Follow Us On

31

January

2023

Tuesday

അധ്യാപകര്‍ പാഠപുസ്തകങ്ങള്‍ കൂടിയാണ്‌

അധ്യാപകര്‍  പാഠപുസ്തകങ്ങള്‍ കൂടിയാണ്‌

ഗുരുക്കന്മാരെ ആദരവോടെ കാണുന്ന പാരമ്പര്യമായിരുന്നു നമ്മുടേത്. രാജ്യത്തിന്റെ സംസ്‌കാരത്തില്‍ ആ ബോധ്യം അലിഞ്ഞുചേര്‍ന്നിരുന്നു. മാതാ-പിതാ ഗുരു ദൈവമെന്ന് തലമുറകളെ പറഞ്ഞുപഠിപ്പിക്കുന്നതാണ് നമ്മുടെ രീതി. ഗുരുക്കന്മാരുടെ അനുഗ്രഹങ്ങള്‍ക്ക് വലിയ പ്രാധാന്യം കല്പിക്കപ്പെട്ടു. അധ്യാപകരില്‍ സമൂഹം അര്‍പ്പിച്ച വിശ്വാസത്തിന്റെ ഭാഗമായിരുന്നത്. ആര്‍ക്കൊക്കെ ദിശാഭ്രംശം സംഭവിച്ചാലും അധ്യാപകര്‍ അതിന് അതീതരായിരിക്കണമെന്നാണ് സമൂഹം പ്രതീക്ഷിക്കുന്നത്. അധ്യാപകന്‍ ജ്ഞാനം പകരുന്നവര്‍ മാത്രമല്ല വിദ്യാര്‍ത്ഥികളുടെ മാതൃകകള്‍കൂടിയാണ്. അനേകം കുട്ടികളോട് ആരാകണമെന്നു ചോദിച്ചാല്‍ അധ്യാപകരാകണമെന്ന് പറയാറുണ്ട്. അതിനു കാരണം തേടിയാല്‍ അവര്‍ക്ക് കൂടുതല്‍ ഇഷ്ടംതോന്നിയ അധ്യാപകന്റെ/അധ്യാപികയുടെ പേരായിരിക്കും പറയുക.
മക്കളെ നിയന്ത്രിക്കാനും ശിക്ഷിക്കാനും ശാസിക്കാനും അധ്യാപകര്‍ക്ക് മാതാപിതാക്കള്‍ അധികാരം നല്‍കിയിരുന്നു. ഒരുപക്ഷേ, മറ്റൊരു മേഖലക്കും അവകാശപ്പെടാനില്ലാത്ത പ്രത്യേകതയാണിത്. എന്നാല്‍, കാലംചെല്ലുംതോറും ബന്ധങ്ങളില്‍ ചില വിള്ളലുകള്‍ വീണുകൊണ്ടിരിക്കുന്നു. ദിവസങ്ങള്‍ക്കുമുമ്പ് ഷഹ്‌ല ഷെറിന്‍ എന്ന അഞ്ചാം ക്ലാസുകാരിയുടെ മരണവുമായി ബന്ധപ്പെട്ടുണ്ടായ വിവാദങ്ങള്‍ ഇപ്പോഴും നിലനില്ക്കുകയാണ്. അതിന്റെ പേരില്‍ പ്രതിസ്ഥാനത്ത് അധ്യാപകര്‍ ഉണ്ടെന്നത് സംഭവത്തിന്റെ ഗൗരവം വര്‍ധിപ്പിച്ചു. ചിലരുടെ വീഴ്ചകളുടെ പേരില്‍ ആ സമൂഹത്തെ മുഴുവനായി അവഹേളിക്കുന്നതു ശരിയല്ലെന്നു ചൂണ്ടിക്കാട്ടി പലരും രംഗത്തുവന്നിരുന്നു. തീര്‍ച്ചായായും അങ്ങനെ ചെയ്യാന്‍ പാടില്ല. എന്നാല്‍, അധ്യാപകര്‍ക്ക് എതിരെ വിരലുകള്‍ ഉയരുമ്പോള്‍ അതില്‍ ചില സൂചനകളുണ്ട്. എന്തുകൊണ്ട് ഇങ്ങനെ ഉണ്ടാകുന്നു എന്ന് അധ്യാപക സമൂഹം ആത്മപരിശോധനക്ക് തയാറാകണം.
അറിവുകള്‍ വിരല്‍ത്തുമ്പില്‍ ലഭിക്കുന്ന കാലമാണ്. ഇന്റര്‍നെറ്റിന്റെ വളര്‍ച്ച വിജ്ഞാനത്തിന്റെ മേഖലയില്‍ വലിയ വിപ്ലവം സൃഷ്ടിച്ചു. എന്നാല്‍, ഏതു വിധത്തില്‍ വളര്‍ന്നാലും അധ്യാപകന് പകരംവയ്ക്കാന്‍ മറ്റൊന്നിനും കഴിയില്ല. അധ്യാപകന്‍ അറിവുമാത്രമല്ല പകരുന്നത്. അവരുടെ വാക്കുകളില്‍ സ്‌നേഹവും കരുതലും വാത്സല്യവും തിരുത്തലുമുണ്ട്. അനേകര്‍ ജീവിതം പഠിച്ചത് അധ്യാപകരില്‍നിന്നാണ്. അവരുടെ വാക്കുകളും പ്രവൃത്തികളും പ്രോത്സാഹനങ്ങളും സമൂഹത്തില്‍ വിസ്മയകരമായ മാറ്റങ്ങള്‍ക്ക് കാരണമായി. ഒരിക്കലും നന്നാവില്ലെന്ന് വീട്ടുകാരും സമൂഹവും മുദ്രകുത്തിയ അനേകര്‍ സമൂഹത്തിന് അനുഗ്രഹകരമായി മാറിയതിന്റെ പിന്നില്‍ ചില അധ്യാപകരുണ്ടായിരുന്നു. ഒരു ശില്പി ശില്പങ്ങള്‍ മെനയുന്ന ചാരുതയോടെയാണ് അവര്‍ വിദ്യാര്‍ത്ഥികളെ രൂപപ്പെടുത്തിയത്.
അധ്യാപനം ഒരിക്കലും ഒരു ജോലി ആയിരുന്നില്ല. എന്നുകരുതി പ്രതിഫലം ഇച്ഛിക്കരുതെന്നല്ല. കാരണം, തലമുറകളെ രൂപപ്പെടുത്തുന്നവര്‍ക്ക് അര്‍ഹമായ വേതനവും സുരക്ഷിതത്വവും നല്‍കേണ്ടത് സമൂഹത്തിന്റെ കടമയാണ്. എന്നാല്‍ കാലംചെന്നപ്പോള്‍ അതും തൊഴില്‍ മേഖലയായി മാറി. അതിന് ചൂണ്ടിക്കാണിക്കാന്‍ ഒരുപാടു കാരണങ്ങളുണ്ട്. സ്വകാര്യ മേഖലയില്‍ ജോലിചെയ്യുന്ന വലിയൊരു വിഭാഗം അധ്യാപകര്‍ക്ക് അര്‍ഹമായ വേതനംപോലും ലഭിക്കുന്നില്ലെന്ന് പരാതികള്‍ ഉയരാറുണ്ട്. അധ്യാപകര്‍ക്കു മനസര്‍പ്പിച്ചു പ്രവര്‍ത്തിക്കാന്‍ കഴിയുന്ന സാഹചര്യം ഇല്ലെങ്കില്‍ അതിന്റെ നഷ്ടം സമൂഹത്തിനാണ്. എന്തുകൊണ്ടോ അക്കാര്യം പലപ്പോഴും പരിഗണിക്കപ്പെടുന്നില്ല.
സ്വതന്ത്ര ചിന്തകള്‍ രൂപപ്പെടുന്നത് കലാലയങ്ങളില്‍നിന്നാണ്. അതിനവര്‍ക്ക് മാതൃകകളാകേണ്ടവരാണ് അധ്യാപകര്‍. അവര്‍ രാഷ്ട്രീയത്തിന്റെയും കൊടിയുടെയും നിറംനോക്കി പ്രവര്‍ത്തിക്കുന്നു എന്ന ആരോപണം കേരളത്തിലെ പേരുകേട്ട കലാലയങ്ങളില്‍നിന്നും ഉയര്‍ന്നിട്ടുണ്ട്. അതെല്ലാം ആരോപണങ്ങള്‍ മാത്രമാണോ അതോ യാഥാര്‍ത്ഥ്യമുണ്ടോ എന്ന് അധ്യാപക ലോകം പരിശോധിക്കണം. വളര്‍ന്നുവരുന്ന തലമുറയെ നേര്‍വഴിക്കു നയിക്കാനും അവരെ തിരുത്താനും അധ്യാപകര്‍ക്ക് കഴിയണം. ഗുരുക്കന്മാര്‍ നിഷ്പക്ഷരും നീതിമാന്മാരും തലമുറകള്‍ക്ക് വഴികാട്ടികളുമാകണം. അവരുടെ ജീവിതമാണ് തലമുറകളുടെ പാഠപുസ്തകങ്ങള്‍.

Leave a Comment

Your email address will not be published. Required fields are marked with *

Latest Postss

Don’t want to skip an update or a post?