഗ്രന്ഥത്തിലെ ആദ്യബലിയർപ്പകരിലൊരാളായ ആബേലിന്റെ നിർമ്മലബലിയിൽ ക്രിസ്തുവിന്റെ ബലിയുടെ ആദ്യരൂപമുണ്ട്. തന്റെ സഹോദരൻ കായേനിൽ നിന്ന് വ്യത്യസ്തനായി തന്റെ സ്വന്തമായ ആട്ടിൻകൂട്ടത്തിൽ നിന്നും ഏറ്റവും മികച്ച കടിഞ്ഞൂൽക്കുഞ്ഞുങ്ങളുടെ കൊഴുപ്പുള്ള ഭാഗം ദൈവത്തിനർപ്പിച്ചു സ്വീകാര്യമായ ബലിയുടെ നിർവൃതിയിൽനിന്ന ആബേലിന്റെ വിധി, ബലിക്കുഞ്ഞാടാകാനുള്ളതായിരുന്നു. സഹോദരൻ കായേന്റെ അസൂയ നിറഞ്ഞ ക്രോധത്തിൽ ആബേലിന്റെ രക്തം വയലിലൂടെ ഒഴുകി. നിഷ്കളങ്കവും നിർമ്മലവുമായ ആബേലിന്റെ ബലിവഴിയിൽ സഹോദരന്റെ സ്നേഹത്തിൽ പൊതിഞ്ഞ ക്ഷണവും ചതിയും  പകയുമാണുള്ളതെങ്കിൽ ക്രിസ്തുവിന്റെ ബലിവഴിയിലും സ്നേഹത്തിന്റെ നിരാസമുണ്ട്.    “ഗുരോ സ്വസ്തി” എന്നു പറഞ്ഞൊറ്റിക്കൊടുത്ത ചതിയുടെ ചുംബനമുണ്ട്. പിതാവിന്റെ ബലിക്കുഞ്ഞാടിന്റെ   മുമ്പേ നടക്കുകയാണ് ആബേലെന്ന ബലിക്കുഞ്ഞാട്‌.
വിശ്വാസിയും വിശ്വസ്തനുമായ ഒരു പിതാവിന്റെ ആത്മസമർപ്പണത്തിന്റെയും നീതികരണത്തിന്റെയും അടയാളമാണ് കൈകാലുകൾ ബന്ധിക്കപ്പെട്ടു മൊറിയാമലയിലെ ബലിപീഠത്തിൽ കിടത്തപ്പെട്ട  ഇസഹാക്കെന്ന ബലിക്കുഞ്ഞാട്‌. പൂന്തോട്ടം തരാമെന്നു പറഞ്ഞിട്ടും ഒരു പൂവ് മാത്രം കൊടുത്തു, ഏറെ വൈകാതെ അത് തിരികേ വേണമെന്നു പറഞ്ഞ ദൈവനീതിയുടെ മുമ്പിൽ യുക്തിയുടെ ചോദ്യങ്ങളുയർത്താതെ നിന്ന നീതിമാനായ വിശ്വാസിയുടെ ആത്മബലിയുടെ പേരാണ് ഇസഹാക്ക്. ഇസഹാക്കിൽ അനുസരിക്കുന്നവന്റെ വ്യസനങ്ങളുറങ്ങുന്നുണ്ട്. എങ്കിലും അനുസരണം ബലിയെക്കാൾ ശ്രേഷ്ഠമെന്ന പാഠഭാഗം തയ്യാറാക്കിയ ബലിക്കുഞ്ഞാടുകളിൽ ഇസഹാക്കുണ്ട്. സ്വർഗ്ഗീയ പിതാവിന്റെ വിശ്വസ്തതയുടെ അടയാളമായി ഭൂമിയിലും പിന്നെ ഭൂമിക്കും ആകാശത്തിനും മധ്യേയും നിറവേറിയ ആത്മബലിയുടെ പേരാണ് ക്രിസ്തു. അപ്പന്റെ ബലിക്കുഞ്ഞാടായി ബലിപീഠത്തിൽ കുതറാതെ കിടന്നു കൊടുക്കുന്ന ഇസഹാക്കിനു പകരക്കാരനായി ബലിക്കുഞ്ഞാടുണ്ടായിരുന്നെങ്കിൽ, കുരിശിൽ കുതറാതെ കിടന്ന ക്രിസ്തു എല്ലാവരുടെയും പകരക്കാരനായ ബലിക്കുഞ്ഞാടായി.
“നിന്റെ സഹോദരൻ ആബേലെവിടെ?” എന്ന നേർക്കുത്തരം കിട്ടാത്ത ചോദ്യത്തിനു “നിങ്ങളുടെ സഹോദരനായ ജോസഫാണ് ഞാൻ” എന്ന മറുപടിയിലൂടെ നൂറ്റാണ്ടുകൾക്കു  ശേഷം പ്രത്യുത്തരിക്കാൻ തയ്യാറായ പൂർവ്വപിതാവായ ജോസഫും ഒരു ബലിക്കുഞ്ഞാടാണ്. സഹോദര അപ്രീതിയുടെയും അപകർഷതാബോധത്തിന്റെയും അസൂയയുടെയും ഇരയായി പൊട്ടക്കിണറ്റിലേക്ക് അറിയപ്പെട്ടു. പിന്നീട്, സ്വപ്നക്കാരനായ അവൻ ഇരുപതു  വെള്ളിക്കാശിനു ഇസ്മായേല്യർക്കു വിൽക്കപ്പെട്ടു. പിതാവായ യാക്കോബ് അവനു നൽകിയിരുന്ന കൈ നീളമുള്ള കുപ്പായത്തിൽ പതിഞ്ഞ കുഞ്ഞാടിന്റെ രക്തം അവന്റെ ബലിയാകലിന്റെ അടയാളമായി. ഈജിപ്തിൽ പോത്തിഫറിന്റെ ഭാര്യയുടെ അതിരുവിട്ടമോഹങ്ങൾക്കുവേണ്ടിയും ജോസഫ് ബലിയാടാക്കപ്പെട്ടു. എന്നാൽ “ഇസ്രായേലിന്റെ ജീവൻ നിലനിർത്താൻ വേണ്ടി”യുള്ള ബലിയാടാക്കപ്പെടലുകളായിരുന്നു അവയെന്നു ജോസഫ് തന്നെ തിരിച്ചറിഞ്ഞു. ക്രിസ്തുവിന്റെ ബലിവഴികളിൽ ജോസഫ് എന്ന ബലിയാടിന്റെ നിഴലുകളുണ്ട്. ഒറ്റിക്കൊടുക്കപ്പെട്ടപ്പോഴും മുപ്പതു വെള്ളിനാണയങ്ങൾക്കു വിൽക്കപ്പെട്ടപ്പോഴും അതു അനേകർക്കു ജീവൻ ഉണ്ടാകാനും സമൃദ്ധമായി ഉണ്ടാകാനും വേണ്ടിയെന്നുമുള്ള ആത്മാവബോധത്തോടെ നിന്ന ക്രിസ്തു ദൈവത്തിന്റെ ബലിക്കുഞ്ഞാടായി.
ആദാമിന്റെ മകൻ ആബേലും അബ്രഹാമിന്റെ മകൻ ഇസഹാക്കും യാക്കോബിന്റെ മകൻ ജോസഫും ബലിക്കുഞ്ഞാടായ ക്രിസ്തുവിന്റെ പ്രതിരൂപങ്ങളായി അവിടുത്തെ ബലിവഴിയിൽ നിറയുന്നു. ദൈവപിതാവിന്റെ സ്നേഹബലിയുടെ ബലിക്കുഞ്ഞാടായി, യേശുക്രിസ്തുവും. ലോകത്തിന്റെ പാപങ്ങൾ നീക്കുന്ന അനേകർക്ക്‌ രക്ഷയേകുന്ന ദൈവത്തിന്റെ കുഞ്ഞാട്.
ദൈവപുത്രരായി പിറവിയെടുക്കുന്നവരും ക്രിസ്തുവിന്റെ പ്രതിരൂപങ്ങളാകാൻ വിളിക്കപ്പെട്ടവരും ബലിക്കുഞ്ഞാടുകളായേ തീരു. സ്വജീവിതം ബലിയായി നല്കുമ്പോഴേ ക്രിസ്തു ഒരുവനിൽ പിറവിയെടുക്കുകയുള്ളൂ, ഒരുവൻ ക്രിസ്തുവായിത്തീരുകയുള്ളൂ. ക്രിസ്തുവിന്റെ ബലിവഴികളിൽ ബലിക്കുഞ്ഞാടാകാനുള്ള എന്റെ നിയോഗത്തിന്റെ വിശുദ്ധിയും വിശ്വസ്തതയും ഞാൻ എങ്ങനെ കാക്കുന്നു.
പ്രാർത്ഥന: ലോകത്തിന്റെ പാപങ്ങൾ നീക്കുന്ന ദൈവത്തിന്റെ കുഞ്ഞാടായ ഈശോയേ, നിന്റെ ബലിജീവിതത്തിന്റെ പ്രതിരൂപമാകാൻ കൃപ നൽകണമേ. 

Leave a Comment

Your email address will not be published. Required fields are marked with *

Latest Postss

Don’t want to skip an update or a post?