Follow Us On

29

March

2024

Friday

കുഞ്ഞേട്ടന്റെ കൃഷിപാഠങ്ങള്‍

കുഞ്ഞേട്ടന്റെ  കൃഷിപാഠങ്ങള്‍

കൃഷി നഷ്ടമാണെന്ന വാദവുമായി സ്ഥലം തരിശിനിടുന്ന കര്‍ഷകരില്‍നിന്ന് വ്യത്യസ്തനാണ് വയലാ സ്വദേശി തടിയനാനിക്കല്‍ ലൂക്കോസ്. സ്വന്തമായ സ്ഥലത്ത് നടത്തുന്ന കൃഷിക്ക് പുറമേ പാട്ടത്തിന് സ്ഥലമെടുത്ത് പച്ചക്കറി കൃഷിയും കുഞ്ഞേട്ടന്‍ എന്ന് നാട്ടുകാര്‍ സ്‌നേഹത്തോടെ വിളിക്കുന്ന ലൂക്കോസ് ചെയ്തുവരുന്നു. വെറുതെ കൃഷി നടത്തുക മാത്രമല്ല ഈ വര്‍ഷത്തെ പാലാ രൂപതയിലെ മികച്ച പച്ചക്കറി കര്‍ഷകനുള്ള ഇന്‍ഫാമിന്റെ അവാര്‍ഡും ഈ കൃഷിയിലൂടെ സ്വന്തമാക്കിയിരിക്കുകയാണ് കുഞ്ഞേട്ടന്‍.
വയലായിലെ കല്ലും കപ്പയും
പാലായ്ക്കടുത്തുള്ള വയലാ കല്ലിനും കപ്പയ്ക്കും പേരു കേട്ട സ്ഥലമാണ്. വയലായിലെ കല്ലും കപ്പയും എന്നൊരു ചൊല്ലുതന്നെയുണ്ട്. ഒരു കാലത്ത് നിരവധി പാറമടകള്‍ വയലായില്‍ ഉണ്ടായിരുന്നു. ഇവിടെ നിന്നുള്ള കല്ല് ഏത് രൂപത്തിലും ചെത്തിയെടുക്കാന്‍ സാധിക്കുന്നതിനാലാണ് വയലായിലെ കല്ല് പ്രസിദ്ധമായത്. കപ്പ കൃഷി സുലഭമായി നടത്തിയിരുന്ന വയലായിലെ കപ്പയുടെ സ്വാദ് ഒന്ന് വേറെ തന്നെയാണ്. അതുകൊണ്ടാണ് പാട്ടത്തിനെടുത്ത സ്ഥലത്ത് പച്ചക്കറി കൃഷിക്ക് പുറമേ കപ്പ കൃഷി കൂടി കുഞ്ഞേട്ടന്‍ സ്ഥിരമായി നടത്തിവരുന്നത്. ഓരോ പ്രദേശത്തിന്റെയും പ്രത്യേകതകള്‍ മനസിലാക്കിയാണ് കൃഷി നടത്തേണ്ടത് എന്ന് കുഞ്ഞേട്ടന്‍ ഓര്‍മിപ്പിക്കുന്നു.
രണ്ട് ഏക്കറോളം സ്ഥലത്താണ് കുഞ്ഞേട്ടന്‍ കപ്പ കൃഷി ചെയ്യുന്നത്. ഡിസംബര്‍ ജനുവരി മാസത്തില്‍ ട്രാക്ടറിന് ഉഴുതാണ് തണ്ട് നടുന്നത്. ചുവടുപിടിക്കുന്നതിനായി മൂന്ന് തവണ നനയ്ക്കും. മികച്ച വിളവ് ലഭിക്കുന്നതിനായി രാസവളവും നല്‍കുന്നുണ്ട്. പുതുമഴ പെയ്യുന്ന സമയത്താണ് വളം നല്‍കുന്നത്. ഒന്‍പത് മാസം കൊണ്ട് പത്ത് കിലോവരെ വിളവ് ലഭിക്കും. വിലയിലെ ഏറ്റക്കുറച്ചിലുകള്‍ക്ക് അനുസരിച്ച് ലാഭം ഏറിയും കുറഞ്ഞുമിരിക്കുമെങ്കിലും കുഞ്ഞേട്ടനെ അതൊന്നും കാര്യമായി ബാധിക്കാറില്ല. കാരണം കര്‍ഷകന്‍ ഒരിക്കലും ഒരു കൃഷിയെ മാത്രം ആശ്രയിക്കരുതെന്ന തത്വം പ്രവൃത്തിപദത്തില്‍ വരുത്തിയ വ്യക്തിയാണിദ്ദേഹം. കൂടുതലല്‍ സ്ഥലത്ത് വ്യത്യസ്തമായ കൃഷികള്‍ ചെയ്യുക എന്നതാണ് കുഞ്ഞേട്ടന്‍ തുടര്‍ന്ന് വരുന്ന രീതി. കുറച്ച് സ്ഥലത്ത് മാത്രമായി ചെയ്യുമ്പോള്‍ കാര്യമായ ലാഭമുണ്ടാവുകയില്ലെന്നും കുഞ്ഞേട്ടന്‍ ചൂണ്ടിക്കാണിക്കുന്നു. കിലോയ്ക്ക് 19 രൂപയാണ് കപ്പയ്ക്ക് ഇപ്പോള്‍ കര്‍ഷകന് ലഭിക്കുന്ന വില.
ഭയപ്പെടാതെ കഴിക്കാവുന്ന പച്ചക്കറികള്‍
കൂടുതല്‍ സ്ഥലത്ത് പച്ചക്കറി കൃഷി നടത്തുന്നവര്‍ക്ക് മിശ്രവളപ്രയോഗമാണ് ഏറ്റവും ഫലപ്രദമായ മാര്‍ഗമെന്ന് അനുഭവത്തിന്റെ വെളിച്ചത്തില്‍ കുഞ്ഞേട്ടന്‍ പറയുന്നു. കൃഷിവകുപ്പ് നിഷ്‌കര്‍ഷിക്കുന്ന രാസവളങ്ങളും അനുഭവത്തിലൂടെയും പരമ്പരാഗത അറിവിലൂടെയും ഉല്‍പ്പാദിപ്പിക്കുന്ന ജൈവവളങ്ങളും പ്രയോഗിക്കുന്ന തന്റെ കൃഷിയിടത്തിലെ പച്ചക്കറികള്‍ ധൈര്യസമേതം ആര്‍ക്കും കഴിക്കാവുന്നതാണെന്നും അവിടെ നിന്നുള്ള പച്ചക്കറികള്‍ തന്നെയാണ് വീട്ടാവശ്യത്തിനായി ഉപയോഗിക്കുന്നതെന്നും ഇദ്ദേഹം പറയുന്നു.
നാല് ഏക്കറോളം സ്ഥലത്തായി പടവലം, കുക്കുമ്പര്‍, കോവല്‍, പയര്‍ (പീച്ചില്‍) തുടങ്ങിയ പച്ചക്കറികളാണ് കൃഷി ചെയ്യുന്നത്. പന്തല്‍ ആവശ്യമുള്ള പച്ചക്കറിക്കള്‍ക്ക് ജിഐ പൈപ്പ് ഉപയോഗിച്ചുള്ള സ്ഥിരമായ പന്തലാണ് ഉപയോഗിക്കുന്നത്. ചെലവ് കൂടുതലാണെങ്കിലും ഹ്രസ്വകാലവിളകളായ പച്ചക്കറികള്‍ക്ക് മാറിമാറി ഉപയോഗിക്കാം എന്നതാണ് ജിഐ പൈപ്പിന്റെ ഗുണം.
പച്ചക്കറികളില്‍ 28-ാം ദിവസം പൂവിടുന്ന കുക്കുമ്പര്‍ 40-ാം ദിവസത്തില്‍ വിളവെടുക്കാം. 45 ദിവസം കൊണ്ട് പയറിന്റെ വിളവെടുക്കാന്‍ തുടങ്ങാം. പടവലത്തിന്റെയും കോവലിന്റെയും വിളവെടുപ്പിനായി രണ്ട് മാസത്തോളം കാത്തിരിക്കണം. പടവലത്തിന്റെയും പയറിന്റെയും വിളവെടുപ്പ് 120 ദിവസം കൊണ്ട് അവസാനിക്കുമ്പോള്‍ കോവലില്‍നിന്ന് കൂടുതല്‍ കാലത്തേക്ക് വിളവ് ലഭിക്കും. ഒരു കൃഷിക്ക് ശേഷം അതേ സ്ഥലത്ത് അതേ കൃഷി നടത്തില്ല. ഉദാഹരണമായി പയര്‍ നട്ട സ്ഥലത്ത് പിന്നീട് കോവലാവും നടുക. ഇങ്ങനെ മാറി മാറി കൃഷി ചെയ്യുന്നതിനാല്‍ മണ്ണിന്റെ വളക്കൂറ് നഷ്ടപ്പെടാതെ സംരക്ഷിക്കാന്‍ സാധിക്കുന്നു.
പാവല്‍ കൃഷിയും മുന്‍പ് വിപുലമായ തോതില്‍ ചെയ്തിരുന്നു. മികച്ച വിളവും വിലയും ലഭിച്ചിരുന്ന കൃഷിയായിരുന്നെങ്കിലും കൂടുതലായി കേട് കണ്ടുതുടങ്ങിയതോടെ പാവല്‍ കൃഷി ചെയ്യാതെയായി. ചാണകപ്പൊടിയോടൊപ്പം ചെറിയ രീതിയിലുള്ള രാസവളങ്ങളും പച്ചക്കറികള്‍ക്കായി ഉപയോഗിക്കുന്നു. നനച്ച് വളര്‍ത്തുന്ന പച്ചക്കറികളാണ് മികച്ച ഫലം തരുന്നത്. വാഴയും പച്ചക്കറികളും നനയ്ക്കുന്നതിനായി കനാല്‍ വെള്ളമാണ് ഉപയോഗപ്പെടുത്തുന്നത്. വാഴയും കപ്പയുമൊക്കെ വാര്‍ഷികാടിസ്ഥാനത്തിലുള്ള വിളവ് തരുമ്പോള്‍ എല്ലാ സമയത്തും വരുമാനം ഉറപ്പാക്കാന്‍ പച്ചക്കറി കൃഷിയിലൂടെ സാധിക്കുമെന്ന് കുഞ്ഞേട്ടന്‍ ഓര്‍മിപ്പിക്കുന്നു.
ഈച്ചക്കെണി (ഫെര്‍മോണ്‍ ട്രാപ്പ്)
പച്ചക്കറികളെ നശിപ്പിക്കുന്ന കായ് ഈച്ചകളെ പിടികൂടാന്‍ വിപണിയില്‍ ലഭിക്കുന്ന ഈച്ചക്കെണികളാണ് ഉപയോഗിക്കുന്നത്. യൂജിനോള്‍ എന്ന രാസവസ്തുവിന്റെ മണം അടിച്ചാണ് ഈച്ചകള്‍ ഈ കെണിയിലേക്ക് ആകര്‍ഷിക്കപ്പെടുന്നത്. ഈച്ചകള്‍ കുത്തിയ പാവയ്ക്കയും പടവലങ്ങയും ഒരു കാരണവശാലും മണ്ണില്‍ ഇടരുതെന്നും അവ വെള്ളത്തില്‍ ഇട്ട് തന്നെ നശിപ്പിക്കണമെന്നും കുഞ്ഞേട്ടന്‍ പറയുന്നു. പച്ചക്കറികളില്‍ കുത്തുന്നതിലൂടെ ഈച്ചകളുടെ മുട്ടകള്‍ പച്ചക്കറികളിലേക്ക് എത്തുന്നു. രണ്ടു മൂന്ന് ദിവസം കൊണ്ടു തന്നെ ഇവ പുഴുവായി മാറും. ഈ പുഴു വീണ്ടും ഈച്ചയായി മാറുന്നത് മണ്ണിലാണ്. പുഴുക്കളുളള കായ്കള്‍ മണ്ണില്‍ ഇട്ടാല്‍ അവ ഈച്ചകളായി മാറുകയും മറ്റ് പച്ചക്കറികളിലേക്കും കൂടി ഈച്ച ശല്യം വ്യാപിക്കുകയും ചെയ്യും.
പച്ചക്കറികളുടെ പരിചരണത്തിന് കുഞ്ഞേട്ടനെ ഏറെ സഹായിച്ചിട്ടുള്ളത് കൃഷിഭവനിലെ ക്ലാസുകളും സ്വന്തം അനുഭവങ്ങളുമാണ്. കുമിള്‍ രോഗങ്ങളെ ചെറുക്കുന്നതിന് തുരിശ് ഫലപ്രദമാണ്. പച്ചക്കറികളിലെ ഇല പഴുപ്പിനും വാഴയുടെ ഇല കരിച്ചിലിനും നേറ്റിവോ എന്ന കീടനാശി ഒരു ലിറ്റര്‍ വെള്ളത്തില്‍ ഒരു ഗ്രാം എന്ന തോതില്‍ ചേര്‍ത്ത് തളിക്കുന്നത് വളരെ ഫലപ്രദമാണെന്ന് കുഞ്ഞേട്ടന്‍ പറയുന്നു. പയറിലെ ചാഴി പോലുള്ള ചില കാര്യങ്ങള്‍ക്ക് കീടനാശിനി അല്ലാതെ മറ്റൊരു പരിഹാരവുമില്ലെന്നതാണ് കുഞ്ഞേട്ടന്റെ അനുഭവം. എല്ലാ കീടനാശിനികളും മാരകവിഷമല്ലെന്നും കീടനാശിനിയുടെ കവറിലെ മുന്നറിയിപ്പും കളറും ശ്രദ്ധിച്ചുകൊണ്ട് പറഞ്ഞിരിക്കുന്ന രീതിയിലും അളവിലും കൊടുക്കുന്നതില്‍ അപാകതയില്ലെന്നും കുഞ്ഞേട്ടന്‍ ചൂണ്ടിക്കാണിക്കുന്നു.
ഏത്തവാഴ, ചേന, ഇഞ്ചി, നെല്ല്
ഏത്തവാഴയാണ് മറ്റൊരു പ്രധാന കൃഷി. 1500-ഉം അതിലധികവും ഏത്തവാഴകള്‍ കൃഷി ചെയ്യാറുണ്ട്. ഒരു ചിരട്ട കുമ്മായത്തോടുകൂടിയാണ് വിത്ത് നടുന്നത്. തുടര്‍ന്നുള്ള നനകള്‍ക്കായി ട്രിപ്പ് ഇട്ടിട്ടുണ്ട്. തുടര്‍ന്ന് അധികം വൈകാതെ തന്നെ ചാണകവും രാസവളവും നല്‍കുന്നു. കടലപ്പിണ്ണാക്കും യൂറിയയും പൊട്ടാഷുമാണ് തുടര്‍ന്ന് നല്‍കേണ്ട വളങ്ങള്‍. നാല് അഞ്ച് മാസത്തിനുള്ളില്‍ എംബ്രിയം രൂപമെടുക്കുന്നു. അതിനുള്ളില്‍ എല്ലാ വളവും ചെയ്തിരിക്കണം. ആദ്യ മൂന്ന് മാസമാണ് ഫോസ്പറസ് അടങ്ങുന്ന വളങ്ങള്‍ നല്‍കേണ്ടത്. പിന്നീട് വാഴ കുലച്ചു കഴിഞ്ഞാല്‍ ഒരുപിടി കല്ലുപ്പ് ഇടും. വിത്ത് നല്ലതാകാന്‍ ഒരു പിടി കുമ്മായം വിതറുന്നതും നല്ലതാണ്.നാര് കൂടിയ ഇനമായ നിലമ്പൂര്‍ വിത്ത് ഉപയോഗിച്ചാല്‍ കാറ്റിനെ അതിജീവിക്കാന്‍ കൂടുതല്‍ സാധ്യതയുണ്ടെന്ന് കുഞ്ഞേട്ടന്‍ പറയുന്നു. അതുപോലെ വിത്തില്‍ നിന്ന് ടിഷ്യു ചെയ്‌തെടുക്കുന്ന വിത്തുകള്‍ ഉപയോഗിച്ചാല്‍ ചുണ്ടിനെ ബാധിക്കുന്ന കോക്കാന്‍, കല്ലന്‍ തുടങ്ങിയ പേരുകളില്‍ അറിയപ്പെടുന്ന രോഗങ്ങള്‍ ഉണ്ടാകില്ലെന്നും ഇദ്ദേഹത്തിന്റെ അനുഭവമാണ്.

ഏപ്രില്‍ മാസത്തിലാണ് ചേന നടുന്നത്. ശരാശരി ആറ്-ഏഴ് കിലോ വിളവ് ലഭിക്കും. ചാണകവും എല്ലുപൊടിയുമാണ് ആദ്യം നല്‍കുന്നത്. തുടര്‍ന്ന് രണ്ട് ട്രിപ്പ് രാസവളം നല്‍കുന്നു. ചേന പറിക്കാറാവുമ്പോള്‍ പൊട്ടാഷും കൊടുക്കണം. ചേന വയലില്‍ നട്ടാല്‍ ഉയര്‍ന്ന വിളവ് ലഭിക്കുമെങ്കിലും വെള്ളം കയറിയാല്‍ മുഴുവന്‍ നശിക്കുമെന്നും കുഞ്ഞേട്ടന്‍ ഓര്‍മിപ്പിച്ചു. നനചേന നേരത്തെ പറിച്ചുവച്ച് ജനുവരിയിലാണ് നടുന്നത്.
കുഞ്ഞേട്ടന്റെ വീടിന്റെ പുറത്തു കിടക്കുന്ന സൈലോയും ഇഞ്ചി കൃഷിയുമായി ഒരു ബന്ധമുണ്ട്. ഒരു തവണ നടത്തിയ ഇഞ്ചി കൃഷിയുടെ ലാഭം കൊണ്ടാണ് ആ വണ്ടി വാങ്ങിയത്. ഇഞ്ചിക്ക് കേട് കൂടി വരുന്ന സാഹചര്യത്തില്‍ തല്‍ക്കാലം ഇഞ്ചി കൃഷി നിര്‍ത്തിവച്ചിരിക്കുകയാണ്. 20 സെന്റില്‍ നെല്‍കൃഷി പരീക്ഷണാടിസ്ഥാനത്തില്‍ നടത്തി നോക്കി. കൂടുതല്‍ സ്ഥലത്ത് നെല്‍ കൃഷി ചെയ്യാനും പദ്ധതിയുണ്ട്. എട്ട് ലക്ഷത്തോളം രൂപയുടെ വിറ്റുവരവാണ് കൃഷിയിലൂടെ കുഞ്ഞേട്ടന് ലഭിക്കുന്നത്.
ജൈവവളം ആവാം കോഴിവളം വേണ്ട
വാഴയ്ക്കും പച്ചക്കറികള്‍ക്കും കുഞ്ഞേട്ടന്‍ വിജയകരമായി ഉപയോഗിച്ച ജൈവവളം തയാറാക്കുന്നത് താഴെ പറയുന്ന പ്രകാരമാണ്. പത്ത് കിലോ ചാണകവും ഒരു കിലോ കടല പിണ്ണാക്കും ഒരു കിലോ വേപ്പിന്‍ പിണ്ണാക്കും ചേര്‍ത്ത് നൂറ് ലിറ്റര്‍ വെള്ളത്തില്‍ കലക്കി വയ്ക്കുക. ഇതിലേക്ക് ഒരു കിലോയോളം ചീമ കൊന്നയുടെ തണ്ട് കൂടി ചേര്‍ത്ത് നാല് ദിവസം വയ്ക്കുക. ഈ ജൈവവളം വാഴയ്ക്ക് ഒരു ലിറ്റര്‍ മുതല്‍ മൂന്ന് ലിറ്റര്‍ വരെ കൊടുത്താല്‍ മികച്ച വളര്‍ച്ച ലഭിക്കും. പച്ചക്കറികള്‍ക്കും വാഴയ്ക്കും ഏറ്റവും ഇഫെക്ടീവായി കണ്ട ജൈവവള കൂട്ടാണിതെന്ന് കുഞ്ഞേട്ടന്‍ സാക്ഷ്യപ്പെടുത്തുന്നു.
കൃഷിയിടത്തില്‍ ആദ്യകാലത്ത് കോഴിവളവും ഉപയോഗിച്ചിരുന്ന കുഞ്ഞേട്ടന്‍ ഇന്ന് കോഴി വളത്തിന്റെ ഉപയോഗം കുറച്ചിരിക്കുകയാണ്. കോഴിവളത്തിന് ബ്രോയിലര്‍ കോഴിയുടെ അതേ സ്വഭാവമാണെന്നാണ് കുഞ്ഞേട്ടന്റെ അനുഭവം. കോഴിവളം ഇടുന്ന പച്ചക്കറികളും കൃഷികളും പെട്ടന്ന് തഴച്ചുവളരുകയും നല്ല ഫലം തരുകയും ചെയ്യും. എന്നാല്‍ പിന്നീട് ഇതേ സ്ഥലത്ത് നടത്തുന്ന കൃഷികളില്‍ വിളവ് കുറയുന്നതായി മനസിലാക്കിയാണ് കോഴി വളം ഉപയോഗിക്കുന്നത് കുറച്ചത്.
വിപണനത്തിന് വിഎഫ്പിസികെ
കാര്‍ഷികവിളകളുടെ പ്രോത്സാഹനത്തിനും വിപണനത്തിനുമായി കാക്കനാട് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന കമ്പനിയാണ് വിഎഫ്പിസികെ(വെജിറ്റബി ള്‍ ആന്‍ഡ് ഫ്രൂട്ട് പ്രൊമോഷന്‍ കൗണ്‍സില്‍ ഓഫ് കേരള). സംസ്ഥാന കൃഷിമന്ത്രി മേല്‍നോട്ടം വഹിക്കുന്ന ഈ സ്ഥാപനത്തിന്റെ ഭരണച്ചുമതല ഐഎഎസ് ഉദ്യോഗസ്ഥരാണ് വഹിക്കുന്നത്. ഈ സ്ഥാപനത്തിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന വയലാ സൊസൈറ്റി 5 ശതമാനം കമ്മീഷന്‍ നിരക്കില്‍ കര്‍ഷകരുടെ എല്ലാ ഉല്‍പ്പന്നങ്ങളും വിറ്റഴിക്കാന്‍ അവസരമൊരുക്കുന്നു. മാര്‍ക്കറ്റ് വിലയെ അടിസ്ഥാനമാക്കി കച്ചവടക്കാരുമായി വിലപേശാനുള്ള അവസരവും സൊസൈറ്റിയിലൂടെ കര്‍ഷകര്‍ക്ക് ലഭിക്കുന്നു. ലാഭത്തില്‍ നിന്നൊരു വിഹിതം കര്‍ഷകര്‍ക്ക് മടക്കി നല്‍കുകകൂടി ചെയ്യുന്ന ഈ സൊസൈറ്റിയെയാണ് ഉല്‍പ്പന്നങ്ങളുടെ വിപണനത്തിനായി പ്രധാനമായും ആശ്രയിക്കുന്നത്. രണ്ട് വര്‍ഷക്കാലം സൊസൈറ്റിയുടെ പ്രസിഡന്റായിരുന്ന കുഞ്ഞേട്ടന്‍ ഇപ്പോള്‍ സൊസൈറ്റിയില്‍ മെമ്പറാണ്.
റബര്‍ വെട്ടുന്ന ഡോക്ടര്‍
ഈ വര്‍ഷത്തെ കാലവര്‍ഷത്തില്‍ കുഞ്ഞേട്ടന്റെ ഒരേക്കറോളം സ്ഥലത്തെ കൃഷിയാണ് അഞ്ച് ദിവസത്തോളം വെള്ളം കയറികിടന്നതിനെ തുടര്‍ന്ന് നശിച്ചത്. ഇവിടെയാണ് കുഞ്ഞേട്ടന്‍ മറ്റുപലരില്‍നിന്നും വ്യത്യസ്തനാകുന്നത്. കൃഷി നഷ്ടപ്പെട്ടതില്‍ ദുഃഖം ഉണ്ടെങ്കിലും ഇത്തരം തിരിച്ചടികള്‍ക്കൊന്നും തന്റെ കൃഷിയോടുള്ള അഭിനിവേശത്തെ തടയാനാവില്ലെന്ന് കുഞ്ഞേട്ടന്റെ വാക്കും പ്രവൃത്തിയും കൃഷിയിടങ്ങളും വ്യക്തമാക്കുന്നു. പ്രതിസന്ധികളെ സാധ്യതയാക്കി മാറ്റാനുള്ള നിശ്ചയദാര്‍ഢ്യത്തിന്റെ പിന്നിലെ രഹസ്യം അറിയണമെങ്കില്‍ കുഞ്ഞേട്ടന്റെ കുടുംബാംഗങ്ങളെക്കൂടി പരിചയപ്പെടേണ്ടതുണ്ട്.
കുഞ്ഞേട്ടന്റെ രണ്ടാമത്തെ മകന്‍ ഡിനു കോഴിക്കോട് മെഡിക്കല്‍ കോളജില്‍ എംബിബിഎസിന് പഠിച്ചിരുന്ന കാലഘട്ടം. പോസ്റ്റുമോര്‍ട്ടവുമായി ബന്ധപ്പെട്ട പഠനത്തിനിടയില്‍ പഠിപ്പിക്കുന്ന അധ്യാപകന്‍ മൃതദേഹത്തിലെ ഒരു മുറിവ് കാണിച്ചിട്ട് അത് എന്തുകൊണ്ടുണ്ടായതാണെന്ന് വിദ്യാര്‍ത്ഥികളോട് ചോദിച്ചു. അത് റബര്‍ കത്തി കൊണ്ടു മുറിഞ്ഞതാണെന്ന് പറഞ്ഞത് ഡിനുവായിരുന്നു. നീ പാലാക്കാരനാണോടാ എന്നായിരുന്നു അധ്യാപകന്റെ അടുത്ത ചോദ്യം. സാര്‍ ഞാന്‍ റബര്‍ വെട്ടാറുള്ളതാണ് എന്നാണ് ഡിനു മറുപടി പറഞ്ഞത്.
ഡിനു മാത്രമല്ല, കുഞ്ഞേട്ടന്റെ മൂത്ത മകനായ സോനുവും ഇളയ മകനായ ഡിലുവും കൃഷിപ്പണികളില്‍ കുഞ്ഞേട്ടനെ സഹായിച്ചാണ് വളര്‍ന്നുവന്നത്. കൃഷിയോടുള്ള കുഞ്ഞേട്ടന്റെ അഭിനിവേശം ഇവര്‍ക്കും പകര്‍ന്നുകിട്ടിയിട്ടുണ്ടെങ്കിലും ഇവരെല്ലാവരും തങ്ങളുടേതായ ജോലി മേഖലകളില്‍ വ്യാപൃതരാണ്. കോട്ടയെത്തെ സ്വകാര്യ ആശുപത്രിയില്‍ എംബ്രിയോളജിസ്റ്റായി ജോലി ചെയ്യുന്ന സോനുവും, ന്യൂക്ലിയര്‍ മെഡിസിനില്‍ എംഡി പൂര്‍ത്തിയാക്കിയ ഡിനുവും എംബിബിഎസ് പൂര്‍ത്തിയാക്കി ഹൗസ് സര്‍ജന്‍സി ചെയ്യുന്ന ഡിലുവും വീട്ടിലെത്തുമ്പോഴെല്ലാം കുഞ്ഞേട്ടനെ കൃഷിപ്പണികളില്‍ സഹായിക്കുന്നുണ്ട്. എല്ലാ പണികള്‍ക്കും താങ്ങും തുണയുമായി ഭാര്യ ഡയനാ കുഞ്ഞേട്ടന്റെ കൂടെത്തന്നെയുണ്ട്.
കൃഷിയോടൊപ്പം മക്കളും കുടുംബവും അനുഗ്രഹിക്കപ്പെട്ടതിന് പിന്നില്‍ ദൈവവുമായും ദൈവാലയമായും പുലര്‍ത്തുന്ന ബന്ധമാണ് കുഞ്ഞേട്ടന് ചൂണ്ടിക്കാണിക്കാനുള്ളത്. കുഞ്ഞേട്ടന്‍ വയലാ പള്ളിയുടെ കൈക്കാരനായിരുന്ന സമയത്താണ് പള്ളി പുതുക്കി പണിയുന്നത്. ഈ സമയത്ത് തന്റെ ജീവിതമാര്‍ഗമായ കൃഷിപ്പണികള്‍പ്പോലും മാറ്റിവച്ചിട്ടാണ് കുഞ്ഞേട്ടന്‍ പള്ളിപ്പണിക്ക് മേല്‍നോട്ടം വഹിച്ചത്. എല്ലാ കാര്യങ്ങളിലും ദൈവത്തിന് ഒന്നാം സ്ഥാനം കൊടുക്കുമ്പോള്‍ കൃഷിയിടങ്ങളും കുടുംബവും അനുഗ്രഹിക്കപ്പെടും എന്നതിന്റെ നേര്‍സാക്ഷ്യമാണ് കുഞ്ഞേട്ടന്റെ ജീവിതം.
ഫോണ്‍: 9496464281

രഞ്ജിത് ലോറന്‍സ്

Share:

Leave a Comment

Your email address will not be published. Required fields are marked with *

Related Posts

Latest Postss

Don’t want to skip an update or a post?