Follow Us On

08

July

2020

Wednesday

കുടുംബജീവിതക്കാരുടെ സന്യാസ സഭ

കുടുംബജീവിതക്കാരുടെ  സന്യാസ സഭ

എട്ട് നൂറ്റാണ്ടുകള്‍ പിന്നിട്ടിട്ടും കാലിക പ്രസക്തിയോടുകൂടി ഓര്‍മിക്കപ്പെടുന്ന വിശുദ്ധ ഫ്രാന്‍സിസ് അസീസിയുടെ ആത്മീയത ഇന്നും ലോകത്തിനും സഭയ്ക്കും ഏറെ പ്രസക്തമാണ്. വിശുദ്ധ ഫ്രാന്‍സിസിന്റെ പേരും ശൈലിയും അനുകരിച്ചുകൊണ്ട് മാര്‍പാപ്പ തുടര്‍ന്നുകൊണ്ടുപോകുന്ന നവീകരണ മുന്നേറ്റത്തിന് പിന്തുണ നല്‍കുവാനായി വിശുദ്ധ ഫ്രാന്‍സിസിന്റെ ആധ്യാത്മികതയെപ്പറ്റി പഠിക്കാനും അത് ജീവിക്കാനും പരിശ്രമിക്കുന്നത് ഉചിതമാണ്.

സ്വര്‍ഗസ്ഥനായ പിതാവിനെപ്പോലെ എല്ലാവരും സ്‌നേഹത്തില്‍ പരിപൂര്‍ണരാകണമെന്നാണ് ദൈവത്തിന്റെ തിരുമനസ് (മത്താ. 5:48). അതിന് നാം എല്ലാവരും സ്‌നേഹത്തിന്റെ പൂര്‍ണതയായ മിശിഹായോട് അനുരൂപരായിത്തീരണം. ഈശോ പറയുന്നു ”ഞാന്‍ നിങ്ങള്‍ക്കൊരു പുതിയ പ്രമാണം തരുന്നു. എന്തെന്നാല്‍ ഞാന്‍ നിങ്ങളെ സ്‌നേഹിച്ചതുപോലെ നിങ്ങളും പരസ്പരം സ്‌നേഹിക്കുവിന്‍” (യോഹ. 13:34). സകല ക്രൈസ്തവരും ഈശോയെ അനുകരിക്കാനും സുവിശേഷമനുസരിച്ച് ജീവിക്കാനും കടപ്പെട്ടവരാണ്. എന്നാല്‍ പലപ്പോഴും അതുപോലെ സംഭവിക്കുന്നില്ല. തല്‍ഫലമായി ക്രൈസ്തവ ജീവിതം വെറും നാമമാത്ര ക്രൈസ്തവ ജീവിതമായി അധഃപതിക്കുന്നു. ഇങ്ങനെയുള്ള ക്രൈസ്തവ ജീവിതത്തിന്റെ നവീകരണത്തിനായി രണ്ടാം വത്തിക്കാന്‍ സൂനഹദോസ് നിര്‍ദേശിക്കുന്നത് ഉറവിടങ്ങളിലേക്കും സ്ഥാപകരിലേക്കും മടങ്ങുക എന്നതാണ്. അതായത് സുവിശേഷങ്ങളിലേക്കും മിശിഹായിലേക്കും മടങ്ങുക. ഇതുതന്നെയാണ് വിശുദ്ധ ഫ്രാന്‍സിസ് നൂറ്റാണ്ടുകള്‍ക്കുമുമ്പ് ചെയ്തത്. അദ്ദേഹം ദരിദ്രനും വിനീതനും ക്രൂശിതനുമായ മിശിഹായെ അനുകരിച്ചു. സുവിശേഷം അക്ഷരംപ്രതി അനുസരിച്ചു. അതില്‍ പൂര്‍ണവിജയം പ്രാപിച്ചു. അങ്ങനെ അദ്ദേഹം രണ്ടാം ക്രിസ്തുവെന്ന അപരനാമത്തിനര്‍ഹനായി.
വിശുദ്ധ ഫ്രാന്‍സിസ് സ്ഥാപിച്ച മൂന്ന് സഭകള്‍
സഭയെയും സമൂഹത്തെയും നവീകരിക്കുവാന്‍ വിശുദ്ധ ഫ്രാന്‍സിസിന് സാധിച്ചത് മൂന്ന് സന്യാസ സഭകളുടെ സ്ഥാപനത്തോടെയാണ്. 1209-ല്‍ ‘നിസാര സഹോദരന്മാരുടെ സമൂഹം’ എന്ന ഒന്നാം സഭയും 1212-ല്‍ ‘ദരിദ്ര കന്യകമാരുടെ സമൂഹ’മെന്ന രണ്ടാം സഭയും 1223-ല്‍ ‘പരിഹാരത്തിന്റെ സ്ത്രീപുരുഷന്മാരുടെ സമൂഹം’ എന്ന മൂന്നാം സഭയും ഫ്രാന്‍സിസ് സ്ഥാപിച്ചു. ഇപ്രകാരം സന്യാസികളും സന്യാസിനികളും അല്മായരും ഉള്‍പ്പെടുന്ന വലിയ സമൂഹം സുവിശേഷാത്മക ജീവിതം നയിക്കുകയും സഭാ സേവനത്തിനും സുവിശേഷ പ്രഘോഷണത്തിനും സമാധാന സംസ്ഥാപനത്തിനും സ്വയം സമര്‍പ്പിക്കുകയും ചെയ്തതിന്റെ ഫലമായി മധ്യയുഗത്തില്‍ വിപ്ലവകരമായ മാറ്റങ്ങള്‍ ഉണ്ടായി.
മധ്യശതകത്തിലെ ഫ്യൂഡല്‍ വ്യവസ്ഥയില്‍ ഫ്രാന്‍സിസ്‌കന്‍ അല്മായ സഭ ഒരു തിരുത്തല്‍ ശക്തിയായി വളര്‍ന്നുവരാന്‍ അധികനാള്‍ വേണ്ടിവന്നില്ല. അധാര്‍മികതയും അശ്ലീലങ്ങളും നിര്‍ബാധം വിളയാടിയിരുന്ന കുടുംബങ്ങളില്‍ മാതൃകാ ദമ്പതികളായി മാറിയ മൂന്നാം സഭക്കാര്‍ വലിയ മാറ്റം വിതച്ചു. മദ്യവും മദിരോത്സവവുമായി കഴിഞ്ഞിരുന്നവര്‍ പ്രാര്‍ത്ഥനയും പരിത്യാഗവും ഏറ്റെടുത്തപ്പോള്‍ എണ്ണമറ്റ കുടുംബങ്ങള്‍ വിശുദ്ധീകരിക്കപ്പെട്ടു. സമാധാനവും അനുരഞ്ജനവും പ്രഖ്യാപിച്ചുകൊണ്ട് മൂന്നാം സഭക്കാര്‍ കടന്നുവന്നപ്പോള്‍ സമൂഹത്തിലെ കലഹങ്ങള്‍ക്ക് ഒരു പരിധിവരെ പരിഹാരമായി. ആയുധം വഹിക്കാനും യുദ്ധത്തില്‍ പങ്കെടുക്കാനും വിസമ്മതിച്ചതുകൊണ്ട് ആഭ്യന്തര യുദ്ധങ്ങളും നാട്ടുരാജ്യങ്ങള്‍ തമ്മിലുള്ള വഴക്കുകളും നിയന്ത്രിക്കപ്പെട്ടു. മാത്രമല്ല, രാജാക്കന്മാരും പ്രഭുക്കന്മാരും മാടമ്പിമാരും സഭയിലെ അംഗത്വം സ്വീകരിച്ചപ്പോള്‍ രാജ്യഭരണം നീതിപൂര്‍വകമായി ത്തീര്‍ന്നു. കലാകാരന്മാരും കവികളും ഇതില്‍ അംഗങ്ങളായപ്പോള്‍ മൂല്യബോധമുള്ള കൃതികളും കലാരൂപങ്ങളുംകൊണ്ട് നാട് നിറഞ്ഞു. അല്മായരുടെ ഈ ആത്മീയ മുന്നേറ്റം സഭാധികാരികളുടെ കണ്ണുതുറപ്പിക്കുകയും അവരും ഈ നവീകരണത്തിന്റെ ഭാഗമായിത്തീരുകയും ചെയ്തു. അങ്ങനെ അസീസിയില്‍ ആരംഭിച്ച ഈ മഹാപ്രസ്ഥാനം ലോകം മുഴുവന്‍ ശാഖകള്‍ വിരിച്ച മഹാവൃക്ഷമായിത്തീര്‍ന്നു.
മൂന്നാം സഭ
ഇത് മറ്റ് സംഘടനകളെപ്പോലുള്ള ഒന്നല്ല. അല്മായര്‍ക്കുവേണ്ടിയുള്ള സഭ എന്നതാണ് ഇതിന്റെ പ്രത്യേകത. സമ്പത്ത്, സ്വാതന്ത്ര്യം, വിവാഹം തുടങ്ങിയവ ഉപേക്ഷിക്കാതെ ക്രമമായ ജീവിതത്തിലൂടെ ദാരിദ്ര്യം, ദാമ്പത്യ വിശുദ്ധി, അനുസരണം എന്നീ വ്രതങ്ങള്‍ അനുഷ്ഠിച്ച് അവര്‍ക്കും തങ്ങളെത്തന്നെ വിശുദ്ധീകരിക്കാം. കുടുംബജീവിതം നയിക്കുന്നവര്‍ക്കും വിശുദ്ധരാകാം, പുണ്യ പരിപൂര്‍ണത പ്രാപിക്കാം, പ്രേഷിത പ്രവര്‍ത്തനം നടത്താം, ദൈവരാജ്യം സ്ഥാപിക്കാം എന്ന് ഫ്രാന്‍സിസ്‌കന്‍ മൂന്നാം സഭ തെളിയിച്ചു. സുവിശേഷത്തിന്റെ ചൈതന്യത്തില്‍ അവര്‍ എവിടെ ജീവിച്ചാലും ലോകത്തെ അതിനുള്ളിലിരുന്ന് വിശുദ്ധീകരിക്കാന്‍ അവര്‍ക്ക് കഴിയും. ഇതാണ് യഥാര്‍ത്ഥമായ അല്മായ പ്രേഷിതത്വം. അതിന്റെ സകല നിയമങ്ങളും ഭരണക്രമവും പ്രാര്‍ത്ഥനയും സന്യാസ സഭകളുടേതുപോലെതന്നെയാണ്. ലൗകിക ജീവിതവ്യഗ്രതയില്‍പ്പെട്ടുഴലുന്നവര്‍ക്ക് ക്രൈസ്തവ പരിപൂര്‍ണത സുഗമമാക്കാനുള്ള ഒരു മാര്‍ഗം കാണിച്ചുകൊടുക്കാന്‍വേണ്ടി വിശുദ്ധ ഫ്രാന്‍സിസ് അല്മായര്‍ക്കുവേണ്ടി സ്ഥാപിച്ച സഭയാണിത്.
യഥാര്‍ത്ഥ വിശുദ്ധി പ്രാപിക്കാനുള്ള മാര്‍ഗമായി കണ്ട് 1289-ല്‍ നാലാം നിക്കോളാസ് മാര്‍പാപ്പ ഈ സഭയെ രേഖാമൂലം അംഗീകരിച്ചു. മൂന്ന് ചാക്രിക ലേഖനങ്ങളും ഇരുന്നൂറില്‍പരം തിരുവെഴുത്തുകളും മൂന്നാം സഭയെപ്പറ്റി വിവിധ കാലയളവുകളില്‍ മാര്‍പാപ്പമാര്‍ പ്രസിദ്ധം ചെയ്തിട്ടുണ്ട്.
കേരളത്തിലെ പ്രവര്‍ത്തനങ്ങള്‍
ഫ്രാന്‍സിസ്‌കന്‍ അല്മായ സഭയുടെ ഉത്തരവാദിത്വം തിരുസഭ ഫ്രാന്‍സിസ്‌കന്‍ ഒന്നാം സഭയിലെ വൈദികരെയാണ് ഏല്‍പ്പിച്ചിരിക്കുന്നത്. അത് അനുസരിച്ച് മൂന്നാം സഭയുടെ ആത്മീയ നേതൃത്വം കപ്പൂച്ചിന്‍ വൈദികര്‍ നിര്‍വഹിച്ചു പോരുന്നു.
1980 കാലഘട്ടത്തിന് ശേഷമാണ് സഭയുടെ പ്രവര്‍ത്തനങ്ങള്‍ മലബാര്‍ മേഖലയില്‍ ഊര്‍ജിതമായത്. പുണ്യശ്ലോകനായ അഡോള്‍ഫ് കണ്ണാടിപ്പാറ, ഫാ. ബിജു ഇളമ്പച്ചന്‍വീട്ടില്‍ എന്നിവരുടെ ആത്മീയ നേതൃത്വത്തില്‍ തലശേരി അതിരൂപതയിലെ ദൈവാലയങ്ങളില്‍ ഫ്രാന്‍സിസ്‌കന്‍ അല്മായ സഭയുടെ യൂണിറ്റുകള്‍ സ്ഥാപിതമായി.
എല്ലാ ഇടവകകളിലും ഫ്രാന്‍സിസ്‌കന്‍ അല്മായ സഭയുടെ യൂണിറ്റുകള്‍ ആരംഭിക്കുകയും കഴിയുന്നിടത്തോളം ഇടവകാംഗങ്ങള്‍ അതില്‍ അംഗങ്ങളായി ചേരുകയും ചെയ്യണമെന്നതാണ് എന്റെ ആഗ്രഹം. വൈദികര്‍ ഇക്കാര്യത്തില്‍ മുന്‍കൈയെടുക്കണം. നമ്മുടെ ഇടവകാംഗങ്ങളെ മുഴുവന്‍ സുവിശേഷ ചൈതന്യത്തില്‍ വിശുദ്ധ ഫ്രാന്‍സിസിന്റെ അരൂപിയില്‍ നവീകരിക്കുന്നതിന് അത് സഹായകമാകും. മറ്റ് സംഘടനകള്‍ ഇടവകയില്‍ ഉണ്ടെന്നുള്ള പേരില്‍ ഫ്രാന്‍സിസ്‌കന്‍ അല്മായ സഭ ആരംഭിക്കുന്നതിന് മടിക്കരുത്. ഇത് ജീവിതവിശുദ്ധീകരണത്തിനുള്ളതാണ്. മറ്റ് സംഘടനകള്‍ പ്രത്യേക പ്രവര്‍ത്തനങ്ങള്‍ക്കുള്ളതും. അതുകൊണ്ട് മറ്റ് സംഘടനകളിലുള്ളവര്‍ക്കും ഇതില്‍ ചേര്‍ന്ന് പ്രവര്‍ത്തിക്കാം. വിശുദ്ധ ഫ്രാന്‍സിസിനെപ്പോലെ ഈശോയെ അനുകരിക്കുന്നതിനും അങ്ങനെ സ്വര്‍ഗസ്ഥനായ പിതാവ് പരിപൂര്‍ണനായിരിക്കുന്നതുപോലെ പരിപൂര്‍ണരാകുന്നതിനും ഫ്രാന്‍സിസ്‌കന്‍ അല്മായ സഭ എല്ലാവരെയും സഹായിക്കുന്നു.

 ആര്‍ച്ച്ബിഷപ് മാര്‍ ജോര്‍ജ് ഞരളക്കാട്ട്

Leave a Comment

Your email address will not be published. Required fields are marked with *

Latest Postss

Don’t want to skip an update or a post?