Follow Us On

22

September

2020

Tuesday

ദൈവത്തോട് ആലോചന ചോദിച്ചാല്‍ തെറ്റുപറ്റുകയില്ല

ദൈവത്തോട് ആലോചന ചോദിച്ചാല്‍  തെറ്റുപറ്റുകയില്ല

ആഗമനകാലം രണ്ടാം ഞായറാഴ്ച യേശുവിന്റെ ജനനത്തെക്കുറിച്ചുള്ള അറിയിപ്പാണ് നമുക്ക് ലഭിക്കുന്ന സുവിശേഷഭാഗം. ദൈവം അയച്ച ഗബ്രിയേല്‍ ദൂതന്‍ മറിയത്തിന്റെ അടുത്ത് വന്ന് കുറെ അമ്പരപ്പിക്കുന്ന കാര്യങ്ങള്‍ വെളിപ്പെടുത്തുകയാണ്. ദൂതന്‍ പറഞ്ഞ പ്രധാന കാര്യങ്ങള്‍ ഇവയാണ്:
മറിയം ദൈവസന്നിധിയില്‍ കൃപ കണ്ടെത്തിയിരിക്കുന്നു.
നീ ഗര്‍ഭം ധരിച്ച് ഒരു പുത്രനെ പ്രസവിക്കും.
ആ പുത്രന് നല്‍കേണ്ട പേര് തുടര്‍ന്ന് ദൂതന്‍ നിര്‍ദേശിക്കുകയാണ്. ആ പേരാണ് യേശു.
0 പിന്നീട് ഈ ജനിക്കാനിരിക്കുന്ന പുത്രന്റെ വിശേഷങ്ങളാണ് ദൂതന്‍ വെളിപ്പെടുത്തുന്നത്. അവന്‍ വലിയവന്‍ ആയിരിക്കും. അത്യുന്നതന്റെ സിംഹാസനം ദൈവം അവന് നല്‍കും. അവന്റെ രാജ്യത്തിന്മേല്‍ അവന്‍ എന്നേക്കും ഭരണം നടത്തും. അവന്റെ രാജ്യത്തിന് അവസാനം ഉണ്ടാവുകയില്ല.
ദൂതന്‍ പ്രത്യക്ഷപ്പെട്ടതും ഈ വലിയ വെളിപ്പെടുത്തലുകള്‍ നടത്തിയതും മറിയത്തെ സംബന്ധിച്ചിടത്തോളം തികച്ചും അവിചാരിതവും അമ്പരിപ്പിക്കുന്നതും ആയിരുന്നു. ദൂതന്‍ മറിയത്തോട്, അമ്മയാകാമോ എന്ന് ചോദിക്കുകയല്ല ചെയ്തത്; അമ്മയാകും എന്ന് പ്രസ്താവിക്കുകയാണ് ചെയ്തത്. തീര്‍ച്ചയായിട്ടും അവിവാഹിതയായ മറിയത്തിന് ഇത് ഉള്‍ക്കൊള്ളാനും മനസിലാക്കാനും കഴിയുന്ന ഒന്ന് ആയിരുന്നില്ല. അനവധി ചോദ്യങ്ങള്‍ മറിയത്തിന്റെ മനസിലൂടെ കടന്നുപോയിക്കാണണം.
അതുകൊണ്ട് മറിയം തന്റെ സംശയം ചോദിക്കുകയാണ്: ഇത് എങ്ങനെ സംഭവിക്കും? മറിയം ഇവിടെ ദൈവത്തോടുതന്നെ സംശയം ചോദിക്കുകയാണ്; കൗണ്‍സലിങ്ങ് നടത്തുകയാണ്. അപ്പോള്‍ ദൈവം, തന്റെ ദൂതന്‍വഴി മറിയത്തിന് എല്ലാ സംശയവും തീരുന്ന ഉത്തരം നല്‍കി: പരിശുദ്ധാത്മാവ് നിന്റെമേല്‍ വരും; അത്യുന്നതന്റെ ശക്തി നിന്റെമേല്‍ ആവസിക്കും. ആ മറുപടി മറിയത്തിന്റെ സംശയങ്ങള്‍ നീക്കി. അങ്ങനെ ഗര്‍ഭം ധരിച്ച് മറിയം പ്രസവിച്ച ശിശുവാണ് ദൈവത്തിലെ രണ്ടാമത്തെ ആളായ പുത്രന്‍; യേശുക്രിസ്തു.
ഈ ബൈബിള്‍ സംഭവങ്ങള്‍ നമ്മോട് പറയുന്ന ചില പ്രധാന കാര്യങ്ങളെപ്പറ്റി ധ്യാനിക്കാം. ഒന്നാമത്തേത്, മറിയത്തെ ദൈവം അത്ഭുതകരമായി, ദൈവമാതാവായി തെരഞ്ഞെടുത്തു എന്നതാണ്. ലോകത്തില്‍ ഈ ഭാഗ്യം ലഭിച്ച ഏകവ്യക്തിയാണ് മറിയം. അത് അനന്യമായ ഒരു തെരഞ്ഞെടുപ്പായിരുന്നു. അതിന് അനന്യമായ ഒരു സമര്‍പ്പണവും ത്യാഗവും ആവശ്യമായിരുന്നു. രണ്ടാമത്തെ കാര്യം – യേശുവിന്റെ അമ്മയാകാന്‍ തയാറാണ് എന്ന് കന്യകയായ മറിയം പറഞ്ഞു. അവള്‍ പരിശുദ്ധാത്മാവിന്റെ ശക്തിയാല്‍ ഗര്‍ഭിണിയായി. മറിയത്തിന്റെ ജീവിതത്തിന്റെ ഗതി മുഴുവന്‍ മാറ്റിവിട്ട ഒരു സംഭവം ആയി അത് മാറി. പിന്നീടുള്ള മറിയത്തിന്റെ ജീവിതം ഏതെല്ലാം അനുഭവങ്ങളിലൂടെ കടന്നുപോയോ ആ അനുഭവങ്ങള്‍ക്കെല്ലാം കാരണം ഇവിടെ മറിയം എടുത്ത ഒരു തീരുമാനമാണ്.
മൂന്നാമത്തെ കാര്യം – മറിയത്തോട് എലിസബത്ത് പറഞ്ഞ ഒരു വചനം: കത്താവ് അരുളിച്ചെയ്ത കാര്യങ്ങള്‍ നിറവേറും എന്ന് വിശ്വസിച്ചവള്‍ ഭാഗ്യവതി. ദൂതന്‍ വഴി ദൈവം പറഞ്ഞ കാര്യങ്ങള്‍ മറിയത്തിന് ബോധ്യപ്പെട്ടു. വിശ്വാസത്തോടുകൂടിയ ഈ ഒറ്റ തീരുമാനമാണ് മറിയത്തെ ഭാഗ്യവതിയാക്കിയത്. നാലാമത്തെ കാര്യം – തീരുമാനം എടുക്കാന്‍ കഴിയാതെ വന്ന അവസരത്തില്‍, മനസ് മുഴുവന്‍ അവ്യക്തതകളും ആശയക്കുഴപ്പങ്ങളും നിറഞ്ഞുനിന്ന സമയത്ത്, മറിയം ദൈവത്തോടുതന്നെ ശരിയായ തീരുമാനം എടുക്കാനുള്ള വെളച്ചത്തിനും കൃപയ്ക്കുംവേണ്ടി ആലോചന ചോദിച്ചു. മറിയത്തിന് ദൈവം മറുപടിയും വ്യക്തതയും കൊടുത്തു
മംഗലവാര്‍ത്തയുമായി ബന്ധപ്പെട്ട ഈ സംഭവങ്ങള്‍ നമ്മുടെ ജീവിതത്തിന് നല്‍കുന്ന വെളിച്ചം എന്താണ്? പല നല്ല ഗുണപാഠങ്ങളും അത് നല്‍കുന്നുണ്ട്. നമ്മള്‍ എടുക്കുന്ന ചില തീരുമാനങ്ങള്‍ നമ്മുടെയും മറ്റ് പലരുടെയും ജീവിതത്തിന്റെ ഗതി മാറ്റാന്‍ കഴിവുള്ളവയാണ് എന്നതാണ് ഒന്നാമത്തെ കാര്യം. എടുക്കുന്ന തീരുമാനം ശരിയാണെങ്കില്‍ അത് നമുക്കും മറ്റനേകര്‍ക്കും അനുഗ്രഹവും വിജയവും നന്മയും പ്രദാനം ചെയ്യും. എന്നാല്‍ തീരുമാനം തെറ്റാണെങ്കില്‍ അത് സഹനങ്ങള്‍ക്കും നഷ്ടങ്ങള്‍ക്കും ചിലപ്പോള്‍ ആത്മനാശത്തിനും കാരണമാകും. വിലക്കപ്പെട്ട പഴം തിന്നാന്‍ ആദവും ഹവ്വയും തീരുമാനിച്ചതും ആബേലിനെ കൊല്ലുവാന്‍ കായേല്‍ തീരുമാനിച്ചതും നിനവേയിലേക്ക് പോകാന്‍ ദൈവം പറഞ്ഞിട്ടും യോനാ പോകാതിരുന്നതുമെല്ലാം തെറ്റായ തീരുമാനങ്ങള്‍ ഉണ്ടാക്കുന്ന ഉദാഹരണങ്ങള്‍ ആണ്. എന്നാല്‍ മോശ, അബ്രാഹം, അപ്പസ്‌തോലന്മാര്‍, പ്രവാചകന്മാര്‍ തുടങ്ങിയവരെല്ലാം ദൈവം പറഞ്ഞത് വിശ്വസിച്ച്, അനുസരിച്ച്, വിജയം നേടിയവരുടെ ഉദാഹരണങ്ങളാണ്.
തീരുമാനം എടുക്കാന്‍ കഴിയാതെ വന്നപ്പോള്‍, മറിയം ദൈവത്തോടുതന്നെ ആലോചന ചോദിച്ചു. ദൈവം ഉത്തരം നല്‍കി. മറിയം ശരിയായ തീരുമാനം എടുത്തു. നമുക്ക് രക്ഷകനെ കിട്ടി. മറിയം ഭാഗ്യവതിയായി. തീരുമാനങ്ങള്‍ എടുക്കാന്‍ ചിലപ്പോള്‍ നമ്മളും വിഷമിക്കും. തീരുമാനങ്ങള്‍ എടുക്കാന്‍ നമ്മുടെ ബുദ്ധിയോടും അനുഭവത്തോടം മറ്റു മനുഷ്യരോടും മാത്രം നാം ആലോചന ചോദിക്കേണ്ട. കിട്ടുന്ന മറുപടികളെല്ലാം ചിലപ്പോള്‍ മനഃപൂര്‍വമോ അല്ലാതെയോ വഴിതെറ്റിക്കുന്നതും നഷ്ടം വരുത്തുന്നതുമാകാം. അതിനാല്‍ തീരുമാനങ്ങള്‍ എടുക്കുന്നതിനുമുമ്പ് ദൈവത്തോടും കൂടി ആലോചന ചോദിക്കുന്ന ശീലം വളര്‍ത്തിയെടുക്കാം. ദൈവം ആലോചന തരുകയും അത് അനുസരിച്ച് പ്രവര്‍ത്തിക്കുകയും ചെയ്താല്‍ തെറ്റു പറ്റുകയില്ല. നന്മകള്‍ ഉണ്ടാകുകയും ചെയ്യും.

ഫാ. ജോസഫ് വയലില്‍ CMI

Leave a Comment

Your email address will not be published. Required fields are marked with *

Latest Postss

Don’t want to skip an update or a post?